Powered By Blogger

ബുധനാഴ്‌ച, ജൂൺ 08, 2011

യോഗയില്‍ തെളിയുന്ന രാജയോഗം




"അങ്ങനെ പവനായി ശവമായി................ "-നടോടിക്കാറ്റ് എന്ന സിനിമയില്‍ തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ നെടുവീര്‍പ്പ് തല്‍ക്കാലം കടമെടുക്കുന്നു .(വക്കീല്‍ നോട്ടീസ് വന്നില്ലെങ്കില്‍ എന്‍റെ ഗുരുത്വം .മലയാളം അക്ഷരങ്ങള്‍ക്ക് പോലും പകര്‍പ്പവകാശം ഉള്ള കാലമാ.എഴുത്തച്ഛന്‍റെ കാലശേഷം ടി നിയമം പാസ്സായത്‌ മഹാഭാഗ്യം !) പറഞ്ഞു വരുന്നത് കുറച്ചു നാള്‍ മുന്‍പ് ശക്തമായ തിരക്കഥയുടെ പിന്‍ബലത്തോടെ മസാല സിനിമകളെ വെല്ലുന്ന തരത്തില്‍ നടന്ന ചില അഭ്യാസപ്രകടനങ്ങളെക്കുറിച്ചാണ്,കൊച്ചു കേരളത്തിലെ ഏതെങ്കിലും ഓണം കേറാ മൂലയിലല്ല അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍.ഓ നമ്മടെ യോഗാ ബാബെപ്പറ്റിത്തന്നെ.ചുരുക്കിപ്പറഞ്ഞാല്‍ ' ബാബാ രാംദേവാണ് താരം '. ഉത്തര ഭാരതത്തിലെ ചെറിയൊരു പ്രദേശത്ത്‌ ഫൈവ്സ്റ്റാര്‍ യോഗാ ക്ലാസും ആയുര്‍വേദ മരുന്ന് കച്ചവടവും ' അഞ്ചെട്ടെണ്ണം പിന്നാലെ ' മോഡലില്‍ ഏതാനും അനുയായികളുമൊക്കെയായി അല്ലലില്ലാതെ കഴിഞ്ഞുവന്ന ഗുരുജിയോട് എപ്പൊഴാണാവോ അഴിമതി -കള്ളപ്പണവിരുദ്ധ സത്യാഗ്രഹം 'വാട്ട് ആന്‍ ഐഡിയ സര്‍ജീ ' എന്നു മൊഴിഞ്ഞത് ? ഏതു കഴുതയ്ക്കും തോന്നാവുന്ന ന്യായമായ സംശയം .വിദേശത്തു സ്വന്തമായുള്ള ദ്വീപില്‍ കടല്‍ക്കാറ്റേറ്റ് പദ്മാസനത്തില്‍ ധ്യാനനിമഗ്നനായിരുന്നപ്പോള്‍ ഭാരതത്തിലെ കോടാനുകോടി പാവപ്പെട്ടവരുടെ ദീനമുഖങ്ങള്‍ ഉള്‍ക്കണ്ണില്‍ തെളിഞ്ഞതാകാനും മതി.

ത്രികാലജ്ഞാനം ആര്‍ക്ക് എപ്പോള്‍ ലഭിയ്ക്കുമെന്ന് കവടി നിരത്തിപ്പറയാന്‍ സാമാന്യജനമേ നിങ്ങള്‍ക്കാവില്ല ,എനിയ്ക്കും . അന്നാ ഹസ്സാരെയെന്ന ഗാന്ധിയനായ കുറിയ മനുഷ്യന്‍ ' ലോക് പാല്‍ ' കുടിച്ചു വലിയവനായത് കണ്ട് കൊതിമൂത്താണ്
' അഖിലേന്ത്യാ സൂപ്പര്‍സ്റ്റാര്‍ മനപ്പായസം ' ഗുരു കുടിച്ചതെന്ന് ഏതെങ്കിലും പരിഷകള്‍ പറഞ്ഞാല്‍ ചെവിയങ്ങു പൊത്തിയേക്കണം, അത്രതന്നെ. ങാ ഒരു കാര്യം , നിങ്ങള്‍ക്കും പ്രശസ്തി വേണോ ? എങ്കില്‍ നട്ടാല്‍ കുരുക്കാത്ത ഈ നുണ പറഞ്ഞവനെ ചെരുപ്പൂരിയെരിയുക. 'ബാറ്റാ ' ബ്രാന്‍ഡ്‌ ആയാലും നഷ്ടബോധം വേണ്ട.നഗ്നപാദനാകല്‍ യജ്ഞത്തിലൂടെ ദൃശ്യശ്രവ്യപത്ര മാധ്യമങ്ങളുടെ പൂമുഖവാതില്‍ തുറന്നു കിട്ടിയാല്‍ നിങ്ങളുടെ ജാതകം തിരുത്തപ്പെടുകയായി, പിന്നെ നിങ്ങളെ പുലിക്കെണി വെച്ചുപോലും പിടിക്കാന്‍ പറ്റില്ല.പറഞ്ഞു പറഞ്ഞു കാടുകേറുന്നു,തിരിച്ചുവരാം. സമരാഭ്യാസത്തിന്‍റെ ഗുണഫലങ്ങള്‍ യോഗാഭ്യാസംനടത്തി ഉപജീവിയ്ക്കുന്ന ഗുരുജിയെ പഠിപ്പിക്കാന്‍ തക്ക യോഗ്യന്‍ ആരുണ്ട്‌ ? അണ്ണാന് ചക്കപ്പഴം തിന്നണമെങ്കില്‍ തോട്ടികെട്ടി ചക്ക അറുത്തിടണോ ?

