Powered By Blogger

വ്യാഴാഴ്‌ച, സെപ്റ്റംബർ 15, 2011

ദൈവത്തിനും വേണ്ടാത്ത മലീമസ നാട് - കേരളം


ദൈവത്തിന്റെ സ്വന്തം നാട് എന്ന ഖ്യാതി ലോകമൊട്ടുക്കും കേരളത്തിനു നേടി കൊടുത്തത് അതിന്റെ പ്രകൃതി രമണീയതയാണ് . പച്ച പുതച്ച മലകളും താഴ്വരകളും കാടുകളും കണ്ടല്‍ വനങ്ങളും നാനാ ജാതി സസ്യ ജന്തു പക്ഷി ജാലങ്ങളും കളകളം പാടി സ്വച്ഛന്ദം ഒഴുകുന്ന അരുവികളും പുഴകളും കായലുകളും കടലോരവും പാടശേഖരങ്ങളും കുളിര്‍മ പകരുന്ന കാലാവസ്ഥയും നാടന്‍ ഭക്ഷ്യ വിഭവങ്ങളും തനത് ആയുര്‍വേദ ചികിത്സാ വിധികളും സര്‍വ്വോപരി മലയാളികളുടെ സ്നേഹ സമ്പന്നതയും എല്ലാം ചേര്‍ന്ന് കേരളം വിനോദ സഞ്ചാരികളുടെ പറുദീസയായി മാറി . നാടിന്റെ സമ്പദ് വ്യവസ്ഥയെ കുറച്ചൊന്നുമല്ല ടൂറിസം സഹായിക്കുന്നത് .

എന്നാല്‍ അതേ കരുതല്‍ സര്‍ക്കാരും പൊതു ജനങ്ങളും ടൂറിസം മേഖലയ്ക്കും ടൂറിസ്ടുകള്‍ക്കും നല്‍കുന്നില്ല എന്നതില്‍ തര്‍ക്കമില്ല . ടൂറിസം മേഖലകളില്‍ പ്രകൃതിക്ക് കോട്ടം വരുത്താത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ മതിയായ സുരക്ഷാ ഉറപ്പു വരുത്തുന്നതിനോ സര്‍ക്കാര്‍ കാര്യമായി ശ്രമിക്കുന്നില്ല . ടൂറിസത്തെപ്പറ്റിയുള്ള പ്രചാരണ പരിപാടികള്‍ കാര്യ ക്ഷമമായി നടപ്പിലാക്കുന്നില്ല അപകടങ്ങള്‍ തുടര്‍ കഥകളാകുന്നു . പ്ലാസ്റിക് - ഭക്ഷ്യ മാലിന്യങ്ങള്‍ കൊണ്ട് വിനോദ സഞ്ചാര പ്രദേശങ്ങള്‍ നിറയുന്നു . സാംക്രമിക രോഗങ്ങളുടെ പറുദീസാ തന്നെയാണ് വൃത്തിഹീനമായ ഇത്തരം സ്ഥലങ്ങള്‍ . ഓരോ വര്‍ഷവും കേരളത്തിലേയ്ക്ക് വരുന്ന വിദേശീയരും മറ്റു സംസ്ഥാനക്കാരുമായ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകുന്നു .

ഒരു ഉദാഹരണം പറയാം , ടൂറിസം മേഖലയിലെ മലിനീകരണത്തെ കുറിച്ച് . കായലിലൂടെ കെട്ടു വള്ളങ്ങളിലുള്ള യാത്ര ഏതു സഞ്ചാരിയുടെയും ആവേശമാണ് . ആയിരക്കണക്കിന് വരുന്ന ഹൌസ് ബോട്ടുകളില്‍ വളരെ കുറച്ചു എണ്ണത്തിന് മാത്രമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമുള്ളത് . ഇവ പുറംതള്ളുന്ന മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ജലാശയങ്ങളുടെ പരിതസ്ഥിതിയ്ക്ക് കോട്ടം വരുത്തുന്നതാണ് . കൊളിഫോന്‍ ബാക്ടീരിയകള്‍ ക്രമാതീതമായി വെള്ളത്തില്‍ വര്‍ധിച്ചിരിക്കുന്നു . മത്സ്യ സമ്പത്ത് കുറഞ്ഞു വരുന്നു . നീര്‍ക്കാകളെ കാണാനില്ല . ഭാവിയില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കാന്‍ ഇത് കാരണമാകും . അധികാരികളുടെ അടിയന്തിര നടപടി ഇക്കാര്യത്തില്‍ ഉണ്ടാവണം .

മാലിനി സംസ്കര പ്ലാന്റുകള്‍ സ്ഥാപിക്കുകയും മാലിന്യ അവിടെ നിക്ഷേപിക്കാത്ത ഹൌസ് ബോട്ടുകള്‍ക്കും മറ്റുമെതിരെ ശക്തമായ നടപടിയെടുക്കുകയും വേണം . കേരളത്തിലും വിദേശത്തും ഒക്കെയായി നിരവധി വിനോദ സഞ്ചാര മേഖലകളില്‍ പോകുന്നവരാണ് നാമെല്ലാം . ഒരു താരതമ്യ പഠനം നമ്മുടെ നിലവാര തകര്‍ച്ചയെപ്പറ്റി മനസ്സിലാക്കുന്നതിനും തിരുത്തല്‍ നടപടി സ്വീകരിക്കുന്നതിനും കാരണമായേക്കാം . കേരളത്തിന്റെ പൊന്മുട്ടയിടുന്ന താറാവാണ് അതിന്റെ സ്വാഭാവിക പ്രകൃതി . അതിനെ കൊല്ലാതെ സംരക്ഷിക്കുക എന്നതു സര്‍ക്കാരിന്റെയും പൊതു ജനത്തിന്റെയും കടമയാണ് , ശോഭനമായ നാളേയ്ക്ക് ആവശ്യമാണ്‌ . ദൈവത്തിനെ സ്വന്തം നാടായ കേരളം മാലിന്യ കൂമ്പാരങ്ങളുടെ നാടായി മാറാതിരിക്കട്ടെ .

സിനിമയില്‍ കണ്ടത് പോലെ




" കൊച്ചിയെത്തീ .................."


എന്നു കേരളത്തെ കുറിച്ച് അറപ്പോടും സഹതാപത്തോടും പറയുവാന്‍ നമുക്കോ വരും തലമുറയ്ക്കോ വിനോദ സഞ്ചാരികള്‍ക്കോ ഇടവരാതിരിക്കട്ടെ .

