ചൊവ്വാഴ്ച, ജൂലൈ 31, 2012

ബാല്യവും യൗവ്വനവും ജീവിതമദ്ധ്യാഹ്നവും വാര്‍ദ്ധക്യവും എല്ലാം ഒരു പോലെ കൊതിക്കുന്ന ഈ മഴത്തിമിര്‍പ്പില്‍ ഗൃഹാതുരതയോടെ പങ്കുചേരാന്‍ ക്ഷണിക്കുന്നു ...... ബാല്യത്തിന്‍റെ നൈര്‍മല്യം , കുസൃതി , ഉത്സാഹം ഇതൊക്കെ ഇനി തിരികെ ലഭിക്കുമോ?
തന്‍റെ 'കാഴ്ചയുടെ' പരിധി വളരെ ഇടുങ്ങിയതാണെന്ന് ഒരുവന്‍ മനസ്സിലാക്കുമ്പോള്‍ അവനില്‍ ശരിയായ കാഴ്ചപ്പാട് രൂപപ്പെട്ട് തുടങ്ങുന്നു ..........

തന്‍റെ ' വീക്ഷണ 'ത്തിന് അപ്പുറമുള്ള ലോകം വളരെ വിശാലമാണെന്ന് ഒരുവന്‍ തിരിച്ചറിയുമ്പോള്‍

ദീര്‍ഘവീക്ഷണം അവന്‍റെയുള്ളില്‍ ജന്മമെടുക്കുന്നു .....
....
എന്തെങ്കിലും ചോദിക്കുമ്പോള്‍
ഒരിക്കലും കൂടരുത് .........

എന്തെങ്കിലും കൊടുക്കുമ്പോള്‍
ഒരിക്കലും കുറയരുത്........

Photo: പ്രണയവര്‍ണ്ണം 
****************
അന്നൊരിക്കല്‍ 
കൌമാരമോഹങ്ങള്‍ 
തേരേറിപ്പാഞ്ഞപ്പോള്‍ 
അവളുടെ പിറകെ നടന്ന്
പ്രണയത്തിന് റോസാപ്പൂവിന്‍റെ
കടുംചുമപ്പെന്നും 
തമ്മില്‍ പിരിക്കാനാവാത്ത വിധം 
അതിശക്തമെന്നും  കവിത ചൊല്ലി .......

ഇന്നിതാ 
പ്രാണന്‍പിരിയുന്ന വേദനയോടെ 
വാപൊത്തി അവന്‍ മെല്ലെച്ചൊല്ലി -
"പ്രണയം അതിശക്തമാണ് ,
മുഖമടച്ചു കിട്ടുന്നൊരടിയോളം ;
പല്ലിളകിയിറ്റുവീഴുന്ന 
കട്ടച്ചോരയേക്കാള്‍
കടുംചുമപ്പാര്‍ന്നതും ..........."

ഞായറാഴ്‌ച, ഏപ്രിൽ 22, 2012

പ്രണയം ഒരു പൂമരമാണ് ........
ഇഷ്ടത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍
പൂത്തുലഞ്ഞ് നില്‍ക്കുന്ന ഗുല്‍മോഹര്‍ .........
പരിഭവത്തിന്‍റെ ഇളംകാറ്റത്ത്
പൂവിതള്‍ പൊഴിച്ച് നീരസം കാട്ടുന്നവള്‍.......


വികാരഋതുഭേദങ്ങള്‍ പ്രണയമരത്തിനും

നിറഭേദം വരുത്തും , തീര്‍ച്ച
എങ്കിലും ഒരിക്കലും പൂക്കാത്ത
കാട്ടുമരം പോലെയല്ല .........
ഏതുകാലത്തും ഒരു പൂമൊട്ടെങ്കിലും
അത് കാത്തുവെയ്ക്കും ....
ഒരു തരി സുഗന്ധം പരത്തും
...

