'പുരുഷന്മാരുടെ സീറ്റില്‍ സ്ത്രീകള്‍ ഇരുന്ന് യാത്ര ചെയ്യുന്നത് ശിക്ഷാര്‍ഹം !!! ' ആരും നെറ്റി ചുളിക്കേണ്ട , കഴിഞ്ഞ ദിവസം ബസ്സില്‍ യാത്ര ചെയ്തപ്പോള്‍ നടന്ന ഒരു സംഭവം എന്റെ മനസ്സില്‍ ഒട്ടിച്ച പോസ്റ്ററാണിത്. 'സ്വന്തമായി ' സീറ്റുള്ളതിന്റെ അഹങ്കാരം ചില സ്ത്രീകള്‍ക്ക് എങ്കിലുമുണ്ടെന്നുള്ള എന്റെ വിചാരം ഉറച്ച വിശ്വാസമായത് ഇപ്പോഴാണ് . എണ്‍പത് വയസ്സിലധികം പ്രായമുള്ള അച്ഛനെയും താങ്ങിപ്പിടിച്ച് തീരെ ധനസ്ഥിതിയില്ല എന്നു വിളിച്ചു പറയുന്ന മുഷിഞ്ഞ വേഷവിധാനങ്ങളോടെ ഒരാള്‍ മുന്‍ വാതിലിലൂടെ കയറി . വയോധികന് നിവര്‍ന്നു നില്‍ക്കാന്‍ പോലുമാവുന്നില്ല.പ്രായാധിക്യമാകുന്ന പെയിന്റിംഗ് ബ്രഷ് , രോഗപീഡകളുടെ ബഹുവിധ ചായങ്ങള്‍ അദ്ദേഹത്തിന്റെ ശരീരമാകുന്ന ചുളുങ്ങി മടങ്ങിയ ക്യാന്‍വാസ്സില്‍ ഏറിയും കുറഞ്ഞും വാരിപ്പൂശിയിരിക്കുന്നു. ആശുപത്രിയിലേയ്ക്ക് ആയിരിക്കണം യാത്ര . 'സ്വന്തം ' സീറ്റും കടന്ന്‍ പിന്നിലെ ജനറല്‍ സീറ്റുകളിലും മറ്റു കരുതല്‍ സീറ്റുകളിലും അഡ്മിഷനെടുത്ത് അധികാരം സ്ഥാപിച്ചിരിക്കുകയാണ് തരുണീമണികള്‍ ! ഈ സംഭവം നടക്കുമ്പോള്‍ വൃദ്ധന്മാര്‍ക്കുള്ള ഇരിപ്പിടത്തില്‍ നിന്ന് പോലും 'പ്രസന്റ് സാര്‍ ' പറഞ്ഞതും വനിതകള്‍ തന്നെ .
"ഒന്ന് എഴുന്നേറ്റു തരുമോ, എനിക്ക് തീരെ വയ്യ " എന്ന് തന്നെക്കൊണ്ട് ആവും വിധം ഉച്ചത്തില്‍ അപേക്ഷിക്കുന്ന വയോധികന്റെ ദയനീയ നോട്ടത്തെ " പോടോ പുല്ലേ " എന്ന പുച്ഛഭാവേനെയുള്ള മറുനോട്ടം കൊണ്ട് എതിരിട്ടു ,ഒരു മദ്ധ്യവയസ്ക; ജനറല്‍ സീറ്റിലിരുന്ന്‍ ."ചേച്ചീ ഒന്ന് മാറിക്കൊടുക്ക് " എന്ന് ആവശ്യപ്പെട്ട കണ്ടക്ടറുടെ മുഖമടച്ച് " താന്‍ ആണുങ്ങളോട് പറ എഴുന്നേറ്റു കൊടുക്കാന്‍ " എന്ന വാചകം കൊണ്ട് പുള്ളിക്കാരി ചുട്ട അടി കൊടുത്തു . ഇത് കേട്ട് കോപാക്രാന്തനായ ഒരു ക്ഷുഭിതയൌവ്വനം (ങാ , പ്രായം ബിഗ് ബിക്കൊപ്പം വരും ) പിന്‍ സീറ്റില്‍ നിന്നും ചാടി എഴുന്നേറ്റ് മുന്നോട്ടൊരു കുതിപ്പ് , പുട്ടിനു പീരയെന്നവണ്ണം ഭരണി പാട്ടും- "ഡീ ...........മോളെ , ഒന്നെഴുന്നേറ്റു കൊടുത്താല്‍ നിന്റെ മാനം നഷ്ടപ്പെടുമോടീ ........താടകേ. ആണുങ്ങടെ സീറ്റില്‍ കയറിയിരുന്നിട്ടു വാചകമടിക്കുന്നോ?". നമ്മുടെ മഹിളാ രത്നം വിടുമോ - " എവിടാടോ എഴുതിവെച്ചിരിക്കുന്നെ, ആണുങ്ങടെ കുന്തമെന്ന് ?" അനര്‍ഘനിര്‍ഗളം പ്രവഹിച്ച ഈ യുഗ്മ ഗാനത്തില്‍ ലയിച്ചു യാത്രികരെല്ലാം അന്തംവിട്ട് കുന്തം വിഴുങ്ങിയിരുന്നു . കുറച്ചു പേര്‍ തടസം പിടിക്കാന്‍ ചെന്നു. മറ്റൊരാള്‍ പ്രായമായ ആള്‍ക്ക് സീറ്റ് സമ്മാനിച്ചതോടെ നാടകത്തിനു തിരശീല വീണു, പിന്നാംപുറം പിന്നെയും കടന്നു പോയ കൊടുങ്കാറ്റിന്റെ ഭീകരതയില്‍ ആലില പോലെ വിറ കൊണ്ടു നിന്നു .