വ്യാഴാഴ്‌ച, സെപ്റ്റംബർ 08, 2011

അമ്മുവിന്‍റെ ഓണം

അമ്മുമോള്‍ പതിവിലും കവിഞ്ഞ സന്തോഷത്തിലാണ് .അവളുടെ അച്ഛന്‍ ഓണം കൂടാന്‍ അടുത്ത മാസം നാട്ടിലെത്തുമെന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട് . അമ്മു ആദ്യമായി അച്ഛനെ നേരില്‍ കാണാന്‍ പോവുകയാണ് , അച്ഛന്‍ അവളെയും.അമ്മു ജനിക്കുന്നതിനു മുന്പ് അയാള്‍ വിദേശത്തെ ജോലി സ്ഥലത്തേയ്ക്ക് തിരിച്ചു പോയതാണ് , ഇപ്പോള്‍ അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു . അമ്മു മിടുമിടുക്കിയാണ് . ആരെയെങ്കിലും അടുത്ത് കിട്ടിയാല്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കും . നേഴ്സറിയില്‍ പഠിക്കുകയാണ് .അമ്മയുടെ അലമാരയില്‍ നിന്നും അവള്‍ എന്നും അച്ഛന്റെ ഫോട്ടോ എടുത്തു വെച്ചു ഉമ്മ കൊടുക്കുന്നതും ഒത്തിരി ഒത്തിരി കാര്യങ്ങള്‍ അച്ഛനോട് പറയുന്നതും കാണാം. അവളുടെ ഇംഗ്ലീഷ് പഠനം മുഴുവന്‍ അച്ഛനെ ചുറ്റിപ്പറ്റിയാണ് . അമ്മു എപ്പോഴും ഇങ്ങനെ പറഞ്ഞു കൊണ്ട് നടക്കും -" മൈ ഫാദര്‍ ഈസ്‌ സതീഷ്‌ . ഹി ഈസ്‌ ആന്‍ ഇലക്ട്രീഷന്‍ ". അച്ഛന്‍ വരുന്ന കാര്യം അറിഞ്ഞപ്പോള്‍ മുതല്‍ വലിയ ആവേശത്തിലാണ് പുള്ളിക്കാരി. അച്ഛന്‍ വിളിക്കുമ്പോള്‍ തനിക്കായി കൊണ്ടുവരേണ്ട സമ്മാനങ്ങളുടെ ഒരു നീളന്‍ ലിസ്റ്റ് എന്നും അവതരിപ്പിക്കും . ഈ കുട്ടികുറുമ്പുകാരിയുടെ ചിണുങ്ങല്‍ കേട്ടു മടുത്ത് ഓണത്തിനും വളരെ നേരത്തെ ചെറിയച്ഛന്‍ മുറ്റത്തെ മാവിന്റെ ചാഞ്ഞ കൊമ്പില്‍ ഒരു ഊഞ്ഞാല്‍ കെട്ടികൊടുത്തു. കൂട്ടുകാര്‍ക്കൊപ്പം ഊഞ്ഞാല്‍ ആടുമ്പോള്‍ അവള്‍ പറയും- " എന്‍റെ അച്ഛന്‍ ഓണത്തിനു വരുമല്ലോ . പുത്തന്‍ ഉടുപ്പും പാവേം കളിപ്പാട്ടോം ചോക്ലേറ്റും ഒക്കെ കൊണ്ട് വരുമെന്ന് മുത്തശ്ശി പറഞ്ഞു .നിങ്ങള്‍ക്കും തരാട്ടോ ".


സതീശന്‍ പ്രാരാബ്ധങ്ങളുടെ നടുവില്‍ വളര്‍ന്നയാളാണ് .അയാള്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അസുഖം ബാധിച്ച് തെങ്ങ് കയറ്റ തൊഴിലാളിയായ അച്ഛന്‍ മരിച്ചു പോയി . അമ്മ അയല്‍വീടുകളില്‍ കൂലി വേല ചെയ്താണ് സതീശനെയും അവന്റെ മൂന്ന് പെങ്ങമാരെയും വളര്‍ത്തിയത് .റബ്ബര്‍ ടാപ്പിങ്ങും പത്ര വിതരണവും ഒക്കെയായി തന്നാലാവും വിധം അവന്‍ അമ്മയെ സഹായിച്ചു . പഠിക്കാന്‍ മിടുക്കനായിരുന്നെങ്കിലും പ്രീഡിഗ്രിയോടെ പഠനം നിര്‍ത്തേണ്ടതായി വന്നു. എങ്കിലും പിന്നീട് ഇലക്ട്രീഷന്‍ ഡിപ്ലോമ പാസ്സായി . അങ്ങനെയിരിക്കെ അയാളുടെ ബന്ധുവിന്റെ പരിചയക്കാരന്‍ വഴി ഒരു ആഫ്രിക്കന്‍ രാജ്യത്തേയ്ക്ക് വിസ ശരിയായി .വീട്ടുകാരെയും ജനിച്ചു വളര്‍ന്ന നാടിനെയും പിരിഞ്ഞിരിക്കാന്‍ വിഷമമുണ്ടെങ്കിലും അമ്മയുടെയും പെങ്ങമ്മാരുടെയും ദൈന്യം മുറ്റിയ മുഖങ്ങള്‍ അയാളെ അന്യനാട്ടിലേയ്ക്ക് തള്ളി വിട്ടു .നല്ല ഭക്ഷണം കഴിക്കാതെ , നല്ല വസ്ത്രങ്ങള്‍ വാങ്ങാതെ ഓരോ നയാ പൈസയും അയാള്‍ മാറ്റിവെച്ചു , മാസാമാസം അമ്മയുടെ പേരില്‍ അയച്ചു കൊടുത്തു. ചോര്‍ന്നൊലിക്കുന്ന ഓലപ്പുര ഓടുമേഞ്ഞു പുതുക്കാനും മൂന്നു പെങ്ങമ്മാരെയും കെട്ടിച്ചയയ്ക്കാനും സതീശന് കഴിഞ്ഞു .


