Powered By Blogger

തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011

ലണ്ടന്‍ തോമാച്ചിയും പെണ്‍മക്കളും




തോമാച്ചി വലിയ പൊങ്ങച്ചക്കാരനാണ് .അഷ്ടിക്ക് വകയില്ലെങ്കിലും ഒരു പിടി അരി മുറത്തിലാക്കി എപ്പോഴും പുരപ്പുറത്ത് വെയ്ക്കുന്ന കക്ഷി .ഒരു കാലന്‍ കുട എപ്പോഴും കയ്യില്‍ കാണും.ഷര്‍ട്ടിന്റെ മുകളിലെ രണ്ടു ബട്ടന്‍സ് എപ്പോഴും അഴിച്ചിട്ടിരിക്കും . മുറുക്കി ചുവപ്പിച്ചാണ് നടപ്പ് . മറ്റു ദുശീലങ്ങള്‍ ഒന്നും തന്നെയില്ല . അതിരാവിലെ കവലയിലെ ചായപ്പീടികയില്‍ ചേക്കേറും .

ചൂട് ചായ മൊത്തിക്കുടിച്ചു കൊണ്ട് തുടങ്ങുകയായി 'കവരത്തി ' ആകാശവാണിയെപ്പോലും കവച്ചു വെയ്ക്കുന്ന തരത്തില്‍ ഉച്ചസ്ഥായിയിലുള്ള വാര്‍ത്താ വായന, അതും വെയിലത്ത് വെച്ച് ചൂടാക്കിയെടുത്ത മുതുമുത്തച്ഛന്റെ കാലത്തെ റേഡിയോപ്പെട്ടി പുറപ്പെടുവിക്കുന്ന പോലെ കരകരാ ശബ്ദത്തില്‍ .
ഒരു വ്യത്യാസം മാത്രം , ആകാശവാണിയുടേത് സത്യസന്ധമായ വാര്‍ത്തകളെങ്കില്‍ നമ്മുടെ തോമാച്ചിയുടേത് നിറം പിടിപ്പിച്ച പരദൂഷണ കഥകള്‍ . നാട്ടിലെ പട്ടിയെയും പൂച്ചയെയും പോലും വെറുതെ വിടില്ല .

ഈ പൊങ്ങച്ചവും പരദൂഷണവും അസഹനീയമായപ്പോള്‍ തോമാച്ചി ലണ്ടനില്‍ പോയി വന്നു എന്ന് ആരോ കഥയടിച്ചിറക്കി , പനിപിടിച്ച് രണ്ടു ദിവസം കിടപ്പിലായ നേരം നോക്കി . അങ്ങനെ വട്ടപ്പേരും ചാര്‍ത്തിക്കിട്ടി , ലണ്ടന്‍ തോമാച്ചി . പുള്ളിക്ക് അതിലൊന്നും പരാതിയില്ല .
വട്ടപ്പേര്, സ്ഥാനപ്പേര് പോലെ കൊണ്ടുനടക്കുകയാണ് കക്ഷി .

ചായ കുടിച്ചുകൊണ്ടിരിക്കെ പതിവ് പല്ലവി അന്നും അയാള്‍ ആവര്‍ത്തിച്ചു - " ലണ്ടന്‍ തോമ്മാച്ചി എന്നാ പരദൂഷണക്കാരനും കൊള്ളരുതാത്തവനും ആണെങ്കിലും എന്‍റെ ഈ നെഞ്ചത്ത് കിടത്തി ഉറക്കിയ പെണ്‍മക്കളെയെല്ലാം നല്ല നിലയില്‍ കല്യാണം കഴിപ്പിച്ചു വിടാന്‍ കഴിഞ്ഞു .ഇനിയും കുറച്ചു പേര്‍ കൂടിയുണ്ട് . അവരെയും മാന്യമായി കെട്ടിച്ചു വിടും , നിങ്ങള്‍ നോക്കിക്കോ ....."