ഒരു കാര്യം സമ്മതിക്കാതെ തരമില്ല , അഴിമതി കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ നിസ്വാര്‍ത്ഥനായ ഹസാരെയ്ക്ക് പിന്നില്‍ അണിനിരന്നു സമരം തുടങ്ങിയപ്പോഴുള്ള യോഗാചാര്യന്‍റെ രാജകീയ പ്രവേശത്തിന്‍റെ ടൈമിംഗ് അപാരം തന്നെ. എവിടുന്നു പൊട്ടിമുളച്ചെന്ന് ഈശ്വരന് പോലുമറിയില്ല . നിലം ഉഴുതു കിടക്കുമ്പോള്‍ വേണം വിത്തിറക്കാന്‍ , അതേ പുള്ളിക്കാരനും ചെയ്തുള്ളൂ.ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ പരക്കംപാഞ്ഞുള്ള വരവും അഴിമതിക്കാരന് 'അഴി മതി ' എന്ന മുദ്രാവാക്യവും ലക്‌ഷ്യം നേടാന്‍ മരണംവരെ നിരാഹാരം നടത്തുമെന്ന പ്രഖ്യാപനവും മന്ത്രിപ്രമുഖരുടെ അനുനയിപ്പിക്കലും അനുയായികളുടെ ആര്‍പ്പുവിളികളും എല്ലാം ചേര്‍ന്നുള്ള കൂട്ടപ്പൊരിച്ചിലില്‍ ആചാര്യാ , താങ്കളില്‍ ഞങ്ങള്‍ സാധാരണക്കാര്‍ ആളും അര്‍ത്ഥവും ആത്മബലവുമുള്ള ഒരു ഉശിരന്‍ നായകന്‍റെ സ്റ്റൈലന്‍ ഉദയം ദര്‍ശിച്ചു .കറത്തിരുണ്ട ജടയ്ക്കും മുടിയ്ക്കുമിടയിലൂടെ ഇടയ്ക്കിടെ തെളിയുന്ന അങ്ങയുടെ പുഞ്ചിരി കറണ്ട് കട്ട് നേരത്ത് തെളിച്ച മെഴുകുതിരി വെട്ടമായി തോന്നിയത് ഞങ്ങളുടെ കുറ്റമാണോ ?അങ്ങേയ്ക്ക് 1100
കോടി രൂപയുടെ സ്വത്തുണ്ടെന്നും വലിയൊരു ദ്വീപസാമ്രാജ്യത്തിന്‍റെ അധിപനാണെന്നുമൊക്കെ നാട്ടാരു പറഞ്ഞറിഞ്ഞപ്പോള്‍ സന്തോഷിക്കുകയും ചെയ്തു.പാവങ്ങള്‍ക്ക് അന്നമേകാന്‍ കോടിയിലൊരു പങ്ക് മുടക്കുമെന്ന് വിചാരിച്ചു ; കുറഞ്ഞപക്ഷം ജന്മനാടിന്‍റെ ഉന്നമനത്തിനായി താങ്കളുടെ ദ്വീപിലെ ഏകാന്തതയില്‍ ചെന്നിരുന്ന് തലപുകയ്ക്കുമെന്നെങ്കിലും.

കഥ ക്ലൈമാക്സിലെത്തിയപ്പോളാണ് ഗുരുജീ , തൊഴുതു പോയത് ! കാഷായം ധരിച്ചു മാത്രം കണ്ടിട്ടുള്ള അങ്ങയെ സാല്‍വാര്‍ കമ്മീസില്‍ വരെ(പോലീസിനെ വെട്ടിച്ചു മുങ്ങാന്‍ പെട്ട പാടേ, പെറ്റ തള്ള സഹിക്കുകേല കേട്ടോ ) കാണാനുള്ള ദുര്യോഗമുണ്ടായി,പൊതു ജനത്തിന് . ഒന്ന് ഞങ്ങള്‍ തോര്‍ത്തും പൊത്തി ഉറപ്പിച്ചു , അങ്ങയെപ്പോലുള്ളവര്‍ക്ക് യോഗാഭ്യാസമല്ല രാഷ്ട്രീയാഭ്യാസമാണ് ഉചിതം.അതു തന്നെയായിരുന്നല്ലോ അങ്ങയുടെ അവതാര ലക്ഷ്യവും. രാഷ്ട്രീയമുള്ളിടത്തോളം കാണ്ടാമൃഗങ്ങള്‍ക്കും ഓന്തുകള്‍ക്കും വംശനാശഭീഷണിയില്ലപോലും. ആളെക്കൂട്ടാന്‍ 'സര്‍ക്കസ് ' അഭ്യാസം നടത്തി രണ്ടു ദിവസം കൊണ്ട് മൂട്ടിലെ പൊടിതട്ടി കാഴ്ചക്കാരന്‍റെ കണ്ണില്‍ വിതറി മുങ്ങിക്കോളാമെന്ന രേഖാമൂലമുള്ള ഒറ്റ ഉറപ്പിന്മേലാണ് സര്‍ക്കാര്‍ മൈതാനം അനുവദിച്ചതെന്ന വാര്‍ത്ത നായ്ക്കുരണ പൊടിയേക്കാള്‍ ചൊറിച്ചിലുണ്ടാക്കി;മനസ്സിലാകമാനം. താങ്കളുടെ ജന 'സേവനം ' ബഹു കേമം .