ഒരു കാര്യം സത്യമാണ്, കൈക്കുഞ്ഞുമായി അമ്മമാര്‍ ബസ്സില്‍ കയറിയാല്‍ എഴുന്നേറ്റ് കൊടുക്കാന്‍ പോയിട്ട് ഒതുങ്ങിയിരിക്കാന്‍ പോലും മിക്ക സ്ത്രീകളും തയ്യാറാകില്ല. എന്ത് കൊണ്ടാണിങ്ങനെ എന്നതിന് മാത്രം ഉത്തരം കണ്ടെത്താന്‍ ആകുന്നില്ല . ഒരു പക്ഷെ , റാഗിംഗ് മനോഭാവമാവാം. 'ഞാന്‍ മുന്‍പ് അനുഭവിച്ചതാ അമ്മയായാലുള്ള കഷ്ടപ്പാട് , ഇപ്പോള്‍ നീയും അനുഭവിക്ക്' എന്ന സാഡിസ്റ്റ് ചിന്താഗതി . അപ്പോള്‍ കോളേജ് കുമാരിമാരോ ? ' അയ്യോ നാണക്കേട് , എഴുന്നേറ്റ് കൊടുത്താല്‍ കുറച്ചിലല്ലേ '. സ്വന്തം അമ്മയെ ഓര്‍ക്കുന്നത് കൊണ്ടാവും ആണുങ്ങള്‍ ഭൂരിപക്ഷവും 'കുഞ്ഞ'മ്മമാര്‍ക്ക് ( കുഞ്ഞിനെ എടുത്തിരിക്കുന്ന അമ്മ = കുഞ്ഞമ്മ ) ഇരിപ്പിടം നല്‍കും. പ്രായമായവര്‍ക്കും കുഞ്ഞുമായി വരുന്നവര്‍ക്കും വയ്യാത്തവര്‍ക്കും ഇരിപ്പിടം നല്‍കാത്ത ദുഷ്ടരാണ് സ്ത്രീജനങ്ങള്‍ എന്ന് സമര്‍ത്ഥിക്കുകയല്ല എന്റെ ലക്‌ഷ്യം . തീര്‍ച്ചയായും മേല്‍ പറഞ്ഞതിന് അപവാദമായ നല്ലവരുണ്ട് .