ഇളയ പെങ്ങളുടെ വിവാഹത്തില്‍ മാത്രമേ സതീശന് പങ്കെടുക്കാനായുള്ളൂ ; വര്‍ഷാവര്‍ഷം നാട്ടില്‍ വന്നു പോകാനുള്ള സാമ്പത്തികം അയാള്‍ക്കില്ലല്ലോ. അത്തവണ അയാളുടെ വിവാഹവും നടന്നു . തനിക്കൊന്നും സ്വരുക്കൂട്ടാന്‍ കഴിഞ്ഞില്ലെന്നുള്ള വിഷമമൊന്നും അയാള്‍ക്കില്ലായിരുന്നു . തന്റെ കടമകള്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു, അതു മാത്രംമതി . ഇനിയും സമയമുണ്ടല്ലോ . മുണ്ട് മുറുക്കിയുടുത്ത് ആവുന്നത് സമ്പാദിക്കുക, കുറച്ചു സ്ഥലം വാങ്ങുക, സാമാന്യം നല്ല വീട് വെയ്ക്കുക , പ്രായമായ അമ്മയ്ക്കും പ്രിയ ഭാര്യക്കും പിറക്കാനിരിക്കുന്ന മക്കള്‍ക്കുമൊപ്പം സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുക, തനിക്ക്‌ പഠിക്കാന്‍ കഴിയാതിരുന്നതിന് പകരം മക്കളെ വലിയ നിലയില്‍ പഠിപ്പിച്ചു ഉന്നത നിലയിലാക്കുക ഇതൊക്കെയാണ് ഏതൊരു പ്രവാസിയേയും പോലെ സതീശന്റെയും സാധാരണത്വമാര്‍ന്ന പ്രതീക്ഷകള്‍ അഥവാ ആഗ്രഹങ്ങള്‍ . ശുഭപ്രതീക്ഷകളാണല്ലോ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തി. സതീശന്റെ സ്വപ്നങ്ങളുടെ സ്വാഭാവിക ബഹിര്‍ഗമനം എന്നത് പോലെ ഒരു പഴയ മലയാള സിനിമാഗാനത്തിന്റെ ഈരടികള്‍ അയാളുടെ ചുണ്ടില്‍ എപ്പോഴും തത്തിക്കളിച്ചു - " നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് ...... അതില്‍ ............."


നാട്ടില്‍ നിന്നും തിരിച്ച് ജോലി സ്ഥലത്തേയ്ക്ക് പോയതിന്റെ അടുത്ത മാസം നാട്ടില്‍ നിന്നും ഭാര്യ സിന്ധുവിന്റെ ഫോണ്‍ കോള്‍ . സാധാരണയില്ലാത്ത ഒരു നാണമോ ആര്‍ദ്രതയോ ഒക്കെ ആ സ്വരത്തില്‍ നിഴലിക്കുന്നതായി സതീശന് തോന്നി . ഒന്നും മനസ്സിലാകാതെ വന്നപ്പോള്‍ അയാള്‍ ചോദിച്ചു -" നീ മടിക്കാതെ പറയെടീ, എന്താ കാര്യം ? " . അപ്പുറത്ത് മൌനം . പലവട്ടം നിബന്ധിച്ചപ്പോള്‍ അവള്‍ പറയുകയാണ്‌ - " ചേട്ടനൊരു അച്ഛനാകാന്‍ പോകുന്നു ". സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്ന് അയാള്‍ക്ക്‌ തോന്നി . ഇപ്പോള്‍ അവള്‍ അടുത്തുണ്ടായിരുന്നെങ്കില്‍ .....തനിക്കിത്രയും ആവേശമാണെങ്കില്‍ അവളുടെ കാര്യം പറയാനുണ്ടോ? പിന്നീടുള്ള ഓരോ നിമിഷങ്ങളും എണ്ണിയെണ്ണി കഴിയുകയായിരുന്നു അയാള്‍ .പത്തു മാസം കടന്നു പോകാന്‍ ഇത്ര താമസമോ ? . ഒടുവില്‍ അയാള്‍ കാത്തിരുന്ന വാര്‍ത്തയും ചെവിയിലെത്തി . താനൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായിരിക്കുന്നു. പിറക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ നല്‍കാന്‍ ഉദ്ദേശിച്ച ശാലിനി എന്ന പേര് അയാള്‍ തന്നെ ഫോണിലൂടെ ചൊല്ലി വിളിച്ചു . അമ്മു എന്ന വിളിപ്പേരും നിര്‍ദേശിച്ചു . ഭാര്യ അയയ്ക്കുന്ന കത്തുകളിലൂടെയും ഫോണ്‍ വിളിയിലൂടെയും കുഞ്ഞിനെപ്പറ്റിയുള്ള ഓരോ കാര്യവും അയാള്‍ അറിഞ്ഞു കൊണ്ടിരുന്നു . ഓരോ മാസവും കുഞ്ഞിന്റെ പുതിയ ഫോട്ടോയും അയച്ചു കിട്ടിയിരുന്നു . സുന്ദരിക്കുട്ടി .


അങ്ങനെ അഞ്ചു വര്‍ഷങ്ങള്‍ കടന്നു പോയി .മകള്‍ കുറച്ച് വളര്‍ന്നിരിക്കുന്നു . അവളുടെ കളിചിരിയും കൊഞ്ചലുകളുമാണ് ഇപ്പോള്‍ ഏക ആശ്വാസവും കൂടുതല്‍ കഷ്ടപ്പെടാനുള്ള പ്രചോദനവും . തന്‍റെ മകളെ കാണാന്‍ ഉല്‍ക്കടമായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അയാള്‍ നാട്ടിലേയ്ക്ക് പോയില്ല . തന്‍റെ ഉത്തരവാദിത്തങ്ങള്‍ കൂടിയിരിക്കുന്നു . കുഞ്ഞിന്റെ ഭാവി സുരക്ഷിതമാക്കണം. അതിനു പണം ആവശ്യമാണ് . കഴിഞ്ഞ അഞ്ചു വര്‍ഷവും ദിനരാത്രഭേദമില്ലാതെ അത്യധ്വാനം ചെയ്യുകയായിരുന്നു . ചിലവുകള്‍ പരമാവധി വെട്ടിച്ചുരുക്കി കഴിയാവുന്നത്ര തുക മാറ്റി വെച്ചു. ഇനി സ്വന്തം നാട്ടില്‍ തന്നെ കുടുംബത്തോടൊപ്പം കഴിയണം . അന്യനാട്ടിലേയ്ക്കൊരു തിരിച്ച് പോക്കില്ല . ഓണമാകാന്‍ ഇനി ഏതാനും ദിവസങ്ങളെയുള്ളൂ. ഇത്തവണ ഓണം ആഘോഷിക്കാന്‍ പോകുന്നത് അമ്മു മോളോടും കുടുംബത്തോടുമൊപ്പം . ഓര്‍ക്കുന്തോറും നാട്ടിലെത്താനുള്ള അയാളുടെ ആവേശം ഇരട്ടിച്ചു വന്നു .


യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയില്‍ പലയിടങ്ങളും ആഭ്യന്തരകലാപങ്ങള്‍ തുടങ്ങിയെന്ന്‍ അറിഞ്ഞെങ്കിലും അയാള്‍ കാര്യമാക്കിയില്ല. പത്രത്തില്‍ വാര്‍ത്ത വായിച്ചിട്ട് വീട്ടുകാര്‍ വിളിച്ചപ്പോഴും കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു . ആരും വിമാനത്താവളത്തില്‍ വരേണ്ട , തനിച്ച് വീട്ടിലേയ്ക്ക് വന്നുകൊള്ളാം എന്നയാള്‍ പറയുകയും ചെയ്തു . പക്ഷെ കാര്യങ്ങള്‍ തകിടം മറിഞ്ഞത്‌ പെട്ടെന്നായിരുന്നു . വിമാനത്താവളത്തിലെയ്ക്കുള്ള യാത്രയ്ക്കിടയില്‍ ആയുധധാരികളായ കലാപകാരികള്‍ സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി എല്ലാവരെയും കൊള്ളയടിയ്ക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു . അനേകം നിരപരാധികള്‍ പിടഞ്ഞു വീണു മരിക്കുന്ന കാഴ്ച കാണേണ്ടിവന്നു അയാള്‍ക്ക്. ഭാഗ്യം കൊണ്ട് ജീവന്‍ തിരിച്ച് കിട്ടിയെങ്കിലും ഉടുതുണിയൊഴിച്ചുള്ളതെല്ലാം അയാള്‍ക്ക് നഷ്ടപ്പെട്ടു . അധികം തുക അയാള്‍ നാട്ടിലേയ്ക്ക് അയച്ചിരുന്നില്ല . വിലപിടിപ്പുള്ള വസ്തുക്കളും പണവും എല്ലാം അക്രമികള്‍ തട്ടിയെടുത്തു . റോഡരികിലുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന സതീശനും ഏതാനും പേരും മാത്രമേ രക്ഷപെട്ടുള്ളൂ .പിന്നീട് പട്ടാളക്കാര്‍ അവരെ സുരക്ഷിത സ്ഥാനത്ത്‌ എത്തിച്ചു .രണ്ടു ദിവസത്തിനു ശേഷം കലാപം കെട്ടടങ്ങിയപ്പോള്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹായത്താല്‍ അയാളും മറ്റ് ഇന്ത്യക്കാരും നാട്ടില്‍ തിരിച്ചെത്തി , അങ്ങോട്ട്‌ പോയത് പോലെ തന്നെ വെറുംകയ്യോടെ അല്ലെങ്കില്‍ അതിലും ദയനീയമായി . മരണത്തെ മുഖാമുഖം കണ്ടതിന്റെ ഞെട്ടല്‍ ആരെയും വിട്ടു മാറിയിട്ടില്ല . ടാക്സി കൂലി ഏതോ സഹൃദയന്‍ മുന്‍കൂര്‍ നല്‍കിയതിനാല്‍ വീട്ടുപടിക്കലെത്തി . ഉത്രാടത്തിനെങ്കിലും വീടണയാന്‍ കഴിഞ്ഞല്ലോ , ഈശ്വരാധീനം .

വെറും കയ്യോടെ അവശനായി പടി കടന്നു വരുന്ന സതീശനെ കണ്ട് കാത്തു നിന്ന വീട്ടുകാരും സുഹൃത്തുക്കളും കാര്യമറിയാതെ അന്ധാളിച്ചു നിന്നു . യാത്ര തിരിക്കുന്നതിനു മുന്‍പ്‌ വിളിച്ചു പറയാതിരുന്നതിന്റെ പരിഭവം എല്ലാവരുടെയും മുഖത്ത് തെളിഞ്ഞു നില്‍ക്കുന്നു.അയാള്‍ അവിടെ തന്നെ തറഞ്ഞു നിന്ന് പോയി . താന്‍ ഇവരോട് എന്ത് സമാധാനം പറയും? അതാ തന്‍റെ മകളും മ്ലാനവദിയായി വാതില്‍ പടിയില്‍ നില്‍ക്കുന്നു . അച്ഛനെ ആദ്യം കാണുന്നതിന്റെ അകല്‍ച്ച പെട്ടെന്ന് തന്നെ മാറി അമ്മു മോള്‍ അച്ഛാഎന്ന് വിളിച്ച് അയാളുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു .അയാള്‍ മകളെ ഇരു കൈകള്‍ കൊണ്ടും വാരിയെടുത്ത് ഉമ്മ നല്‍കി ." എന്റെ പോന്നു മോളെ ". അമ്മുമോള്‍ ചുറ്റും നോക്കിയിട്ടും താന്‍ പ്രതീക്ഷിച്ച പോലുള്ള വലിയ സമ്മാനപ്പൊതികള്‍ കാണാതായതോടെ നിരാശയായി . കഴിഞ്ഞ ദിവസം കൂടി അച്ഛന്‍ പറഞ്ഞതാണല്ലോ ? പതിയെ എല്ലാവരും യാഥാര്‍ത്ഥ്യം മനസ്സിലാക്കി . അതോടെ ജീവന്‍ തിരിച്ച് തന്ന ഈശ്വരന് നന്ദി പറഞ്ഞു . അമ്മുമോള്‍ പറഞ്ഞു - " അച്ഛന്‍ ഇനി എങ്ങോട്ടും പോവേണ്ട . മോള്‍ക്കൊപ്പം എന്നും ഇവിടെത്തന്നെ വേണം . എനിക്ക് ചോക്ലേറ്റും പാവേം ഒന്നും വേണ്ട . എന്റെ അച്ഛനെ മതി ". നെഞ്ചില്‍ ആര്‍ത്തലയ്ക്കുന്ന സങ്കടക്കടല്‍ കണ്ണീര്‍ അലമാല തീര്‍ക്കാതിരിക്കാന്‍ അയാള്‍ നന്നേ പണിപ്പെട്ടു . പിറ്റേന്ന് തിരുവോണ ദിനത്തില്‍ കുടുംബാംഗങ്ങളോടൊപ്പം അധികം വിഭവങ്ങളൊന്നുമില്ലാതെ തൂശനിലയില്‍ സദ്യ ഉണ്ണുമ്പോള്‍ ഭാവിയിലേയ്ക്ക് പ്രതീക്ഷയോടെ നോക്കി കൊണ്ട് മനസ്സാ മന്ത്രിച്ചു - " ഉള്ളത് കൊണ്ട് ഓണം പോലെ "


വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

അഴിമതി വല , അഴിയാ മാറാല


അഴിമതിക്കെതിരായ രാംലീലയിലെ സമരലീല അവസാനിപ്പിച്ചതിനു ശേഷം കൈകള്‍ രണ്ടും വിരിച്ച് അനുയായികളെ അഭിവാദനം ചെയ്യുന്ന അണ്ണാ ഹസാരെയുടെ മുഖത്ത് എല്ലാം നേടിയ ഒരു വിശ്വവിജയിയുടെ ഗൂഢസ്മിതം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു . സുശക്തമായ ലോക്പാല്‍ നിയമം കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങി എന്നത് തീര്‍ച്ചയായും അങ്ങയുടെ ഗാന്ധിയന്‍ സമര രീതിയുടെ വിജയം തന്നെയെന്ന് നിസ്സംശയം പറയാം.പക്ഷേ, ഓടിക്കൂടിയ പൊതു ജനത്തിന്‍റെ ജയ് വിളികളും സ്തുതിപാഠകാരുടെ തേനില്‍ പൊതിഞ്ഞ പുകഴ്ത്തലുകളും ദൃശ്യശ്രവ്യപത്രമാധ്യമങ്ങളിലൂടെ ലഭിച്ച അന്താരാഷ്ട്രതലത്തിലുള്ള ശ്രദ്ധയും അങ്ങയെ ഉന്മത്തനാക്കി കൂടാ .പ്രധാന മന്ത്രിയെയും നീതി പീഠത്തെയും ജനപ്രതിനിധികളെയും ലോക്പാല്‍ കൂട്ടിലടച്ചത് കൊണ്ട് മാത്രം സമൂഹത്തിന്റെ എല്ലാ മേഖലകളിലും ആഴത്തില്‍ വേരോട്ടമുള്ള അഴിമതിയുടെ ഉന്മൂലനാശം എന്ന അന്തിമ ലക്‌ഷ്യം സാധിക്കാം എന്ന് കരുതുന്നത് ശുദ്ധ മൌഢ്യമാണ്.

രാജ്യത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയ ഒരു സമരത്തിലൂടെ സര്‍ക്കാരിനെ പേടിപ്പിച്ച് നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് വിമാനം റാഞ്ചി ,യാത്രക്കാരുടെ ജീവന് വില പറഞ്ഞ് ആവശ്യങ്ങള്‍ സാധിക്കുന്നത് പോലെ മാത്രമേ കാണാന്‍ കഴിയൂ .കാര്യങ്ങള്‍ കൈ വിട്ടു പോയാല്‍ വിമാനം കൂപ്പു കുത്തുന്നത് പോലെ ഭാരതമെന്ന നമ്മുടെ രാജ്യവും അതിലെ ജനങ്ങളുടെ ഭാവിയും നശിക്കും .സായുധ വിപ്ലവത്തിലേയ്ക്കും കൊള്ളയിലേക്കും കൊള്ളി വെയ്പ്പിലേയ്ക്കും നമ്മുടെ രാജ്യം പോയിക്കൂടാ . ജനാധിപത്യമെന്നാല്‍ ആള്‍ക്കൂട്ടാധിപത്യമല്ല. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വേണം ഏതു ലക്ഷ്യവും നേടാന്‍ .ഭരണഘടന പ്രകാരം എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും സ്വന്തം ചിന്താധാര മാത്രമാണ് ശരിയെന്ന മട്ടില്‍ അടിച്ചേല്‍പ്പിക്കുന്നത് ഒട്ടും ശരിയല്ല.കള്ളപ്പണത്തിന്റെയും അഴിമതിയുടെയും വക്താക്കള്‍ സത്യത്തില്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല ( നല്ലവര്‍ പൊറുക്കുക ) , യാതൊരു നിയന്ത്രണങ്ങളുമില്ലാതെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വ്യാജസന്നദ്ധ- ജീവ കാരുണ്യ പ്രസ്ഥാനങ്ങളും കൂടിയാണ് . അവിടെയാണ് ആദ്യംമാറ്റം വരേണ്ടത് . കായിക സംഘടനകളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആക്കുന്നു എന്നാ വാര്‍ത്ത ശുഭ സൂചകമാണ് .


അണ്ണാ ഹസാരെ , താങ്കളുടെ അഴിമതി വിരുദ്ധ സമരത്തെ മനസ് കൊണ്ട് ഏതൊരു ഇന്ത്യാക്കാരനെയും പോലെ അനുകൂലിക്കുന്ന സമയത്ത്‌ തന്നെ അഴിമതിക്ക്‌ ഇരയാകേണ്ടി വന്നതിന്റെ വിഷമം തെല്ലൊന്നുമല്ല. ആരാലും ശ്രദ്ധിക്കപ്പെടാതെ നടന്ന കുറിയവനായ താങ്കള്‍ , നാല്‍പ്പത്തെട്ടു വര്ഷം മുന്‍പ് (കൃത്യമായി പറഞ്ഞാല്‍ 1963 ഏപ്രില്‍ 3 ) കാച്ചിയെടുത്തു കലത്തില്‍ അടച്ചു വെച്ച ലോക്പാല്‍ എടുത്ത് ചൂടാക്കി കുടിച്ചതോടെ മൂന്നടി മണ്ണ് അളന്നെടുക്കാന്‍ തുനിഞ്ഞ വാമനനെപ്പോലെ വമ്പനായത് കണ്ടു അല്പം അസൂയ തോന്നിയെന്നത് പച്ചപ്പരമാര്‍ത്ഥം. അതിന്റെ ബഹിര്‍ സ്ഫുരണം പോലെ ഫോണ്‍ തകരാറായപ്പോള്‍ ലൈന്‍മാനോടു ഉടന്‍ ശരിയാക്കണമെന്ന ഉത്തരവും പുറപ്പെടുവിച്ചു , ഒരു അണ്ണാ ചമയല്‍ .ഒരാഴ്ചയായിട്ടും പൊട്ടിയ വല തുന്നാന്‍ ആളു വരാതായപ്പോള്‍ സമാധാനിക്കാന്‍ ഒരു പഴഞ്ചൊല്ല് അച്ഛന്‍ ചൊല്ലി തന്നു . എന്റെ മനസ്സ് തണുപ്പിക്കാന്‍ ഞാനത് ഉരുവിട്ടു കൊണ്ടേയിരുന്നു ..... ആന വാ പൊളിയ്ക്കുന്നത് കണ്ട് അണ്ണാന്‍ വാ പൊളിയ്ക്കരുത് ............ ആന വാ ............