ശനിയാഴ്‌ച, ഏപ്രിൽ 21, 2012

പകലും സന്ധ്യയും
**************
അഗാധവും അനശ്വരവുമായ
പ്രണയത്തിന്‍റെ പ്രതീകങ്ങളായി
പകലും സന്ധ്യയും കാവ്യങ്ങളില്‍
വാഴ്ത്തപ്പെടുന്നു .....
അതും
വിരഹവേദനയാല്‍ സ്വയം ഉരുകിത്തീരാന്‍
വിധിക്കപ്പെട്ട രണ്ടു ജന്മങ്ങളായി മാത്രം ......

പ്രണയത്തിന്‍റെ ഇനിയും വെളിപ്പെടുത്തപ്പെടാത്ത
ഭൂഖണ്ഡങ്ങള്‍ തേടിയലയുന്നവര്‍ക്ക് മുമ്പില്‍
ചിലപ്പോള്‍ പുതിയ പച്ചത്തുരുത്തുകള്‍
പ്രത്യക്ഷപ്പെട്ടേക്കാം ....
ശരിയുത്തരം ഒരിക്കലും പൂര്‍ണമായി
കണ്ടെത്താന്‍ സാധിക്കാത്ത
പ്രഹേളികയാണല്ലോ പ്രണയം ........
വറ്റിക്കാന്‍ ആവാത്ത കടലാഴം
തന്നെയാണ് പ്രണയം ....

പകല്‍ സന്ധ്യയെ പിരിഞ്ഞു പോവുകയല്ല
മറിച്ച്,
അവന്‍ തന്‍റെ പ്രേയസിയോടൊപ്പം
ലതാനികുഞ്ജത്തില്‍ കളിപറഞ്ഞിരിക്കുകയാവും ...
സന്ധ്യയാവട്ടെ വിരഹം എന്തെന്ന് പോലും
അറിഞ്ഞിട്ടില്ല .....
തന്‍റെ പ്രാണേശ്വരനെ പുല്‍കിയുറങ്ങുമ്പോള്‍
അവളെ എങ്ങനെ വിരഹിണിയെന്ന്
ചൊല്ലി വിളിക്കാന്‍ കഴിയും


ഒരിക്കലും ഒത്തുചേരാന്‍ കഴിയാത്ത
ഹതഭാഗ്യരായ ഇണകളായി
ബിംബകല്പന ചെയ്യപ്പെട്ട പകലും സന്ധ്യയും
പരസ്പരം അലിഞ്ഞു ചേരുന്ന
തീവ്രാനുരാഗനിമിഷങ്ങളില്‍
ഇങ്ങനെ കാതോട് കാതോരം ചൊല്ലി -
"പ്രണയം നമ്മളിലൂടെ അനശ്വരമാകട്ടെ "

ശനിയാഴ്‌ച, ഏപ്രിൽ 14, 2012

വിഷുപ്പുലരി ************എത്രയൊരുക്കമൊരുങ്ങേണമറിയുമോ
നാളെ മേടപ്പുലരി പിറന്നിടാന്‍
മിഴിതുറന്നാദ്യമായ്‌ കാണണം
സുകൃതകാരണം കണ്ണന്‍റെ തിരുമുഖം

വൃന്ദാവനിയില്‍ നടാടെ മൊട്ടിട്ട

കൊന്നമലരിനിന്നും സ്വര്‍ണവര്‍ണ്ണം
മാറ്റൊട്ടുമാറിയില്ലൊരു തരിയുമതിന്
പോയകാല സൗഭഗം ഇതളായ്‌ വിടര്‍ത്തി

ഉരുളി നിറച്ചതിന്‍ വിവക്ഷയോ
ഫലസമൃദ്ധി പടിയില്‍ കാത്തുനില്‍പ്പൂ
തൊഴുതു കൈനീട്ടം വാങ്ങും മനം നിറഞ്ഞു
സര്‍വ്വതും സര്‍വ്വേശ്വരാ നിന്‍റെ കൃപയാല്‍

