Powered By Blogger

തിങ്കളാഴ്‌ച, ജൂൺ 27, 2011

'കൃഷ്ണമണി 'പ്പട്ടയം , തിരിച്ചും




പട്ടയം എന്നു കേട്ടാല്‍ ഏതു പട്ടയടിച്ചവന്‍റെ മനസ്സിലും ഭൂമി കയ്യേറ്റത്തിന്‍റെ പെരുമ്പറ മുഴങ്ങും . അപ്പോള്‍ പിന്നെ 'കൃഷ്ണമണിപ്പട്ടയം' എന്നോ 'പട്ടയകൃഷ്ണമണി' എന്നോ കേട്ടാല്‍ ആരുടെ കണ്ണിലെ കൃഷ്ണമണിയാ പുറത്തേയ്ക്ക് തള്ളാത്തത്.ശെടാ , കൃഷ്ണമണിയ്ക്കും പട്ടയമോ!? അല്ലെങ്കില്‍ പട്ടയത്തിനെവിടാ കൃഷ്ണമണി? ഇത് നല്ല കൂത്ത്‌! ആശാനേ സംഗതി ശരിയാ , ഇനി മുതല്‍ സര്‍ക്കാര്‍ നിങ്ങള്‍ക്ക് തരുന്ന പട്ടയത്തില്‍ നോക്കിയാല്‍ നിങ്ങളുടെയും ഭാര്യയുടെയും കൃഷ്ണ മണി കാണാം. വളച്ചു കെട്ടില്ലാതെ പറഞ്ഞാല്‍ കൃഷ്ണമണിയുടെ അടയാളം പതിപ്പിച്ച ഹൈടെക് രീതിയിലുള്ള സ്മാര്‍ട്ട് കാര്‍ഡുകളായിരിക്കും പുതിയ പട്ടയങ്ങള്‍ .

സര്‍ക്കാര്‍ മുദ്ര ,തഹസില്‍ദാരുടെ ഒപ്പ് ,ഓഫീസ് സീല്‍ എന്നിവ തരപ്പെടുത്തി വ്യാജ പട്ടയങ്ങള്‍ അച്ചടിച്ച്‌ മൂന്നാര്‍ ,ചിന്നക്കനാല്‍ മേഖലകളില്‍ റവന്യൂ ഭൂമി കയ്യേറുന്ന മാഫിയാകളുടെ തരികിടപ്പരിപാടി പൂട്ടി മുദ്ര വെക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് സര്‍ക്കാരിന്‍റെ ഈ നീക്കം .പരീക്ഷണം വിജയിച്ചാല്‍ കേരളമാകെ നല്‍കുന്ന പട്ടയങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ
വിലപ്പെട്ടതാവും .

അറിയിപ്പ് :

1 ) യഥാര്‍ത്ഥ പട്ടയം കൈവശമുള്ളവര്‍ ഭൂമി സംബന്ധമായ കാര്യങ്ങള്‍ക്ക് താലൂക്കില്‍ വരുമ്പോള്‍ പട്ടയം കൊണ്ടു വരേണ്ടതില്ല .ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള കൃഷ്ണമണി പരിശോധന യന്ത്രത്തിലെ
സ്കാനിങ്ങിനു ശേഷം ഉള്ളില്‍ കടന്നാല്‍ പട്ടയത്തെക്കുറിച്ചുള്ള സമൂല വിവരങ്ങള്‍ തഹസില്‍ദാരുടെ കമ്പ്യൂട്ടറില്‍ ലഭിക്കുന്നതാണ് .

2)ബാങ്ക് ലോണിന് അപേക്ഷിക്കുമ്പോള്‍ അനുബന്ധ രേഖകളായ ആധാരം , മുന്നാധാരം , സൈറ്റ് പ്ലാന്‍ , കരമൊടുക്ക് രസീത് , കൈവശാവകാശം , ബാധ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതില്ല .പകരം മാനേജരെ കണ്ണ് കാണിച്ചാല്‍ മതി

3 )പട്ടയകൃഷ്ണമണിക്കാര്‍ കൂളിംഗ് ഗ്ലാസ് വെച്ച് നടക്കുന്നത് ഉചിതമായിരിക്കും .പൊടിയും വെയിലുമേറ്റാല്‍ കണ്ണിലെ പട്ടയ രേഖകളുടെ തെളിച്ചം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് . ചുരുക്കം പറഞ്ഞാല്‍ നനഞ്ഞ പടക്കം പോലെയാകും ടി പട്ടയം .


