ചൊവ്വാഴ്ച, ജൂലൈ 31, 2012
****************
അന്നൊരിക്കല്‍
കൌമാരമോഹങ്ങള്‍
തേരേറിപ്പാഞ്ഞപ്പോള്‍
അവളുടെ പിറകെ നടന്ന്
പ്രണയത്തിന് റോസാപ്പൂവിന്‍റെ
കടുംചുമപ്പെന്നും
തമ്മില്‍ പിരിക്കാനാവാത്ത വിധം
അതിശക്തമെന്നും കവിത ചൊല്ലി .......
ഇന്നിതാ
പ്രാണന്‍പിരിയുന്ന വേദനയോടെ
വാപൊത്തി അവന്‍ മെല്ലെച്ചൊല്ലി -
"പ്രണയം അതിശക്തമാണ് ,
മുഖമടച്ചു കിട്ടുന്നൊരടിയോളം ;
പല്ലിളകിയിറ്റുവീഴുന്ന
കട്ടച്ചോരയേക്കാള്‍
കടുംചുമപ്പാര്‍ന്നതും ..........."
ഞായറാഴ്‌ച, ഏപ്രിൽ 22, 2012
ഇഷ്ടത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍
പൂത്തുലഞ്ഞ് നില്‍ക്കുന്ന ഗുല്‍മോഹര്‍ .........
പരിഭവത്തിന്‍റെ ഇളംകാറ്റത്ത്
പൂവിതള്‍ പൊഴിച്ച് നീരസം കാട്ടുന്നവള്‍.......
വികാരഋതുഭേദങ്ങള്‍ പ്രണയമരത്തിനും
നിറഭേദം വരുത്തും , തീര്‍ച്ച എങ്കിലും ഒരിക്കലും പൂക്കാത്ത
കാട്ടുമരം പോലെയല്ല .........
ഏതുകാലത്തും ഒരു പൂമൊട്ടെങ്കിലും
അത് കാത്തുവെയ്ക്കും ....
ഒരു തരി സുഗന്ധം പരത്തും ...
ശനിയാഴ്‌ച, ഏപ്രിൽ 21, 2012
**************
അഗാധവും അനശ്വരവുമായ
പ്രണയത്തിന്‍റെ പ്രതീകങ്ങളായി
പകലും സന്ധ്യയും കാവ്യങ്ങളില്‍
വാഴ്ത്തപ്പെടുന്നു .....
അതും
വിരഹവേദനയാല്‍ സ്വയം ഉരുകിത്തീരാന്‍
വിധിക്കപ്പെട്ട രണ്ടു ജന്മങ്ങളായി മാത്രം ......
പ്രണയത്തിന്‍റെ ഇനിയും വെളിപ്പെടുത്തപ്പെടാത്ത
ഭൂഖണ്ഡങ്ങള്‍ തേടിയലയുന്നവര്‍ക്ക് മുമ്പില്‍
ചിലപ്പോള്‍ പുതിയ പച്ചത്തുരുത്തുകള്‍
പ്രത്യക്ഷപ്പെട്ടേക്കാം ....
ശരിയുത്തരം ഒരിക്കലും പൂര്‍ണമായി
കണ്ടെത്താന്‍ സാധിക്കാത്ത
പ്രഹേളികയാണല്ലോ പ്രണയം ........
വറ്റിക്കാന്‍ ആവാത്ത കടലാഴം
തന്നെയാണ് പ്രണയം ....
പകല്‍ സന്ധ്യയെ പിരിഞ്ഞു പോവുകയല്ല
മറിച്ച്,
അവന്‍ തന്‍റെ പ്രേയസിയോടൊപ്പം
ലതാനികുഞ്ജത്തില്‍ കളിപറഞ്ഞിരിക്കുകയാവും ...
സന്ധ്യയാവട്ടെ വിരഹം എന്തെന്ന് പോലും
അറിഞ്ഞിട്ടില്ല .....
തന്‍റെ പ്രാണേശ്വരനെ പുല്‍കിയുറങ്ങുമ്പോള്‍
അവളെ എങ്ങനെ വിരഹിണിയെന്ന്
ചൊല്ലി വിളിക്കാന്‍ കഴിയും
ഒരിക്കലും ഒത്തുചേരാന്‍ കഴിയാത്ത
ഹതഭാഗ്യരായ ഇണകളായി
ബിംബകല്പന ചെയ്യപ്പെട്ട പകലും സന്ധ്യയും
പരസ്പരം അലിഞ്ഞു ചേരുന്ന
തീവ്രാനുരാഗനിമിഷങ്ങളില്‍
ഇങ്ങനെ കാതോട് കാതോരം ചൊല്ലി -
"പ്രണയം നമ്മളിലൂടെ അനശ്വരമാകട്ടെ "
ശനിയാഴ്‌ച, ഏപ്രിൽ 14, 2012
വിഷുപ്പുലരി ************

എത്രയൊരുക്കമൊരുങ്ങേണമറിയുമോ
നാളെ മേടപ്പുലരി പിറന്നിടാന്‍
മിഴിതുറന്നാദ്യമായ് കാണണം
സുകൃതകാരണം കണ്ണന്‍റെ തിരുമുഖം
വൃന്ദാവനിയില്‍ നടാടെ മൊട്ടിട്ട
കൊന്നമലരിനിന്നും സ്വര്‍ണവര്‍ണ്ണം
മാറ്റൊട്ടുമാറിയില്ലൊരു തരിയുമതിന്
പോയകാല സൗഭഗം ഇതളായ് വിടര്‍ത്തി
ഉരുളി നിറച്ചതിന്‍ വിവക്ഷയോ
ഫലസമൃദ്ധി പടിയില്‍ കാത്തുനില്‍പ്പൂ
തൊഴുതു കൈനീട്ടം വാങ്ങും മനം നിറഞ്ഞു
സര്‍വ്വതും സര്‍വ്വേശ്വരാ നിന്‍റെ കൃപയാല്‍
ദിനമൊഴിയാതെയേതേതു ചിത്തവും
സത്യമാം സത്ത തിരയേണമവിരതം
മുന്‍പിലെ സരണിയില്‍ ഞാനോരോ പദവും
നിന്നറിവിനാലെയിനി വെയ്ക്കു നാഥാ
കുളിരിന്‍റെ അംഗുലം നിന്‍റെ സ്പര്‍ശം
തെന്നലിന്നാരവം തവവേണുരാഗം
ദീപ്തമീക്കാഴ്ചയെന്നന്തരാത്മാവി -
ലിരുളില്‍ മറയാതെ ഞാനെടുത്തു വെയ്ക്കാം
ജന്മപുണ്യമായ് ഞാന്‍ കാത്തു വെയ്ക്കാം .........
ശനിയാഴ്‌ച, ജനുവരി 21, 2012
പ്രണയം - കഥ ഇതുവരെ

നക്ഷത്രമേതിനെക്കാളും തിളങ്ങുന്ന
മിഴിദ്വയം തന്നെയെന്നാദ്യകാഴ്ച !