യോഗാഭ്യാസത്തിനിടയില്‍ കണ്ട ഗുരുവിന്‍റെ ഒട്ടിയ വയര്‍ പട്ടിണിക്കാരോടുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനമായി കൊട്ടിഘോഷിക്കപ്പെട്ടു .
ജനാധിപത്യമെന്നാല്‍ ജനങ്ങളുടെ മേലുള്ള ആധിപത്യമെന്ന അഭിനവ ആപ്തവാക്യത്തില്‍ ആകൃഷ്ടനായാണല്ലോ രണ്ടും കല്പിച്ചുള്ള ഈ കച്ചകെട്ടിയിറക്കം. പക്ഷെ പിന്നീട് കഥാഗതിയിലുണ്ടായ അപ്രതീക്ഷിത വഴിത്തിരിവുകള്‍ മൂലം ഗുരുവിലെ 'പവനായി ' ശരിയ്ക്കും 'ശവമായി ' . വേറൊരു യോഗാസനവും തറവായില്ലെങ്കിലും അങ്ങയുടെ ഹൈ റേറ്റഡ് സ്പോണ്‍സേര്‍ഡ് പ്രോഗ്രാമിലൂടെ ' മൂക്കത്ത് വിരല്‍ വെച്ചാസനം' എല്ലാവരും നന്നായി പരിശീലിച്ചു. ഗുരുവേ നമഃ!തന്നോടൊപ്പം നിരാഹാരം കിടക്കാനെത്തിയവര്‍ക്ക് പായും തലയിണയും സൌജന്യമായി അനുവദിച്ചത് ദരിദ്രനാരായണന്മാരോടുള്ള കരുതലിന്‍റെ ഉത്തമ ദൃഷ്ടാന്തമായി. അതിനാല്‍ത്തന്നെ രാജ്യത്തെയും ജനങ്ങളെയും 'സേവിയ്ക്കാന്‍ ' നിലവിലുള്ളവരേക്കാള്‍ സര്‍വ്വഥാ യോഗ്യന്‍ അങ്ങു തന്നെ .(സര്‍വ്വം മുടിച്ചാലും കിടക്കപ്പായെങ്കിലും മിച്ചം വെക്കൂല്ലോ )

ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ഏറ്റവും വലിയ നേട്ടം ഏതു പ്രതിസന്ധികളെയും തിന്മകളെയും ഒരുമിച്ചുള്ള ജനമുന്നേറ്റത്തിലൂടെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന അനുഭവത്തിലൂടെയുള്ള തിരിച്ചറിവായിരുന്നെങ്കില്‍ സ്വാതന്ത്ര്യാനന്തര 'രാഷ്ട്രീയ കോളനിവാഴ്ചയുടെ' ഏറ്റവും വലിയകോട്ടം ഈ തിരിച്ചറിവിന്‍റെ അഭാവമായിരുന്നു; കുറച്ചു കടത്തിപ്പറഞ്ഞാല്‍ പ്രതികരണ ശേഷിയുടെ ബോധപൂര്‍വകമായ വന്ധ്യംകരണമായിരുന്നു. ജനങ്ങളുടെ അറിവില്ലായ്മകളുടെ ചതുപ്പ് നിലത്തു കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരമാണ് ഇന്നിന്‍റെ രാഷ്ട്രീയവ്യവസ്ഥിതി എന്നത് പകല്‍ പോലെ വ്യക്തമാണ് .ഡി .ഡി . റ്റി . പോലുള്ള വിഷ വസ്തുക്കളെ പ്രതിരോധിക്കാന്‍ തലമുറകള്‍ക്കിപ്പുറം ഉറുമ്പുകള്‍ കഴിവ് നേടിയതു പോലെ
നെറികേടുകള്‍ അനുഭവിച്ചു മടുത്ത് എന്തും സഹിക്കാനും പൊറുക്കാനും തക്കവിധം ജീന്‍ പരിണാമം ഭാരത ജനതയില്‍ സംഭവിച്ചിരിക്കുന്നു മാഷേ!! ലോട്ടറി വില്‍പ്പനക്കാരുടെ വണ്ടിയിലെ 'കോളാമ്പി' വിളിച്ചു കൂവുന്നതു പോലെ ഞങ്ങള്‍ ആവശ്യപ്പെടുകയാണ് പ്രിയബഹുമാനപ്പെട്ട ഗുരുവേ - "അറയ്ക്കാതെ മടിയ്ക്കാതെ കടന്നു വരൂ ........ നാളെയാണ് നാളെയാണ് സൌഭാഗ്യം.........."