നാട്ടുകാര്‍ക്ക് അയാളുടെ കാര്യങ്ങള്‍ അറിയാവുന്നതിനാല്‍ പതിവുപോലെ ഇതു കേട്ട് മിണ്ടാതിരുന്നു . പക്ഷെ അയല്‍ ഗ്രാമത്തില്‍ നിന്നും പണിക്കു വന്ന ഒരാള്‍ ഇതുകേട്ട് പറഞ്ഞു - " ഹോ , ചേട്ടനെ സമ്മതിക്കണം .ഇന്നത്തെ കാലത്ത് ഒരു പെണ്‍ കൊച്ചെ ഉള്ളെങ്കില്‍ പോലും കെട്ടിച്ചു വിടാന്‍ എന്നാ പാടാ . ഇത്രയും പേരെ എങ്ങനെ ഇറക്കി വിടാന്‍ കഴിഞ്ഞു "

അയാളുടെ ചോദ്യത്തിന് മറുപടിയെന്നവിധം തോമാച്ചി വിയര്‍പ്പില്‍ കുതിര്‍ന്ന ബനിയനുള്ളില്‍ നിന്നും മുഷിഞ്ഞു ചുളുങ്ങിയ ഒരു പ്ലാസ്റ്റിക് കവര്‍ പുറത്തെടുത്തു . അതു തുറന്ന് മേശപ്പുറത്തേയ്ക്ക് കുടഞ്ഞു . പെണ്‍കുട്ടികളുടെ പല പോസ്സിലുള്ള നിരവധി ഫോട്ടോകള്‍ ." കണ്ടോടാ , എത്ര കുട്ടികളാ എന്‍റെ നെഞ്ചില്‍ കിടന്നുറങ്ങുന്നതെന്ന് നോക്ക് ". എന്നിട്ടയാള്‍ എല്ലാവരെയും നോക്കി ഒരു സ്റ്റൈലന്‍ ചിരി പാസാക്കി , കല്യാണ ബ്രോക്കറുടെ ചിരി .....

വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2011

നിലാവിനോട് ഒരു ചോദ്യം ***********************




"നിലാവേ,
നിന്‍റെ മഞ്ഞപ്പട്ടുടുപ്പെന്തേ
കറ പുരണ്ടിരുണ്ടു പോയി ?"
"അത് പറയാം,
കാര്‍മുകില്‍ ശകടമോടിയെത്തി
ചെളിവെള്ളം തെറിപ്പിച്ചതാണേ"

"ഇന്ദുകലേ ,
കുളിര് കോരുമീ പാതിരാവില്‍
വിജന വീഥിയില്‍ വിറച്ചു നില്‍പ്പതെന്തേ ?"
"അറിയുമോ ,
തെല്ലു വിശ്രമം കാന്തനെടുക്കെ
റാന്തലെന്തിയിറങ്ങി ഞാന്‍ പകരം "

"ചന്ദ്രികേ ,
പകലോനൊപ്പമെന്നും നിനക്ക്
ഇവിടെ വന്നൊരുമിച്ചിരുന്നു കൂടെ ?"
"അയ്യയ്യോ ,
പൊന്നും പണവും വീട്ടിലറയിലുണ്ടേ
തസ്കരന്മാര്‍ തക്കം നോക്കിടില്ലേ ?"

തിങ്കളാഴ്‌ച, ഒക്‌ടോബർ 10, 2011

വായ്പ


ഒരു അത്യാവശ്യ സന്ദര്‍ഭത്തില്‍ കടം വാങ്ങാന്‍ അയാള്‍ തീരുമാനിച്ചു ............. കിട്ടുന്നതൊന്നും തികയുന്നില്ല .......... പലരോടും കടം ചോദിച്ചെങ്കിലും ആരും അയാളെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ല ..........
അവസാനം ബാല്യകാലം മുതല്‍ തന്നെ ഉറ്റ സുഹൃത്തായ ആളെ കണ്ട് കാര്യം പറഞ്ഞു ............. സുഹൃത്ത് വലിയ ധനികനുമാണ് ...................
ആളും തരവും നോക്കി മാത്രം ഇടപാട് നടത്തുന്ന ആളാണ്‌ ........... എന്തോ അയാളെ നേരത്തെ മുതല്‍ അറിയാവുന്നതിനാല്‍ ആവണം വായ്പ കൊടുക്കാന്‍ ആ സുഹൃത്ത് സമ്മതിച്ചു ..........