ദിനമൊഴിയാതെയേതേതു ചിത്തവും
സത്യമാം സത്ത തിരയേണമവിരതം
മുന്‍പിലെ സരണിയില്‍ ഞാനോരോ പദവും
നിന്നറിവിനാലെയിനി വെയ്ക്കു നാഥാ

കുളിരിന്‍റെ അംഗുലം നിന്‍റെ സ്പര്‍ശം
തെന്നലിന്നാരവം തവവേണുരാഗം
ദീപ്തമീക്കാഴ്ചയെന്നന്തരാത്മാവി -
ലിരുളില്‍ മറയാതെ ഞാനെടുത്തു വെയ്ക്കാം
ജന്മപുണ്യമായ്‌ ഞാന്‍ കാത്തു വെയ്ക്കാം .........

ശനിയാഴ്‌ച, ജനുവരി 21, 2012

പ്രണയം - കഥ ഇതുവരെകവിത

നക്ഷത്രമേതിനെക്കാളും തിളങ്ങുന്ന
മിഴിദ്വയം തന്നെയെന്നാദ്യകാഴ്ച !
വിദ്യുത്തരംഗമുതിര്‍ന്നതു തല്‍ക്ഷണം
എന്നകമാഴം തുളച്ചു പാഞ്ഞു ;
പദ്മവിലോല കപോലതടങ്ങളെ
തഴുകാന്‍ കൊതിക്കില്ലേ കിന്നരന്മാര്‍ ,
ഒത്തിരി പൊന്‍ തിങ്കള്‍ മാനത്തുദിച്ചപോല്‍
ഇവ്വിധം നന്നായ് ചമഞ്ഞു നിന്നേന്‍

മാസ്മരീക പ്രഭ ചേലില്‍ത്തുടിയ്ക്കും
ആലോലവദനയില്‍ ആകൃഷ്ടനായി,
ഹൃത്തിലൊരുക്കിയിന്നൊരു യാഗശാല
രാഗമന്ത്രങ്ങളാല്‍ അവളെ മെരുക്കാന്‍
കാംക്ഷിച്ചു പോയി ഞാനൊരു കാടാക്ഷത്തിന് ,
ജീവാമൃതം തന്നെ മുമ്പേ നിനച്ചു
ഒരു ഹാസമെന്‍ നേര്‍ക്ക്‌ നീട്ടി നടാടെ
പനിനീര്‍ മലര്‍ നുള്ളിയേകും തരത്തില്‍

തെളിയും നുണക്കുഴി കണ്ണിറുക്കുന്നിതാ,
കാര്‍ക്കൂന്തല്‍ പോന്നിട്ട് മുട്ടോടു മുട്ടി
കണ്ണ് കിട്ടാത്തൊരു ശ്യാമമാം തിലകവും
വിധി തൊട്ടതല്ലയോ കവിളില്‍ പണ്ടേ
"സ്വര്‍ലോക ലക്ഷണയുക്തയാം തരുണിയെ
തരുവാന്‍ നിനക്കെന്തു നേദ്യവും ദേവാ ,
തുള്ളിത്തുളുമ്പുന്ന നിറയൌവ്വനത്തിനെ
സഖിയായി ചോദിച്ചതധികമായോ?"

നീയെന്‍റെ അര്‍ത്ഥന കേട്ടതിനാലെയോ ,
കാണുവാന്‍ മിണ്ടുവാന്‍ ഇടവന്നതുടനെ
ശുഭസൂചകം തന്നെയെന്നു ഞാനെണ്ണി
സ്വസ്ഥമായ് പിറ്റേന്ന് പരിചയപ്പെട്ടത്‌
ശാലീനമൊപ്പം കുലീനമാ വ്യക്തിത്വ -
മെന്നു തിരിച്ചറിഞ്ഞാ നിമിഷത്തില്‍
എന്തു മിതത്വം മൃദുത്വമോ വാക്കില്‍
നെറുകിലെ ചന്ദനത്തോടു ചാലിക്കാം

