ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

പ്രശ്നം


പ്രശ്നങ്ങള്‍ മനുഷ്യനെ എപ്പോഴും ഓടിച്ചു കൊണ്ടിരിക്കും ,ഭീമാകാരനായ നായയെപ്പോലെ .......

പേടിച്ചോടിയാല്‍ അത് വര്‍ദ്ധിതവീര്യത്തോടെ കുരച്ചു കൊണ്ട് ഓടിയെത്തി ദേഹത്ത്‌ ചാടി വീണ് മനുഷ്യനെ കടിച്ചു കീറും .....

ആദ്യം കുരയ്ക്കുമ്പോള്‍ തന്നെ മനോധൈര്യത്തോടെ തിരിഞ്ഞു നിന്ന് കല്ലെടുത്തെറിഞ്ഞാല്‍ പ്രശ്നമെന്ന നായ തിരിഞ്ഞോടുക തന്നെ ചെയ്യും........അത്രയ്ക്ക് ഭീരുവാണ് അവന്‍ .......

തീവണ്ടി


പൊട്ടിപ്പിളര്‍ന്നുപോം ഭൂഗോളമാകെ-
യിമ്മട്ടിലുള്ളിലൊരു തോന്നലുളവാക്കി
രൌദ്രഭാവത്തോടെ രാക്ഷസ
രൂപന്‍
പുഴുവിന്‍ പുളച്ചിലോടൊപ്പിച്ചു ഗമനം
ഝടുതിയില്‍ ചെയ്യുന്നു കൂസലെന്യേ
ഒരു ഹിംസ്രജന്തുവിന്‍ ഗര്‍ജനത്തോടെ
കൂകിക്കുതിച്ചുമൊരല്പം കിതച്ചും
പകയോടെ പുകതുപ്പി സര്‍വ്വം വിറപ്പി -
ച്ചുരുക്കില്‍ ബലിഷ്ഠമായ്‌ പണിത ഗാത്രം
തെല്ലൊന്ന് മാറാതെ നിശ്ചിത വഴിയെ
നാടായ നാടൊക്കെ സഞ്ചരിക്കുന്നു

പണ്ട് ഭയപ്പെട്ടു പോയതാണല്ലോ
ദൂരെയാ ഭീമനെ കണ്ടതാം നേരം
അത്ര ഭയാനക ശബ്ദവും കേള്‍ക്കേ;
എങ്കിലും പിന്നീടടുത്തറിഞ്ഞപ്പോള്‍
പഞ്ചപാവമാണവനെന്നറിഞ്ഞു
ഉറ്റ
ചങ്ങാതിയാണെന്നുറപ്പിച്ചു ഞാന്‍
യാത്രകള്‍ കൂടെയൊരുപാടു ചെയ്തു
കാഴ്ചകളൊത്തിരി കാട്ടിയും തന്നവന്‍
നാടിന്‍ പരിച്ഛേദമോരോന്നെടുത്തിട്ട്
മിഴികള്‍ക്ക് സമ്മാനമായവനേകി
വ്യത്യസ്ത ഭൂവിഭാഗങ്ങളിലൂടെ
ജനപദസംസ്കാരവിവരണമേകി


നാനാത്വത്തിലേകത്വമുള്ള നാട്ടില്‍
കരിവണ്ടി യോഗ്യമാം സഞ്ചാര മാര്‍ഗം
അവനേകനെങ്കിലും പലസൗകര്യങ്ങള്‍
വേര്‍തിരിച്ചിട്ടുണ്ട് പലമുറികളായി ;
നഗരത്തില്‍ ചെന്നാല്‍ പച്ചപ്പരിഷ്കാരി
ഗ്രാമത്തിലെത്തിയാലവരിലൊരുവന്‍ ,
ഏവര്‍ക്കുമിങ്ങനെ പ്രിയ തോഴനായി
നഗരങ്ങള്‍ , നാട്ടിന്‍ പുറത്തുള്ള പാടം
നദിയുടെ ഗീതവും കായലിന്‍ കൊഞ്ചലും
ചതുപ്പ് നിലങ്ങളും കൊച്ചരുവിയും
മലഞ്ചെരിവുകള്‍ താഴ്വാരഭംഗിയും
പാറക്കെട്ടുകള്‍ മരുഭൂപ്രദേശവും

വിഭിന്നമാം ജീവല്‍ പതിപ്പുകളൊക്കെയും
കണ്ടു കണ്ടിരിക്കും നമ്മള്‍ക്കതിശയം
അവനാണെങ്കിലോ ദിനചര്യ മാത്രം


അഴിയിട്ട ജാലക വിടവിലൂടിന്നെന്‍
ഉള്ളില്‍ പതിച്ചു പൊന്‍ കിരണജാലം
മായിക ലോകത്തെ മാന്ത്രികരാവാം
മായാതോര്‍മകള്‍ മനസ്സിലെഴുതി
തീവണ്ടീ നീയെന്‍ കരള്‍ നെരിപ്പോടില്‍
അറിവിന്‍ തൃഷ്ണയുടെ തീ ജ്വലിപ്പിച്ചു
നിന്നുടെ കൂടെ ഞാന്‍ വന്നപ്പോഴെല്ലാം
നീ തന്നതായിരം മധുമാസമധുരം