എത്ര വേണമെങ്കിലും കടം തരാം എന്ന ഉറപ്പിന്മേല്‍ തന്റെ ചിരകാല സ്വപ്നമായ സംരംഭം തുടങ്ങാം എന്നയാള്‍ തീരുമാനിച്ചു ...........
പല വിധ തിരക്കിനിടയില്‍ ആരോടും പറയാതെ ഈ ആഗ്രഹം മനസ്സില്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു ......................
ഈ വായ്പയ്ക്ക് ഒരു പ്രത്യേക നിബന്ധനയുണ്ട് ............. ഓരോ ദിവസവും ആവശ്യമുള്ളത് മാത്രം വായ്പ എടുക്കുക , എല്ലാ ആഴ്ചയുടെയും അവസാനം പലിശ സഹിതം തിരിച്ചടയ്ക്കുക .......... കഴുത്തറപ്പന്‍ പലിശ ആണ് ചോദിക്കുന്നത് എങ്കിലും ആവശ്യക്കാരന് ഔചിത്യം നോക്കേണ്ട കാര്യമില്ലാത്തതിനാല്‍ കണ്ണും പൂട്ടി സമ്മതിച്ചു ........

മുഴുവന്‍ തിരിച്ചടച്ചാല്‍ അടുത്ത ദിവസം തന്നെ വായ്പ പുതുക്കി കിട്ടും .........ആരും വാക്ക് തെറ്റിച്ചില്ല ............

എന്തായാലും അവര്‍ തമ്മിലുള്ള കരാര്‍ അനസ്യൂതം തുടര്‍ന്നു..........ആ വായ്പയുടെ സഹായത്താല്‍ അയാളുടെ ഉദ്യമം വന്‍ വിജയമായി ........... എല്ലാവരും അയാളെ അംഗീകരിച്ചു തുടങ്ങി ............ മികവിനുള്ള നിരവധി അംഗീകാരങ്ങള്‍ അയാളെ തേടിയെത്തി .......

ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ സ്വയം നഷ്ടപ്പെട്ടുപോകുമായിരുന്ന തന്നെ ഈ നിലയില്‍ എത്തിക്കാന്‍ സഹായിച്ച സുഹൃത്തിന് അയാള്‍ നന്ദി പറഞ്ഞു...........
പതിവ് പോലെ ആ ഞായറാഴ്ചയും പകല്‍ നേരം അയാള്‍ കൂര്‍ക്കം വലിച്ചു കിടന്നു ഉറങ്ങി ........... അങ്ങനെ ആ ആഴ്ചയിലെ കടം വീട്ടി ..................എഴുത്തുകാരന്‍ കിടക്ക വിട്ട് എഴുന്നേല്‍ക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞു ..........


" ഉറക്കമേ , പ്രിയ സുഹൃത്തെ നന്ദി ............ സമയം കടം തന്നതിന് ...... എഴുത്തുകാരനാവുക എന്ന ചിരകാല അഭിലാഷം സാധ്യമാക്കിയതിന് ................"

ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011

ഒരു കള്ളന്റെ കീഴടങ്ങല്‍ നല്‍കുന്ന പാഠം


വീട്ടില്‍ കയറിയ കള്ളന്‍ ഭര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട അറുപത്തൊന്പത്കാരിയായ വീട്ടമ്മ പകച്ചു നില്‍ക്കാതെ അടുക്കളയില്‍ നിന്നും കറിക്കത്തിയെടുത്ത് കള്ളന് നേരെ വീശി ...കള്ളന് ജീവനില്‍ കൊതിയുണ്ടായിരുന്നതിനാല്‍ അയാള്‍ ഇറങ്ങി ഓടി .. നാട്ടുകാര്‍ പുറകെയോടി അയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു .
(പത്ര വാര്‍ത്ത )