**************************************




ചൊവ്വാഴ്ച, ജൂൺ 07, 2011

ജോപ്പന്‍റെ ' ബാക്കിപത്രം '











പള്ളിപ്പടി
കടന്നു ഞാന്‍ പോകും
ദിനവും നിന്നെയോര്‍ക്കും ജോപ്പി
ചൊന്നതിലതിശയോക്തിയൊട്ടുമേ-
യില്ലെന്നെന്‍ ശപഥമീ നേരം
നിന്നെയവസാനമായൊന്നു കാണാന്‍
കഴിയാത്ത മനസ്സിന്‍റെ സത്യം ;
കളിക്കളത്തിന്നിരുവശത്തായ്
ഉയരെ വിരാജിയ്ക്കും ബാസ്കറ്റ്സാക്ഷി

ഉയരം കുറഞ്ഞവനെങ്കിലും നീ
ഉയരക്കാരുടെ കളിയിലെ കേമന്‍
പന്ത് തട്ടിക്കൊടുത്തു വാങ്ങി
വെട്ടിക്കടന്നുയര്‍ന്നു വലയിലാക്കി ;
വിദ്യാലയാരവമാകെ നിനക്കായ്‌
പതഞ്ഞതിന്നൂര്‍ജ്ജമുള്‍ക്കൊണ്ടതാല്‍
വിജയത്തേരേറും നിന്‍റെ ചിരിയോ
സഹപാഠികള്‍ പങ്കിട്ടതിന്‍ പകിട്ടും

കൌമാരകുതൂഹലമേറ്റമുണരും
രണ്ടാണ്ട് നിന്നോടൊത്തു കഴിയാന്‍
ഇടവന്നെന്നതിലുണ്ടുന്മോദമതിയായ്
ഇടറുന്നു കണ്ഠം നിന്നോര്‍മയില്‍ പക്ഷെ ,
അറുതിയില്ലാ കുസൃതികള്‍ പലതും
നിന്‍റെ വകയായ് തന്നിട്ടുമുണ്ടേ
പിന്‍ നിരകളിലതിനവസരം,
സുലഭമായൊപ്പം സുഖനിദ്രയ്ക്കും

എന്നാലിന്നാരുമേ ചൊന്നില്ല ,
നിന്നുറക്കത്തെക്കുറിച്ചെന്നോട്;
ക്ഷമിക്കൂ , വൈകിപ്പോയി ഞാനല്‍പ്പം
പരിഭവിച്ചെന്നപോലതിനു മുമ്പേ
മുറിയൊരുക്കി തഴുതിട്ടു മറഞ്ഞിരുന്നു ,
വെളിച്ചവും കാംക്ഷിച്ചു വിശ്രമത്തിനായ് ;
മറക്കില്ല മിത്രമേ മരിക്കുവോളം
ഓര്‍മ്മകള്‍ കളിനിര്‍ത്തും വരേയ്ക്കും




(നെടുംകുന്നം സെന്‍റ് ജോണ്‍സ് സ്കൂളില്‍ ഒന്നിച്ചു പഠിച്ച ജോപ്പി ജോണ്‍ 25 -o4
- 2009- ല്‍ ലോകത്തോട്‌ വിടചൊല്ലി )

തിങ്കളാഴ്‌ച, ജൂൺ 06, 2011

സൂര്യപുഷ്പം

കിഴക്കു കാണും കുളത്തിലിന്നൊരു ചെന്തളിര്‍
മൊട്ടുപൊന്തി
അതിമോഹനം തീജ്വാല പോലുള്ളൊരു
താമരത്തളിര്
ദലം വിടര്‍ന്നു വികസിച്ചാഭയുടുത്ത മലരായ് -
ത്തീരവേ
പാല്‍പ്പുഞ്ചിരി പൊഴിച്ചങ്ങനെതാ-
നുദിച്ചു നിന്നു

രേണു ശതകോടി പലദിക്കില്‍ പടര്‍ന്നു
പൊഴിഞ്ഞു
കണമോരോന്നുമൂര്‍ജ്ജകുംഭമതിശക്ത-
ദീപ്തനാളം
ധരയിലതു സ്പന്ദനങ്ങളായ്;ജീവചാരുലത
തളിര്‍ത്തു
പ്രദോഷത്തില്‍ മിഴി കൂമ്പി,യിനി വാസരം
വരണം

തര്‍ക്കവിതര്‍ക്കമില്ലതിലസ്കിതയൊന്നു-
മേശാതെ
അപാരബ്രഹ്മാണ്ഡമണ്ഡലമായ
വനികയില്‍
ചെറു മലരിതു വിരാജിപ്പെങ്കിലും ചെറു-
തല്ലയൊട്ടും
ജീവല്‍ത്തുടിപ്പുകളതിന്‍റെ മാത്രം തണലുപറ്റി -
ക്കഴിഞ്ഞിടുന്നു

ഞായറാഴ്‌ച, ജൂൺ 05, 2011

'പച്ച 'ച്ചോര അഥവാ പരിസ്ഥിതി

ജൂണ്‍ 5 -ലോക പരിസ്ഥിതി ദിനം


"ഈ നല്‍പ്രകൃതിയെ നിന്‍ വികൃതികളൊന്നുമേ
വികൃതമാക്കിടൊല്ല മേലില്‍ ,പ്രാകൃതവും
"