പച്ചനിറത്തിലെ പട്ടിന്‍റെ ദാവണി
മഞ്ഞയലുക്കുകള്‍ ചിരിതൂകി നിറയെ ;
കനകക്കണിക്കൊന്ന മൊട്ടിട്ടൊരുങ്ങും
ഭാവമാണവളന്നു മുമ്പില്‍ നില്‍ക്കെ
ഗ്രാമീണ ഭംഗിയകൈതവമല്ലയോ
പാടവരമ്പിലെ കൈതപ്പൂ പോലെ
കരുതീലശേഷമീ ധന്യമാം സമയങ്ങള്‍
വന്നീടുമൊരുനാളെന്‍ ജീവിതത്തില്‍

തന്വംഗി തന്‍ കുശലമെന്തെന്നു കേട്ടില്ല
രാഗാശ്വമേറിപ്പറന്നു പോകെ ;
വിഭ്രാമകംതന്നെയെന്നവസ്ഥയ്ക്കിന്നു
പേരുനല്കാനേറ്റമുചിതവാക്ക് .
നാരീ ഗണത്തിനു മകുടമായി വിലസുവാന്‍
കെല്പ്പെഴും കാന്തിയുടുത്തവള്‍ ചാരെ
അഞ്ചിതമായ് കൊഞ്ചി വിളയുന്ന നേരം
അറിയുന്നു ഞാനിതെന്‍ അതിയായ ഭാഗ്യം

യുഗങ്ങളായിരുപേരും ഒരുമിച്ചിരുന്നെന്നു
ഇഴയടുപ്പത്തിന്‍റെ ഗതിവേഗമരുളും
പതിയെയാ പരിചയം പുതുനാമ്പ് നീട്ടി
അത് തന്ന മലരിനോ സ്നേഹഗന്ധം
തമ്മില്‍ കണ്ടാലവള്‍ നാണത്തിന്‍ കുങ്കുമം
തൂമുഖത്താകെയും വാരിപ്പൊതിഞ്ഞു
മിഴിമുദ്രകള്‍ കൊണ്ട് വാചാലരായി
നാസികത്തുമ്പില്‍ തുടിപ്പിന്‍ തടിപ്പും

നിറയുന്നിതംഗോപാംഗമാവേശം
കല്ലോലനുരപോലെ തോരാതെ നിന്നു

നിഴലായ് പിരിയാതെ കൂടെയുണ്ടല്ലോ
അതി ഘോരമേതേത് വിഘ്നമെന്നാലും
പലനാളുകള്‍ കൊണ്ട് നാമറിഞ്ഞു ,
ഈ ഹൃദയ ബന്ധമോ നിത്യ ബന്ധനം
രാഗതുഷാരപാതത്തില്‍ നമ്മള്‍ ,
നെഞ്ചിലെ ചൂടിനെ കമ്പിളിയാക്കി

വിദ്യയെ നേടുവാനിവിടെ വന്നപ്പോള്‍
ആലയം തന്നതോ നിന്നെയും ചേര്‍ത്ത് ;
വിസ്തൃത പരിസര സൗഭാഗ്യമേകി,
നിസ്തുലം പുല്‍മേട്‌ , പൂമരഛായയും.
ഇത്തരം പശ്ചാത്തലം തീര്‍ക്കുമെങ്കില്‍
നിശ്ചയം പൂവമ്പനോടിയെത്തില്ലേ
ഇളവെയില്‍ക്കതിരിലും മഴമുത്തിലും
പ്രണയാങ്കുരം തന്നെ കാത്തുവെച്ചു

ഇവിടെയുലാവും നിലാവിന്‍റെ പാല്‍മണം
ആദ്യമേ നുകരുവാനെന്ന മട്ടില്‍
ഇരുവരും നേരമളന്നു പോന്നെന്നും
കൈകള്‍ കോര്‍ത്തൊരുമിച്ചു പടികടക്കാന്‍ ;
ചന്ദ്രനീദിശ വിട്ടുപോയെങ്കിലെന്താ
പാരിജാതത്തിനുമേകീ സുഗന്ധം
രാഗലയ താളമാല്‍ ചീവീട് പാടി
കൂട്ടിനിണക്കിളിക്കൂട്ടങ്ങള്‍ മാത്രം