സ്ത്രീ വര്‍ഗത്തെ ആകെ താഴ്ത്തി കെട്ടാന്‍ ഉദ്ദേശിച്ചല്ല ഇത് പോസ്റ്റുന്നത് , മറിച്ച് എവിടെയും എപ്പോഴും പുരുഷാധിപത്യം , പീഡനം എന്നൊക്കെ വിളിച്ചു കൂവുന്ന സ്ത്രീ വിമോചന മുന്നണികള്‍ ഇത്തരം അടിസ്ഥാന കാര്യങ്ങള്‍ ( തറ , പറ ) ശരിയാക്കിയതിന് ശേഷം പോരെ 'ആഗോള താപനത്തിലേക്കും' 'സാമ്പത്തിക മാന്ദ്യത്തിലേക്കും' കൈ കടത്താന്‍ , അല്ലെങ്കില്‍ കാള പെറ്റെന്നു കേട്ട ഉടനെ റസ്റ്റ് ഹൌസ് മാനേജരെ ചൂലിന് തല്ലാന്‍ !ബസ്സിലേക്ക് തിരിച്ചു കയറാം . ഞരമ്പ് രോഗികള്‍ ബസ്സില്‍ പ്രശ്നമുണ്ടാക്കാറുണ്ടെന്ന കാര്യം വിസ്മരിക്കാതെ തന്നെ പറയട്ടെ , തിരക്കുള്ള സമയത്തോ വാഹനം പെട്ടെന്ന് നിര്‍ത്തുമ്പോഴോ അറിയാതെ ഒന്ന് മുട്ടിയാല്‍ പിന്നെ മുട്ടന്‍ വഴക്കായി .പുരുഷന്മാര്‍ക്ക് ഭൂരിപക്ഷമുള്ള നിയമ നിര്‍മാണ സഭകള്‍ ,സ്ത്രീകളുടെ സംരക്ഷണത്തെ മുന്‍ നിര്‍ത്തി പാസ്സാക്കുന്ന നിയമങ്ങള്‍ പലപ്പോഴും തിരിഞ്ഞു കടിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത് .ഞങ്ങള്‍ അബലകളാണെന്നും പറഞ്ഞു ആനുകൂല്യങ്ങള്‍ നേടാന്‍ വെമ്പല്‍ കാട്ടുന്നവര്‍ , അതു നേടിക്കഴിയുമ്പോള്‍ ശരിക്കും ഭസ്മാസുര വംശമാകുന്നു ..... പുരുഷന്മാരെ ദ്രോഹിക്കുന്നു.വ്യാജ സ്ത്രീപക്ഷ വാദികള്‍ പുരുഷ പീഡനം നടത്തുകയാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല .സ്ത്രീകള്‍ക്ക് പ്രത്യേകം സീറ്റ് ആകാമെങ്കില്‍ പുരുഷന്മാര്‍ക്ക് എന്ത് കൊണ്ട് ആയിക്കൂടാ. അല്ലെങ്കില്‍ മുഴുവന്‍ സീറ്റുകളും സ്ത്രീകള്‍ കൈയ്യടക്കും , പുരുഷന്മാരെ നോക്കു കുത്തികളാക്കി.... നിയമത്തിലെ നൂല്‍പ്പഴുതുകള്‍ പരമാവധി ഉപയോഗപ്പെടുത്തി ...... അതിനാല്‍ ഒരു സമവായം - മുന്‍ സീറ്റുകള്‍ നാരികള്‍ക്ക് , മദ്ധ്യ ഭാഗം രണ്ട് കൂട്ടര്‍ക്കും , പിന്‍ സീറ്റുകള്‍ പുരുഷന്‍മാര്‍ക്ക് .
കുറിപ്പ് : നല്ലവരായ അമ്മമാരും പെങ്ങമ്മാരും പൊറുക്കുക , ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ സ്ഥിരം ഉണ്ടാകാറുള്ള ഒരു പ്രശ്നം അവതരിപ്പിച്ചെന്നെയുള്ളൂ, നിങ്ങള്‍ ഇതില്‍ പ്രതികളല്ല.
വ്യാഴാഴ്‌ച, ഓഗസ്റ്റ് 04, 2011
ബുധനാഴ്‌ച, ഓഗസ്റ്റ് 03, 2011
നേരമില്ല
നേരമില്ലൊന്നിനും നേരമില്ല
നേരായതൊന്നിനും നേരമില്ല
നേരിനെ എതിരിടാന്‍ നേരമുണ്ടെങ്കിലും
'വളവു' നിവര്‍ക്കുവാന്‍ നേരമില്ല
ചൊവ്വാഴ്ച, ഓഗസ്റ്റ് 02, 2011
ചിന്ത
തലവരിയും തലവിധിയും

തലവരി വാങ്ങുന്ന പ്രൊഫഷനല്‍ കോളേജുകളില്‍ നിന്നും ഒരു കോടി രൂപാ പിഴ ഈടാക്കാന്‍ കേന്ദ്ര മാനവവിഭവശേഷി സ്റ്റാന്‍റിംഗ് കമ്മറ്റി ശുപാര്‍ശ ചെയ്തു . ( മനുഷ്യരെ പരമാവധി പിഴിഞ്ഞ് ചാറ് ഊറ്റിയെടുക്കുന്നതാണ് ശരിയായ മാനവവിഭവശേഷി ഉപയോഗമെന്നു കമ്മറ്റിക്ക് അറിയില്ലെന്ന് തോന്നുന്നു . ആ കര്‍മം ഇപ്പോള്‍ നന്നായി ചെയ്തു വരുന്നത് മേല്‍ 'പ്രോഫഷനല്സ് ' ആണെന്നതിനാല്‍ അവര്‍ക്ക് ഒരു കോടി വീതം അവാര്‍ഡ് പ്രഖ്യാപിക്കണമെന്നാണ് ഈയുള്ളവന്റെ സ്റ്റാന്‍റ്.) നേര്‍ച്ചപ്പെട്ടിയും ബക്കറ്റും പോക്കറ്റും വീര്‍പ്പിക്കാന്‍ ഇനി ശരിയ്ക്കും അധ്വാനം വേണ്ടി വരും . പാവം പിള്ളേരുടെയും മാതാപിതാക്കളുടെയും കണ്ടക ശനി !