പരിസ്ഥിതി നല്‍കുന്ന
സംരക്ഷണമില്ലാതെ ഒരു ജീവിയ്ക്കും നിലനില്‍പ്പില്ല എന്നത് സയന്‍സ് പാഠപുസ്തകത്തിലെ മഷിക്കൂട്ട് പോലെ തന്നെ മനസിലുറച്ച സംഗതിയാണ് , ചെറുപ്പം മുതല്‍ എല്ലാവര്‍ക്കും. അപ്പോള്‍ നിങ്ങള്‍ ഉടനെ ചോദിക്കും , പശുവിനെ തീറ്റുമ്പോള്‍ മഴ പെയ്യാതിരുന്നതു കൊണ്ടുമാത്രം പള്ളിക്കൂടവരാന്തയില്‍ കയറി നില്‍ക്കാന്‍ ഇന്നേവരെ സാധിക്കാത്ത ഹതഭാഗ്യരായ മനുഷ്യരുടെ കാര്യമോ എന്ന്. ഒന്നു മനസ്സിലാക്കൂ , ഇവരെയെല്ലാം പാകത്തിന് ചേര്‍ത്ത് കുഴച്ചു ഉണ്ടാക്കിയിരിക്കുന്ന പദപ്രയോഗമാണ് ജീവി. അമ്മയുടെ മുലപ്പാല്‍ കുടിയ്ക്കുന്നതിനെപ്പറ്റി കുഞ്ഞുങ്ങള്‍ക്ക്‌ സ്റ്റഡി ക്ലാസ്സ്‌ വേണ്ടാത്തതു പോലെ , ആദിമമനുഷ്യന്‍ മുതല്‍ ആധുനികന്‍ വരെ ഏവരുടെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു പ്രകൃതിയുടെ പ്രാധാന്യം.

ഇന്ന് പക്ഷെ , കുപ്പിപ്പാലിന്‍റെയും കവര്‍ പാലിന്‍റെയും യുഗമായതിനാലാവണം ആത്മാര്‍ത്ഥതയിലും പ്രതിബദ്ധതയിലുമെല്ലാം
വെള്ളം കലര്‍ന്നിട്ടുണ്ട്.ആഗോളതാപനം,ഓസോണ്‍ ശോഷണം എന്നിങ്ങനെ അത്യന്തം ഭംഗിയുള്ളതും അതേസമയം മഞ്ഞുമലപോലെ അപകടം ഒളിഞ്ഞിരിക്കുന്നതുമായ വാക്കുകള്‍ ശാസ്ത്രലോകം ഉരുവിട്ട് തുടങ്ങിയിട്ട് നാളേറെയായി.പരാജയം വിജയത്തിന്‍റെ ചവിട്ടുപടി എന്ന
ചൊല്ല് ,നേട്ടം കോട്ടത്തിന്‍റെ ചവിട്ടുപടി എന്നു തിരുത്തേണ്ട കാലമായി .അത്രയ്ക്കാണ് മനുഷ്യരാശിയ്ക്ക് ഉപകാരപ്രദമായിരുന്ന പല കണ്ടുപിടുത്തങ്ങളും വിവേകരഹിതമായ ഉപയോഗത്താല്‍ ജീവജാലങ്ങള്‍ക്കാകമാനം ദോഷകരമായി ഭവിച്ചിരിക്കുന്നത്. പ്രകൃതിവിഭവങ്ങളുടെ പുനരുല്പാദനം അവയുടെ വര്‍ധിച്ചു വരുന്ന
ഉപഭോഗത്തെക്കാള്‍ മന്ദഗതിയിലാണെന്ന് വിസ്മരിക്കരുത്. അതിനാല്‍ത്തന്നെയാണ് പിറന്നു വീഴുന്ന ഓരോ മനുഷ്യനും ഭൂമിയുടെ ശരീരത്തിലെ അര്‍ബുദകോശമായി എണ്ണപ്പെടുന്നത്.

വനനശീകരണം അതിന്‍റെ പാരമ്യതയിലെത്തിയപ്പോള്‍ ഭൂമിയുടെ നില്‍പ്പ് ശരിയ്ക്കും കയ്യാലപ്പുറത്തായി.ഒരു മരം വെട്ടിയിടുമ്പോള്‍ ഉന്മൂല നാശം ഒരു ചുവടു മുന്നോട്ടു വെയ്ക്കുകയാണ് .ബുദ്ധിയും വിവേചനാ ശക്തിയും വേണ്ടുവോളം ലഭിച്ച മനുഷ്യന്‍ ഒരാള്‍ മാത്രമാണ് ഇതിനെല്ലാം കാരണമെന്നത് ഏറ്റവും പരിതാപകരം. പരിസ്ഥിതിസംരക്ഷണം തന്നെയാണ് സ്വയംസംരക്ഷണം എന്ന തിരിച്ചറിവില്‍ എല്ലാവരും കൈ കോര്‍ക്കുമ്പോള്‍ ശോഭനമായ , ഹരിതാഭമായ ഭൂമിയുടെ മുകുളങ്ങള്‍ ഉയര്‍ന്നു വരും. തലമുറകള്‍ ഇനിയും വരാനിരിക്കുന്നു.മലീമസമാകാത്ത പ്രകൃതി അവരുടെ അവകാശമെങ്കില്‍ അങ്ങനെ അതിനെ കാത്തുസൂക്ഷിച്ചു കൈമാറേണ്ടത് ഇന്നത്തെ തലമുറയുടെ കടമയാണ് .മരങ്ങള്‍ ജീവരാശിയുടെ ചോരയാണ്. പ്രകൃതിസ്നേഹം നമ്മില്‍ ഉണരുമ്പോള്‍ നമ്മുടെ ചോരയും പച്ചയാകും , തീര്‍ച്ച .ഇന്ന് മുതല്‍ നടുന്ന വൃക്ഷത്തൈകളിലേയ്ക്കും വിത്തുകളിലേയ്ക്കും മുളച്ചു പൊന്തുന്ന പുല്‍നാമ്പുകളിലേയ്ക്കും അതു പടര്‍ന്നൊഴുകട്ടെ; പ്രകൃതിയും മനുഷ്യനും ഒരേ ചോരയില്‍ സമരസപ്പെടട്ടെ .