4 ) വ്യാജപ്പട്ടയ നിര്‍മാണത്തിന് വേണ്ടി കൃഷ്ണമണി മോഷണവും കൊലപാതകവും വര്‍ദ്ധിച്ചതിനാല്‍ കൃഷ്ണമണി മാഫിയായെപ്പറ്റി വിവരം തരുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു .


മുന്നറിയിപ്പ് :

1 ) കൃഷ്ണമണിയില്‍ യഥാര്‍ത്ഥ പട്ടയപ്പാടില്ലാത്തവര്‍ വന്നു പെടുന്ന പങ്കപ്പാടുകള്‍ കണ്ടക ശനിയുടെ മൂര്‍ച്ഛയായി കണ്ട് സമാധാനപ്പെടേണ്ടതാണ്. ഇവരുടെ പൂജപ്പുരയിലെ തുടര്‍ന്നുള്ള കുടികിടപ്പും തീറ്റിയും സര്‍ക്കാര്‍ 'ഏറ്റെടുക്കുന്നതാണ്'.

2 ) പട്ടയമുള്ളവര്‍ ജീവിതപ്പട്ടയം നീട്ടിക്കിട്ടാന്‍ പട്ടയം പതിച്ച കൃഷ്ണമണി ബാങ്ക് ലോക്കറില്‍ സൂക്ഷിക്കേണ്ടതാണ്. പൊതുമേഖലാ , ജില്ലാ ബാങ്കുകളില്‍ ടി സൗകര്യം ലഭ്യമാണ് . കൃഷ്ണമണി നഷ്ടപ്പെട്ടാല്‍ നിങ്ങളുടെ കാഴ്ചയും ഒപ്പം കിടപ്പാടവും പോകുമെന്ന കാര്യം ഓര്‍ക്കുക .

3 ) പട്ടയ പട്രോളിംഗ് ഡ്യൂട്ടിയുള്ള പോലീസുകാര്‍ കൃഷ്ണമണി മാഫിയയെ സഹായിച്ചെന്നു തെളിഞ്ഞാല്‍ കൃത്യവിലോപക്കുറ്റത്തിനു സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടുന്നതായിരിക്കും

' കണ്ണ്കടി '


തോമാച്ചനോട് സുഹൃത്ത് : എന്താ നിന്‍റെ കണ്ണ് രണ്ടും ചുവന്നിരിക്കുന്നത് ?
തോമാച്ചന്‍ : എന്‍റെ അയല്‍ക്കാരന് ഓണം ബമ്പര്‍ അടിച്ചെടാ
സുഹൃത്ത്‌ :ങേ, അയല്‍ക്കാരന് ലോട്ടറി അടിച്ചാലെങ്ങനാ നിന്‍റെ കണ്ണ് ചുവക്കുന്നത് !?
തോമാച്ചന്‍ : അതിനാടാ ' കണ്ണുകടീ ' ന്ന് പറയുന്നത്

ഞായറാഴ്‌ച, ജൂൺ 26, 2011

ഓര്‍മ്മകള്‍ പെയ്യുന്നു


കവിത


വെള്ളയുടുപ്പിട്ട
മുകില്‍ -
ക്കുഞ്ഞുങ്ങളെ നിങ്ങള്‍

കാര്‍നിറമിന്നൊന്നുടുത്തു
കാണാനെനിക്കെന്തൊരാശ,
വേനലറുതിയ്ക്ക് നിങ്ങള്‍
വരുമെന്ന് കേട്ട്
കാത്തിരുന്നു ഞാന്‍ ;
കുളിരിന്‍റെ മുത്തിനായ്
കൊതിച്ചിടുമെന്‍റെ
കൈക്കുടന്നയിലൊന്നു
വന്നു ചേരുമെന്നാകില്‍
നിധി പോലെ കാത്തിടാമേ

തളിരിതള്‍ മലരെല്ലാം
നിങ്ങളെനിക്കേകി ;
എന്നകവും പുറവുമി -
ന്നൊത്തു കുളിര്‍ത്തു
അകലെയേഴു നിറമഴകായ്
നിറഞ്ഞു നിന്നതല്ലേ ,
കൌതുകത്തോടെ ഞാന്‍
നോക്കി നില്‍ക്കുന്നിത്ര-
ചേലെവിടെ നിന്നാരു
തന്നെന്ന് പറയൂ