വിദ്യുത്തരംഗമുതിര്‍ന്നതു തല്‍ക്ഷണം
എന്നകമാഴം തുളച്ചു പാഞ്ഞു ;
പദ്മവിലോല കപോലതടങ്ങളെ
തഴുകാന്‍ കൊതിക്കില്ലേ കിന്നരന്മാര്‍ ,
ഒത്തിരി പൊന്‍ തിങ്കള്‍ മാനത്തുദിച്ചപോല്‍
ഇവ്വിധം നന്നായ് ചമഞ്ഞു നിന്നേന്‍
മാസ്മരീക പ്രഭ ചേലില്‍ത്തുടിയ്ക്കും
ആലോലവദനയില്‍ ആകൃഷ്ടനായി,
ഹൃത്തിലൊരുക്കിയിന്നൊരു യാഗശാല
രാഗമന്ത്രങ്ങളാല്‍ അവളെ മെരുക്കാന്‍
കാംക്ഷിച്ചു പോയി ഞാനൊരു കാടാക്ഷത്തിന് ,
ജീവാമൃതം തന്നെ മുമ്പേ നിനച്ചു
ഒരു ഹാസമെന്‍ നേര്‍ക്ക് നീട്ടി നടാടെ
പനിനീര്‍ മലര്‍ നുള്ളിയേകും തരത്തില്‍
തെളിയും നുണക്കുഴി കണ്ണിറുക്കുന്നിതാ,
കാര്‍ക്കൂന്തല്‍ പോന്നിട്ട് മുട്ടോടു മുട്ടി
കണ്ണ് കിട്ടാത്തൊരു ശ്യാമമാം തിലകവും
വിധി തൊട്ടതല്ലയോ കവിളില്‍ പണ്ടേ
"സ്വര്‍ലോക ലക്ഷണയുക്തയാം തരുണിയെ
തരുവാന്‍ നിനക്കെന്തു നേദ്യവും ദേവാ ,
തുള്ളിത്തുളുമ്പുന്ന നിറയൌവ്വനത്തിനെ
സഖിയായി ചോദിച്ചതധികമായോ?"
നീയെന്‍റെ അര്‍ത്ഥന കേട്ടതിനാലെയോ ,
കാണുവാന്‍ മിണ്ടുവാന്‍ ഇടവന്നതുടനെ
ശുഭസൂചകം തന്നെയെന്നു ഞാനെണ്ണി
സ്വസ്ഥമായ് പിറ്റേന്ന് പരിചയപ്പെട്ടത്
ശാലീനമൊപ്പം കുലീനമാ വ്യക്തിത്വ -
മെന്നു തിരിച്ചറിഞ്ഞാ നിമിഷത്തില്‍
എന്തു മിതത്വം മൃദുത്വമോ വാക്കില്‍
നെറുകിലെ ചന്ദനത്തോടു ചാലിക്കാം
പച്ചനിറത്തിലെ പട്ടിന്‍റെ ദാവണി
മഞ്ഞയലുക്കുകള്‍ ചിരിതൂകി നിറയെ ;
കനകക്കണിക്കൊന്ന മൊട്ടിട്ടൊരുങ്ങും
ഭാവമാണവളന്നു മുമ്പില്‍ നില്‍ക്കെ
ഗ്രാമീണ ഭംഗിയകൈതവമല്ലയോ
പാടവരമ്പിലെ കൈതപ്പൂ പോലെ
കരുതീലശേഷമീ ധന്യമാം സമയങ്ങള്‍
വന്നീടുമൊരുനാളെന്‍ ജീവിതത്തില്‍
തന്വംഗി തന്‍ കുശലമെന്തെന്നു കേട്ടില്ല
രാഗാശ്വമേറിപ്പറന്നു പോകെ ;
വിഭ്രാമകംതന്നെയെന്നവസ്ഥയ്ക്കിന്നു
പേരുനല്കാനേറ്റമുചിതവാക്ക് .
നാരീ ഗണത്തിനു മകുടമായി വിലസുവാന്‍
കെല്പ്പെഴും കാന്തിയുടുത്തവള്‍ ചാരെ
അഞ്ചിതമായ് കൊഞ്ചി വിളയുന്ന നേരം
അറിയുന്നു ഞാനിതെന്‍ അതിയായ ഭാഗ്യം
യുഗങ്ങളായിരുപേരും ഒരുമിച്ചിരുന്നെന്നു
ഇഴയടുപ്പത്തിന്‍റെ ഗതിവേഗമരുളും
പതിയെയാ പരിചയം പുതുനാമ്പ് നീട്ടി
അത് തന്ന മലരിനോ സ്നേഹഗന്ധം
തമ്മില്‍ കണ്ടാലവള്‍ നാണത്തിന്‍ കുങ്കുമം
തൂമുഖത്താകെയും വാരിപ്പൊതിഞ്ഞു
മിഴിമുദ്രകള്‍ കൊണ്ട് വാചാലരായി
നാസികത്തുമ്പില്‍ തുടിപ്പിന്‍ തടിപ്പും
നിറയുന്നിതംഗോപാംഗമാവേശം
കല്ലോലനുരപോലെ തോരാതെ നിന്നു
നിഴലായ് പിരിയാതെ കൂടെയുണ്ടല്ലോ
അതി ഘോരമേതേത് വിഘ്നമെന്നാലും
പലനാളുകള്‍ കൊണ്ട് നാമറിഞ്ഞു ,
ഈ ഹൃദയ ബന്ധമോ നിത്യ ബന്ധനം
രാഗതുഷാരപാതത്തില്‍ നമ്മള്‍ ,
നെഞ്ചിലെ ചൂടിനെ കമ്പിളിയാക്കി
വിദ്യയെ നേടുവാനിവിടെ വന്നപ്പോള്‍
ആലയം തന്നതോ നിന്നെയും ചേര്‍ത്ത് ;
വിസ്തൃത പരിസര സൗഭാഗ്യമേകി,
നിസ്തുലം പുല്‍മേട് , പൂമരഛായയും.