ചൊവ്വാഴ്ച, ജൂലൈ 26, 2011
നാളെയുടെ വാഗ്ദാനം

കവിത
സ്കൂളിലെ വില്ലനാണവന്‍
കടിക്കാത്ത പട്ടിയും അവനെക്കണ്ടാല്‍
കുറഞ്ഞപക്ഷം കുരയ്ക്കുകയെങ്കിലും ചെയ്യും,
അത്രയ്ക്ക് നശൂലം....
കൂട്ടുകാരെ കിറുമ്പി വഴക്കുണ്ടാക്കാന്‍
ബഹുകേമന്‍
അവന്റെ ഉത്തരക്കടലാസ് കണ്ടാല്‍
ആര്‍ട്ടിസ്റ്റ് നമ്പൂതിരി
മൂല്യനിര്‍ണയം നടത്തിയ
അധ്യാപകര്‍ക്ക് ശിഷ്യപ്പെടും ,
നല്ല വരയും കുത്തും !
പൂജ്യം കണ്ടുപിടിക്കപ്പെട്ടത്
അവന് മാര്‍ക്കിടാന്‍
ഉദ്ദേശിച്ചു മാത്രമാണ് ,
യാതൊരു സംശയവും വേണ്ട
അവന്റെ അച്ഛന്‍ എപ്പോഴും പറയും-
" നീ വലിയവനാ മോനേ,
ചെറുപ്പത്തില്‍ സ്കൂളിന്റെ
പടികടക്കാത്ത നിന്റെ അപ്പന്‍
ദിവസവും സ്കൂള്‍ വരാന്തയില്‍
നില്‍ക്കാന്‍ കാരണം നീയാണ്,
നീ ഒരാള്‍ മാത്രം "
അടിപിടി കൂടി
ഉടുപ്പ് കീറി , ബട്ടന്‍സ് പൊട്ടി
പൊടിയിലും ചെളിയിലും
കുളിച്ചു വരുമ്പോള്‍
അമ്മ വനിതാ പോലീസാകും
"അഭിനയക്കളരി ഉണ്ടായിരുന്നു
റിഹേഴ്സലെടുത്തു നോക്കിയതാ"
എന്നും ഒറ്റ മറുപടി , അമ്മ 'ഫ്ലാറ്റ് '-
'ശരിയാ , സിനിമയിലെ നായകന്മാര്‍
വില്ലനെ അടിച്ചൊതുക്കാന്‍
എന്തെല്ലാം ചെയ്യുന്നു,
എന്തൊക്കെ സഹിക്കുന്നു
അപ്പോള്‍ ഇത് നിസ്സാരം'
അമ്മയുടെ സ്വപ്നക്കൂട്ടിലേയ്ക്ക്
പുതിയൊരു കിളി ചേക്കേറി -
മകനെന്ന ഭാവി സൂപ്പര്‍സ്റ്റാര്‍ ....
ഞായറാഴ്‌ച, ജൂലൈ 24, 2011
കാരണം

കവിത
കര്‍ക്കിടകക്കാറെന്തേ
ഭ്രാന്തു പിടിച്ചത് പോലെ
ഇങ്ങനെ പാഞ്ഞു നടക്കുന്നു ;
എപ്പോഴും മുഖം കറുപ്പിച്ച് ,
ചിലപ്പോള്‍ വിതുമ്പിക്കരഞ്ഞ്
തൊട്ടു പിന്നാലെ പൊട്ടിച്ചിരിച്ച്
ഇലകളോട് കലഹിച്ച്,
അടുത്ത നിമിഷം
അലറി വിളിച്ച് ഒരു ഒറ്റയാനെപ്പോലെ
മരങ്ങള്‍ പിടിച്ചു കുലുക്കി ...........