ആ വീട്ടമ്മ കരഞ്ഞു നില വിളിക്കാനോ പേടിച്ചരണ്ട് നില്‍ക്കാനോ സമയം കളഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ
ഇന്നത്തെ പത്ര വാര്‍ത്തയും ചാനലിലെ ഫ്ലാഷ് ന്യൂസും ഇങ്ങനെ ആയിരുന്നേനെ - " മോഷണശ്രമത്തിനിടയില്‍ വൃദ്ധദമ്പതികള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു ....... സ്വര്‍ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടു.... പോലീസ്‌ അന്വേഷണം ആരംഭിച്ചു . അന്യ സംസ്ഥാന തൊഴിലാളികളെയാണ് സംശയം എന്ന് പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു .

അങ്ങനെ ഒരു ദാരുണസംഭവം നടക്കാതിരുന്നത് ആ പ്രായം ചെന്ന വീട്ടമ്മയുടെ മനോബലവും ഈശ്വരാധീനവും മൂലമാണ് .......

നമ്മുടെ പെണ്‍കുട്ടികളും സ്ത്രീജനങ്ങളും പീഡനം , ആക്രമണം( ചതിയില്‍ പെടുത്താറുണ്ട് എന്നാ കാര്യം വിസ്മരിക്കുന്നില്ല) എന്നൊക്കെ പിന്നീട് വിളിച്ചു പറയാതെ അരുതാത്തത് സംഭവിക്കും മുന്‍പ്‌ വിപദിധൈര്യം കാണിച്ചിരുന്നെങ്കില്‍

പാട്ടും കൂത്തും


അപ്സരഗന്ധര്‍വന്മാര്‍
പാടിത്തിമിര്‍ത്താടുന്ന
മഞ്ജുള രംഗവേദിയിത്
പാട്ടിന്റെ പാലാഴി തന്നെ
മലയാളത്തെ മലവെള്ളമാക്കി
മൊഴി മാറ്റിടുന്നവതാരക
മാതൃഭാഷ മറുഭാഷകളിലും
രണ്ടും ചേര്‍ത്തുമിന്നൊഴുകണം

പ്രേക്ഷകരാകെ മതിമറക്കണം
നൃത്തവും വേണം മേമ്പൊടിയ്ക്ക്
തുള്ളാട്ടമില്ലെങ്കിലെന്ത് കാഴ്ചസുഖം
കൈനീട്ടുന്നു കുട്ടികള്‍ വോട്ടിനായ്
നേടുന്നതോ പ്രയോജകവമ്പരും
കൊല്ലാക്കൊലയ്ക്ക് വാളോങ്ങുന്നവര്‍
തൊള്ള തുറക്കുമിവരുടെ
പങ്കപ്പാടെന്തെങ്കിലും കാണുന്നുവോ ?
പാട്ടിനെക്കൊണ്ട് പത്തുകാശുണ്ടാക്കുമ്പോള്‍
പാട്ടിനായ് ആവതു ചെയ്യേണ്ടതല്ലയോ
സംഗീതം പാവനം , വളരണമക്ഷീണം
ശുദ്ധ സംഗീതത്തെ സമ്പത്ത -
ശുദ്ധമാക്കിടരുതൊരു കാലവും

കോപ്രായങ്ങളെന്ത് കാണിച്ചും
ഒന്നാമതെത്താന്‍ കഷ്ടപ്പെടുന്നോര്‍ക്ക്
വിധികര്‍ത്താക്കള്‍ തന്‍ ഉപദേശമിങ്ങനെ -
" ഫ്ലാറ്റാവരുതെന്നാല്‍ ഫ്ലാറ്റ് നേടാം
ഹൈപ്പിച്ചു പാളിയാല്‍ 'വെള്ളിടി' വെട്ടും
ശ്രുതി ഭംഗമില്ലാതെ സംഗതിയൊക്കെയും
ശരിയാക്കി , പല്ലവിചരണങ്ങള്‍ കൂടെ
അനുപല്ലവി സ്വരങ്ങള്‍ ആട്ടവും ചേര്‍ത്ത്
യുവത പാടിയാലത് നല്ല പെര്‍ഫോമന്‍സ്

