Powered By Blogger

വെള്ളിയാഴ്‌ച, നവംബർ 11, 2011

ഇങ്ങനെയും ഇന്‍സ്റ്റാള്‍മെന്‍റ് പിരിവ് നടത്താം




അയല്‍വാസികള്‍ തവണ വ്യവസ്ഥയില്‍ വാങ്ങിയ അലമാരയുടെയും സെറ്റിയുടെയും കാശ് പിരിക്കാന്‍ ആളു വന്നപ്പോള്‍ വീട്ടുകാര്‍ സ്ഥലത്തില്ല ....എപ്പോഴും പേപ്പറില്‍ എഴുതി ഒട്ടിച്ചാല്‍ എന്ത് പുതുമ ?
വാഴയിലയില്‍ നോട്ടീസ്‌ ഇറക്കിയാലോ ?വൈകിട്ട് വീട്ടുകാര്‍ വന്നപ്പോള്‍ കിട്ടി , ഒരുഗ്രന്‍ വാഴയില സന്ദേശം .... ജനല്‍പാളിക്കിടയില്‍ തിരുകിയ നിലയില്‍ .....

താമരയിലയില്‍ പ്രേമലേഖനം എഴുതിയ പെണ്‍കൊടി കവി ഭാവനയില്‍ വിരിഞ്ഞതെങ്കില്‍ ഈ വാഴയില അറിയിപ്പ് ഇന്‍സ്റ്റാള്‍മെന്‍റ് പിരിവുകാരന്‍റെ എമണ്ടന്‍ തലയില്‍ ഉദിച്ചത് .....

ദാ കണ്ടു നോക്കൂ .....


" അലമാരയുടെയും സെറ്റിയുടെയും പൈസ .....

14 -ാം തീയതി വരും.....

--അന്ന് തരണം --


14 -ാം തീയതി........."

തിങ്കളാഴ്‌ച, ഒക്‌ടോബർ 31, 2011

കേരളം - എന്‍റെ നാട്


കേരളം മോഹനം , മഹനീയ പാവനം
മരതകകേദാരസ്വര്‍ഗീയഭൂമി
മോഹനഭംഗിയെഴുന്നൊരു മങ്കയായ്
ഭാരത ദക്ഷിണഭാഗേ വിലസുന്നു
ഇത്രയലംകൃതനാടെങ്ങുലകിലായ്‌
കാണ്മതിനൊക്കുമേലതിശയമത്രേ
എന്‍റെ നാടെന്നുമെനിക്ക് പ്രിയതരം
മറ്റൊന്ന് പകരമായ്‌ വെയ്ക്കുവാനാമോ
അറിയാതെ നാവിലൊന്നീ നാമമെത്തിയാല്‍
ആരാധനാഭാവമുള്‍പ്പുളകമായ്‌ വരും

പ്രത്യക്ഷഗണപതീ തലയെടുപ്പോടെ വന്‍
ഗിരിശൃംഗരണിനിരന്നില്ലേ കിഴക്കായ്‌
നെറ്റിയില്‍ പട്ടമായ്‌ ചാര്‍ത്തിക്കൊടുക്കുവാന്‍
തിങ്ങി വളര്‍ന്നു നിറഞ്ഞിടും വനശോഭ ;
വീശിയടിച്ചുവരും കൊടുങ്കാറ്റിനും
തടയിടാന്‍ കരുതലോടവരങ്ങു നില്‍പ്പൂ ,
തുമ്പിക്കൈ തന്നിലായ്‌ കാത്തതാം നീര്‍ത്തുള്ളി
വര്‍ഷപാതങ്ങളായ് കോരിച്ചൊരിഞ്ഞല്ലോ
നനയാണ് കണിശം പറയുകില്‍
പൂങ്കാവനം പോലെ,യിവിടമായ്ത്തീര്‍ന്നത്