നൂലിഴ കോര്‍ത്തുകെട്ടി
നിങ്ങളിട്ടോരൂഞ്ഞാലേറി,
കയ്യെത്താക്കൊമ്പില്‍
നീലമച്ചില്‍ തൊടാന്‍
കഴിയുമോ ചെറു സംശയം ;
തുള്ളിത്തുള്ളി വരും
നിങ്ങളെന്നെ കൈകൊട്ടി -
വിളിച്ചരികിലേക്ക്

അന്തിച്ചു വിടരുമെന്‍
മിഴികളിലിടയ്ക്കിടെ
മൂടുപടമണിയിച്ചു തന്നു
ചേര്‍ന്ന് പാടും പാട്ടിലേതോ
കേട്ടുമറന്നൊരീണമലിഞ്ഞ പോലെ
കണ്ടു നില്‍ക്കാനാവില്ലെനിക്ക്
മേളപ്പെരുക്കമറിയേണമടുത്തു നിന്ന്

നിങ്ങള്‍ തലോടുമ്പോ -
ളാനന്ദഹര്‍ഷമുള്ളില്‍
പതഞ്ഞുയര്‍ന്നീടുമിന്ന്
നിങ്ങള്‍ വരുമ്പോളില-
ച്ചാര്‍ത്തിനുത്സവഘോഷമറിയാ-
മവയുടെ കുലുങ്ങിച്ചിരിയില്‍

പടക്കം പൊട്ടുന്ന പോലിടയ്ക്ക്
കേള്‍ക്കും ശബ്ദമതെന്തെന്നു
ചിന്തിച്ചു ചോദിച്ചു
ഞാനെന്‍റെ മുത്തച്ഛനോട്
ഉത്തരം കിട്ടിയതിങ്ങനെ -
"അങ്ങ് മുകളില്‍
തട്ടിന്‍ പുറത്താരോ
നാളീകേരമൊത്തിരി
പെറുക്കിക്കൂട്ടുന്നതാണെന്‍റെ
പൊന്നു മകനേ "

തീര്‍ന്നില്ല പിഞ്ചു-
മനസ്സിന്‍റെ സംശയം :
" അങ്ങനെയെങ്കിലീ
വെട്ടമെവിടെ നിന്ന് ?"
ഉടനെത്തി മറുപടിയിവ്വിധം -
"ഇരുളറയ്ക്കുള്ളില്‍
പന്തം തെളിച്ചു കാണും
തട്ടിനിടയിലൂടതിന്‍ വെളിച്ചം
മിന്നലൊളിയായ്
എത്തിടുന്നതത്രേ !"
പന്തമോ കുന്തമോ
എനിക്കറിയാത്തതാലൊന്നും
പറയാതെ നിന്നു

കുറി മുണ്ടുടുത്തിട്ട് മുറ്റത്തിറങ്ങി
നിങ്ങളെ സ്വീകരിയ്ക്കാ-
നെനിയ്ക്കിഷ്ടമായിരുന്നു ;
തല നനയരുതെന്നമ്മയോതി
നനയുന്നതെത്ര രസമെന്നു ഞാനും
ഇന്നും പലപ്പോഴും
ഉള്ളിലായ് കേള്‍ക്കാം
മഴയില്‍ നനഞ്ഞ് ,
ചെളിയില്‍ കുളിച്ച് ,
കളിച്ചു തിമിര്‍ക്കുമൊരു
പിഞ്ചു ബാലന്‍റെ
ആഹ്ലാദാരവം


ആപ്പിള്‍ തിന്നവര്‍ ആപ്പില്‍












കൊച്ചിയിലെ
'കടവിലാന്‍ & ചെറുവാര 'ഫ്രൂട്ട് സ്റ്റാളില്‍ നിന്നും ആപ്പിള്‍ വാങ്ങി കഴിച്ചവര്‍ക്ക് തലചുറ്റലും ഛര്‍ദ്ദിയും, ചിലരുടെ തൊണ്ടയില്‍ ആപ്പിള്‍ കഷണം കുടുങ്ങി .

കമന്‍റ്:ദൈവാധീനം , അത്രേ സംഭവിച്ചുള്ളല്ലോ !