ഇത്തരം പശ്ചാത്തലം തീര്‍ക്കുമെങ്കില്‍
നിശ്ചയം പൂവമ്പനോടിയെത്തില്ലേ
ഇളവെയില്‍ക്കതിരിലും മഴമുത്തിലും
പ്രണയാങ്കുരം തന്നെ കാത്തുവെച്ചു
ഇവിടെയുലാവും നിലാവിന്‍റെ പാല്‍മണം
ആദ്യമേ നുകരുവാനെന്ന മട്ടില്‍
ഇരുവരും നേരമളന്നു പോന്നെന്നും
കൈകള്‍ കോര്‍ത്തൊരുമിച്ചു പടികടക്കാന്‍ ;
ചന്ദ്രനീദിശ വിട്ടുപോയെങ്കിലെന്താ
പാരിജാതത്തിനുമേകീ സുഗന്ധം
രാഗലയ താളമാല്‍ ചീവീട് പാടി
കൂട്ടിനിണക്കിളിക്കൂട്ടങ്ങള്‍ മാത്രം
ഗൃഹാതുര സ്മരണകളോടിക്കളിക്കും
ഈ മണ്ണിനെ കുറിച്ച് ഓര്‍ത്താല്‍ മനസ്സില്‍
കൊഴിയുമില ശിശിരത്തില്‍ മെത്തയെന്നാലോ
വിരിയുമിതള്‍ വാസന്ത നാകമൊരുക്കി ;
കോകില ധ്വനിയില്‍ നാം നിര്‍വൃതി പൂണ്ടു
നമ്മെക്കുറിച്ചെന്നുറപ്പില്‍ നിനച്ച്
ആരുമറിഞ്ഞില്ല കേട്ടില്ല സല്ലാപം
അത് മൂഢമെന്നു തെളിഞ്ഞു കഴിഞ്ഞു
പേലവമംഗുലം വിസ്മയം കാട്ടി
അങ്കം കുറിച്ചെന്‍റെ അകതാരിനോട്
അധരോഷ്ഠത്തളികയില് നിന്നു ഞാനുണ്ടു
അമൃതേത്തു തന്നെയെന്നുള്ളം പറഞ്ഞു ;
മയങ്ങും തവമടിത്തട്ടില്‍ സുഖോഷ്മളം
ഉച്ച്വാസ നിശ്വാസ താരാട്ടു കേട്ട്
ഞാനല്ല നീയല്ല ഇവിടെയിന്നുള്ളത്
ഗന്ധര്‍വ ദേവാംഗനാ പരകായം
വിധി താന്‍ വിതാനിച്ച കൂടാരവാതില്‍
നമുക്കായ് തുറന്നിരിക്കുന്നു പണ്ടേ
ഇതു വരെ സ്വപ്നേപി കാണാത്തതെല്ലാം
യാഥാര്‍ത്ഥ്യ തീരത്തു കണ്‍കുളിര്‍ക്കെ
ആരണ്യകം താണ്ടി ആരാമമെത്തുമ്പോള്‍
ആശ്വാസമെന്തെന്നറിഞ്ഞവര്‍ നമ്മള്‍
പരിഭവച്ചുഴികളില്‍ പതറാതിരിക്കണം
കരുതലില്‍ കോര്‍ത്തിടാം ജീവിതം മേലില്‍
പരിണയ പൂര്‍ത്തിയില്‍ പൂത്തതാം സ്മേരം
ഒന്നുമൊളിക്കാതെ സര്‍വ്വതും ചൊല്ലി ;
ഈ ജന്മലക്ഷ്യമോ ഇന്നിവിടെ നിറവേറി
നന്ദിതന്‍ ഭാരമാല്‍ ശിരസ്സു കുമ്പിട്ടു
സന്തോഷം പങ്കിട്ടു സന്താപമാറ്റാന്‍
എനിയ്ക്കും നിനക്കുമിനി നമ്മള്‍ മാത്രം
ഇത്രയും കാലത്തെ കാത്തിരിപ്പൊടുവില്‍
സമ്മോഹ സമ്മാനമായൊത്തു ചേരല്‍
തിങ്കളാഴ്‌ച, ജനുവരി 16, 2012
സൂര്യനും ഭൂമിയും

പൊന്‍കിണ്ണമൊന്നൊരാ
തൃക്കയ്യിലേന്തിയുലകമതി -
നന്മകള്‍ കുന്നോളമേവര്‍ക്കു-
മല്പ്പത്തമില്ലാതെയരുളാന്‍
ഹരിതാഭയരുമയായ് മേവും
ധരയിതും തവകരുണയത്രേ
ചൂടും ചുറുചുറുക്കുമല്ലോ സകല -
ജീവിഗണത്തിനുമുള്ള ദാനം
ജീവന്‍ തുടിക്കുവാനീമണ്ണി-
നൂര്‍ജ്ജം നീ പകര്‍ന്നില്ലെ-
ങ്കിലെല്ലാം നിശ്ചേതനങ്ങളാകും
സൂര്യാ നിന്‍ താപമനുദിനം
സാഗരനീരിനെക്കൊണ്ടുപോയ്
ചെറുതായ് നുറുക്കിയാവിയായ് -
ത്തീര്‍ത്തു നിന്‍ പണിശാലയില്‍
മേഘമണിമാലയായ്‌ത്തണുപ്പിച്ചു
ശേഷം ജലമെന്ന പുണ്യം മതി -
യായൊരളവില്‍ വര്‍ഷമായേകി
വരളുന്ന നാവിനതമൃതാണ്
നിലനില്‍പ്പിനായുള്ള കച്ചിത്തുരുമ്പ്
നീ തന്നൊരീദിവ്യമാരി ഭൂവില്‍
തളിരുകളെങ്ങും മുളപ്പിച്ചുവല്ലോ
പ്രകൃതിയൊരു കുടുംബമിവിടെ
ചെടികള്‍ വീട്ടമ്മമാരായി നില്‍പ്പൂ
വെളിച്ചമാമിന്ധനം തിളച്ചു -
കത്തും സൂര്യനില്‍നിന്നുകിട്ടും
കൂട്ടര്‍ക്ക് ഗുണമാര്‍ന്ന ഭക്ഷണം
വിളമ്പും പച്ചിലപ്പാത്രങ്ങളില്‍
ഇരുട്ടിന്‍റെ മാറാലയെങ്ങും
കറുപ്പില്‍ കനത്ത് നിന്നിരുന്നു
ഭീതിദമൌനത്തിന്‍ ചങ്ങല -
ക്കണ്ണികള്‍ പൊട്ടിക്കുവാന്‍
കെല്‍പ്പെഴുന്നവരില്ലായിരുന്നു
ഉണര്‍ത്തുവാനാരുമന്ന -
രികിലണഞ്ഞതുമില്ല പോലും
ചെയ്യുവാനൊന്നുമേയില്ലാതെ
യുഗങ്ങള്‍ പലതു വെറുതെ
ചുരുണ്ടുരുണ്ട് കിടന്നുറങ്ങി -
ത്തീര്‍ത്ത ധരിത്രിയിവളെ
ഒരിക്കല്‍ പ്രഭാതത്തിലര്‍ക്കന്‍
സവാരിക്കിറങ്ങിയ വേളയില്‍
അകലെ നിന്ന് കണ്ടു
