Powered By Blogger

ചൊവ്വാഴ്ച, ഓഗസ്റ്റ് 02, 2011

ചിന്ത



ചിന്തകള്‍ വാരിക്കൂട്ടി വെയ്ക്കുമ്പോള്‍
സ്വയമൊരുക്കുന്ന വാരിക്കുഴിയാകുമത്
വീണു പോയാല്‍ ആഗ്രഹമുണ്ടെങ്കില്‍ പോലും
തിരിച്ചു കയറാനാകാത്ത ശവക്കുഴി

തലവരിയും തലവിധിയും


തലവരി വാങ്ങുന്ന പ്രൊഫഷനല്‍ കോളേജുകളില്‍ നിന്നും ഒരു കോടി രൂപാ പിഴ ഈടാക്കാന്‍ കേന്ദ്ര മാനവവിഭവശേഷി സ്റ്റാന്‍റിംഗ് കമ്മറ്റി ശുപാര്‍ശ ചെയ്തു . ( മനുഷ്യരെ പരമാവധി പിഴിഞ്ഞ് ചാറ് ഊറ്റിയെടുക്കുന്നതാണ് ശരിയായ മാനവവിഭവശേഷി ഉപയോഗമെന്നു കമ്മറ്റിക്ക് അറിയില്ലെന്ന് തോന്നുന്നു . ആ കര്‍മം ഇപ്പോള്‍ നന്നായി ചെയ്തു വരുന്നത് മേല്‍ 'പ്രോഫഷനല്സ് ' ആണെന്നതിനാല്‍ അവര്‍ക്ക് ഒരു കോടി വീതം അവാര്‍ഡ് പ്രഖ്യാപിക്കണമെന്നാണ് ഈയുള്ളവന്റെ സ്റ്റാന്‍റ്.) നേര്‍ച്ചപ്പെട്ടിയും ബക്കറ്റും പോക്കറ്റും വീര്‍പ്പിക്കാന്‍ ഇനി ശരിയ്ക്കും അധ്വാനം വേണ്ടി വരും . പാവം പിള്ളേരുടെയും മാതാപിതാക്കളുടെയും കണ്ടക ശനി !

ചൊവ്വാഴ്ച, ജൂലൈ 26, 2011

നാളെയുടെ വാഗ്ദാനം


കവിത

സ്കൂളിലെ വില്ലനാണവന്‍
കടിക്കാത്ത പട്ടിയും അവനെക്കണ്ടാല്‍
കുറഞ്ഞപക്ഷം കുരയ്ക്കുകയെങ്കിലും ചെയ്യും,
അത്രയ്ക്ക് നശൂലം....
കൂട്ടുകാരെ കിറുമ്പി വഴക്കുണ്ടാക്കാന്‍
ബഹുകേമന്‍
അവന്റെ ഉത്തരക്കടലാസ് കണ്ടാല്‍
ആര്‍ട്ടിസ്റ്റ് നമ്പൂതിരി
മൂല്യനിര്‍ണയം നടത്തിയ
അധ്യാപകര്‍ക്ക് ശിഷ്യപ്പെടും ,
നല്ല വരയും കുത്തും !
പൂജ്യം കണ്ടുപിടിക്കപ്പെട്ടത്
അവന് മാര്‍ക്കിടാന്‍
ഉദ്ദേശിച്ചു മാത്രമാണ് ,
യാതൊരു സംശയവും വേണ്ട

അവന്റെ അച്ഛന്‍ എപ്പോഴും പറയും-
" നീ വലിയവനാ മോനേ,
ചെറുപ്പത്തില്‍ സ്കൂളിന്റെ
പടികടക്കാത്ത നിന്റെ അപ്പന്‍
ദിവസവും സ്കൂള്‍ വരാന്തയില്‍
നില്‍ക്കാന്‍ കാരണം നീയാണ്,
നീ ഒരാള്‍ മാത്രം "