(വാര്‍ത്ത : ആപ്പിള്‍ എ ഡേ പ്രോപര്‍ട്ടീസ് ഉടമകള്‍ അറസ്റ്റില്‍ )

'കുടി'പ്പള്ളിക്കൂടം



















ബോര്‍ഡ്-

വാഹനങ്ങള്‍
പരമാവധി വേഗം കുറച്ചു പോവുക .'കുടി' പ്പള്ളിക്കൂടം അരികെ !'കുട്ടികള്‍ക്ക്' ശല്യം ഉണ്ടാക്കരുത് !

വെള്ളിയാഴ്‌ച, ജൂൺ 24, 2011

മൂലമറ്റം പറഞ്ഞു തരുന്നത് ...........



















കഴിഞ്ഞ
കുറെ നാളുകളായി സ്ത്രീകള്‍ക്കെതിരായ പരാക്രമങ്ങള്‍ കൂടി വരികയാണെന്ന് നമുക്കറിയാം . അവസാനത്തെ അറിയപ്പെടുന്ന ഇരയാണ് തസ്നി ബാനു (അറിയപ്പെടാത്തവര്‍ എത്രയോ ആയിരങ്ങള്‍ ) .എല്ലാവരും, ആബാലവൃദ്ധം ഇത്തരം കാര്യങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്ന തിരക്കിലാണ്. കേരളീയ സമൂഹമാകെ സദാചാര പോലീസിനെ കല്ലെറിഞ്ഞു , വിദ്യാര്‍ഥി രാഷ്ട്രീയക്കാര്‍ യഥാര്‍ത്ഥ പോലീസിനെയെന്ന പോലെ . നമ്മള്‍ യുവജനതയും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ പ്രതിഷേധപ്പട നയിച്ചു .ഒക്കെ ശരി തന്നെ , ഇതെല്ലാം ആവശ്യവുമാണ്. എന്നാല്‍ കണ്ണില്‍ക്കണ്ട എല്ലാ വാര്‍ത്തയ്ക്കിട്ടും പോസ്റ്റുമ്പോഴും കമന്‍റുമ്പോഴും ( തസ്നി സംഭവം അല്ല ഉദ്ദേശിച്ചത് ) ചില വാര്‍ത്തകള്‍ നമ്മുടെ കണ്ണില്‍ പെടുന്നില്ല എന്നത് ദൌര്‍ഭാഗ്യകരമാണ്.സ്ത്രീകള്‍ക്കെതിരായ അക്രമമല്ല ഒരു അപകടമാണ് ഞാന്‍ ഇവിടെ വിഷയമാക്കുന്നത്. മൂലമറ്റം പവര്‍ ഹൌസിലെ ജനറേറ്ററിന്‍റെ കണ്‍ട്രോള്‍ പാനല്‍ പൊട്ടിത്തെറിച്ച് ഒരു യുവ വനിതാ അസിസ്റ്റന്‍റ് എന്‍ജിനിയര്‍ അടക്കം രണ്ട് പേര്‍ പോള്ളലേറ്റ് അത്യാസന്ന നിലയിലാണ് .

ടി സംഭവത്തിനു ശേഷം വനിതാ സംഘടനകളോ സാമൂഹ്യ പ്രവര്‍ത്തകരോ ഒന്നും തൊഴില്‍ സ്ഥലത്തെ സുരക്ഷയെപ്പറ്റി ഒന്നും ഉരിയാടിക്കണ്ടില്ല . ഒരു മാസം മുന്‍പ് മാത്രം വിവാഹം കഴിഞ്ഞ പെണ്‍കുട്ടിക്കും ജീവിതത്തെക്കുറിച്ച് സ്വപ്‌നങ്ങള്‍ കാണുമല്ലോ
.വിദേശ രാജ്യങ്ങളിലെയും ഉത്തരേന്ത്യയിലെയും ഖനികള്‍ പോലെ തന്നെ അപകടം പിടിച്ചതാണ് പഴകിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത കേരളത്തിലെ മിക്ക ടെക്നിക്കല്‍ തൊഴില്‍ മേഖലകളും.അതോ സ്ത്രീകള്‍ .റ്റി . മേഖലയില്‍ മാത്രം സുരക്ഷിതരായിരുന്നാല്‍ മതിയോ? ആളെക്കൂട്ടാനോ നേരംപോക്കിനോ വേണ്ടി മാത്രമുള്ളതാണോ പൌരബോധം ?ഈജിപ്ത്തില്‍ ഈയിടെ നടന്ന വിപ്ലവത്തിന് കാരണക്കാരന്‍ നമ്മുടെ ഒരു 'ചങ്ങാതി ' യാണെന്ന് മറക്കരുത് .