ശനിയാഴ്‌ച, സെപ്റ്റംബർ 17, 2011

റോഡില്‍ പൊലിയുന്ന യുവത്വം


റോഡപകടങ്ങള്‍ നിത്യ സംഭവമായി മാറിയിരിക്കുന്നു , അതുമൂലമുണ്ടാകുന്ന പരിക്കുകളും മരണവും വാര്‍ത്തകളെ അല്ലാതായിരിക്കുന്നു .ഇരു ചക്ര വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നതില്‍ മുന്‍പന്തിയില്‍ .മലയാളികളുടെ മനസ്സ്‌ ഇതെല്ലാം കണ്ടും കേട്ടും മരവിച്ചു പോയിരിക്കുന്നു . പ്രതികരണ ശേഷി തെല്ലുമില്ല .....

എണ്പതു ശതമാനം അപകടങ്ങളും സംഭവിക്കുന്നത് വാഹനമോടിക്കുന്നയാളുടെ അശ്രദ്ധയും ചെറിയ ഒരളവു വരെ അഹന്തയും ചേര്‍ന്നാണ് .ചെറുപ്പക്കാരാണ് റോഡപകടങ്ങളില്‍ മരണപ്പെടുന്നതില്‍ ഭൂരിപക്ഷവും . മറ്റുള്ളവരുടെ മുന്‍പില്‍ കേമന്‍ ചമയാനും കോളേജില്‍ ചെത്തി നടക്കാനും വില കൂടിയ ബൈക്കില്‍ അതിവേഗത്തില്‍ സര്‍ക്കസ്‌ അഭ്യാസിയുടെ മെയ്‌ വഴക്കത്തോടെ പറക്കാതെ പറ്റില്ല . മുട്ടയില്‍ നിന്ന് വിരിയുന്നതിനു മുന്‍പ്‌ തന്നെ ബൈക്ക്‌ വാങ്ങി തരണമെന്ന് ആവശ്യപ്പെടുന്നു . അല്ലെങ്കില്‍ കോളേജിലെ ചെത്തു പിള്ളാരോട് കിട പിടിക്കാന്‍ ബുദ്ധിമുട്ടാനത്രേ. മക്കളുടെഏതു ആഗ്രഹവും സാധിച്ചു കൊടുക്കാന്‍ വെമ്പി നില്‍ക്കുന്ന മാതാപിതാക്കള്‍ ലൈസന്‍സ്‌ കിട്ടുന്നതിനു മുന്‍പ്‌ തന്നെ ബൈക്ക്‌ വാങി കൊടുക്കുന്നു. കലികാലമല്ലേ ഇനി അതിന്റെ പേരില്‍ തൂങ്ങി ചത്താലോ ?
ശരിയാ ശാസനയിലൂടെ മക്കളെ വളര്‍ത്താത്ത മാതാപിതാക്കളാണ് യഥാര്‍ത്ഥ പ്രതികള്‍ . മക്കള്‍ എന്തെങ്കിലും ആവശ്യപ്പെടുമ്പോള്‍ അത് അവര്‍ക്ക്‌ ഉതകുന്നതാണോ എന്ന് ചിന്തിക്കാന്‍ ആധുനിക കാലത്തെ നെട്ടോട്ടത്തിനും ധന സമ്പാദന വ്യഗ്രതയ്ക്കുമിടയില്‍ മാതാപിതാക്കള്‍ മറന്നു പോകുന്നു .. മക്കളെ സ്നേഹിക്കാനോ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനോ പോയിട്ട് ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ആര്‍ക്കും നേരമില്ല . അത് തന്നെയാണ് ഇന്നിന്റെ ശാപവും . നാളെയുടെ വാഗ്ദാനമായ യുവാക്കളെ നാട് റോഡില്‍ കുരുതി കൊടുക്കുന്നതില്‍ ഇത്തരം മാതാപിതാക്കള്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു

മൊബൈല്‍ ഫോണാണ് മറ്റൊരു വിപത്ത് . ഫോണ്‍ വിളിച്ചു കൊണ്ട് വാഹനം ഓടിക്കുമ്പോള്‍ അതിരെ വരുന്ന വാഹനങ്ങളോ വളവു തിരിവുകളോ റോഡിലെ കുഴികളോ അത്ര ശ്രദ്ധിച്ചു എന്നു വരില്ല . നമ്മുടെ നാട്ടിലെ റോഡുകള്‍ കുണ്ടും കുഴിയുമായി കിടക്കുന്നതിന് ഉത്തരവാദികള്‍ ഭരണ കര്‍ത്താക്കളും ഉദ്യോഗസ്ഥരുമാണ് . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷം നല്‍കേണ്ടവര്‍ അഴിമതിയുടെ വക്താക്കലാകുമ്പോള്‍ജനങ്ങളുടെ ജീവന്‍ അകാലത്തില്‍ റോഡിലെ കുഴിയില്‍ ഒടുങ്ങുന്നു .
ഈയിടെ ബൈക്ക് ബസിനടിയില്‍ പെട്ട് മരണപ്പെട്ട യുവാവിന്റെ കാര്യം ഒരു ബന്ധു പറഞ്ഞു കേട്ടു . ബസ്സിന്റെ ചക്രങ്ങള്‍ക്കിടയില്‍ അകപ്പെട്ട് അരയ്ക്ക് കീഴ്പ്പോട്ട് ചതഞ്ഞരഞ്ഞു അയാള്‍ നടു റോഡില്‍ കിടക്കുന്നു ..... മേല്പ്പോട്ട് കാര്യമായ പരിക്കുകളില്ല . അഞ്ചു മിനിറ്റോളം അയാള്‍ വേദന കൊണ്ട് പുളഞ്ഞു അവിടെ കിടന്നു ... ചുറ്റും കൂടിയവരോട് തന്നെ ഒന്ന് കൊന്നു തരൂ എന്നയാള്‍ കെഞ്ചി പറഞ്ഞു കൊണ്ടിരുന്നു ..... കുറച്ചു കഴിഞ്ഞു ബോധം നശിച്ചു . ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു ...മൊബൈല്‍ ഫോണായിരുന്നു ഈ സംഭവത്തിലെ വില്ലന്‍ .......ബൈക്ക്‌ ഓടിക്കുന്നതിനിടയില്‍ ഹെഡ്‌ ഫോണ്‍ വെച്ച് ആ യുവാവ് സംസാരിക്കുകയായിരുന്നു .

മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി ശരിയായി വാഹനം ഓടിക്കാന്‍ പഠിക്കാതവര്‍ക്ക് പോലും ലൈസന്‍സ്‌ നല്‍കുന്നു .ഇത്തരം ആളുകള്‍ വാഹനവുമായി നിരത്തിലിറങ്ങിയാലുള്ള സ്ഥിതി ആലോചിച്ചു നോക്കൂ . ഇത് അക്ഷന്തവ്യമായ തെറ്റ് തന്നെ . നിയമങ്ങള്‍ എല്ലാം അറിയാവുന്ന ഡ്രൈവര്‍മാര്‍ പോലും സമയ ലാഭത്തിനും പണലാഭത്തിനുമായി നിയമങ്ങള്‍ സൌകര്യ പൂര്‍വം മറക്കുന്നു , അല്ലെങ്കില്‍ നിര്‍ബബ്ധിതരാവുന്നു .ലൈറ്റ്‌ ടിം ചെയ്യാത്തത് മൂലം ദിവസവും എത്രയോ അപകടങ്ങള്‍ ഉണ്ടാവുന്നു . മത്സരയോട്ടം നടത്തുന്ന ബസുകളും ടിപ്പര്‍ ലോറികളും എത്ര ജീവനുകളാണ് ദിവസവും പരലോകതെയ്ക്ക് കയറ്റി അയയ്ക്കുന്നത് . ദുരന്തം അനുഭവിക്കേണ്ടി വരുന്നത് കൂടുതലും ബൈക്ക്‌ യാത്രികരും , പിന്നെ അവരുടെ കുടുംബങ്ങളും .