മുന്‍പ്‌ ഫോണ്‍ തകാരായപ്പോഴൊന്നും നയാ പൈസ കൊടുക്കാത്തതിന് ലൈന്‍മാന്‍ വക ഒരു ചിന്ന പാര. ഏതായാലും കൈമടക്ക്‌ കൊടുക്കില്ല എന്ന് ഉറപ്പിച്ച് ദിവസവും നാലും അഞ്ചും തവണ വിളിച്ച് കക്ഷിയെ ശല്യപ്പെടുത്തി . മനസ്സിലെ ശാപവാക്കുകള്‍ തൊണ്ടയില്‍ കൂടി തിങ്ങി ഞെരുങ്ങി പുറത്ത്‌ വന്നപ്പോള്‍ അപേക്ഷയുടെ പുറംകുപ്പായം ധരിച്ചിരുന്നു . വിളിയോടു വിളി ............ ( നിങ്ങള്‍ ചോദിയ്ക്കും മുകളിലേയ്ക്ക് ഒരു പരാതി കൊടുത്താല്‍ പോരെ എന്ന് . ശേഷം ഫോണ്‍ ഉപേക്ഷിക്കുകയാവും ബുദ്ധി , ഒരിക്കലും നേരാം വണ്ണം കണക്ഷന്‍ കിട്ടില്ല . ബില്‍ സെക്ഷനിലെ പ്രിന്‍ററിനു തകരാറില്ലാത്തതിനാല്‍ ബില്‍ മാത്രം കൃത്യ സമയത്ത് എടുക്കപ്പെടും , പോസ്റ്റ്‌ മാന് അധികം ജോലി ഭാരം കമ്പ്യൂട്ടര്‍ യുഗത്തില്‍ ഇല്ലാത്തത് കൊണ്ട് ബില്‍ പെട്ടെന്ന് കയ്യിലെത്തുകയുംചെയ്യും ). അവസാനം ഈ മുടിഞ്ഞവന്റെ മുടിഞ്ഞ ശല്യപ്പെടുത്തലില്‍ സഹികെട്ടാവണം കണക്ഷന്‍ കിട്ടി, കഴിഞ്ഞ ദിവസം . എന്നാല്‍ കിട്ടിയെന്നു ആശ്വസിക്കാറുമായിട്ടില്ല , വന്നും പോയിയും നില്‍ക്കുന്നു ; കയ്യാല
പ്പുറത്തെ തേങ്ങാ പോലെ .

ഇപ്പോള്‍ എനിക്ക് തോന്നുന്നു ഹസാരെയുടെ വീട്ടിലും ഈയടുത്ത കാലത്ത്‌ ഫോണ്‍ കണക്ഷന്‍ പോയിക്കാണും . പരാതിപ്പെട്ടിട്ടും ഫലമില്ലാതായപ്പോള്‍ ഇറങ്ങി തിരിച്ചതാവും , നാട് നന്നാക്കാന്‍ . അല്ലെങ്കില്‍ ഇത്ര കാലം ഒരു പൂച്ച പോലും കട്ട് കുടിക്കാത്ത ഈ പാല്‍ അടുപ്പത്ത്‌ വെയ്ക്കാന്‍ പുള്ളിയ്ക്ക് തോന്നുമോ ?അങ്ങയുടെ കൈപ്പത്തി തുറന്നിരിക്കുന്നതിനാല്‍ ഉറപ്പാണ് , കൈമടക്ക് കൊടുക്കില്ല . പക്ഷെ സാധാരണക്കാരന്റെ സ്ഥിതി അങ്ങനെയല്ല , അവന്റെ കൈ മടങ്ങിയില്ലെങ്കില്‍ അവനെ ചുവപ്പ് നാട കൊണ്ട് വരിഞ്ഞു മുറുക്കി അവന്റെ ജീവിതം ഓടിച്ചു മടക്കി വളച്ചു തിരിച്ച് കോഞ്ഞാട്ടയാക്കും. ഹസാരെയുടെ നാട്ടിലെ ബി . എസ്സ് . എന്‍ . എല്‍ . ലൈന്‍ മാന് അഭിമാനിക്കാം , രാജ്യം മുഴുവന്‍ വീരപുരുഷനെന്നു വാഴ്ത്തുന്ന ഹസ്സരെയേ അണ്ണാ ആക്കിയത് താനാണ് എന്നതില്‍ .

അഴിമതിക്കണക്കിലെ കോടികളുടെ പുറകെ എല്ലാവരും പായുമ്പോള്‍ സാധാരണക്കാരന്‍ റേഷന്‍ കാര്‍ഡിനായും വൈദ്യുതിക്കായും വെള്ളത്തിനായും ഫോണിനായും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ കൈക്കൂലി കൊടുക്കേണ്ടി വരുന്ന അവസ്ഥയെ പറ്റി ഒരു അണ്ണനും ചിന്തിക്കുന്നില്ല . ഇക്കാര്യത്തില്‍ പൊതു ജനങ്ങളുടെ ഒരു വിജിലന്‍സ്‌ സ്ക്വാഡ്‌ രൂപികരിച്ചു താഴെത്തട്ടിലുള്ള ഓഫീസുകള്‍ മുതല്‍ തന്നെ പ്രവര്‍ത്തിച്ചാല്‍ അഴിമതി ഒരു പരിധി വരെ തടയാന്‍ സാധിക്കും. രാജ്യ തലസ്ഥാനത്ത്‌ മാത്രം ഒതുങ്ങുന്ന ഒരു ഗ്വാ ഗ്വാ വിളിയാകാതെ കൃത്യമായ ആസൂത്രണത്തിലൂടെ അണ്ണാ ഹാസ്സരെയ്ക്കും കൂട്ടരും നിലവിലുള്ള ജന പിന്തുണ ഉപയോഗപ്പെടുത്തി അഴിമതി തടയാനുള്ള പ്രായോഗിക കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ സാധിക്കും . മറ്റുള്ളവരും അത് കണ്ടു പഠിക്കട്ടെ . അഴിമതിക്കാരുടെ വിളച്ചില്‍ ഇനി നടപ്പില്ലെന്ന് അവര്‍ മനസ്സിലാക്കട്ടെ .ഈ ഹൈടെക്‌ ഗാന്ധിയന്‍ വിപ്ലവം ഉപരിപ്ലവ കെട്ടുകാഴ്ചയായി മാറാതെ ശരിയായ മാര്‍ഗത്തിലൂടെ ശരിയായ ലക്‌ഷ്യം നേടുമെന്ന് കരുതാം.