ഗൃഹാതുര സ്മരണകളോടിക്കളിക്കും
ഈ മണ്ണിനെ കുറിച്ച് ഓര്‍ത്താല്‍ മനസ്സില്‍
കൊഴിയുമില ശിശിരത്തില്‍ മെത്തയെന്നാലോ
വിരിയുമിതള്‍ വാസന്ത നാകമൊരുക്കി ;
കോകില ധ്വനിയില്‍ നാം നിര്‍വൃതി പൂണ്ടു
നമ്മെക്കുറിച്ചെന്നുറപ്പില്‍ നിനച്ച്‌
ആരുമറിഞ്ഞില്ല കേട്ടില്ല സല്ലാപം
അത് മൂഢമെന്നു തെളിഞ്ഞു കഴിഞ്ഞു

പേലവമംഗുലം വിസ്മയം കാട്ടി
അങ്കം കുറിച്ചെന്‍റെ അകതാരിനോട്
അധരോഷ്ഠത്തളികയില് നിന്നു ഞാനുണ്ടു
അമൃതേത്തു തന്നെയെന്നുള്ളം പറഞ്ഞു ;
മയങ്ങും തവമടിത്തട്ടില്‍ സുഖോഷ്മളം
ഉച്ച്വാസ നിശ്വാസ താരാട്ടു കേട്ട്
ഞാനല്ല നീയല്ല ഇവിടെയിന്നുള്ളത്
ഗന്ധര്‍വ ദേവാംഗനാ പരകായം

വിധി താന്‍ വിതാനിച്ച കൂടാരവാതില്‍
നമുക്കായ് തുറന്നിരിക്കുന്നു പണ്ടേ
ഇതു വരെ സ്വപ്നേപി കാണാത്തതെല്ലാം
യാഥാര്‍ത്ഥ്യ തീരത്തു കണ്‍കുളിര്‍ക്കെ
ആരണ്യകം താണ്ടി ആരാമമെത്തുമ്പോള്‍
ആശ്വാസമെന്തെന്നറിഞ്ഞവര്‍ നമ്മള്‍
പരിഭവച്ചുഴികളില്‍ പതറാതിരിക്കണം
കരുതലില്‍ കോര്‍ത്തിടാം ജീവിതം മേലില്‍

പരിണയ പൂര്‍ത്തിയില്‍ പൂത്തതാം സ്മേരം
ഒന്നുമൊളിക്കാതെ സര്‍വ്വതും ചൊല്ലി ;
ഈ ജന്മലക്ഷ്യമോ ഇന്നിവിടെ നിറവേറി
നന്ദിതന്‍ ഭാരമാല്‍ ശിരസ്സു കുമ്പിട്ടു
സന്തോഷം പങ്കിട്ടു സന്താപമാറ്റാന്‍
എനിയ്ക്കും നിനക്കുമിനി നമ്മള്‍ മാത്രം
ഇത്രയും കാലത്തെ കാത്തിരിപ്പൊടുവില്‍
സമ്മോഹ സമ്മാനമായൊത്തു ചേരല്‍തിങ്കളാഴ്‌ച, ജനുവരി 16, 2012

സൂര്യനും ഭൂമിയും


പൊന്‍കിണ്ണമൊന്നൊരാ
തൃക്കയ്യിലേന്തിയുലകമതി -
നന്മകള്‍ കുന്നോളമേവര്‍ക്കു-
മല്പ്പത്തമില്ലാതെയരുളാന്‍
ഹരിതാഭയരുമയായ്‌ മേവും
ധരയിതും തവകരുണയത്രേ
ചൂടും ചുറുചുറുക്കുമല്ലോ സകല -
ജീവിഗണത്തിനുമുള്ള ദാനം
ജീവന്‍ തുടിക്കുവാനീമണ്ണി-
നൂര്‍ജ്ജം നീ പകര്‍ന്നില്ലെ-
ങ്കിലെല്ലാം നിശ്ചേതനങ്ങളാകും