വരഷത്തില്‍ ഒരിക്കല്‍ റോഡ്‌ സുരക്ഷാ വാരാഘോഷം നടത്തിയത് കൊണ്ട് മാത്രം ബോധ വല്‍ക്കരണം പൂര്‍ത്തിയാവില്ല .ശ്രദ്ധാ പൂര്‍വം വാഹനം ഓടിക്കുക ,വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക , ശക്തമായ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുക , നിയമം തെറ്റിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുക , ലൈസന്‍സ്‌ നല്കുന്നതിലെ ക്രമക്കേടുകള്‍ ഒഴിവാക്കുക , വാഹനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കുക , വേഗതയേറും തോറും വേദനയേറാന്‍ സാധ്യതയുണ്ടെന്ന് ഡ്രൈവര്‍മാര്‍ പ്രത്യേകിച്ച് യുവാക്കള്‍ സ്വയം മനസ്സിലാക്കുക എന്നിങ്ങനെ സര്‍ക്കാരും സമൂഹവും കൈകോര്‍ത്തു പ്രവര്‍ത്തിച്ചാല്‍ നമ്മുടെ റോഡുകള്‍ ചോരക്കളങ്ങള്‍ ആകാതിരിക്കും ......

വ്യാഴാഴ്‌ച, സെപ്റ്റംബർ 15, 2011

ദൈവത്തിനും വേണ്ടാത്ത മലീമസ നാട് - കേരളം


ദൈവത്തിന്റെ സ്വന്തം നാട് എന്ന ഖ്യാതി ലോകമൊട്ടുക്കും കേരളത്തിനു നേടി കൊടുത്തത് അതിന്റെ പ്രകൃതി രമണീയതയാണ് . പച്ച പുതച്ച മലകളും താഴ്വരകളും കാടുകളും കണ്ടല്‍ വനങ്ങളും നാനാ ജാതി സസ്യ ജന്തു പക്ഷി ജാലങ്ങളും കളകളം പാടി സ്വച്ഛന്ദം ഒഴുകുന്ന അരുവികളും പുഴകളും കായലുകളും കടലോരവും പാടശേഖരങ്ങളും കുളിര്‍മ പകരുന്ന കാലാവസ്ഥയും നാടന്‍ ഭക്ഷ്യ വിഭവങ്ങളും തനത് ആയുര്‍വേദ ചികിത്സാ വിധികളും സര്‍വ്വോപരി മലയാളികളുടെ സ്നേഹ സമ്പന്നതയും എല്ലാം ചേര്‍ന്ന് കേരളം വിനോദ സഞ്ചാരികളുടെ പറുദീസയായി മാറി . നാടിന്റെ സമ്പദ് വ്യവസ്ഥയെ കുറച്ചൊന്നുമല്ല ടൂറിസം സഹായിക്കുന്നത് .

എന്നാല്‍ അതേ കരുതല്‍ സര്‍ക്കാരും പൊതു ജനങ്ങളും ടൂറിസം മേഖലയ്ക്കും ടൂറിസ്ടുകള്‍ക്കും നല്‍കുന്നില്ല എന്നതില്‍ തര്‍ക്കമില്ല . ടൂറിസം മേഖലകളില്‍ പ്രകൃതിക്ക് കോട്ടം വരുത്താത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ മതിയായ സുരക്ഷാ ഉറപ്പു വരുത്തുന്നതിനോ സര്‍ക്കാര്‍ കാര്യമായി ശ്രമിക്കുന്നില്ല . ടൂറിസത്തെപ്പറ്റിയുള്ള പ്രചാരണ പരിപാടികള്‍ കാര്യ ക്ഷമമായി നടപ്പിലാക്കുന്നില്ല അപകടങ്ങള്‍ തുടര്‍ കഥകളാകുന്നു . പ്ലാസ്റിക് - ഭക്ഷ്യ മാലിന്യങ്ങള്‍ കൊണ്ട് വിനോദ സഞ്ചാര പ്രദേശങ്ങള്‍ നിറയുന്നു . സാംക്രമിക രോഗങ്ങളുടെ പറുദീസാ തന്നെയാണ് വൃത്തിഹീനമായ ഇത്തരം സ്ഥലങ്ങള്‍ . ഓരോ വര്‍ഷവും കേരളത്തിലേയ്ക്ക് വരുന്ന വിദേശീയരും മറ്റു സംസ്ഥാനക്കാരുമായ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകുന്നു .