കാതങ്ങള്‍ താണ്ടിവന്ന
ദൂരമളക്കാന്‍ മിനക്കെടാതെ
കനകപാദങ്ങള്‍ നടന്നു -
തളര്‍ന്നു നോവുന്നതറിയാതെ
എത്തിയവളെയുണര്‍ത്താന്‍
സ്നേഹഭാജനമാക്കി മാറ്റാന്‍
കിരണകരങ്ങളായിരം നീട്ടി -
പ്പുതപ്പിച്ചു ചെമ്മേ കുളിരകറ്റാന്‍
പീലികള്‍ കോര്‍ത്തുകെട്ടിയടഞ്ഞ
കണ്ണിലേയ്ക്കന്‍പൊട് നീ നോക്കി
മൃദുവായ സ്പര്‍ശനമാധുരിയുള്ളില്‍ -
ത്തട്ടിയ നിമിഷമുറക്കമുണര്‍ന്നു;
ആ മോഹനമിഴി തുറന്നെന്നാല്‍
സര്‍വ്വം ശുഭ്രമയമാദ്യ കാഴ്ചയില്‍
മെല്ലെയെല്ലാം മുന്‍പില്‍ തെളിഞ്ഞു
തന്നുടലിന്‍റെ ഭംഗിയും കണ്ടറിഞ്ഞു
പ്രകാശത്തിന്നുറവിടമെവിടെയെന്നു
ചുറ്റും തിരഞ്ഞപ്പോള്‍ കണ്ടെത്തി
ദീപപ്രഭയായ് വിളങ്ങുമര്‍ക്കനെ
ഭയാദരാല്‍ വണങ്ങി സ്തുതിച്ചു
'നിന്‍ ദാസ്യവൃത്തി ചെയ്തു -
നിന്നെച്ചുറ്റുകയാണെന്നുമെന്‍
ജന്മലക്ഷ്യമെന്നുദ്ഘോഷിച്ചു'
മുഖം തെളിഞ്ഞവളന്ന്
കിളിനാദമായ് മൊഴിഞ്ഞു -
" നീയൊരുക്കണമെന്‍ വഴി -
ത്താര ശോഭിതവദനനേ
പിരിയരുതൊരു ദിനവും "
ദൃഢസ്വരത്തിലവനോതി -
"തീര്‍ത്ഥാടനം പോലെയുള്ള
പവിത്രകര്‍മ്മമാണീ യാത്ര
കാത്തിരിയ്‌ക്കയാണെല്ലാരു -
മെനിക്കായ് , ഓര്‍മ്മ വേണം
അപ്പുറമെത്തേണ്ടതല്ലയോ
കൈനീട്ടിയവരെയനുഗ്രഹിക്കാന്‍
സര്‍വ്വമംഗളം നല്‍കിടാന്‍ "
"വിശ്രമിയ്‌ക്ക നീയത്ര നേരം തിരികെ -
യെത്തി തൊട്ടു വിളിക്കുന്ന വരെയും
രാവിലുറങ്ങി രാവിലെയേല്ക്കണം
മുഴുകണം സദ്‌ചെയ്തികളില്‍ "
പുലരൊളിപ്പൊന്‍ചിരിയിപ്പോള്‍
വിടപറയും നേരമില്ലെങ്കിലുമനന്യമാം
ശോണിമയുണ്ടതു ശോണിതനീരോ ,
അഗാധവിരഹദുഃഖസാഗരമോ ?
മനസ്സിലെ മഞ്ഞുപാളിയുരുക്കി -
ക്കടന്നുവന്ന തീക്ഷ്ണഭാവന്‍ നീ-
യകലവേമഞ്ഞുമലപലതുമു -
യരുമീയന്ധകാരത്താഴ്വരയില്‍
ദുഃഖിച്ചിരിക്കയാണെങ്കിലും ശിരസ്സാ-
വഹിച്ചവളാ മധുമൊഴിയെല്ലാം
അനുസരിപ്പാന്‍ നിയമമായേകി
ചെറു ജീവകോശങ്ങള്‍ക്ക് പോലും
ആവാസമാകുന്ന വലിയ വീട്ടില്‍
വാഴുന്നവരതു മോദാല്‍ കാത്തുപാലിച്ച്
അങ്ങനെ തീര്‍ക്കുന്നഴകുള്ള ലോകം
കഴിവിനൊത്തെല്ലാരുമര്‍പ്പിച്ചു കൊണ്ട്
ഇതു കണ്ട് സന്തോഷചിത്തനായ്
തേജോമയരശ്മിനാഥനവന്‍
വെളുപ്പിലൊളുപ്പിച്ച സപ്ത -
വര്‍ണ്ണം പുറത്തെടുത്ത് മഴയില്‍
ചാലിച്ച് ചേലുള്ള ചിത്രമായ്
ഗഗനഭിത്തിയില്‍ തൂക്കിയിട്ടു
ആദ്യത്തെതാം ഈ കലാ-
പ്രദര്‍ശനം ജീവരാശിയ്ക്ക-
മൂല്യമാം സമ്മാനമായ് ഭവിച്ചു
ചൊവ്വാഴ്ച, നവംബർ 29, 2011
ഉള്‍ച്ചുഴികള്‍

തളര്‍ന്നു പോകുന്നു ഞാന്‍
വയ്യിനിയൊരടി വെയ്ക്കുവാന്‍
തളരരുതെന്നു കരുതുമ്പോഴും
പതറിടുന്നു മമപാദം
ഹൃദയമുരുകും ചൂടോ
ഹാ ! കഠിനമതികഠിനം ;
വെന്തു വെണ്ണീറായിടും സകലം ,
സ്വപ്‌നങ്ങള്‍ മാത്രമല്ല
ദുഃഖങ്ങളും മാഞ്ഞലിഞ്ഞിടും
വിണ്ടുണങ്ങി
ശൂന്യമായ്ത്തീരുമെന്‍ മനസും
ഈ തപ്തനിശ്വാസങ്ങളില്‍
ആരെന്തറിഞ്ഞിടുന്നു
കദനമുറങ്ങും കഥകളേറെ
കഥനമാര് കേട്ടുനില്‍ക്കും
തിരഞ്ഞിട്ടു കിട്ടിയില്ലൊരാളെ
അതിനാലവയൊന്നാകെ ഞാന്‍
ഉള്ളില്‍ നിന്നടര്‍ത്തി ,
ചുരുളുകള്‍ തൊറുത്തു കെട്ടി
ചുണ്ടിലേറ്റിപ്പുകച്ചു നന്നായി ,
ഒരു തരിയെങ്കിലുമിന്ന്
പുകച്ചു പുറത്തുകളയാന്‍
എന്നാലോരോ തരിയു,മോരോ
പുകച്ചുരുളും
അതിശയവേഗത്തില്‍
വലുതായ് ഭൂതം കണക്കെ
വാപിളര്‍ന്നെന്നെ
വിഴുങ്ങാനടുക്കുന്നു
പുറപ്പെട്ടൊരട്ടഹാസമെന്‍റെ
തലച്ചോറിനുള്ളില്‍
വിദ്യുത്പ്രവാഹമായ് ;
ഒത്തുചേര്‍ന്നവയെന്‍റെ
ചുറ്റിനും ലക്ഷോപലക്ഷമായ്
ശ്വാസമെടുക്കാനാവാതെ
ഞാന്‍ കുഴഞ്ഞു
കൊല്ലാന്‍ മടിച്ചതൊരല്പം