പുഴകള്‍ ഗമിക്കുന്നലസമായെന്നും
പുളിയിലക്കരമുണ്ടുടുത്തിട്ടൊരുങ്ങി,
പൊട്ടിച്ചിരിച്ചുകൊണ്ടൊത്തിരിക്കാര്യങ്ങ-
ളുച്ചത്തില്‍ ചൊല്ലുന്നു കൂട്ടുകാരോട്
സൂര്യനും ചന്ദ്രനും ദിനമേതുമൊഴിയാതെ
മുങ്ങിക്കുളിച്ചതിന്‍ ശേഷമേ പോകൂ
പലപക്ഷിമല്‍സ്യങ്ങള്‍, ജന്തുജാലങ്ങളും
അഭയവും തേടി വരുന്നതുമിവിടെ
കായലോളങ്ങളോ ശാന്തരാണെന്നും
ഒരു ലക്ഷ്യമെന്നതോ കടലോട് ചേരണം

പച്ചവിതാനിച്ച നെല്‍ച്ചെടിക്കൂട്ടം
ചെളിവരമ്പതിരിടും പാടത്തു പൊന്തി
തോട്ടിലെത്തെളിനീര് ചാലിട്ടു വന്നു
കൈതകള്‍ പൂവിട്ടു ചാഞ്ഞു നിന്നു
തങ്കനിറമണിഞ്ഞല്ലോ കതിരുകള്‍
കേരങ്ങള്‍ പൊന്പീലി നീര്‍ത്തി വിരാജിപ്പൂ
മന്ദമാരുതന്‍ ഗായകന്‍ പാടിയാല്‍
താളമിടില്ലേ മുളംചില്ല തനിയെ
കുയിലുണ്ട് കൂട്ടിന് പ്രാവിന്റെ കുറുകലും
രംഗപടം തീര്‍ത്ത്‌ വെണ്‍ചന്ദ്രബിംബം

പോല്‍ക്കല തിലകമിട്ടെന്നുമുണര്‍ത്തുന്നു
നീര്‍ന്നുറങ്ങീടുമീ സുമുഖയാം തരുണിയെ
പൂക്കളും മിഴി തുറന്നേറ്റു വരുന്നു
മധു സ്മിതമോടേകി തുമ്പിയ്ക്ക് സ്വാഗതം ;
മഴയുടെ
നാദമുറക്കെ മുഴങ്ങവേ
മണിമയില്‍പ്പേട തുടങ്ങി തന്‍ നടനം
അംബരം വില്ല് കുലച്ചണയുമ്പോള്‍
അംബുധി പുത്രിയെ ലാളിച്ചൊരുക്കും
നയനമോ ഹര്‍ഷമാല്‍ കോരിത്തരിക്കുന്നു
നല്‍ക്കാഴ്ച കണ്ടതെന്‍ മുജ്ജന്മസുകൃതം

ഐതീഹ്യമൊരുപാടുറങ്ങുന്ന മണ്ണിത്
പരശുവെറിഞ്ഞുയിര്‍കൊണ്ട പ്രദേശം
സംസ്കാരസമ്പത്തുമൈശ്വര്യമോദം
മഹാബലിയായ്‌ വന്നു ഭരണം നടത്തി ;
മലനാടുമിടനാടുമൊരുനല്ല തീരവും
ഇഴചേര്‍ന്നുനിന്നാകില്‍ മലയാളനാട്
മലയാളഭാഷ മഹത്താം പ്രവാഹമായ്‌
തവകീര്‍ത്തിയാലപിച്ചലയാഴി പോലവെ
സന്തുഷ്ടമാനസര്‍ തനയരാം ഞങ്ങളോ
ജനനി നിന്‍ പദമലര്‍ കുമ്പിട്ടുതൊഴുതേന്‍



ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011

കൂപ്പുകൈ *************



കലാലയമുത്തശ്ശിതന്‍തിരു പടി-

വാതിലാദ്യമായ്‌ കടന്ന നിമിഷം

കുട്ടിത്തം മാറിയിന്നു ഞാന്‍

വലിയൊരാളായെന്നു തോന്നി

വരൂ മകനെയെന്നെന്നെ

വിദ്യാദേവത വിളിച്ചപോലെ

തെന്നല്‍ക്കരങ്ങള്‍ നീട്ടി

തായതന്നലിവോടെ മെല്ലെ

തന്നിലെക്കെന്നെ ചേര്‍ത്ത്

നെറുകില്‍ മുത്തമേകിയിന്ന്‍

ചന്ദനത്തണുപ്പറിഞ്ഞതെന്നില്‍

സാന്ത്വനക്കുളിരായ്‌പ്പരന്നു


വിശാലസുന്ദരമുറ്റത്തിങ്ക-

ലസാധ്യമലര്‍വനി; മണ്ണിനെ-

പ്പുല്‍കും പുല്‍ത്തിട്ടകള്‍ ചിട്ടയായ്‌

പച്ചയാം ചിരിയോടെ നിന്നു

ചുറ്റിടമൊരു ഗ്രാമസുകൃതിയുറക്കെ-

യോതിടുന്നു ;വിപിനചാരുത ചാരെ

അതില്‍ കിളികൂജനമധുരിമ

തളിര്‍ വായു മനസ്സിന് കുളിരേകി

ചൂളമരങ്ങള്‍ വിരിച്ച തണലില്‍

വാകച്ചില്ലകള്‍ പൊഴിച്ചു നിറങ്ങള്‍

ലതകളൊരായിരം മാല തീര്‍ത്തു

പൊന്നൂഞ്ഞാലുമൊരുക്കി നല്‍കി

ഒരു തൃണമായെങ്കിലുമെന്നും

ഞാന്‍ അവിടെ നില്‍ക്കാന്‍ കൊതിച്ചു


മന്ത്രമായക്ഷരജാലികയെ-

ന്നുള്‍ജാലകം തട്ടിത്തുറന്നു വന്നു

പൊടിപടലമകന്നു പോയ്‌

ധവളപ്രകാശധാര തെളിയും

അറിയുമിന്നു ഞാനതിയായൊരെന്‍

സൗഭാഗ്യതാരകം കത്തിജ്വലിച്ചതീ-

ത്തേജസ്സില്‍ ലയിച്ചതിനാലെ


ഒത്തിരിച്ചങ്ങാതിക്കൂട്ടങ്ങള്‍ തന്നു

ഊഷ്മളസ്നേഹമെന്തെന്നറിയിക്കുവാന്‍

കര്‍ത്തവ്യബോധമുറച്ചു മനസ്സില്‍

ഗുരുക്കന്മാരതിന് കാരണഭൂതര്‍

സന്തോഷനീര്‍ത്തുള്ളി തൂകി ഞാന്‍

നമോവാകമൊന്നു ചൊല്ലാന്‍ ;

വെള്ളിമുടി ചാര്‍ത്തി നിന്‍ ശിരസ്സ് ,

ചുക്കിച്ചുളിഞ്ഞ മുഖമെങ്കിലും

അമ്മേ നിനക്കില്ല കല്പാന്തകാലം

വാല്‍സല്യം നുകര്‍ന്ന് മടിത്തട്ടില്‍-

നിന്ന് വളര്‍ന്നേറ്റു പോകുമുണ്ണികള്‍,

പറക്കമുറ്റാന്‍ തുണയായിടുമവര്‍ക്ക്

നീ പകര്‍ന്നേകിയ പാഠങ്ങളെല്ലാം

ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

പ്രശ്നം


പ്രശ്നങ്ങള്‍ മനുഷ്യനെ എപ്പോഴും ഓടിച്ചു കൊണ്ടിരിക്കും ,ഭീമാകാരനായ നായയെപ്പോലെ .......