നമുക്കും ചിലത് സാധിക്കും, വാക്കുകളിലൂടെയും പ്രവൃത്തിക
ളിലൂടെയും. കേരളത്തിന്‍റെ വൈദ്യുതി ക്ഷേത്രമാണ് മൂലമറ്റം പവര്‍ ഹൌസ് .ഇത്ര പ്രാധാന്യമുള്ള തൊഴിലിടങ്ങളില്‍ പോലും മതിയായ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാരിന് കഴിയാതെ പോകുന്നു . എന്നിട്ട് വളരെ 'സ്മാര്‍ട്ട്' ആയും 'എക്സ്പ്രസ്സ്‌ ' വേഗത്തിലും സംസാരിക്കുന്നു .നമുക്ക് വെളിച്ചം കിട്ടാന്‍ എരിഞ്ഞു കത്തിയ മെഴുകുതിരി നാളമായി മെറിന്‍ ഐസക്കിനെയും പ്രഭയെയും കരുതി അവരുടെ തിരിച്ചു വരവിനായി പ്രാര്‍ത്ഥിക്കാം .വികസനത്തിനായി കോടികള്‍ മുടക്കുന്ന സര്‍ക്കാര്‍ ഒന്ന് മനസിലാക്കണം , അടിസ്ഥാന പാഠങ്ങള്‍ മറന്നു കൊണ്ടുള്ള വികസനം ഫലപ്രദമാകില്ല. ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ കഴിഞ്ഞു മതി മറ്റെന്തും .ഇനി ഇത്തരം അനാസ്ഥ ഉണ്ടായിക്കൂടാ .ഉണരൂ സുഹൃത്തെ ,നിങ്ങളുടെ പ്രതികരണങ്ങളിലൂടെ അധികാരികള്‍ ഉണരട്ടെ , ഉറക്കം നടിക്കുന്നവര്‍ ഒഴികെ ............
ജൂണ്‍ 25 : മെറിന്‍ ഐസക്‌ ഇന്ന് രാത്രി എറണാകുളത്തെ സ്വകാര്യ
ശുപത്രിയില്‍ വെച്ച് മരിച്ചു

ചൊവ്വാഴ്ച, ജൂൺ 21, 2011

എന്‍റെ സ്വാശ്രയചിന്തകള്‍(തലവരി നല്‍കാത്തത് )




"
ആരെങ്കിലും ഒന്ന് ഓടി വരണേ, പോത്ത് കുത്താന്‍ വരുന്നേ " -എന്ന്‍ അലറിവിളിച്ച്‌ ജീവന്‍ രക്ഷിക്കാന്‍ മരത്തില്‍ തത്തിക്കയറിയ ആളുടെ ദയനീയ അവസ്ഥയിലാണ് സ്വാശ്രയ മെഡിക്കല്‍ -എന്‍ജിനിയറിംങ് ഫീസ്‌ നിര്‍ണയ പ്രശ്നത്തില്‍ നട്ടം തിരിയുന്ന യു. ഡി .എഫ് . സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും.മുന്‍ എല്‍ .ഡി .എഫ് സര്‍ക്കാര്‍ വെച്ച മയക്കുവെടി ഏശാതെ മൂക്കുകയറുപോലും പൊട്ടിച്ചു ഇടഞ്ഞോടുന്ന ഈ പോത്തിനെ ആര് തളയ്ക്കും? സമുദായ 'സാമൂതിരി 'മാര്‍ നാട് ഭരിക്കുമ്പോള്‍ "തമ്പ്രാ കല്പിച്ചാലും " എന്ന് പറഞ്ഞു അനുസരിക്കാനല്ലേ കാലാകാലങ്ങളില്‍ മാറി വരുന്ന 'പടത്തലവന്മാര്‍ക്കും' 'മന്ത്രി ' മാര്‍ക്കും കഴിയൂ .സമ്പത്ത് , സമുദായപ്രീണനം, ഭരണനഷ്ടഭീതി, അധികാരക്കൊതി എന്നിങ്ങനെയുള്ള കണ്ണികള്‍ ചേര്‍ത്തു വിളക്കിയ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട്‌ 'ചാടിക്കളിക്കുന്ന കുഞ്ഞിരാമന്‍'മാരാകാനാണല്ലോ കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ തലേവര !