ഭയമെന്നോട് തോന്നിയതിനാലാവാം
തിളച്ചു മറിയുന്ന
ലാവയാണെന്നുള്ളിലെന്നവ
നന്നായ് കണ്ടിരിക്കാം
അവയ്ക്കുമുള്‍ഭയം തോന്നിയോ -
യിതെവിടെ അവസാനിക്കുമെന്നോര്‍ത്ത്,
അന്തമില്ലാതെ നീളു-
ന്നൊരന്തര്‍ നാടകം കണ്ട്
വേദനകളെ പിരിയുവാ -
നെനിക്കാവില്ല തെല്ലും
അവയെന്‍റെ യജമാനന്മാര്‍
അനുസരണയുള്ളൊരടിമയായ്
അനുഗമിക്കുന്നു ഞാന്‍
പിന്തിരിയുവാനാവില്ല
വഴിയിത്ര പിന്നിട്ടതോര്‍ത്താല്‍
നൊമ്പരങ്ങളെ ,
ഇനിയൊരിക്കലും നിങ്ങളെ
നൊമ്പരപ്പെടുത്തില്ല ഞാന്‍
സ്വയം നൊമ്പരപ്പെട്ടീടിലും ;
എനിക്കുള്ള വിധിയെഴുത്ത്
കൈനീട്ടി വാങ്ങും
ഉള്ളിലൊട്ടുമേശില്ല
മുറിവിനാഴമേറിയെന്നാലും
വരുവിന്‍ മോദാല്‍ നിങ്ങള്‍
ധൂമമായെന്നിലേയ്ക്കൊഴുകി -
യിറങ്ങി പ്പരക്കുവിന്‍ ;
ഓരോ ഇഞ്ചുമിന്ന്
നിറഞ്ഞു കവിയുവിന്‍
കൂട്ടിനൊരു കൂട്ടരെങ്കിലുമുണ്ടെന്നു
ഞാനാശ്വസിച്ചീടട്ടെ
ദുഃഖങ്ങളാണെന്‍റെ സന്തോഷം
ഒളിച്ചിരിക്കാനുത്തമ സങ്കേതം
മനസ്സില്‍ വളരും മുള്‍ച്ചെടി -
ക്കൂട്ടങ്ങളിടതിങ്ങിപ്പെരുകുന്നു
കൊടിയ വിഷമിറ്റുന്ന മുള്ള്
തൊട്ടുപോയറിയാതെയെങ്കില്‍
മൃതി തന്നെ പിന്നെ ശരണം
കുറ്റമാരില്‍ ചുമത്തിടു,മെന്നില്‍
മാത്രമെന്നാര്‍ക്ക് പറയുവാനാകും
കൈകഴുകി ഞാന്‍
മാറി നില്‍ക്കയാണെന്ന്
മാലോകരെ നിങ്ങള്‍ പറഞ്ഞീടുമോ ?
ഒന്ന് നില്‍ക്കണം ,
പറയുന്നതൊന്നു കേള്‍ക്കണം
പാറ്റിയെടുത്തതിന്‍ ശേഷമേ
കതിരെത്ര , പതിരെത്ര
ഉതകുന്നതോ വിളവെന്നതും
കൂട്ടിയെടുക്കാന്‍ തുനിഞ്ഞിടാവൂ
കാട്ടിലെ തേന്‍കൂട് കാണുമ്പോഴേ
മധുരം കിനിയുന്നു നാവില്‍
വഴിതെല്ലുമറിയില്ലെങ്കിലും
കുറ്റാക്കൂരിരുട്ടാണെന്നാലും
മടിച്ചു നില്‍ക്കുന്ന വേളയില്‍ പോലും
കൂടെയുള്ളവര്‍ ചെവിയിലോതും -
"ഇതു തന്നെയവസര-
മിതുതന്നെയമൃതം
നീ മുന്നേറിടൂ വെക്കം
വൈകിയാലൊന്നും കിട്ടില്ല കൂട്ടുകാരാ "
മധുരവചസിലൊളിച്ചിരിക്കും
കാഞ്ഞിരക്കയ്പ്പറിയാത്തവര്‍
അപകടക്കെണിക്കൂട്ടിലേയ്-
ക്കനു നിമിഷം നടന്നു കയറുന്നു ;
പെട്ടു പോകുമ്പോള്‍ മാത്രം
പൊട്ടനറിയുന്നു
പൊട്ടിക്കാനാവാത്ത
വെട്ടില്‍ കുരുങ്ങിയെന്ന്
കൈ പിടിച്ചവര്‍ നമ്മുടെ
കാല്‍ വഴുതുന്ന നേരം
കയ്യയച്ചകന്നിടും ,സ്വയരക്ഷ തേടിടും
കൈനീട്ടിയപ്പോള്‍ മറുകരം നീട്ടാതെ ,
നിലവിളിച്ചതൊന്നും കേള്‍ക്കാതെ
കാത്തു പൊത്തി, ദൂരെ മാറി നിന്ന്
ക്രൂരമാം വിധിയെന്ന് ,
ചെയ്തിയുടെ ഫലമെന്ന്
പലവിധമങ്ങനെ ബഹുജനം
മന്ത്രിപ്പതെന്‍റെ പ്രജ്ഞയില്‍ മുഴങ്ങി
ഇത് തലയിലേറ്റിത്തന്നവരി-
ന്നെവിടെയറിയുമോ ?
തീരത്തെ മണലില്‍
വിരല്‍ വരഞ്ഞതെല്ലാം
തിര തഴുകി മായ്ച്ചിടും
തലയിലാ 'വിരലിനാ'ലെഴുതിയോ-
രക്ഷരമൊന്നു പോലും തൂത്തകറ്റാന്‍
സുനാമിത്തിരയ്ക്കുമാവില്ല തന്നെ
വെള്ളിയാഴ്‌ച, നവംബർ 11, 2011
ഇങ്ങനെയും ഇന്‍സ്റ്റാള്‍മെന്‍റ് പിരിവ് നടത്താം

അയല്‍വാസികള്‍ തവണ വ്യവസ്ഥയില്‍ വാങ്ങിയ അലമാരയുടെയും സെറ്റിയുടെയും കാശ് പിരിക്കാന്‍ ആളു വന്നപ്പോള്‍ വീട്ടുകാര്‍ സ്ഥലത്തില്ല ....എപ്പോഴും പേപ്പറില്‍ എഴുതി ഒട്ടിച്ചാല്‍ എന്ത് പുതുമ ?
വാഴയിലയില്‍ നോട്ടീസ് ഇറക്കിയാലോ ?വൈകിട്ട് വീട്ടുകാര്‍ വന്നപ്പോള്‍ കിട്ടി , ഒരുഗ്രന്‍ വാഴയില സന്ദേശം .... ജനല്‍പാളിക്കിടയില്‍ തിരുകിയ നിലയില്‍ .....
താമരയിലയില്‍ പ്രേമലേഖനം എഴുതിയ പെണ്‍കൊടി കവി ഭാവനയില്‍ വിരിഞ്ഞതെങ്കില്‍ ഈ വാഴയില അറിയിപ്പ് ഇന്‍സ്റ്റാള്‍മെന്‍റ് പിരിവുകാരന്‍റെ എമണ്ടന്‍ തലയില്‍ ഉദിച്ചത് .....
