തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011
ലണ്ടന്‍ തോമാച്ചിയും പെണ്‍മക്കളും
തോമാച്ചി വലിയ പൊങ്ങച്ചക്കാരനാണ് .അഷ്ടിക്ക് വകയില്ലെങ്കിലും ഒരു പിടി അരി മുറത്തിലാക്കി എപ്പോഴും പുരപ്പുറത്ത് വെയ്ക്കുന്ന കക്ഷി .ഒരു കാലന്‍ കുട എപ്പോഴും കയ്യില്‍ കാണും.ഷര്‍ട്ടിന്റെ മുകളിലെ രണ്ടു ബട്ടന്‍സ് എപ്പോഴും അഴിച്ചിട്ടിരിക്കും . മുറുക്കി ചുവപ്പിച്ചാണ് നടപ്പ് . മറ്റു ദുശീലങ്ങള്‍ ഒന്നും തന്നെയില്ല . അതിരാവിലെ കവലയിലെ ചായപ്പീടികയില്‍ ചേക്കേറും .
ചൂട് ചായ മൊത്തിക്കുടിച്ചു കൊണ്ട് തുടങ്ങുകയായി 'കവരത്തി ' ആകാശവാണിയെപ്പോലും കവച്ചു വെയ്ക്കുന്ന തരത്തില്‍ ഉച്ചസ്ഥായിയിലുള്ള വാര്‍ത്താ വായന, അതും വെയിലത്ത് വെച്ച് ചൂടാക്കിയെടുത്ത മുതുമുത്തച്ഛന്റെ കാലത്തെ റേഡിയോപ്പെട്ടി പുറപ്പെടുവിക്കുന്ന പോലെ കരകരാ ശബ്ദത്തില്‍ .
ഒരു വ്യത്യാസം മാത്രം , ആകാശവാണിയുടേത് സത്യസന്ധമായ വാര്‍ത്തകളെങ്കില്‍ നമ്മുടെ തോമാച്ചിയുടേത് നിറം പിടിപ്പിച്ച പരദൂഷണ കഥകള്‍ . നാട്ടിലെ പട്ടിയെയും പൂച്ചയെയും പോലും വെറുതെ വിടില്ല .
ഈ പൊങ്ങച്ചവും പരദൂഷണവും അസഹനീയമായപ്പോള്‍ തോമാച്ചി ലണ്ടനില്‍ പോയി വന്നു എന്ന് ആരോ കഥയടിച്ചിറക്കി , പനിപിടിച്ച് രണ്ടു ദിവസം കിടപ്പിലായ നേരം നോക്കി . അങ്ങനെ വട്ടപ്പേരും ചാര്‍ത്തിക്കിട്ടി , ലണ്ടന്‍ തോമാച്ചി . പുള്ളിക്ക് അതിലൊന്നും പരാതിയില്ല .വട്ടപ്പേര്, സ്ഥാനപ്പേര് പോലെ കൊണ്ടുനടക്കുകയാണ് കക്ഷി .
ചായ കുടിച്ചുകൊണ്ടിരിക്കെ പതിവ് പല്ലവി അന്നും അയാള്‍ ആവര്‍ത്തിച്ചു - " ലണ്ടന്‍ തോമ്മാച്ചി എന്നാ പരദൂഷണക്കാരനും കൊള്ളരുതാത്തവനും ആണെങ്കിലും എന്‍റെ ഈ നെഞ്ചത്ത് കിടത്തി ഉറക്കിയ പെണ്‍മക്കളെയെല്ലാം നല്ല നിലയില്‍ കല്യാണം കഴിപ്പിച്ചു വിടാന്‍ കഴിഞ്ഞു .ഇനിയും കുറച്ചു പേര്‍ കൂടിയുണ്ട് . അവരെയും മാന്യമായി കെട്ടിച്ചു വിടും , നിങ്ങള്‍ നോക്കിക്കോ ....."
നാട്ടുകാര്‍ക്ക് അയാളുടെ കാര്യങ്ങള്‍ അറിയാവുന്നതിനാല്‍ പതിവുപോലെ ഇതു കേട്ട് മിണ്ടാതിരുന്നു . പക്ഷെ അയല്‍ ഗ്രാമത്തില്‍ നിന്നും പണിക്കു വന്ന ഒരാള്‍ ഇതുകേട്ട് പറഞ്ഞു - " ഹോ , ചേട്ടനെ സമ്മതിക്കണം .ഇന്നത്തെ കാലത്ത് ഒരു പെണ്‍ കൊച്ചെ ഉള്ളെങ്കില്‍ പോലും കെട്ടിച്ചു വിടാന്‍ എന്നാ പാടാ . ഇത്രയും പേരെ എങ്ങനെ ഇറക്കി വിടാന്‍ കഴിഞ്ഞു "
അയാളുടെ ചോദ്യത്തിന് മറുപടിയെന്നവിധം തോമാച്ചി വിയര്‍പ്പില്‍ കുതിര്‍ന്ന ബനിയനുള്ളില്‍ നിന്നും മുഷിഞ്ഞു ചുളുങ്ങിയ ഒരു പ്ലാസ്റ്റിക് കവര്‍ പുറത്തെടുത്തു . അതു തുറന്ന് മേശപ്പുറത്തേയ്ക്ക് കുടഞ്ഞു . പെണ്‍കുട്ടികളുടെ പല പോസ്സിലുള്ള നിരവധി ഫോട്ടോകള്‍ ." കണ്ടോടാ , എത്ര കുട്ടികളാ എന്‍റെ നെഞ്ചില്‍ കിടന്നുറങ്ങുന്നതെന്ന് നോക്ക് ". എന്നിട്ടയാള്‍ എല്ലാവരെയും നോക്കി ഒരു സ്റ്റൈലന്‍ ചിരി പാസാക്കി , കല്യാണ ബ്രോക്കറുടെ ചിരി .....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)