ശനിയാഴ്‌ച, ജൂൺ 04, 2011

പൊന്‍ദീപനാളം

കവിത


തളിരില ,പൂങ്കുലയോളം പോരും
മാര്‍ദ്ദവമോഹിത ഗാത്രമെടുത്തോള്‍ ,
തെളിയും ദീപത്തിരിനാളം പോല്‍

അണിമയണിഞ്ഞു വിരാജിച്ചരികെ

കണ്ണിമ ചിമ്മാതിമ്മിണി നേരം

വാലിട്ടെഴുതിയ മിഴിയില്‍ നോക്കെ ,
മുന്തിരിമണിയാണെന്ന് നിനച്ചു
വിസ്മയമുള്ളില്‍ മൊട്ടിട്ടൊത്തിരി

പീലികളപ്പോള്‍ കവിതയൊരുക്കി
പ്രണയത്തിന്‍ മഷി തേച്ചതിനാലെ
ആശയമറിയാനാശ മുളച്ചു ;
ആര്‍ദ്രിതനവഭാവങ്ങളറിഞ്ഞു


അവളെന്നാത്മാവിന്നാഴങ്ങള്‍

തൊട്ടു തലോടിയ ശീതളരാഗം
പൂമഴ പെയ്താലെങ്ങനിരിക്കും
അതിലലിയാത്തവരാരാണ്


സ്മിതമതിലായിര വര്‍ണങ്ങള്‍
പൊട്ടിവിടര്‍ന്നൊളി ചിതറുന്നു
പാവനസ്നേഹമരാളങ്ങള്‍
കൊക്കിലുരുമ്മിപ്പുളയുന്നു

വെള്ളിയാഴ്‌ച, ജൂൺ 03, 2011

ചുറ്റുവട്ടം

കവിത

മഴയിന്നു പെയ്തു തുടങ്ങിയപ്പോള്‍
മനം കുളിരണിയുന്നെന്നു ഞാന്‍
പിറ്റേന്നത് ശക്തമായ് തീര്‍ന്നപ്പോള്‍
കുടിനീരിനില്ലിനി ക്ഷാമമെന്നാനന്ദിച്ചു
പിന്നെപ്പെയ്തൊഴിയാതെ കനത്തനേരം
ഒഴിയാ ബാധയിതു മുടിക്കാനെന്നു പഴിയും

കാര്‍മേഘവാതില്‍ തള്ളിത്തുറന്ന്
ഇളവെയില്‍ തലനീട്ടിച്ചിരി തൂകിടുമ്പോള്‍
ആഹാ ! മനോഹരം നല്ല ദിവസ -
മുന്മേഷഭരിതമെന്നുറക്കെപ്പറഞ്ഞു
ചൂടിന്‍ ചൂട്ടുകറ്റയൊന്നായെരിയവെ
വിയര്‍പ്പിന്‍റെ ഭാരമിതയ്യോ , ഭയാനകം

ഈ നാടിന്‍ സൗന്ദര്യം പുഴ പോയ്‌ വിളമ്പും
പല നാട്ടിലനസ്യൂതമാഴിവരെയും,
ശുദ്ധജലത്തിന്‍റെ നിത്യസ്രോതസ്സും;
എന്നാല്‍ കരകവിയുന്ന പെരുമഴക്കാലം
കുലംകുത്തിവരുന്നു നെഞ്ചിലേയ്ക്ക്
മരുകരയെത്തിടാനാവാത്ത വൈതരണി

തല്ലിയലച്ചു പതഞ്ഞുയര്‍ന്നീടുന്നു
കടലില്‍ കുറുമ്പരാമലമാലകള്‍
എത്ര മനോജ്ഞമിതുമിളം തെന്നലും;
എങ്കിലും നാശകാരിയാം സുനാമി
തെങ്ങോളം വളര്‍ന്നെല്ലാം വിഴുങ്ങുമ്പോള്‍
അറിയൂ ദ്രോഹത്തിന് മറുചെയ്തിയായ്

"തരിശുപാടമൊരുക്കി കൃഷിയിറക്കണം

ഭക്ഷ്യസുരക്ഷയ്ക്കേക മാര്‍ഗം സ്വയംപര്യാപ്തത"
വാക്കുകളില്‍ നെന്മണി കതിരിട്ടുനിന്നു
പ്രസംഗ വേദിയില്‍ അമിട്ട് പൊട്ടിച്ചവന്‍
പാടത്തിന്‍ മേനി പണ്ടേ മണ്ണിട്ട്‌ മൂടി
മണിമാളിക തീര്‍ത്ത്‌ സുഖിച്ചുവാഴുന്നു !

