ബുധനാഴ്‌ച, ഏപ്രിൽ 13, 2011
തേനമ്മാവന്‍ വന്ന വഴി
"നിലാമെത്തയില് നിന്നുണര്‍ന്നേറ്റു ചിരിക്കും
കന്യാകുസുമസമം സൌകുമാര്യമേറ്റമോലും
ഇന്ദ്രനീലക്കണ്ണിമയാര്‍ന്ന ഗ്രാമ്യവസന്തമേ ,
ഗോളാന്തരങ്ങളില്‍ പുകള്‍പ്പെറ്റു വിളങ്ങി
ദേവസ്ഥാനമുഗ്ധമനോജ്ഞനഗരിയാം നീ
ഹരിതം പുതച്ചേതു മനവും ഹരിപ്പവള്‍ തന്നെ! "
പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ എന്ന മലയോര ഗ്രാമം ..........
മണിമലയാറിന്‍റെ ദാനം എന്ന് തീര്‍ച്ചയായും വിളിക്കാം;ഒരേയൊരു മണിമലയാറും ഏതാനും തോടുകളും ധാരാളം കുന്നുകളും വലിയ പാറക്കൂട്ടങ്ങളും വിശാലമായ റബ്ബര്‍ തോട്ടങ്ങളും നിഷ്കളങ്കരായ മനുഷ്യരും പിന്നെ കുറെ ആടുകള്‍ ,മാടുകള്‍, കോഴികള്‍ (ഈ ഗണത്തില്‍ ചിറകുള്ളതും ചിറകോ വാലോ ഇല്ലാത്തതും പെടും ) എന്നിവയും (ഇത്രേയൊക്കെയുള്ളെന്‍റിഷ്ടാ...ക്ഷമി ) എല്ലാം ചേര്‍ന്ന് പച്ചപ്പിന്‍റെ ഒരു ചെറിയ പറുദീസാ! കോട്ടാങ്ങല്‍ പടയണി ഏറെ പ്രശസ്തം. ഹിന്ദു-മുസ്ലിം ദേവാലയങ്ങള്‍ മുഖത്തോട് മുഖംനോക്കിനിന്ന് മത സൌഹാര്‍ദം വിളിച്ചോതുന്നു .ക്രിസ്ത്യന്‍ ദേവാലയവും അടുത്തുതന്നെ.വിധിവശാല്‍ ഞാനും ആ മണ്ണിന്‍റെ മകനായി . അല്പസ്വല്പം കുശുമ്പും കൂടുതല്‍ കുറുമ്പുമായിവളര്‍ന്നു.തേനമ്മാവിലെ പയ്യന്‍ അങ്ങനെ തേനമ്മാവനായി.....
ആറ്റില്‍ കുളിക്കാന്‍ പോകുന്നത്, മാനത്തെക്കണ്ണി മീനിനെ ഞാനും പെങ്ങളും തോര്‍ത്തു വിരിച്ചു പിടിക്കുന്നത്, കേടായ സൈക്കിള്‍ ടയറും പഴയ ചെരിപ്പ് വെട്ടിയെടുത്ത ചക്രത്തില്‍ ഓടുന്ന കാര്‍ഡ് ബോര്‍ഡ് വണ്ടിയും കൂട്ടുകാര്‍ക്കൊപ്പം മത്സരിച്ചുരുട്ടുന്നത്, വല്യപ്പനറിയാതെ അടിച്ചുമാറ്റിയ റബ്ബര്‍പാലും ഒട്ടുപാലും പിന്നെ ചകിരിയും പഴംതുണിയുമെല്ലാം അസംസ്കൃത വസ്തുക്കളായ പന്ത്കൊണ്ടുള്ള ക്രിക്കറ്റ് കളി,മഴക്കാലത്ത് തൊട്ടടുത്തുള്ള ചെറിയ തോട്ടില്‍ ചിറ കെട്ടി കടലാസ് തോണിയിറക്കുന്നത്, കാപ്പിത്തോട്ടത്തിലൂടെ നടന്നു ചീവിടിനെ പിടിച്ചു തീപ്പെട്ടിക്കൂട്ടിലാക്കുന്നത്,അമ്മവീട്ടില്‍ എത്തിയാല്‍ വല്യപ്പനോടൊപ്പം നെല്ലുവിളഞ്ഞു കിടക്കുന്ന പാടത്ത് കൃഷി നോക്കാന്‍ പോകുന്നത് , പുതുമഴക്കാലത്ത് മഴനനഞ്ഞ് ആലിപ്പഴം പെറുക്കി നുണയുന്നത്, കപ്പക്കായയില്‍ ഈര്‍ക്കിലുപ്രയോഗം നടത്തിയുണ്ടാക്കിയ പമ്പരം , എല്ലാം ഇന്നും ഗൃഹാതുരതയുടെ ലഡ്ഡു മനസ്സില്‍ പൊട്ടിക്കുന്നുണ്ട് , അനുനിമിഷം !