അടിപിടി കൂടി
ഉടുപ്പ് കീറി , ബട്ടന്‍സ് പൊട്ടി
പൊടിയിലും ചെളിയിലും
കുളിച്ചു വരുമ്പോള്‍
അമ്മ വനിതാ പോലീസാകും
"അഭിനയക്കളരി ഉണ്ടായിരുന്നു
റിഹേഴ്സലെടുത്തു നോക്കിയതാ"
എന്നും ഒറ്റ മറുപടി , അമ്മ 'ഫ്ലാറ്റ് '-
'ശരിയാ , സിനിമയിലെ നായകന്മാര്‍
വില്ലനെ അടിച്ചൊതുക്കാന്‍
എന്തെല്ലാം ചെയ്യുന്നു,
എന്തൊക്കെ സഹിക്കുന്നു
അപ്പോള്‍ ഇത് നിസ്സാരം'
അമ്മയുടെ സ്വപ്നക്കൂട്ടിലേയ്ക്ക്
പുതിയൊരു കിളി ചേക്കേറി -
മകനെന്ന ഭാവി സൂപ്പര്‍സ്റ്റാര്‍ ....

ഞായറാഴ്‌ച, ജൂലൈ 24, 2011

കാരണം


കവിത


കര്‍ക്കിടകക്കാറെന്തേ
ഭ്രാന്തു പിടിച്ചത് പോലെ
ഇങ്ങനെ പാഞ്ഞു നടക്കുന്നു ;
എപ്പോഴും മുഖം കറുപ്പിച്ച് ,
ചിലപ്പോള്‍ വിതുമ്പിക്കരഞ്ഞ്
തൊട്ടു പിന്നാലെ പൊട്ടിച്ചിരിച്ച്
ഇലകളോട് കലഹിച്ച്,
അടുത്ത നിമിഷം
അലറി വിളിച്ച് ഒരു ഒറ്റയാനെപ്പോലെ
മരങ്ങള്‍ പിടിച്ചു കുലുക്കി ...........

അവസാനം
ഓടി ഓടി ക്ഷീണിച്ച്
ഒരടി പോലും വെയ്ക്കാനാവാതെ
ഏതെങ്കിലും വഴിവക്കില്‍
തളര്‍ന്നു വീഴാന്‍
വിധി; എന്നും.........

കാരണമന്വേഷിക്കാന്‍
തെല്ലും നിവൃത്തിയില്ല
കാരണം , ഞാന്‍
ഭ്രാന്തനായതിനും പ്രത്യേകിച്ച്
കാരണമൊന്നുമില്ലല്ലോ..........

വ്യാഴാഴ്‌ച, ജൂലൈ 21, 2011

ഇരട്ടക്കുട്ടികള്‍


കവിത

രണ്ടുപേരെന്നുള്ളിലുണ്ടെന്നറിഞ്ഞു
മൂന്ന് പതിറ്റാണ്ട് ശേഷം ജനിക്കും

കേട്ടവരോടിയെത്തിയരികില്‍
അഭിനന്ദനമലരു കോര്‍ത്ത്‌
ഹാരമണിയിച്ചു തന്നു;
ഒന്നിന് പേരിടാം ഡപ്യൂട്ടി കലക്ടര്‍
രണ്ടാമനോ ജനറല്‍ മാനേജരെന്നും
ആശുപത്രി മുറിയും ബുക്ക് ചെയ്തു
റവന്യുവിലാകണമാദ്യജാതന്‍
ഇളയവന്‍ പിറക്കണം ജില്ലാ ബാങ്കില്‍ !