പേടിച്ചോടിയാല്‍ അത് വര്‍ദ്ധിതവീര്യത്തോടെ കുരച്ചു കൊണ്ട് ഓടിയെത്തി ദേഹത്ത്‌ ചാടി വീണ് മനുഷ്യനെ കടിച്ചു കീറും .....

ആദ്യം കുരയ്ക്കുമ്പോള്‍ തന്നെ മനോധൈര്യത്തോടെ തിരിഞ്ഞു നിന്ന് കല്ലെടുത്തെറിഞ്ഞാല്‍ പ്രശ്നമെന്ന നായ തിരിഞ്ഞോടുക തന്നെ ചെയ്യും........അത്രയ്ക്ക് ഭീരുവാണ് അവന്‍ .......

തീവണ്ടി


പൊട്ടിപ്പിളര്‍ന്നുപോം ഭൂഗോളമാകെ-
യിമ്മട്ടിലുള്ളിലൊരു തോന്നലുളവാക്കി
രൌദ്രഭാവത്തോടെ രാക്ഷസ
രൂപന്‍
പുഴുവിന്‍ പുളച്ചിലോടൊപ്പിച്ചു ഗമനം
ഝടുതിയില്‍ ചെയ്യുന്നു കൂസലെന്യേ
ഒരു ഹിംസ്രജന്തുവിന്‍ ഗര്‍ജനത്തോടെ
കൂകിക്കുതിച്ചുമൊരല്പം കിതച്ചും
പകയോടെ പുകതുപ്പി സര്‍വ്വം വിറപ്പി -
ച്ചുരുക്കില്‍ ബലിഷ്ഠമായ്‌ പണിത ഗാത്രം
തെല്ലൊന്ന് മാറാതെ നിശ്ചിത വഴിയെ
നാടായ നാടൊക്കെ സഞ്ചരിക്കുന്നു

പണ്ട് ഭയപ്പെട്ടു പോയതാണല്ലോ
ദൂരെയാ ഭീമനെ കണ്ടതാം നേരം
അത്ര ഭയാനക ശബ്ദവും കേള്‍ക്കേ;
എങ്കിലും പിന്നീടടുത്തറിഞ്ഞപ്പോള്‍
പഞ്ചപാവമാണവനെന്നറിഞ്ഞു
ഉറ്റ
ചങ്ങാതിയാണെന്നുറപ്പിച്ചു ഞാന്‍
യാത്രകള്‍ കൂടെയൊരുപാടു ചെയ്തു
കാഴ്ചകളൊത്തിരി കാട്ടിയും തന്നവന്‍
നാടിന്‍ പരിച്ഛേദമോരോന്നെടുത്തിട്ട്
മിഴികള്‍ക്ക് സമ്മാനമായവനേകി
വ്യത്യസ്ത ഭൂവിഭാഗങ്ങളിലൂടെ
ജനപദസംസ്കാരവിവരണമേകി


നാനാത്വത്തിലേകത്വമുള്ള നാട്ടില്‍
കരിവണ്ടി യോഗ്യമാം സഞ്ചാര മാര്‍ഗം
അവനേകനെങ്കിലും പലസൗകര്യങ്ങള്‍
വേര്‍തിരിച്ചിട്ടുണ്ട് പലമുറികളായി ;
നഗരത്തില്‍ ചെന്നാല്‍ പച്ചപ്പരിഷ്കാരി
ഗ്രാമത്തിലെത്തിയാലവരിലൊരുവന്‍ ,
ഏവര്‍ക്കുമിങ്ങനെ പ്രിയ തോഴനായി
നഗരങ്ങള്‍ , നാട്ടിന്‍ പുറത്തുള്ള പാടം
നദിയുടെ ഗീതവും കായലിന്‍ കൊഞ്ചലും
ചതുപ്പ് നിലങ്ങളും കൊച്ചരുവിയും
മലഞ്ചെരിവുകള്‍ താഴ്വാരഭംഗിയും
പാറക്കെട്ടുകള്‍ മരുഭൂപ്രദേശവും

