Powered By Blogger

വ്യാഴാഴ്‌ച, മേയ് 26, 2011

വെള്ളപ്പാച്ചില്‍

കവിത


മഴവെള്ളപ്പാച്ചിലെന്‍റെ
കുടിലെടുത്തു
....
മൊഴിവെള്ളപ്പാച്ചിലെന്‍റെ
'കാതെ 'ടുത്തു ....
മിഴിവെള്ളപ്പാച്ചിലെന്‍റെ

കരളെടുത്തു......

നഷ്ടം

കവിത

നഷ്ടപ്പെടലെപ്പോഴും
നൊമ്പരപ്പറുദീസ കാട്ടിത്തരും ,
നിശ്ചയമായും നെഞ്ചിലെത്തീക്കനല്‍
പൊള്ളിക്കും ; മിഴികളെ !
കിനാവിന്‍റെ കുളിരും മണവും
മനസ്സറിഞ്ഞു തുടങ്ങിയതേയുള്ളൂ ,
പാവം;
വരണ്ട തടങ്ങളില്‍
പിടയുന്ന
നീര്‍ക്കാക്ക പോലെ
ഇനിയെത്ര നാള്‍ പിടിച്ചു നില്‍ക്കും

സന്ധ്യയായാല്‍ പകലിനോടും
കോഴികൂകിയാല്‍ രജനിയോടും
പങ്കുവെയ്ക്കാനുള്ളത്
നഷ്ടബോധം
മാത്രം ,
ഇരുളും വെളിച്ചവും പോലെ തന്നെ
മനുഷ്യന് തടുക്കാനാവാത്ത
നിരവധി
കാര്യങ്ങളുണ്ട് ;
ഇഷ്ടങ്ങള്‍ പിടിതരാതെ
വഴുതി മാറുമെങ്കിലും
നഷ്ടങ്ങളെന്നും വലിയൊരിഷ്ടത്തോടെ
കെട്ടിപ്പിടിച്ച്
അമര്‍ത്തിഞെരിച്ചു കളയും .
ചങ്ക്
പൊടിഞ്ഞാലും
അറവുമാടിനെപ്പോലെ
നിശബ്ദനായിരിക്കുക ,
തികച്ചും നിശബ്ദന്‍!

ചൊവ്വാഴ്ച, മേയ് 24, 2011

സുനാമി






കവിത



ഹൃദയത്തിലെ
കടലിരമ്പമായിരുന്നു
നിന്‍റെ തേങ്ങല്‍
അതിലെ അലമാലകള്‍ തന്നെ
കണ്ണുനീര്‍
നൊമ്പരത്തിന്‍റെ പുകച്ചിലുകള്‍
ചിരിയുടെ നീലിമയില്‍
മുങ്ങിപ്പോയിരുന്നു ...........

അഗ്നി പര്‍വ്വതങ്ങള്‍
വെടിക്കെട്ടിന്
തിരികൊളുത്തിയിട്ടും
ചൂടുകാറ്റിന്‍റെ ചെവിയില്‍
ഞാന്‍ പരാതിപ്പെട്ടത്
സൂര്യനെക്കുറിച്ച്,
സൂര്യനെക്കുറിച്ചുമാത്രം ...........


സുനാമി വേണ്ടിവന്നു
തിരിച്ചറിവിന് ,
പക്ഷെ
തിരിഞ്ഞു നോക്കാന്‍
സമയം കിട്ടിയതില്ല ;
നിന്‍റെ സങ്കടങ്ങളാല്‍ ഞാന്‍
തൂത്തെറിയപ്പെട്ടിരുന്നു.
ഇനി പറയരുത് -
നിന്നെ മനസിലാക്കിയില്ലെന്ന്............




സമയമാണ് താരം





വേഗതയേറിയ താരമാരാണ് ?
ലോകത്ത് സമയമല്ലാതെ മറ്റാര് .
തളരാതെ ഓടിയകന്നു പോകുന്നു
പിടികിട്ടാപ്പുള്ളിയാം വമ്പനാം നേരം
എത്തിപ്പിടിക്കാന്‍ നോക്കിയെന്നാലോ
പാതിയെത്തീടാന്‍ പോലുമാവില്ല
അവനെത്തളയ്ക്കുവാന്‍ പരിശ്രമിച്ചോരോ
പൊടിയായിത്തീര്‍ന്നിട്ടു കാലമായി

ആദികാലം
മുതല്‍ ഓടിത്തുടങ്ങീട്ടും
തെല്ലു കിതപ്പുമിതുവരെയില്ല
പ്രപഞ്ചോല്പത്തിക്ക് ജന്മമെടുത്തവന്‍
ലോകനാശത്തിനും സാക്ഷിയായ്‌ കാണും
പിന്നിട്ട കാലം നല്ലതോ ചീത്തയോ
എന്ന് തിരിഞ്ഞവന്‍ നോക്കാറെയില്ല
സ്വയമറിയുന്നവന്‍ കാലപ്രവാഹമായ്‌
തേര് തെളിക്കുന്നു നേര്‍വഴിക്ക്

ഇരുളും വെളിച്ചവും ആദിമനുഷ്യന്
കാലബോധത്തിന്റെ നേരറിവ് നല്‍കി
അദ്ധ്വാനിക്കേണം , പിന്നീട് വിശ്രമം
അതിനായ്ത്തിരിച്ചവര്‍ ഒരു ദിനം രണ്ടായ്‌
പകലോന്‍ നിഴലിനെയപരനായേകി
ഏവര്‍ക്കും പിരിയാത്ത തോഴനായി
അപരന്‍റെ നീളമളന്നതിനൊപ്പിച്ച്
നേരവും കൂട്ടിയെടുക്കാന്‍ പഠിപ്പിച്ചു .