ഗര്‍ഭസ്ഥര്‍ക്കും ജാതകമെഴുതി
ഗണിച്ചും ഗുണിച്ചും വിവിധ ജോത്സ്യര്‍
കൈവെള്ളയില്‍ കണ്ടപോലോതി -
"ഒരുവനധികാര പര്‍വ്വങ്ങള്‍ താണ്ടു -
മപരനോ ലക്ഷ്മിയെ വേള്‍ക്കും
ഗുണദോഷസമ്മിശ്ര ജന്മങ്ങളത്രേ
ഈശ്വരാധീനത്തിനര്‍ത്ഥക്ക നിത്യം
തെളിഞ്ഞ വഴിയേതെന്ന് കാട്ടിത്തരാന്‍
കര്‍മ്മങ്ങളതിലേയ്ക്കനുഷ്ഠിച്ചിടില്‍
ശനിദശകളൊന്നായകന്നു നീയോ
ശുക്രനെപ്പോലെ തിളങ്ങി വാഴും "

ചെക്കപ്പുകള്‍ , മരുന്നുകള്‍
കൂടെയുപദേശങ്ങള്‍ വേണ്ടുവോളം
കോംപ്ലിക്കേഷന്റെ കണ്‍ഫ്യൂഷനില്‍
ഉല്‍കണ്ഠ മുറ്റുന്നു ചുറ്റുപാടും
വലിഞ്ഞു മുറുകിയ മുഖമോടെ വന്ന്
ഡോക്ടേര്‍സ് സിസേറിയനെന്നുരച്ചു
ഇരട്ടകളിലൊന്നിനെയിരുട്ടെടുക്കും
തീരുമാനിക്കുവിനാരെ വേണം

എന്നമ്മ വിതുമ്പിക്കരഞ്ഞു നിന്നു
കാര്യമറിയാതച്ഛനോ കോപമാളി ;
ചിന്ത മുറിഞ്ഞു ചോര തുളുമ്പി
മക്കളോടെനിക്കില്ല പന്തിഭേദം
കരളു പൊടിയുന്നെന്‍ കിടാങ്ങളേ
ആരെ ഞാനൂട്ടുമാരെ വെടിയും
ഹൃദയമുരുക്കുന്ന വേദനയെന്നെ -
യപ്പാടെ തിന്നുന്നസ്ഥി പോലും
ഹോമാഗ്നി കുണ്ഠമെന്നാറിമാറും
തീര്‍ച്ചയരുളട്ടെയതിനു കാലം

( റവന്യു വകുപ്പിലേയ്ക്കും കോട്ടയം ജില്ലാ സഹകരണ ബാങ്കിലേക്കും ഒരേ സമയം നിയമനം ലഭിച്ചപ്പോള്‍ )

ബുധനാഴ്‌ച, ജൂലൈ 20, 2011

കേരളത്തിന്റെ വ്യാവസായിക വളര്‍ച്ച


" വ്യാവസായിക വളര്‍ച്ചയിലൂടെ മാത്രമേ
പുരോഗതി ഉണ്ടാവുകയുള്ളൂ ,
തൊഴിലില്ലായ്മയോടൊപ്പം
കലുങ്കും കടത്തിണ്ണയും പങ്കിടാന്‍
ആളെക്കിട്ടാതാവുകയുള്ളൂ" -
ഭരണാധികാരികളുടെ ഈ നിലവിളി
കേരള ജനതയുടെ, യുവതയുടെ
ഹൃദയങ്ങളെ കീറി മുറിയ്ക്കുന്ന
കൂരമ്പായി മാറി ;
അവര്‍ പരിശ്രമശാലികളായി

സംരംഭകര്‍ക്ക് കുറഞ്ഞ പലിശയ്ക്കു
വായ്പ , സബ്സിഡി ,
ഭരണക്കാരുടെ സഹകരണം
പോലീസ് വക സംരക്ഷണം-
ഇതെല്ലാം ഫാക്ടംഫോസും പൊട്ടാഷ്യവുമാക്കി
മുട്ടിന് മുട്ടിന് വ്യവസായങ്ങള്‍ ;
ചെറുകിടവും വന്‍കിടവും
അനുകൂലസാഹചര്യത്തില്‍
കൂണ്‍ബെഡ്ഡില്‍ മുകുളങ്ങള്‍
തിങ്ങി വളരുന്നത്‌ പോലെ
നിര്‍മാണശാലകള്‍ , വ്യാപാര കേന്ദ്രങ്ങള്‍
വിതരണ
ശൃംഖലകള്‍ ,അനുബന്ധ തൊഴില്‍മേഖലകള്‍ -
സര്‍വത്ര പുരോഗതി തന്നെ !