വിഭിന്നമാം ജീവല്‍ പതിപ്പുകളൊക്കെയും
കണ്ടു കണ്ടിരിക്കും നമ്മള്‍ക്കതിശയം
അവനാണെങ്കിലോ ദിനചര്യ മാത്രം


അഴിയിട്ട ജാലക വിടവിലൂടിന്നെന്‍
ഉള്ളില്‍ പതിച്ചു പൊന്‍ കിരണജാലം
മായിക ലോകത്തെ മാന്ത്രികരാവാം
മായാതോര്‍മകള്‍ മനസ്സിലെഴുതി
തീവണ്ടീ നീയെന്‍ കരള്‍ നെരിപ്പോടില്‍
അറിവിന്‍ തൃഷ്ണയുടെ തീ ജ്വലിപ്പിച്ചു
നിന്നുടെ കൂടെ ഞാന്‍ വന്നപ്പോഴെല്ലാം
നീ തന്നതായിരം മധുമാസമധുരം

ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011

കള്ളന്‍ വരുന്ന വഴി



ബാങ്കില്‍ തിരക്കായിരുന്നതിനാല്‍ ഏഴുമണിക്ക്‌ ആണ് ഇറങ്ങിയത്‌ .... വണ്ടിയില്‍ വരുമ്പോള്‍ വീട്ടില്‍ നിന്നും ഫോണ്‍ വന്നു .... അമ്മയാണ് . അടുത്ത വീടിന്റെ പരിസരത്ത്‌ ഒരാള്‍ പതുങ്ങി നില്‍ക്കുന്നത്രേ ....അവരുടെ വീട്ടില്‍ആണുങ്ങള്‍ ആരും സ്ഥലത്തില്ല .... ചേച്ചിയും രണ്ടു പെണ്മക്കളും മാത്രം .വീട് നാട്ടുവഴിയോട്‌ ചേര്‍ന്നാണ് ..... മുറ്റംഅധികമില്ല ....

വീടിന്റെ പിന്‍വശത്ത് വെട്ടിയിട്ടിരുന്ന തെങ്ങോല അമരുന്ന സ്വരം കേട്ട് അങ്ങോട്ട്‌ ചെന്നപ്പോള്‍ ആരോ ഓടി പോകുന്നതായി തോന്നി ..... മഴക്കാറും കൂടി ഉള്ളതിനാല്‍ പതിവിലും കവിഞ്ഞ ഇരുട്ടാണ് ...... പൂച്ചയോ മറ്റോ ആവുമെന്ന് സമാധാനിച്ച് കൂടുതല്‍ അന്വേഷണം ഒന്നും അവര്‍ നടത്തിയില്ല .... അഞ്ചു മിനിട്ട് കഴിഞ്ഞു വെളിയിലെ ലൈറ്റ്‌ ഇട്ടപ്പോള്‍ മുന്‍വശത്ത് ഭിത്തിയോടു ചേര്‍ന്ന് ഇരുപത്തഞ്ചു വയസ്സ് തോന്നുന്ന ആള്‍ നില്‍ക്കുന്നു ....കണ്ടിട്ട് അന്യ സംസ്ഥാനക്കാരന്റെ മട്ട്..... എന്താ ഇവിടെ എന്ന് ചോദിച്ചപ്പോള്‍ വഴിതെറ്റിയതാണ് എന്ന് അയാള്‍ മറുപടി പറഞ്ഞു .... ഒരു ഹിന്ദി ചുവ സംസാരത്തില്‍ ..... മോളെ അച്ഛനെ വിളിക്ക് എന്ന് ചേച്ചി കുട്ടികളോട് പറഞ്ഞപ്പോള്‍ അയാള്‍ വേഗം റോഡിലേയ്ക്ക് കടന്നു വേഗത്തില്‍ നടന്നു പോയി .....