ചക്കിലെ
കാളപോല്‍ ചുറ്റിയോടുന്നു
വൃത്തം വരച്ചതിലൊരു ബിന്ദു മാറാതെ
ചില്ലുകൂടാരത്തിലൊതുങ്ങും സ്ഥലത്തു-
നിന്നേറെ യുഗങ്ങളാണാട്ടിയെടുത്തത്
ഏതു മനീഷ കൊണ്ടിങ്ങനെ സാധിക്കും
ആരോക്കെയെന്തേറെ യത്നിച്ചെന്നാലും
കുഴികുഴിച്ചങ്ങൊരു പാതാളമെത്തി
സ്ഫോടനം കൊണ്ടൊന്നും തെളിവ് കിട്ടില്ല

നേരത്തിനൊന്നിനെ നേരതിന്നുള്ളൂ
ആഗ്രഹിചീടില്ല തെല്ലും മറിച്ച്
സര്‍വ്വപ്രപഞ്ചത്തിനൊക്കെയും മന്നവന്‍
എന്നു നിനയ്ക്കുന്ന കോമാളി മാനവന്‍
ശ്വാസഗതികള്‍ താന്‍
തീരുമാനിക്കുന്നു
ഏതു ജീവന്‍റെയും കാലചക്രം
നൂല്‍പ്പാലമതിലൂടെ നിത്യവും നമ്മള്‍
ആരുടെ കഴിവാല്‍ നടന്നു പോകുന്നു
നിയന്ത്രണ ചരടില്‍ കൈയ്യെത്തിടാതെ
ആ പരംപൊരുളിന് വിട്ടു കൊടുക്കൂ
എന്തുമൊരുപാട് മാറിടും മാറ്റത്തില്‍
മാറുമോ മാറ്റത്തിനപ്പുറമുള്ളത്

വെള്ളിയാഴ്‌ച, മേയ് 20, 2011

കടുംകൈ

മിനിക്കഥ

അമ്മായിയമ്മ സ്വൈര്യം തരുന്നില്ലെന്ന് പറഞ്ഞ് നൊന്തു പെറ്റ രണ്ടുമക്കളെപ്പോലും ഉപേക്ഷിച്ച് അയാളുടെ ഭാര്യ ഒരു മാസമായി അവളുടെവീട്ടിലായിരുന്നു.കടുംകൈ ചെയ്തുകളയുമെന്ന് ഇടയ്ക്കിടെ ഫോണിലൂടെ ഭീഷണി.അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്നു ആശ്വസിച്ചിരിക്കെ ഇന്നലെ വൈകുന്നേരം അവള്‍ ആ കടുംകൈ ചെയ്തു .പെട്ടിയും കിടക്കയും തൂക്കിതിരിച്ചുവന്നിരിക്കുന്നു !






ജാലകക്കാഴ്ചകള്‍

ചിന്താശകലം

സുതാര്യമായ ജാലകവിരിപ്പ് പോലെയായിരിക്കണം മനസ്സ്. സന്തോഷത്തിന്റെ സുന്ദരമായ പുറംകാഴ്ചകള്‍ പരമാവധി ആസ്വദിക്കുവാനും തിക്താനുഭവങ്ങളുടെ തീവ്ര വെയിലിന് തടയിടുവാനും മനസ്സിന് സാധിക്കുമ്പോള്‍ ജീവിതവിജയം പടിവാതില്ക്കലെത്തിയെന്നുറപ്പിക്കാം .മത്സരയോട്ടത്തിന്റെ ആധുനിക യുഗത്തില്‍ പലപ്പോഴും മനസ്സ് കല്ലിച്ചു പോകുന്നു .തടഞ്ഞു വീഴുന്നവന് കൈത്താങ്ങ്‌ നല്‍കാന്‍ ആരും മിനക്കെടാറില്ല ,ഓട്ടത്തിന്റെ വേഗം കുറഞ്ഞു പോകില്ലേ !

നാളെയുടെ തലമുറയ്ക്ക് തണലാകേണ്ടവര്‍ ഇന്നലത്തെ തലമുറയെ മുറിച്ചെറിയാന്‍ തിടുക്കം കൂട്ടുന്നു.മുത്തശ്ശിക്കഥകളിലെ ഗുണ പാഠങ്ങള്‍ പുതു തലമുറയ്ക്ക് അന്യമാകുമ്പോള്‍ അവരുടെ വളര്‍ച്ചയുടെ തളിരുകള്‍ സംസ്കാരശൂന്യതയുടെയും നിഷേധ മനോഭാവത്തിന്റെയും പുഴുക്കള്‍ തിന്നുന്നത് ആരും കാണുന്നില്ല, അല്ലെങ്കില്‍ ശ്രദ്ധിക്കുന്നില്ല .... ജാഗ്രതൈ .

കണ്ണീരിലെ ഉപ്പ്

കവിത



എന്തിനാണീശ്വരന്‍

കണ്ണീരിലുപ്പു ചേര്‍ത്തത് ?
എന്നും കരയുന്നവന്
ആശ്വാസം രുചിക്കാന്‍,
അല്ലാതെന്തിന്........

വറ്റാത്ത കടലായ്
കണ്ണിനെ തീര്‍ത്തതെന്തേ ?
അതിനുള്ളിലില്ലാതതെന്താണ്
ഉലകിലുള്ളൂ ,
അല്ലതുതന്നെ ഉലകം .........