Powered By Blogger

ചൊവ്വാഴ്ച, ജൂൺ 28, 2011

മനസ്സിലെ നെല്‍ക്കതിര്‍




കവിത


പാടമുണ്ടച്ഛ-
ഷ്ടിക്ക് നെല്ല് പോരും
നാലഞ്ചു പണിയാള -
രെന്നും വിളിപ്പുറത്ത്

പച്ചപ്പരവതാനി
മാറ്റും വര്‍ഷത്തില്‍ രണ്ട്
പഴകിപ്പഴുത്ത്
മണല്‍ നിറമെത്തിയാല്‍

ചേരണം സ്വേദ -
മേതിനും സ്വാദ് കൂടാന്‍
പാടപാഠതുംഗ-
മിതറിവു പഴയോര്‍

ഓരത്തൊരരുവി
കുരുവിയായ് പാടി
ചാടിയിറങ്ങിയാല്‍
കുളിര്‍ കന്യകള്‍ പുണര്‍ന്നിടും

ഓലപ്പുരയൊരു മൂലയില്‍
കൈതകളതിന് തൂണുകള്‍
കരിമ്പൊരു മൂട് ചാരാന്‍
ചോട്ടിലെ കല്ലോ നല്ലിരിപ്പിടം

തോടുതന്നെ
പാദസരമാകയായ് ദിനവും
കണ്ടമോരോന്നി -
നരഞ്ഞാണമാകും വരമ്പുകള്‍

മഞ്ഞു മുത്തിന്‍ ഭൂഷകള്‍
ചേലിലും ചാര്‍ത്തി
സുഖസുഷുപ്തിയിലാണ്ടു-
പോയാള്‍ സുരാംഗന

തുടുത്ത പവിഴമായ്‌
കണിവിളക്കങ്ങു കാണ്‍കെ
കുളിച്ചു തെളിഞ്ഞൊരുങ്ങുന്നു
വെയിലാടയില്‍

പ്രേമാതുരന്‍ തെന്ന -
ലോടിവന്നെന്തോ മൊഴിഞ്ഞു
താഴ്ന്നെ പോയ്‌ മുഖം
ലജ്ജാ ഭാരമാല്‍

"നൂറും " കൂട്ടി ചുവപ്പിച്ച്
അരയും തലയും മുറുക്കി
അരിവാളും കൈയ്യിലേന്തി
പെണ്ണുങ്ങള്‍ പല വേലയില്‍

കലപ്പ വലിക്കും
പോത്തുകള്‍ , കാളകള്‍
'നട കാളേ' വിളിയുമായ്
കാരിരുമ്പൊത്ത പൂട്ടുകാരന്‍

ചെണ്ടന്‍ കപ്പയും
ചമ്മന്തിയും ഇടവേളയില്‍
പച്ചമോരില്‍ ചെറു കാ‍ന്താരി
ഞെരുടി വെള്ളമാവോളവും

കളനുള്ളി അച്ഛനോടൊപ്പം
കൂടി ഞാനും
വെയിലേറ്റ് കരിയുമ്പോള്‍
ഓലപ്പുരയിലിത്തിരി മയക്കവും

ചിലപ്പോള്‍ ചിന്തിച്ചു പോയി
ഇവര്‍ക്ക് തളര്ച്ചയില്ലേ
കൃഷിയാണവര്‍ക്ക് ജീവിതം
വെയിലാണവരുടെ അടുപ്പ് കൂട്ടുന്നത്

ഊണിനായ് വീട്ടിലെത്തി
ഉച്ച തിരിഞ്ഞു തിരിച്ച നേരം
കൈയ്യില്‍ അടുക്കു പാത്രത്തില്‍
കട്ടന്‍ കാപ്പി ഏവര്‍ക്കുമായ്

വൈകിട്ട് പിരിയുവാന്‍ നേരത്ത്
തോട്ടിലൊരു കുളി
മാനത്തെക്കണ്ണി മീനിനോടു
അല്പം കിന്നാരവും

മേയാന്‍ വിട്ട
പയ്യും കിടാവുമൊപ്പം
ആമോദമോടെ മടക്കം
ഒരു കെട്ടു പുല്ലുമായ് അച്ഛനും

പൊന്തിച്ച തട്ടില്‍
നിന്നു പോരുമൊരു കൂട്ടര്‍
കേരം കവുങ്ങും ;
കലഹിക്കുന്നാര് കേമനെന്നോ

തക്കം നോക്കി ,
തഞ്ചത്തില്‍ നില്‍ക്കുന്നു
കൊത്തിപ്പെറുക്കുവാന്‍
കൊറ്റികള്‍ പല കിളികളും

പാട്ട കൊട്ടി , കോലം കുത്തി
കണ്ണാടിയും കൂടും കമ്പില്‍ നാട്ടി
അങ്ങനെ പലസൂത്രം
നെല്ല് കക്കും കിളിയെത്തുരത്താന്‍

കടുകട്ടിയാണ് രാഗ -
വിസ്താരമെങ്കിലും
പുതുമഴക്കാലത്ത്
മണ്ഡൂകക്കച്ചേരിയുണ്ടേ !

ചാക്കിലാക്കാന്‍
ചില കശ്മലന്മാരിറങ്ങി
കൊതിയോടെ
വറചട്ടി കാത്തിരിക്കുന്നു

പെട്രോമാക്സ് ഭൂതങ്ങള്‍
കലി തുള്ളിടുന്നു
ഊത്തകേറും നേരം
വലയിലാക്കുന്നു

കിനാവിലെ കനക -
നിധിയെന്നപോല്‍
കതിരുകള്‍ മൂപ്പെത്തി
കതിരോനൊപ്പം തിളങ്ങി നിന്നു

ഞാറിന്‍ ഞരമ്പി -
ലദ്ധ്വാനവര്‍ഗ്ഗരക്തമോടും
ചോറുണ്ണുമ്പോളാരുമീ-
ച്ചേറിനെയോര്‍ക്കയില്ല

ദൂരത്തിരിക്കിലും
ഉള്ളിലെ പാടത്ത്‌
തുടരുന്നുഴുതു -
മറിയ്ക്കലും ഞാറ്റു പാട്ടും