ഇത്രയും പരിചരണവും ശ്രദ്ധയും ഹാച്ചറികളില്‍
വിരിയാന്‍ വെച്ചിരിക്കുന്ന കോഴി മുട്ടകള്‍ക്ക്
ലഭിക്കുന്നുണ്ടോയെന്നു സംശയമാണ് ,
തട്ടാതെ , മുട്ടാതെ , പൊട്ടാതെ
ഓരോ ഉല്പ്പന്നവും നിര്‍മിക്കപ്പെടുന്നു.
ഒരു വ്യവസായവും പൂട്ടിപ്പോയില്ല
അസംസ്കൃത വസ്തുക്കള്‍ക്ക് ക്ഷാമമോ
തൊഴിലാളി സമരങ്ങളോ ഉണ്ടായില്ല !
ലാഭം കുമിഞ്ഞു കൂടി , എങ്ങും പണം പൂത്ത മണം മാത്രം
മുന്തിയ ഇനം കാറുകള്‍ , വീടുകള്‍ , ഹോട്ടലുകള്‍ ;
ആര് പറഞ്ഞു മടിയന്മാരാണ്
മലയാളികളെന്നു , ശുദ്ധനുണ
വികസിത രാജ്യങ്ങളിലെ
വന്‍ വ്യവസായ നഗരങ്ങളെക്കാളും
പേരുകേട്ട സ്ഥലങ്ങള്‍ ഇങ്ങു കേരളത്തില്‍
ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ട് -
വിതുര , സൂര്യനെല്ലി , കിളിരൂര്‍ ,
കോതമംഗലം , പറവൂര്‍ ....... കഥ തുടരുന്നു

ബുധനാഴ്‌ച, ജൂൺ 29, 2011

കാല്‍രൂപ കാലപുരി പൂകി



വിധിയുടെ
അനിവാര്യതയില്‍ ചരാചരങ്ങളെല്ലാം ഒന്നുപോലെ . നിയതിയുടെ ആലയില്‍ ഉരുകി ലയിക്കാത്തതായി എന്താണുള്ളത് ? കാല്‍ രൂപയ്ക്കും വിനിമയജീവിതം (ഇഹലോക ജീവിതം ) മതിയാക്കിയേ പറ്റൂ . ഇന്ന് , അതായത് 2011 ജൂണ്‍ 29 ന് ബാങ്കിംഗ് സമയം കഴിയുന്നതോടെ 25 പൈസയും ഓര്‍മക്കിലുക്കത്തിലെ പുതിയ കണ്ണിയായിത്തീരും .അവസാനം പോറ്റാന്‍ പാടാണെന്ന് പറഞ്ഞ് പടച്ചു വിട്ട റിസര്‍വ് ബാങ്ക് തന്നെ പടിയടച്ച് പിണ്ഡം വെച്ചു! അപ്പോള്‍ പിന്നെ നാട്ടുകാരുടെ കാര്യം പറയണോ ? നാണയശേഖരണക്കാരുടെ ചില്ലറകളില്‍ ഇനി നാലണച്ചില്ലറ നിത്യനിദ്രയിലാഴും.1957 ല്‍ നയാപ്പൈസ കുടുംബത്തില്‍ ജനിച്ചത്‌ മുതല്‍ 54 വയസ്സിനിടയില്‍ എത്രയെത്ര ആളുകളുടെ ലാളന , ശകാരം , അവഗണന ,പലതരം ജീവിതാവസ്ഥകള്‍,ഉയര്‍ച്ച താഴ്ചകള്‍- അങ്ങനെ സംഭവബഹുലവും സഹായതല്പരവുമായ, ജീവനില്ലാത്ത എന്നാല്‍ പണ്ഡിത- പാമര ഭേദമെന്യേ എല്ലാവരുടെയും മടിശീലകള്‍ക്ക് / മുറുക്കാന്‍ പൊതിക്ക്/ പോക്കറ്റിന് ജീവന്‍ പകര്‍ന്ന ഒരു ജീവിതം.