തലോടുന്ന കാറ്റിന്‍റെ മൃദുകരസ്പര്‍ശത്തില്‍ ,
കുളിരില്‍ സ്വയം മറന്നു നില്‍ക്കാത്തവരുണ്ടോ ?
ഇത്ര സുഖപ്രദം മറ്റൊന്നുമില്ലെന്നു പറയും
ഇപ്പോള്‍ 'കത്രീന , റീത്ത , നര്‍ഗീസുമാര്‍ പലര്‍
സര്‍വ്വം ചുഴറ്റിപ്പറത്തിക്കളിക്കുമ്പോള്‍
അറിയാതെ തലയില്‍ കൈവെച്ചുപോകും
"
ഇവരക്ഷരാര്‍ത്ഥത്തില്‍ യക്ഷികള്‍ തന്നെ "

പുളിയിലക്കരമുണ്ടുടുത്തോര്‍ മലയാളിമങ്കമാര്‍
ഫാഷനബിളാകുന്നു മേല്‍ക്കുമേലിന്ന്
മാറ്റത്തിനെപ്പോഴും സഹര്‍ഷസ്വാഗതം
'
നാറ്റ ' മില്ലായ്കിലതത്യുത്തമമറിയുമോ ?
വാര്‍ത്തകള്‍ പലതുമിടിത്തീകളാകുമ്പോള്‍
സ്വയംകൃതാനര്‍ത്ഥമെന്നു വിവേകികള്‍

നമ്മള്‍ തളിയ്ക്കു 'ന്നെന്തോ ' സള്‍ഫാന്‍
കീടങ്ങളെല്ലാമൊഴിഞ്ഞു പോയീടുവാന്‍ ,
പലതരം വിളവുകളില്‍ തോട്ടങ്ങളിലെല്ലാം
ലാഭമേറി നാടുനേടി വളരുമെന്നോതി ;
ഇന്നോ തൊഴിലാളികള്‍ തളര്‍ന്നു വീഴുന്നു
മാ
മ്പു മഴക്കാറിലുരുകുന്ന വിധമേ !

ചൊവ്വാഴ്ച, മേയ് 31, 2011

പുകഞ്ഞ കൊള്ളി പുറത്ത്















മെയ്‌ 31 - പുകയിലവിരുദ്ധ ദിനം

പുകയില, പുകവലി എന്നൊക്കെ കേള്‍ക്കുമ്പോള്‍ മനസ്സിലെ വെറ്റിലത്തളികയില്‍ ആദ്യം തെളിയുന്നത് തറവാട്ടിലെ ഉമ്മറപ്പടിയില്‍ മുറുക്കിച്ചുവപ്പിച്ചിരുന്ന് പഴങ്കഥകളുടെ കെട്ടഴിക്കുന്ന എന്‍റെ വല്ല്യമ്മയുടെയും 'ശൃംഖലാ 'വലിക്കാരാനായിരുന്ന അച്ഛന്‍റെയും മുഖങ്ങളാണ് .കേടുവന്ന് വല്ല്യമ്മയുടെ പല്ലുകള്‍ പറിച്ചതോടെ ' നാലുംകൂട്ടി ' മുറുക്കുമ്പോള്‍ പ്രസരിക്കുന്ന ആ പ്രത്യേക ഗന്ധം ഞങ്ങള്‍ക്കന്യമായി(ഇടയ്ക്ക് വല്യമ്മയുടെ കണ്ണ് വെട്ടിച്ച് ഞങ്ങള്‍ കൊച്ചുമക്കള്‍ 'മുറുക്ക് ' ആസ്വദിച്ചിരുന്നതിനാല്‍ ചെറുതല്ലാത്തൊരു നഷ്ടബോധം മാത്രം ബാക്കി !) അഞ്ചാറു വര്‍ഷം മുമ്പ് അച്ഛന്‍ ധൂമപാനം പൂര്‍ണമായി ഉപേക്ഷിച്ചത് ആശുപത്രിക്കിടക്കയില്‍ വെച്ച് മരണദേവതയുടെ യോഗ്യതാ പരീക്ഷയും ഇന്‍റെര്‍വ്യുവും നേരിടേണ്ടി വന്നതുകൊണ്ടാകാം.എന്തായാലും പുള്ളിക്കാരന്‍ പരീക്ഷയില്‍ തോറ്റുപോയി !(ചെറുപ്പം മുതലേ 'പുക'മണം എന്നെ അസ്വസ്ഥനാക്കിയിരുന്നതിനാല്‍ അച്ഛന്‍ പുകവലി ശീലം ഉപേക്ഷിച്ചത് 'ഇഷ്ടബോധ'മാണുണ്ടാക്കിയത്) ഞാന്‍ ഇതേവരെ ഒരു ബീഡിക്കുറ്റി പോലും പരീക്ഷിച്ചിട്ടില്ല എന്നത് വളരെ സന്തോഷവും അഭിമാനവും ഉളവാക്കുന്ന കാര്യമാണ് .