ദാ കണ്ടു നോക്കൂ .....
" അലമാരയുടെയും സെറ്റിയുടെയും പൈസ .....
14 -ാം തീയതി വരും.....
--അന്ന് തരണം --
14 -ാം തീയതി........."
ബുധനാഴ്‌ച, നവംബർ 02, 2011
തിങ്കളാഴ്‌ച, ഒക്‌ടോബർ 31, 2011
കേരളം - എന്‍റെ നാട്

കേരളം മോഹനം , മഹനീയ പാവനം
മരതകകേദാരസ്വര്‍ഗീയഭൂമി
മോഹനഭംഗിയെഴുന്നൊരു മങ്കയായ്
ഭാരത ദക്ഷിണഭാഗേ വിലസുന്നു
ഇത്രയലംകൃതനാടെങ്ങുലകിലായ്
കാണ്മതിനൊക്കുമേലതിശയമത്രേ
എന്‍റെ നാടെന്നുമെനിക്ക് പ്രിയതരം
മറ്റൊന്ന് പകരമായ് വെയ്ക്കുവാനാമോ
അറിയാതെ നാവിലൊന്നീ നാമമെത്തിയാല്‍
ആരാധനാഭാവമുള്‍പ്പുളകമായ് വരും
പ്രത്യക്ഷഗണപതീ തലയെടുപ്പോടെ വന്‍
ഗിരിശൃംഗരണിനിരന്നില്ലേ കിഴക്കായ്
നെറ്റിയില്‍ പട്ടമായ് ചാര്‍ത്തിക്കൊടുക്കുവാന്‍
തിങ്ങി വളര്‍ന്നു നിറഞ്ഞിടും വനശോഭ ;
വീശിയടിച്ചുവരും കൊടുങ്കാറ്റിനും
തടയിടാന്‍ കരുതലോടവരങ്ങു നില്‍പ്പൂ ,
തുമ്പിക്കൈ തന്നിലായ് കാത്തതാം നീര്‍ത്തുള്ളി
വര്‍ഷപാതങ്ങളായ് കോരിച്ചൊരിഞ്ഞല്ലോ
ഈ നനയാണ് കണിശം പറയുകില്‍
പൂങ്കാവനം പോലെ,യിവിടമായ്ത്തീര്‍ന്നത്
പുഴകള്‍ ഗമിക്കുന്നലസമായെന്നും
പുളിയിലക്കരമുണ്ടുടുത്തിട്ടൊരുങ്ങി,
പൊട്ടിച്ചിരിച്ചുകൊണ്ടൊത്തിരിക്കാര്യങ്ങ-
ളുച്ചത്തില്‍ ചൊല്ലുന്നു കൂട്ടുകാരോട്
സൂര്യനും ചന്ദ്രനും ദിനമേതുമൊഴിയാതെ
മുങ്ങിക്കുളിച്ചതിന്‍ ശേഷമേ പോകൂ
പലപക്ഷിമല്‍സ്യങ്ങള്‍, ജന്തുജാലങ്ങളും
അഭയവും തേടി വരുന്നതുമിവിടെ
കായലോളങ്ങളോ ശാന്തരാണെന്നും
ഒരു ലക്ഷ്യമെന്നതോ കടലോട് ചേരണം
പച്ചവിതാനിച്ച നെല്‍ച്ചെടിക്കൂട്ടം
ചെളിവരമ്പതിരിടും പാടത്തു പൊന്തി
തോട്ടിലെത്തെളിനീര് ചാലിട്ടു വന്നു
കൈതകള്‍ പൂവിട്ടു ചാഞ്ഞു നിന്നു
തങ്കനിറമണിഞ്ഞല്ലോ കതിരുകള്‍
കേരങ്ങള്‍ പൊന്പീലി നീര്‍ത്തി വിരാജിപ്പൂ
മന്ദമാരുതന്‍ ഗായകന്‍ പാടിയാല്‍
താളമിടില്ലേ മുളംചില്ല തനിയെ
കുയിലുണ്ട് കൂട്ടിന് പ്രാവിന്റെ കുറുകലും
രംഗപടം തീര്‍ത്ത് വെണ്‍ചന്ദ്രബിംബം
പോല്‍ക്കല തിലകമിട്ടെന്നുമുണര്‍ത്തുന്നു
നീര്‍ന്നുറങ്ങീടുമീ സുമുഖയാം തരുണിയെ
പൂക്കളും മിഴി തുറന്നേറ്റു വരുന്നു
മധു സ്മിതമോടേകി തുമ്പിയ്ക്ക് സ്വാഗതം ;
മഴയുടെ നാദമുറക്കെ മുഴങ്ങവേ
മണിമയില്‍പ്പേട തുടങ്ങി തന്‍ നടനം
അംബരം വില്ല് കുലച്ചണയുമ്പോള്‍
അംബുധി പുത്രിയെ ലാളിച്ചൊരുക്കും
നയനമോ ഹര്‍ഷമാല്‍ കോരിത്തരിക്കുന്നു
നല്‍ക്കാഴ്ച കണ്ടതെന്‍ മുജ്ജന്മസുകൃതം
ഐതീഹ്യമൊരുപാടുറങ്ങുന്ന മണ്ണിത്
പരശുവെറിഞ്ഞുയിര്‍കൊണ്ട പ്രദേശം
സംസ്കാരസമ്പത്തുമൈശ്വര്യമോദം
മഹാബലിയായ് വന്നു ഭരണം നടത്തി ;
മലനാടുമിടനാടുമൊരുനല്ല തീരവും
ഇഴചേര്‍ന്നുനിന്നാകില്‍ മലയാളനാട്
മലയാളഭാഷ മഹത്താം പ്രവാഹമായ്
തവകീര്‍ത്തിയാലപിച്ചലയാഴി പോലവെ
സന്തുഷ്ടമാനസര്‍ തനയരാം ഞങ്ങളോ
ജനനി നിന്‍ പദമലര്‍ കുമ്പിട്ടുതൊഴുതേന്‍
ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011
കൂപ്പുകൈ *************

കലാലയമുത്തശ്ശിതന്‍തിരു പടി-
വാതിലാദ്യമായ് കടന്ന നിമിഷം
കുട്ടിത്തം മാറിയിന്നു ഞാന്‍
വലിയൊരാളായെന്നു തോന്നി
വരൂ മകനെയെന്നെന്നെ
വിദ്യാദേവത വിളിച്ചപോലെ
തെന്നല്‍ക്കരങ്ങള്‍ നീട്ടി
തായതന്നലിവോടെ മെല്ലെ
തന്നിലെക്കെന്നെ ചേര്‍ത്ത്
നെറുകില്‍ മുത്തമേകിയിന്ന്‍
ചന്ദനത്തണുപ്പറിഞ്ഞതെന്നില്‍
സാന്ത്വനക്കുളിരായ്‌പ്പരന്നു
വിശാലസുന്ദരമുറ്റത്തിങ്ക-
ലസാധ്യമലര്‍വനി; മണ്ണിനെ-
പ്പുല്‍കും പുല്‍ത്തിട്ടകള്‍ ചിട്ടയായ്
പച്ചയാം ചിരിയോടെ നിന്നു