ചായക്കടയില്‍ , ബസ്സില്‍ , ബോട്ടില്‍ , ഐസ് ക്രീം നുണയാന്‍ , ബോംബെപ്പൂട തിന്നാന്‍ , കപ്പലണ്ടി കൊറിയ്ക്കാന്‍ , സ്കൂളിന്‍റെ പടിക്കലെ ഉമ്മര്‍ക്കാന്‍റെ പെട്ടിക്കടയിലെ നാരങ്ങ മിഠായിയും ചക്കര മിഠായിയും കൊണ്ട് നാവിലെ രസമുകുളങ്ങള്‍ക്ക്‌ സദ്യ ഒരുക്കാന്‍ , മലയന്‍ സ്റ്റോര്‍സിലെ സംഭാരം കുടിക്കാന്‍ ,കല്ലുപെന്‍സില്‍ , പേനയുടെ റീഫില്ലെര്‍ എന്നിവ വാങ്ങാന്‍ അങ്ങനെ ഞാന്‍ എവിടൊക്കെ പോയോ അവിടെല്ലാം നീയും കൂട്ടുവന്നു . കാലത്തിന്‍റെ തടംതല്ലിപ്പാച്ചിലില്‍ പക്ഷെ, ചില മനുഷ്യരുടേതുപോലെ, ജീവിതമൂല്യങ്ങളുടേത് പോലെ നിന്‍റെ വിലയും നിലയും ഒലിച്ചു പോയി! പിച്ചക്കാര്‍ക്ക്‌ പോലും വേണ്ടാത്ത എച്ചിപ്പൈസ!!! കാല്‍ക്കാശിനു വിലയില്ലാത്ത നിന്നോടുള്ള ആളുകളുടെ ഇഷ്ടക്കേടിന്‍റെ ആഴം ബസ്സിലെ കണ്ടക്ടറുടെ പിറുപിറുപ്പില്‍ മുഴങ്ങിക്കേട്ടു . ആരെയൊക്കെയോ ഭയന്നിട്ടെന്നപോലെ നീയെന്‍റെ പഴയ കാമല്‍ ബോക്സില്‍ പേപ്പറിനടിയില്‍ ഒളിച്ചിരുന്നു.

ഞാന്‍ തീരെ കുഞ്ഞായിരിക്കുമ്പോള്‍ എന്‍റെ തൊണ്ടയില്‍ 'കയറിയിരുന്ന് ' നീ വീട്ടുകാരെ കുറെ തീ തീറ്റിച്ചു
.ഡോക്ടറെക്കണ്ട് പേടിച്ച് നീ പുറത്ത് ചാടിയത് എന്‍റെ ആയുസ്സിന്‍റെ ബലം. ഒരിക്കല്‍ കൊപ്രാ തേങ്ങ എടുക്കാന്‍ തട്ടിന്‍പുറത്തു കയറിയപ്പോള്‍ പൊടിപിടിച്ച് ഒരു മൂലയ്ക്ക് കിടക്കുന്ന നിന്‍റെ കൂട്ടുകാരെ എനിക്ക് കിട്ടി.ചൊറിയും ചിരങ്ങും പിടിച്ച് ആരോരുമില്ലാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെ സന്മനസ്സുള്ളവര്‍ കുളിപ്പിച്ച് വൃത്തിയാക്കുന്നതുപോലെ ഞാനും അവരെ തേച്ചു വെളുപ്പിച്ച് നിന്‍റെ കൂടെയാക്കിയത് നീയോര്‍ക്കുന്നില്ലേ ? അങ്ങനെ പഴമയുടെ ക്ലാവ് മണക്കുന്ന സുഖകരമായ എന്തോരം ഓര്‍മ്മകള്‍ . മറക്കില്ല , മരിക്കില്ല കുഞ്ഞുമിത്രമേ നിന്‍റെ കിലുങ്ങിച്ചിരിയുടെ സ്മൃതികള്‍.........


ജനനം :1957

മരണം :29-06-2011