ബുധനാഴ്‌ച, ഓഗസ്റ്റ് 31, 2011

അത്തം വന്നേ, ഓണം വന്നേ


അത്തമിന്നത്തരം
പത്തുനാളെത്തുമ്പോള്‍
പത്തര മാറ്റിന്‍റെ ചേലുമായ്‌
എത്തുന്നു പൊന്നോണം ......
ഇത്തരം ചിന്തയാല്‍
തത്തിക്കളിയ്ക്കുന്ന
ചിത്തത്തിന്നാമോദം
എത്രയെന്നോതുവാന്‍
പത്തായ
മൊഴിയണമല്ലോ

ഓണനിലാവിന്റെ
ഓമല്‍
പ്പീലികള്‍
ഓര്‍മതന്‍ മുറ്റത്തിന്‍
ഒത്ത നടുക്കായി
ഒത്തൊരുമിച്ചിന്ന്
ഓരോരോ പൂക്കളാല്‍
ഒരായിരം വര്‍ണ്ണത്തില്‍
ഒത്തിരിപ്പൂക്കളം
ഒരുക്കിയിട്ടേകുന്നു
ഓണത്തിനാശംസകള്‍
ഓണമായ്‌ , ഓണമായ്‌
ഓലേഞ്ഞാലിയും പാടിടുന്നു



ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2011

വര്‍ണ്ണമഴയുടെ രസതന്ത്രം

നല്ലൊരു മഴ പെയ്തിട്ടൊരുപാട് നാളായി
മണ്ണും വിണ്ണുമൊരുപോലൂഷരമായ്‌ മാറി
എന്ത് ചെയ്യാനാശിപ്പാനല്ലാതെ മറ്റേതു വഴി
പൂഴിപൂശുമകതാരിനിച്ഛ നീര്‍ത്തളിയ്ക്ക്
മരതകക്കാടിനെ വിഴുങ്ങിയനുദിനം വളരും
'
കെട്ടിടക്കാടാണ് ' മുച്ചൂടും മുടിച്ചത് തീപ്പന്തമാല്‍

ഇത്ര പൊള്ളുമെന്നറിഞ്ഞില്ല പണ്ട്
എങ്കിലവരാച്ചെ
റുചീളുകളുരസില്ല പോലും
കണ്ടെത്തിയ തോഴനെപ്പൊഴോ കോപമാളിയാല്‍
അടക്കിനിര്‍ത്താനവര്‍ക്ക് കൂട്ടിനെത്തി മഴ
എന്നും പാലമായ്‌ നിന്നു മഴ മനുജന്
സമൃദ്ധിതന്നക്കരപ്പച്ച യഥാര്‍ത്ഥ്യമാക്കാന്‍

പൊളിക്കാന്‍ തുനിഞ്ഞില്ലാരുമതിനാല്‍
നൂറ്റാണ്ടുകള്‍ നിലകൊണ്ടുറപ്പിലാപ്പാലം ,
ബലക്ഷയം വന്നു തകരാരായ്‌ കാലപ്പഴക്കത്തില്‍
പുതുക്കിപ്പണിയാനാരെങ്കിലും മുന്നിട്ടിറങ്ങിയെങ്കില്‍ ;
പാലം കടന്നിട്ടു കൂരായണ പാടുന്നവരിപ്പോ -
ളടിത്തൂണിളക്കിപ്പൊളിച്ചടുക്കാന്‍ തിടുക്കപ്പെടുന്നു

തീതുള്ളുമടുപ്പിന്‍ മുകളില്‍ മെത്ത വിരിച്ച്
സുഖവാസം തിരയുന്നോരുമുണ്ടനേകം
മൂട് പൊള്ളുമ്പൊഴെയറിയൂ ചോട്ടിലെ -
ച്ചിതയെരിഞ്ഞു തുടങ്ങിയെന്ന്
പുകയുയരുമ്പോള്‍ മാത്രമേ വിനാശം കണ്ണില്‍ പെടൂ
തലയോട് ചിതറും വരേയ്ക്കുമറിയില്ല വിപദ്ശംഖൊലി

തലമുറ കൈമാറിക്കിട്ടിയമൂല്യമൊരു രത്നം
നിധിയെന്നറിയാമതിനാല്‍ കൊടുക്കില്ലയാര്‍ക്കും
അലക്ഷ്യമുപയോഗമതിമോഹമിന്നഹോ കരിക്കട്ടയായ് !
കുമിഞ്ഞ സമ്പത്തില്‍ കിടന്നുറങ്ങിയുന്മത്തനായ്‌
വേണ്ടെന്നു തോന്നിയ വിഷപ്പുക മാത്രം പുറത്തു വിട്ടു
വിണ്‍സാഗരത്തില്‍ കലര്‍ന്ന് പടര്‍ന്നു നിറയാന്‍

കേഴുന്നു നീരിനായ്‌ സര്‍വ്വചരാചരങ്ങളിപ്പോള്‍
ഒരു തുള്ളി കിട്ടിയാലത് മതി ജന്മസുകൃതം
മരുവിലിങ്ങനെ മരിച്ച മനസ്സുമായ്‌ നില്പ്പവര്‍ ,
പ്രകൃതിയുടെ പ്രതിഷേധ വിറയലും മുരളലും
വെറും കോമാളി നാടകമായ്ക്കണ്ടവര്‍ ,
തിരിച്ചറിയുന്നു പണ്ട് ചെയ്തതബദ്ധമെന്ന്‍

തുള വീണ കവചമിനി ശക്തമല്ലെന്നു നല്ലുറപ്പ്
ഇനിയെത്ര നാള്‍ യുദ്ധക്കളത്തില്‍ പിടിച്ചു നില്‍ക്കും
കിരണമേറ്റിങ്ങനെ തളര്‍ന്നു കരിഞ്ഞ നേരം
സാന്ത്വനത്തലോടലായ് പേമാരി പല ചായങ്ങളില്‍
വിഷലിപ്ത നീരധിയതിരു കവിഞ്ഞതറിഞ്ഞു ശേഷം
കല്‍ഭിത്തി കെട്ടിത്തടുക്കുവാനാമോ ദ്യോമണ്ഡലത്തില്‍

തളിര്‍ത്തത് പുതുനാമ്പെന്നോര്‍ത്ത് ഹര്‍ഷം നിറഞ്ഞു
നാശത്തിന്നുലക്ക പൊടിച്ചു വിതറിയത്
കിളിര്‍ത്തു പൊന്തുമെന്നാരെങ്ങാന്‍ നിനച്ചിരുന്നോ ,
കിനാക്കളെ തച്ചുടയ്ക്കാനെത്തുമെന്നോര്‍ത്തോ ?
തീമഴത്തുള്ളികള്‍ തുമ്പത്തുമേശിയാല്‍ മതിയേ
ധാര്‍ഷ്ട്യം തമ്പടിച്ചൊരകവും തകര്‍ന്നു ധൂളിയാകാന്‍

എന്ത് രസമീ നിറമഴയെന്നോതും കിടാവി -
നതിന്‍ പകിട്ടല്ലാതെ മറ്റൊന്നുമറിയില്ല സോദരാ ,
പെരുമഴയത്ത്‌ കീറക്കുടയെടുത്തവനെങ്കിലും നിങ്ങള്‍
ഒടിഞ്ഞ കമ്പി മുറുക്കുവാനാക്കുടശീല തുന്നുവാന്‍
കഴിയുമെന്നവനെ ഉദ്ബോധനം ചെയ്യണം
ഉണര്‍ത്തണമിന്നവനില്‍ ദീപ്തമാം ജ്വാല ഉയരെ

നിങ്ങളിന്നവനോട് തീര്‍ച്ചയായ് പറയണം
പലകുടിലതന്ത്രശരമേറ്റു പിടഞ്ഞുവീഴു-
മൊരമ്മ തന്‍ മിഴി നിറഞ്ഞൊഴുകും രക്ത
ക്കണ്ണീര്‍
അത് നീ തുടയ്ക്കണമല്പ്പമാശ്വാസമേകണം
കിട്ടിയതളവില്ലാതെ വാരിക്കോരി നല്‍കുമമ്മ
അമൃതും കാളകൂടവുമേതു നീ തിരഞ്ഞെടുക്കും ?