എഴുത്തുമായുള്ള കൂട്ടുകെട്ട് ഡിഗ്രി കാലത്ത് തുടങ്ങി . ഉള്‍വിളീം മണ്ണാംകട്ടേം ഒന്നുമല്ല , അങ്ങനങ്ങ് സംഭവിച്ചു പോയി .ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ?ഏറ്റവും ബോറന്‍ പുസ്തകം വായിക്കുന്നത് സുഖനിദ്രയിലേക്കുള്ള സുഗമപാതയാണെന്ന് കേട്ടിട്ടുണ്ട് . തേനമ്മാവന്‍റെ കുറിപ്പടികള്‍ നിദ്രാകഷായത്തിനു തീര്‍ച്ചയായും ഉപകരിക്കും !സ്നേഹിതരെ ഇതിലേ ഇതിലേ...... (എന്നെക്കൊണ്ട് അങ്ങനെങ്കിലും ഒരു നന്മ ഉണ്ടാകട്ടെ )
കുറച്ചുനാള്‍ മുമ്പ് വള്ളത്തില്‍ കയറി തുഴഞ്ഞതാ , കുടുംബത്തോടൊപ്പം. കാറ്റ് പ്രതികൂലം ;യാത്ര അക്കരേന്നിക്കരെ വരെ മാത്രം !കുറ്റീം പറിച്ചു പോന്നതല്ലേ ,ഇക്കരെയങ്ങു നാട്ടി.'മാപ്പ് ' കിട്ടിയപ്പോള്‍ ജില്ല കോട്ടയം .അഞ്ചാറ് വര്‍ഷം കഴിച്ച സര്‍ക്കാരിന്‍റെ അന്നത്തിനു രുചി പോരാഞ്ഞോ എന്തോ വിതയും കൊയ്ത്തും ബാങ്ക് പാടത്താണിപ്പോള്‍...... ചോറ് ജോറാണ് കേട്ടോ !
കുറിപ്പ് :- നന്ദി ; സ്വന്തം അമ്മയ്ക്ക്
(എന്‍റെ പൊട്ടത്തരങ്ങളെല്ലാം ക്ഷമയോടെ കേട്ട് "കൊള്ളാം കുഴപ്പമില്ല" എന്ന് പറയുന്ന മഹാമനസ്കതയ്ക്ക് അല്ലെങ്കില്‍ നിസ്സഹായതയ്ക്ക് ; കൈയ്യില്‍ ഒരു മുഴം കയറുമായി നില്‍ക്കുന്ന എന്നിലെ പരാജിതനായ എഴുത്തുകാരനെ {....സംശയനിവാരണാം മുഖച്ചിത്രപരിശോധനാം സ്വാഹാ.....} മരക്കൊമ്പില്‍ കുരുക്കിടാനോ മറിക്കാനൊരു കസേര എടുക്കാനോ അനുവദിക്കാത്തതിന് !?)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)