സൂര്യാ നിന്‍ താപമനുദിനം
സാഗരനീരിനെക്കൊണ്ടുപോയ്‌
ചെറുതായ് നുറുക്കിയാവിയായ്‌ -
ത്തീര്‍ത്തു നിന്‍ പണിശാലയില്‍
മേഘമണിമാലയായ്‌ത്തണുപ്പിച്ചു
ശേഷം ജലമെന്ന പുണ്യം മതി -
യായൊരളവില്‍ വര്‍ഷമായേകി
വരളുന്ന നാവിനതമൃതാണ്
നിലനില്‍പ്പിനായുള്ള കച്ചിത്തുരുമ്പ്
നീ തന്നൊരീദിവ്യമാരി ഭൂവില്‍
തളിരുകളെങ്ങും മുളപ്പിച്ചുവല്ലോ
പ്രകൃതിയൊരു കുടുംബമിവിടെ
ചെടികള്‍ വീട്ടമ്മമാരായി നില്‍പ്പൂ
വെളിച്ചമാമിന്ധനം തിളച്ചു -
കത്തും സൂര്യനില്‍നിന്നുകിട്ടും
കൂട്ടര്‍ക്ക് ഗുണമാര്‍ന്ന ഭക്ഷണം
വിളമ്പും പച്ചിലപ്പാത്രങ്ങളില്‍

ഇരുട്ടിന്‍റെ മാറാലയെങ്ങും
കറുപ്പില്‍ കനത്ത്‌ നിന്നിരുന്നു
ഭീതിദമൌനത്തിന്‍ ചങ്ങല -
ക്കണ്ണികള്‍ പൊട്ടിക്കുവാന്‍
കെല്‍പ്പെഴുന്നവരില്ലായിരുന്നു
ഉണര്‍ത്തുവാനാരുമന്ന -
രികിലണഞ്ഞതുമില്ല പോലും
ചെയ്യുവാനൊന്നുമേയില്ലാതെ
യുഗങ്ങള്‍ പലതു വെറുതെ
ചുരുണ്ടുരുണ്ട് കിടന്നുറങ്ങി -
ത്തീര്‍ത്ത ധരിത്രിയിവളെ
ഒരിക്കല്‍ പ്രഭാതത്തിലര്‍ക്കന്‍
സവാരിക്കിറങ്ങിയ വേളയില്‍
അകലെ നിന്ന് കണ്ടു
കാതങ്ങള്‍ താണ്ടിവന്ന
ദൂരമളക്കാന്‍ മിനക്കെടാതെ
കനകപാദങ്ങള്‍ നടന്നു -
തളര്‍ന്നു നോവുന്നതറിയാതെ
എത്തിയവളെയുണര്‍ത്താന്‍
സ്നേഹഭാജനമാക്കി മാറ്റാന്‍
കിരണകരങ്ങളായിരം നീട്ടി -
പ്പുതപ്പിച്ചു ചെമ്മേ കുളിരകറ്റാന്‍

പീലികള്‍ കോര്‍ത്തുകെട്ടിയടഞ്ഞ
കണ്ണിലേയ്ക്കന്‍പൊട് നീ നോക്കി
മൃദുവായ സ്പര്‍ശനമാധുരിയുള്ളില്‍ -
ത്തട്ടിയ നിമിഷമുറക്കമുണര്‍ന്നു;
മോഹനമിഴി തുറന്നെന്നാല്‍
സര്‍വ്വം ശുഭ്രമയമാദ്യ കാഴ്ചയില്‍
മെല്ലെയെല്ലാം മുന്‍പില്‍ തെളിഞ്ഞു
തന്നുടലിന്‍റെ ഭംഗിയും കണ്ടറിഞ്ഞു
പ്രകാശത്തിന്നുറവിടമെവിടെയെന്നു
ചുറ്റും തിരഞ്ഞപ്പോള്‍ കണ്ടെത്തി
ദീപപ്രഭയായ്‌ വിളങ്ങുമര്‍ക്കനെ