വിവരങ്ങള്‍ അമ്മയില്‍ നിന്ന് അറിഞ്ഞു ഞാന്‍ അയല്‍വാസികളെ വിളിച്ചു ..... അവര്‍ പേടിച്ചരണ്ടിരിപ്പാണ് .... ഞാന്‍ പെട്ടെന്ന് ഒന്ന് രണ്ടു നാട്ടുകാരെ വിളിച്ചു കാര്യം പറഞ്ഞു ...... ഒരു ചെറിയ ആള്‍ക്കൂട്ടമുണ്ട് അവരുടെ വീട്ടുമുറ്റത്ത് .... ബൈക്കിനും കാറിനും ഒക്കെയായി വന്നവര്‍ ... കുറച്ചു പേര്‍ ടോര്‍ച് അടിച്ചു കൊണ്ട് തോട്ടത്തിലോക്കെ തിരച്ചില്‍ നടത്തുന്നു .....കക്ഷിയുടെ പൊടി പോലും കിട്ടിയിട്ടില്ല . കേരളത്തില്‍ എവിടെയും എന്നത് പോലെ അന്യ സംസ്ഥാനതോഴിലാളികളുടെ തള്ളി കയറ്റമാണ് ഞങ്ങളുടെ നാട്ടിലെ കെട്ടിട നിര്‍മാണ തൊഴില്‍ മേഖലയില്‍ ..കൂടുതലും ബംഗാളികള്‍ ..... നാട്ടില്‍ തന്നെ താമസവും ......സ്വാഭാവികമായും സംശയത്തിന്‍റെ മുള്‍മുന അവര്‍ക്ക്‌ നേരെ തന്നെയാണ് ......

കഴിഞ്ഞ ദിവസം പാറശാലയില്‍ കള്ളനോട്ടുമായി ബംഗാളികള്‍ പിടിയിലായി എന്നാ വാര്‍ത്ത കേട്ട് കാണുമല്ലോ ..... ബംഗ്ലാദേശില്‍ നിന്നുള്ള തീവ്രവാദികള്‍ തൊഴിലാളികള്ടെ വേഷത്തില്‍ ഇവിടേയ്ക്ക്‌ ധാരാളമായി വരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട് ...... ഇപ്പോള്‍ മിക്കവാറും മോഷണ കൊലപാതക കേസുകളില്‍ പ്രതികള്‍ അന്യ സംസ്ഥാനക്കാരാന് എന്നത് ആശങ്കാജനകമാണ് . അവരില്‍ നല്ലവരില്ല എന്നല്ല .....കുടുംബം പുലര്‍ത്താന്‍ കൂടുതല്‍ കൂലി കുട്ടുന്ന സ്ഥലം നോക്കി വന്ന പട്ടിണിപ്പാവങ്ങളും അക്കൂട്ടത്തില്‍ ഉണ്ടെന്നു മറക്കുന്നില്ല ......

ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം സര്‍ക്കാരും ജനങ്ങളും ഒന്നിളകും .....കണ്ണില്‍ പൊടിയിടാന്‍ ചില അന്വേഷണവും അറസ്റ്റും ......അടുത്ത സംഭവം ഉണ്ടാകുന്നത് വരെ കാര്യങ്ങള്‍ എല്ലാവരും മറക്കും ...... തൊഴില്‍ ദാതാക്കള്‍ തൊഴിലാളികളുടെ പേരുവിവരങ്ങള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണമെന്നു നിയമം ഒക്കെയുണ്ട് ...... പക്ഷെ എത്രപേര്‍ പാലിക്കുന്നു ...... നമ്മുടെ കേരളം പ്രശ്നരഹിതവും സുരക്ഷിതവുമായ ഇടമെന്ന ചിന്ത മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .... സര്‍ക്കാരും ജനങ്ങളും ജാഗരൂകരാകേണ്ട സമയം ആയിരിക്കുന്നു .......

നമ്മുടെ സുരക്ഷ നമ്മുടെ ജാഗ്രതയില്‍ ......