ഇനി വിഷയത്തിലേക്ക് വരാം.ഇന്ന് എല്ലാ നല്ല കാര്യങ്ങളും ആഘോഷങ്ങളുടെയോ ആചരണങ്ങളുടെയോ ഒരു പ്രത്യേക ദിനത്തിലേക്ക് ഒതുക്കുകയാണ് അല്ലെങ്കില്‍ ഒടുക്കുകയാണ് നമ്മള്‍.പുകയില ഉല്പന്നങ്ങളായ ബീഡി,സിഗരറ്റ്,പാന്‍ മസാലകള്‍ എന്നിവയുടെ ഉപയോഗം പുകയിലവിരുദ്ധ ബോധവല്‍ക്കരണപരിപാടികള്‍ക്കിടയിലും സ്കൂള്‍,കോളേജ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരില്‍ വര്‍ദ്ധിച്ചു വരുന്നത് ഇത്തരം തട്ടിക്കൂട്ട് പരിപാടികളുടെ നിരര്‍ത്ഥകതയാണ് വെളിവാക്കുന്നത്.

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള ഈ 'കുടംകമിഴ്ത്തി വെള്ളമൊഴിക്കല്‍' മഹാമഹം കണ്ട് വലിയന്മാരുടെ ചുണ്ടില്‍ ,നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍റെ പുറത്തേറിയപോലുള്ള ഗരിമയില്‍ ഞെളിഞ്ഞിരിക്കുന്ന സിഗരറ്റ് ഒരു ഇളിഞ്ഞ ചിരിയോടെ "തീക്കട്ടേല്‍ ഉറുമ്പരിക്വോടേ" എന്നു ജഗതി സ്റ്റൈല്‍ ഡയലോഗ് കാച്ചിയാല്‍ ഏതു പുകയില വിരുദ്ധനും 'അയ്യപ്പ ബൈജു ' വിനെപോലെ വാപൊത്തി നടുവ് വളച്ച് ഓച്ഛാനിച്ചു / ഓക്കാനിച്ചുനില്‍ക്കാനേ പറ്റൂ ! അതിനാല്‍ത്തന്നെ സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയുള്ള ബോധവല്‍ക്കരണമോ നിരോധനം അടിച്ചേല്‍പ്പിക്കലോ അല്ല കാര്യകാരണസഹിതമുള്ള തിരിച്ചറിവാണ് വേണ്ടത്.

പുകവലിയാണ് പ്രധാന വില്ലന്‍ എന്നതിനാല്‍ അതിനെക്കുറിച്ച് തന്നെ 'തല പുകയ്ക്കാം' .പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് പരിപൂര്‍ണ ബോധ്യമുള്ളവരാണ് എല്ലാവരും എന്നതിനാല്‍ ശ്വാസകോശ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ഒരു ചാര്‍ട്ട് ഇവിടെ നല്‍കുന്നത് തികച്ചും അനുചിതമാണെന്ന് കരുതുന്നു .ഉപേക്ഷിക്കണമെന്ന് മിക്കവാറും പേര്‍ക്കും ആഗ്രഹമുണ്ടെങ്കിലും പുകവലിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും മോചിതരാകാന്‍ ആത്മാര്‍ഥമായ ശ്രമം എത്ര പേര്‍ നടത്തുന്നുണ്ട് എന്നത് കാലിക പ്രസക്തിയുള്ള ചോദ്യം തന്നെയാണ്.

സിഗരട്ട് എരിഞ്ഞു തീരുന്നതു പോലെ സ്വന്തം ജീവിതം പുകവലിക്കാരന്‍ ചാരമാക്കുന്നു എന്നതിലും ക്രൂരമാണ് പുകവലിക്കാത്ത കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ദോഷികളും ഈ ദുശീലത്തിന്‍റെ അനന്തരഫലങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരുന്നത് .തന്മൂലം കൂട്ടക്കൊല നടത്തിയതിനു ശേഷം ആത്മഹത്യ ചെയ്യുന്നവനെപ്പോലെയാണ് ഓരോ പുകവലിക്കാരനും അഥവാ പുകവലിക്കാരിയും( പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗകാര്യത്തിലെങ്കിലും 33 % സംവരണം ഭാരതത്തിലെ സ്ത്രീകള്‍ ഉറപ്പാക്കിയിട്ടുണ്ട് ) .ജീവിതത്തില്‍ ഇന്നേ വരെ ഞാന്‍ ഒരു ഉറുമ്പിനെപ്പോലും അറിഞ്ഞുകൊണ്ട് നോവിച്ചിട്ടില്ല എന്നു പറയുന്ന നിങ്ങള്‍ , പുറത്ത് വിടുന്ന ഓരോ പുകച്ചുരുളു കൊണ്ടും
അറിഞ്ഞും അറിയാതെയും നിങ്ങളെത്തന്നെയും സമൂഹത്തെ ആകെയും പൊള്ളിക്കുന്നതിനെപ്പറ്റി എന്തു പറയുന്നു !? ചിന്തിക്കൂ സുഹൃത്തെ , ഇനിയെങ്കിലും ഈ പുകഞ്ഞ കൊള്ളിയെ മനസ്സില്‍ നിന്നും ഒപ്പം ചുണ്ടില്‍നിന്നും പുറത്തെറിഞ്ഞു കൂടെ ............?