ഒരു ഉദാഹരണം പറയാം , ടൂറിസം മേഖലയിലെ മലിനീകരണത്തെ കുറിച്ച് . കായലിലൂടെ കെട്ടു വള്ളങ്ങളിലുള്ള യാത്ര ഏതു സഞ്ചാരിയുടെയും ആവേശമാണ് . ആയിരക്കണക്കിന് വരുന്ന ഹൌസ് ബോട്ടുകളില്‍ വളരെ കുറച്ചു എണ്ണത്തിന് മാത്രമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമുള്ളത് . ഇവ പുറംതള്ളുന്ന മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ജലാശയങ്ങളുടെ പരിതസ്ഥിതിയ്ക്ക് കോട്ടം വരുത്തുന്നതാണ് . കൊളിഫോന്‍ ബാക്ടീരിയകള്‍ ക്രമാതീതമായി വെള്ളത്തില്‍ വര്‍ധിച്ചിരിക്കുന്നു . മത്സ്യ സമ്പത്ത് കുറഞ്ഞു വരുന്നു . നീര്‍ക്കാകളെ കാണാനില്ല . ഭാവിയില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കാന്‍ ഇത് കാരണമാകും . അധികാരികളുടെ അടിയന്തിര നടപടി ഇക്കാര്യത്തില്‍ ഉണ്ടാവണം .

മാലിനി സംസ്കര പ്ലാന്റുകള്‍ സ്ഥാപിക്കുകയും മാലിന്യ അവിടെ നിക്ഷേപിക്കാത്ത ഹൌസ് ബോട്ടുകള്‍ക്കും മറ്റുമെതിരെ ശക്തമായ നടപടിയെടുക്കുകയും വേണം . കേരളത്തിലും വിദേശത്തും ഒക്കെയായി നിരവധി വിനോദ സഞ്ചാര മേഖലകളില്‍ പോകുന്നവരാണ് നാമെല്ലാം . ഒരു താരതമ്യ പഠനം നമ്മുടെ നിലവാര തകര്‍ച്ചയെപ്പറ്റി മനസ്സിലാക്കുന്നതിനും തിരുത്തല്‍ നടപടി സ്വീകരിക്കുന്നതിനും കാരണമായേക്കാം . കേരളത്തിന്റെ പൊന്മുട്ടയിടുന്ന താറാവാണ് അതിന്റെ സ്വാഭാവിക പ്രകൃതി . അതിനെ കൊല്ലാതെ സംരക്ഷിക്കുക എന്നതു സര്‍ക്കാരിന്റെയും പൊതു ജനത്തിന്റെയും കടമയാണ് , ശോഭനമായ നാളേയ്ക്ക് ആവശ്യമാണ്‌ . ദൈവത്തിനെ സ്വന്തം നാടായ കേരളം മാലിന്യ കൂമ്പാരങ്ങളുടെ നാടായി മാറാതിരിക്കട്ടെ .

സിനിമയില്‍ കണ്ടത് പോലെ




" കൊച്ചിയെത്തീ .................."


എന്നു കേരളത്തെ കുറിച്ച് അറപ്പോടും സഹതാപത്തോടും പറയുവാന്‍ നമുക്കോ വരും തലമുറയ്ക്കോ വിനോദ സഞ്ചാരികള്‍ക്കോ ഇടവരാതിരിക്കട്ടെ .