അവസാനം
ഓടി ഓടി ക്ഷീണിച്ച്
ഒരടി പോലും വെയ്ക്കാനാവാതെ
ഏതെങ്കിലും വഴിവക്കില്‍
തളര്‍ന്നു വീഴാന്‍
വിധി; എന്നും.........
കാരണമന്വേഷിക്കാന്‍
തെല്ലും നിവൃത്തിയില്ല
കാരണം , ഞാന്‍
ഭ്രാന്തനായതിനും പ്രത്യേകിച്ച്
കാരണമൊന്നുമില്ലല്ലോ..........
വ്യാഴാഴ്‌ച, ജൂലൈ 21, 2011
ഇരട്ടക്കുട്ടികള്‍

കവിത
രണ്ടുപേരെന്നുള്ളിലുണ്ടെന്നറിഞ്ഞു
മൂന്ന് പതിറ്റാണ്ട് ശേഷം ജനിക്കും
കേട്ടവരോടിയെത്തിയരികില്‍
അഭിനന്ദനമലരു കോര്‍ത്ത്
ഹാരമണിയിച്ചു തന്നു;
ഒന്നിന് പേരിടാം ഡപ്യൂട്ടി കലക്ടര്‍
രണ്ടാമനോ ജനറല്‍ മാനേജരെന്നും
ആശുപത്രി മുറിയും ബുക്ക് ചെയ്തു
റവന്യുവിലാകണമാദ്യജാതന്‍
ഇളയവന്‍ പിറക്കണം ജില്ലാ ബാങ്കില്‍ !
ഗര്‍ഭസ്ഥര്‍ക്കും ജാതകമെഴുതി
ഗണിച്ചും ഗുണിച്ചും വിവിധ ജോത്സ്യര്‍
കൈവെള്ളയില്‍ കണ്ടപോലോതി -
"ഒരുവനധികാര പര്‍വ്വങ്ങള്‍ താണ്ടു -
മപരനോ ലക്ഷ്മിയെ വേള്‍ക്കും
ഗുണദോഷസമ്മിശ്ര ജന്മങ്ങളത്രേ
ഈശ്വരാധീനത്തിനര്‍ത്ഥക്ക നിത്യം
തെളിഞ്ഞ വഴിയേതെന്ന് കാട്ടിത്തരാന്‍
കര്‍മ്മങ്ങളതിലേയ്ക്കനുഷ്ഠിച്ചിടില്‍
ശനിദശകളൊന്നായകന്നു നീയോ
ശുക്രനെപ്പോലെ തിളങ്ങി വാഴും "
ചെക്കപ്പുകള്‍ , മരുന്നുകള്‍
കൂടെയുപദേശങ്ങള്‍ വേണ്ടുവോളം
കോംപ്ലിക്കേഷന്റെ കണ്‍ഫ്യൂഷനില്‍
ഉല്‍കണ്ഠ മുറ്റുന്നു ചുറ്റുപാടും
വലിഞ്ഞു മുറുകിയ മുഖമോടെ വന്ന്
ഡോക്ടേര്‍സ് സിസേറിയനെന്നുരച്ചു
ഇരട്ടകളിലൊന്നിനെയിരുട്ടെടുക്കും
തീരുമാനിക്കുവിനാരെ വേണം
എന്നമ്മ വിതുമ്പിക്കരഞ്ഞു നിന്നു
കാര്യമറിയാതച്ഛനോ കോപമാളി ;
ചിന്ത മുറിഞ്ഞു ചോര തുളുമ്പി
മക്കളോടെനിക്കില്ല പന്തിഭേദം
കരളു പൊടിയുന്നെന്‍ കിടാങ്ങളേ
ആരെ ഞാനൂട്ടുമാരെ വെടിയും
ഹൃദയമുരുക്കുന്ന വേദനയെന്നെ -
യപ്പാടെ തിന്നുന്നസ്ഥി പോലും
ഹോമാഗ്നി കുണ്ഠമെന്നാറിമാറും
തീര്‍ച്ചയരുളട്ടെയതിനു കാലം
( റവന്യു വകുപ്പിലേയ്ക്കും കോട്ടയം ജില്ലാ സഹകരണ ബാങ്കിലേക്കും ഒരേ സമയം നിയമനം ലഭിച്ചപ്പോള്‍ )
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