ചുറ്റിടമൊരു ഗ്രാമസുകൃതിയുറക്കെ-
യോതിടുന്നു ;വിപിനചാരുത ചാരെ
അതില്‍ കിളികൂജനമധുരിമ
തളിര്‍ വായു മനസ്സിന് കുളിരേകി
ചൂളമരങ്ങള്‍ വിരിച്ച തണലില്‍
വാകച്ചില്ലകള്‍ പൊഴിച്ചു നിറങ്ങള്‍
ലതകളൊരായിരം മാല തീര്‍ത്തു
പൊന്നൂഞ്ഞാലുമൊരുക്കി നല്‍കി
ഒരു തൃണമായെങ്കിലുമെന്നും
ഞാന്‍ അവിടെ നില്‍ക്കാന്‍ കൊതിച്ചു
മന്ത്രമായക്ഷരജാലികയെ-
ന്നുള്‍ജാലകം തട്ടിത്തുറന്നു വന്നു
പൊടിപടലമകന്നു പോയ്
ധവളപ്രകാശധാര തെളിയും
അറിയുമിന്നു ഞാനതിയായൊരെന്‍
സൗഭാഗ്യതാരകം കത്തിജ്വലിച്ചതീ-
ത്തേജസ്സില്‍ ലയിച്ചതിനാലെ
ഒത്തിരിച്ചങ്ങാതിക്കൂട്ടങ്ങള്‍ തന്നു
ഊഷ്മളസ്നേഹമെന്തെന്നറിയിക്കുവാന്‍
കര്‍ത്തവ്യബോധമുറച്ചു മനസ്സില്‍
ഗുരുക്കന്മാരതിന് കാരണഭൂതര്‍
സന്തോഷനീര്‍ത്തുള്ളി തൂകി ഞാന്‍
നമോവാകമൊന്നു ചൊല്ലാന്‍ ;
വെള്ളിമുടി ചാര്‍ത്തി നിന്‍ ശിരസ്സ് ,
ചുക്കിച്ചുളിഞ്ഞ മുഖമെങ്കിലും
അമ്മേ നിനക്കില്ല കല്പാന്തകാലം
വാല്‍സല്യം നുകര്‍ന്ന് മടിത്തട്ടില്‍-
നിന്ന് വളര്‍ന്നേറ്റു പോകുമുണ്ണികള്‍,
പറക്കമുറ്റാന്‍ തുണയായിടുമവര്‍ക്ക്
നീ പകര്‍ന്നേകിയ പാഠങ്ങളെല്ലാം
ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011
പ്രശ്നം

പ്രശ്നങ്ങള്‍ മനുഷ്യനെ എപ്പോഴും ഓടിച്ചു കൊണ്ടിരിക്കും ,ഭീമാകാരനായ നായയെപ്പോലെ .......
പേടിച്ചോടിയാല്‍ അത് വര്‍ദ്ധിതവീര്യത്തോടെ കുരച്ചു കൊണ്ട് ഓടിയെത്തി ദേഹത്ത് ചാടി വീണ് മനുഷ്യനെ കടിച്ചു കീറും .....
ആദ്യം കുരയ്ക്കുമ്പോള്‍ തന്നെ മനോധൈര്യത്തോടെ തിരിഞ്ഞു നിന്ന് കല്ലെടുത്തെറിഞ്ഞാല്‍ പ്രശ്നമെന്ന നായ തിരിഞ്ഞോടുക തന്നെ ചെയ്യും........അത്രയ്ക്ക് ഭീരുവാണ് അവന്‍ .......
തീവണ്ടി

പൊട്ടിപ്പിളര്‍ന്നുപോം ഭൂഗോളമാകെ-
യിമ്മട്ടിലുള്ളിലൊരു തോന്നലുളവാക്കി
രൌദ്രഭാവത്തോടെ രാക്ഷസരൂപന്‍
പുഴുവിന്‍ പുളച്ചിലോടൊപ്പിച്ചു ഗമനം
ഝടുതിയില്‍ ചെയ്യുന്നു കൂസലെന്യേ
ഒരു ഹിംസ്രജന്തുവിന്‍ ഗര്‍ജനത്തോടെ
കൂകിക്കുതിച്ചുമൊരല്പം കിതച്ചും
പകയോടെ പുകതുപ്പി സര്‍വ്വം വിറപ്പി -
ച്ചുരുക്കില്‍ ബലിഷ്ഠമായ് പണിത ഗാത്രം
തെല്ലൊന്ന് മാറാതെ നിശ്ചിത വഴിയെ
നാടായ നാടൊക്കെ സഞ്ചരിക്കുന്നു
പണ്ട് ഭയപ്പെട്ടു പോയതാണല്ലോ
ദൂരെയാ ഭീമനെ കണ്ടതാം നേരം
അത്ര ഭയാനക ശബ്ദവും കേള്‍ക്കേ;
എങ്കിലും പിന്നീടടുത്തറിഞ്ഞപ്പോള്‍
പഞ്ചപാവമാണവനെന്നറിഞ്ഞു
ഉറ്റ ചങ്ങാതിയാണെന്നുറപ്പിച്ചു ഞാന്‍
യാത്രകള്‍ കൂടെയൊരുപാടു ചെയ്തു
കാഴ്ചകളൊത്തിരി കാട്ടിയും തന്നവന്‍
നാടിന്‍ പരിച്ഛേദമോരോന്നെടുത്തിട്ട്
മിഴികള്‍ക്ക് സമ്മാനമായവനേകി
വ്യത്യസ്ത ഭൂവിഭാഗങ്ങളിലൂടെ
ജനപദസംസ്കാരവിവരണമേകി
നാനാത്വത്തിലേകത്വമുള്ള നാട്ടില്‍
കരിവണ്ടി യോഗ്യമാം സഞ്ചാര മാര്‍ഗം
അവനേകനെങ്കിലും പലസൗകര്യങ്ങള്‍
വേര്‍തിരിച്ചിട്ടുണ്ട് പലമുറികളായി ;
നഗരത്തില്‍ ചെന്നാല്‍ പച്ചപ്പരിഷ്കാരി
ഗ്രാമത്തിലെത്തിയാലവരിലൊരുവന്‍ ,
ഏവര്‍ക്കുമിങ്ങനെ പ്രിയ തോഴനായി
നഗരങ്ങള്‍ , നാട്ടിന്‍ പുറത്തുള്ള പാടം
നദിയുടെ ഗീതവും കായലിന്‍ കൊഞ്ചലും
ചതുപ്പ് നിലങ്ങളും കൊച്ചരുവിയും
മലഞ്ചെരിവുകള്‍ താഴ്വാരഭംഗിയും
പാറക്കെട്ടുകള്‍ മരുഭൂപ്രദേശവും
വിഭിന്നമാം ജീവല്‍ പതിപ്പുകളൊക്കെയും
കണ്ടു കണ്ടിരിക്കും നമ്മള്‍ക്കതിശയം
അവനാണെങ്കിലോ ദിനചര്യ മാത്രം
അഴിയിട്ട ജാലക വിടവിലൂടിന്നെന്‍
ഉള്ളില്‍ പതിച്ചു പൊന്‍ കിരണജാലം
മായിക ലോകത്തെ മാന്ത്രികരാവാം
മായാതോര്‍മകള്‍ മനസ്സിലെഴുതി