ഭയാദരാല്‍ വണങ്ങി സ്തുതിച്ചു
'നിന്‍ ദാസ്യവൃത്തി ചെയ്തു -
നിന്നെച്ചുറ്റുകയാണെന്നുമെന്‍
ജന്മലക്ഷ്യമെന്നുദ്ഘോഷിച്ചു'
മുഖം തെളിഞ്ഞവളന്ന്
കിളിനാദമായ്‌ മൊഴിഞ്ഞു -
" നീയൊരുക്കണമെന്‍ വഴി -
ത്താര ശോഭിതവദനനേ
പിരിയരുതൊരു ദിനവും "
ദൃഢസ്വരത്തിലവനോതി -
"തീര്‍ത്ഥാടനം പോലെയുള്ള
പവിത്രകര്‍മ്മമാണീ യാത്ര
കാത്തിരിയ്‌ക്കയാണെല്ലാരു -
മെനിക്കായ്‌ , ഓര്‍മ്മ വേണം
അപ്പുറമെത്തേണ്ടതല്ലയോ
കൈനീട്ടിയവരെയനുഗ്രഹിക്കാന്‍
സര്‍വ്വമംഗളം നല്‍കിടാന്‍ "

"വിശ്രമിയ്‌ക്ക നീയത്ര നേരം തിരികെ -
യെത്തി തൊട്ടു വിളിക്കുന്ന വരെയും
രാവിലുറങ്ങി രാവിലെയേല്ക്കണം
മുഴുകണം സദ്‌ചെയ്തികളില്‍ "
പുലരൊളിപ്പൊന്‍ചിരിയിപ്പോള്‍
വിടപറയും നേരമില്ലെങ്കിലുമനന്യമാം
ശോണിമയുണ്ടതു ശോണിതനീരോ ,
അഗാധവിരഹദുഃഖസാഗരമോ ?
മനസ്സിലെ മഞ്ഞുപാളിയുരുക്കി -
ക്കടന്നുവന്ന തീക്ഷ്ണഭാവന്‍ നീ-
യകലവേമഞ്ഞുമലപലതുമു -
യരുമീയന്ധകാരത്താഴ്വരയില്‍

ദുഃഖിച്ചിരിക്കയാണെങ്കിലും ശിരസ്സാ-
വഹിച്ചവളാ മധുമൊഴിയെല്ലാം
അനുസരിപ്പാന്‍ നിയമമായേകി
ചെറു ജീവകോശങ്ങള്‍ക്ക് പോലും
ആവാസമാകുന്ന വലിയ വീട്ടില്‍
വാഴുന്നവരതു മോദാല്‍ കാത്തുപാലിച്ച്
അങ്ങനെ തീര്‍ക്കുന്നഴകുള്ള ലോകം
കഴിവിനൊത്തെല്ലാരുമര്‍പ്പിച്ചു കൊണ്ട്

ഇതു കണ്ട് സന്തോഷചിത്തനായ്
തേജോമയരശ്മിനാഥനവന്‍
വെളുപ്പിലൊളുപ്പിച്ച സപ്ത -
വര്‍ണ്ണം പുറത്തെടുത്ത്‌ മഴയില്‍
ചാലിച്ച് ചേലുള്ള ചിത്രമായ്‌
ഗഗനഭിത്തിയില്‍ തൂക്കിയിട്ടു
ആദ്യത്തെതാം ഈ കലാ-
പ്രദര്‍ശനം ജീവരാശിയ്ക്ക-
മൂല്യമാം സമ്മാനമായ് ഭവിച്ചു