വ്യാഴാഴ്‌ച, ഓഗസ്റ്റ് 18, 2011

പ്രവാസി


പ്രവാസി താന്‍ യഥാര്‍ത്ഥ പ്രയാസി
പ്രയാസമാണ് വര്‍ണനമീ പ്രവാസം
പ്രാവീണ്യം നേടിയതെല്ലാം പ്രയോഗിച്ച്
പ്രയാണം സുഖമമാക്കാനുള്ള പ്രയാസം
പ്രാകിപ്പോകുന്ന മണലാരണ്യച്ചൂടിനോട്
പ്രതികരിക്കാതെ വേല ചെയ്യും പ്രയാസം

പ്രഥമപ്രധാനം വിശപ്പിനെ പ്രതിരോധം
പ്രതിദിനം വിയര്‍പ്പിന്‍ പ്രദാനപ്രയാസം
പ്രഫുല്ലത നാണ്യ വിളയാലെന്നത് പ്രചുരപ്രചാരം
പ്രവാസി ചലിക്കും നാണ്യവിള ,അതിനായ് പ്രയാസം
പ്രതിനന്ദിയായ് ജന്മഭൂമിയ്ക്ക് സമ്പാദ്യ പ്രവാഹം
പ്രവാസി ദേശസ്നേഹത്തിന്‍ പ്രതിരൂപം

പ്രേയസിയെ
ഒരു പ്രാവശ്യം കൂടി
പ്രേമപൂര്‍വ്വം കാണുവാനുള്ള പ്രയാസം
പ്രായ പ്രയാസമേറും മാതാപിതാക്കള്‍ തന്‍
പ്രയാസ മനസിന്‌ താങ്ങാകുവാനുള്ള പ്രയാസം
പ്രിയമക്കളെ പ്രയാസരഹിത ഭാവിയിലേയ്ക്ക്
പ്രവേശിപ്പിക്കുവാനീ വന്‍ പ്രയാസം

പ്രാണനാം
നാടിനെ വല്ല പ്രകാരവും
പ്രാപിക്കുവാന്‍ കൊതിയ്ക്കും പ്രയാസം
പ്രായാധിക്യ കാലം പ്രശ്നങ്ങളില്ലാതെ
പ്രാമാണ്യത്തോടെ ജീവിക്കാനുള്ള പ്രയാസം
പ്രചോദനം പ്രവാസി പ്രവര്‍ത്തനം
പ്രശോഭിത നാടിനായുള്ള പ്രയാസം

പ്രയാസമില്ല,പറയുന്നു നിങ്ങളനായാസം
പ്രതിഫലമായ്‌ ലഭിക്കുകില്‍ പുതിയ പ്രഭാതം
പ്രവാസീ ,
ഈ പ്രയാസം പ്രകീര്‍ത്തിതം
പ്രദാനം ചെയ്യട്ടെ ജീവല്‍ പ്രസാദം
പ്രയത്നപൂര്‍ണ പ്രവാസം
പരത്തട്ടെ പാതയില്‍
പ്രയാസമില്ലാത്ത പ്രകാശം , മമ പ്രാര്‍ത്ഥന

ചൊവ്വാഴ്ച, ഓഗസ്റ്റ് 16, 2011

ചിങ്ങം പിറന്നു




ചിങ്ങമേ തൊങ്ങലും ചാര്‍ത്തി നീ വന്നു
ചിത്തതിലാമോദവായ്ത്താരി കേട്ടു
ചന്തത്തില്‍ പ്രകൃതിയുടുത്തൊരുങ്ങി
തുമ്പികള്‍ പാറിപ്പറന്നിങ്ങു പോന്നു
തുമ്പകള്‍ പൂചൂടി ചിരിയോടെ നിന്നു
പൂവിളികളെ
ങ്ങുമേ പൊങ്ങിപ്പരന്നു
ഉണ്ണികള്‍ ആവേശപ്പൂക്കളം തീര്‍ത്തു
വയലേല 'തങ്കക്കുടം' പോല്‍ ചമഞ്ഞു
തിരുവാതിര
ത്താളം മങ്കമാര്‍ ഏറ്റു

മാനമോ പതിവില്‍ തെളിഞ്ഞേ വിളങ്ങി
വരവായി
മാവേലി മന്നന്‍ ഈ നാട്ടില്‍
വര്‍ഷത്തിലൊന്നുതന്‍ പ്രജകളെക്കാണാന്‍
ഉത്സവ
മുല്ലാസഘോഷങ്ങള്‍ അറിയാന്‍
എതിരേല്പിനാരവം ദിക്കുകള്‍ ഭേദിച്ച്
പറ്റുമോ മനമേ ഇതില്‍ നിന്നൊഴിയുവാന്‍

അത്തം പിറക്കുവാനിത്തിരി നേരം
തിരുവോണനാളിതാ ഇങ്ങെത്തിയല്ലോ
നാക്കില നിരത്തുവിന്‍ നിരയായ്‌ നിലത്ത്
നല്ലൊരു സാദ്യയിന്നാസ്വ
ദിച്ചീടുവിന്‍
നല്ലൊരു നാളെയെ സ്വപ്നവും കണ്ടിടാം
ചിങ്ങമേ ചങ്ങാതീ നീ വരുമ്പോള്‍
ഐശ്വര്യം തിടമ്പെടുത്തിങ്ങു പോരും ...............


പൊന്നിന്‍
ചിങ്ങം ........... മലയാളികളുടെ ആണ്ട് പിറവി ............ സമ്പല്‍സമൃദ്ധമായ, സമാധാനപൂര്‍ണമായ പുതുവര്‍ഷം മലയാളമക്കള്‍ക്ക്‌ നേരുന്നു ..........