തീവണ്ടീ നീയെന്‍ കരള്‍ നെരിപ്പോടില്‍
അറിവിന്‍ തൃഷ്ണയുടെ തീ ജ്വലിപ്പിച്ചു
നിന്നുടെ കൂടെ ഞാന്‍ വന്നപ്പോഴെല്ലാം
നീ തന്നതായിരം മധുമാസമധുരം
ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011
കള്ളന്‍ വരുന്ന വഴി

വീടിന്റെ പിന്‍വശത്ത് വെട്ടിയിട്ടിരുന്ന തെങ്ങോല അമരുന്ന സ്വരം കേട്ട് അങ്ങോട്ട് ചെന്നപ്പോള്‍ ആരോ ഓടി പോകുന്നതായി തോന്നി ..... മഴക്കാറും കൂടി ഉള്ളതിനാല്‍ പതിവിലും കവിഞ്ഞ ഇരുട്ടാണ് ...... പൂച്ചയോ മറ്റോ ആവുമെന്ന് സമാധാനിച്ച് കൂടുതല്‍ അന്വേഷണം ഒന്നും അവര്‍ നടത്തിയില്ല .... അഞ്ചു മിനിട്ട് കഴിഞ്ഞു വെളിയിലെ ലൈറ്റ് ഇട്ടപ്പോള്‍ മുന്‍വശത്ത് ഭിത്തിയോടു ചേര്‍ന്ന് ഇരുപത്തഞ്ചു വയസ്സ് തോന്നുന്ന ആള്‍ നില്‍ക്കുന്നു ....കണ്ടിട്ട് അന്യ സംസ്ഥാനക്കാരന്റെ മട്ട്..... എന്താ ഇവിടെ എന്ന് ചോദിച്ചപ്പോള്‍ വഴിതെറ്റിയതാണ് എന്ന് അയാള്‍ മറുപടി പറഞ്ഞു .... ഒരു ഹിന്ദി ചുവ സംസാരത്തില്‍ ..... മോളെ അച്ഛനെ വിളിക്ക് എന്ന് ചേച്ചി കുട്ടികളോട് പറഞ്ഞപ്പോള്‍ അയാള്‍ വേഗം റോഡിലേയ്ക്ക് കടന്നു വേഗത്തില്‍ നടന്നു പോയി .....
വിവരങ്ങള്‍ അമ്മയില്‍ നിന്ന് അറിഞ്ഞു ഞാന്‍ അയല്‍വാസികളെ വിളിച്ചു ..... അവര്‍ പേടിച്ചരണ്ടിരിപ്പാണ് .... ഞാന്‍ പെട്ടെന്ന് ഒന്ന് രണ്ടു നാട്ടുകാരെ വിളിച്ചു കാര്യം പറഞ്ഞു ...... ഒരു ചെറിയ ആള്‍ക്കൂട്ടമുണ്ട് അവരുടെ വീട്ടുമുറ്റത്ത് .... ബൈക്കിനും കാറിനും ഒക്കെയായി വന്നവര്‍ ... കുറച്ചു പേര്‍ ടോര്‍ച് അടിച്ചു കൊണ്ട് തോട്ടത്തിലോക്കെ തിരച്ചില്‍ നടത്തുന്നു .....കക്ഷിയുടെ പൊടി പോലും കിട്ടിയിട്ടില്ല . കേരളത്തില്‍ എവിടെയും എന്നത് പോലെ അന്യ സംസ്ഥാനതോഴിലാളികളുടെ തള്ളി കയറ്റമാണ് ഞങ്ങളുടെ നാട്ടിലെ കെട്ടിട നിര്‍മാണ തൊഴില്‍ മേഖലയില്‍ ..കൂടുതലും ബംഗാളികള്‍ ..... നാട്ടില്‍ തന്നെ താമസവും ......സ്വാഭാവികമായും സംശയത്തിന്‍റെ മുള്‍മുന അവര്‍ക്ക് നേരെ തന്നെയാണ് ......
കഴിഞ്ഞ ദിവസം പാറശാലയില്‍ കള്ളനോട്ടുമായി ബംഗാളികള്‍ പിടിയിലായി എന്നാ വാര്‍ത്ത കേട്ട് കാണുമല്ലോ ..... ബംഗ്ലാദേശില്‍ നിന്നുള്ള തീവ്രവാദികള്‍ തൊഴിലാളികള്ടെ വേഷത്തില്‍ ഇവിടേയ്ക്ക് ധാരാളമായി വരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട് ...... ഇപ്പോള്‍ മിക്കവാറും മോഷണ കൊലപാതക കേസുകളില്‍ പ്രതികള്‍ അന്യ സംസ്ഥാനക്കാരാന് എന്നത് ആശങ്കാജനകമാണ് . അവരില്‍ നല്ലവരില്ല എന്നല്ല .....കുടുംബം പുലര്‍ത്താന്‍ കൂടുതല്‍ കൂലി കുട്ടുന്ന സ്ഥലം നോക്കി വന്ന പട്ടിണിപ്പാവങ്ങളും അക്കൂട്ടത്തില്‍ ഉണ്ടെന്നു മറക്കുന്നില്ല ......
ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം സര്‍ക്കാരും ജനങ്ങളും ഒന്നിളകും .....കണ്ണില്‍ പൊടിയിടാന്‍ ചില അന്വേഷണവും അറസ്റ്റും ......അടുത്ത സംഭവം ഉണ്ടാകുന്നത് വരെ ഈ കാര്യങ്ങള്‍ എല്ലാവരും മറക്കും ...... തൊഴില്‍ ദാതാക്കള്‍ തൊഴിലാളികളുടെ പേരുവിവരങ്ങള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണമെന്നു നിയമം ഒക്കെയുണ്ട് ...... പക്ഷെ എത്രപേര്‍ പാലിക്കുന്നു ...... നമ്മുടെ കേരളം പ്രശ്നരഹിതവും സുരക്ഷിതവുമായ ഇടമെന്ന ചിന്ത മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .... സര്‍ക്കാരും ജനങ്ങളും ജാഗരൂകരാകേണ്ട സമയം ആയിരിക്കുന്നു .......
നമ്മുടെ സുരക്ഷ നമ്മുടെ ജാഗ്രതയില്‍ ......





