തിങ്കളാഴ്‌ച, ഒക്‌ടോബർ 31, 2011

കേരളം - എന്‍റെ നാട്


കേരളം മോഹനം , മഹനീയ പാവനം
മരതകകേദാരസ്വര്‍ഗീയഭൂമി
മോഹനഭംഗിയെഴുന്നൊരു മങ്കയായ്
ഭാരത ദക്ഷിണഭാഗേ വിലസുന്നു
ഇത്രയലംകൃതനാടെങ്ങുലകിലായ്‌
കാണ്മതിനൊക്കുമേലതിശയമത്രേ
എന്‍റെ നാടെന്നുമെനിക്ക് പ്രിയതരം
മറ്റൊന്ന് പകരമായ്‌ വെയ്ക്കുവാനാമോ
അറിയാതെ നാവിലൊന്നീ നാമമെത്തിയാല്‍
ആരാധനാഭാവമുള്‍പ്പുളകമായ്‌ വരും

പ്രത്യക്ഷഗണപതീ തലയെടുപ്പോടെ വന്‍
ഗിരിശൃംഗരണിനിരന്നില്ലേ കിഴക്കായ്‌
നെറ്റിയില്‍ പട്ടമായ്‌ ചാര്‍ത്തിക്കൊടുക്കുവാന്‍
തിങ്ങി വളര്‍ന്നു നിറഞ്ഞിടും വനശോഭ ;
വീശിയടിച്ചുവരും കൊടുങ്കാറ്റിനും
തടയിടാന്‍ കരുതലോടവരങ്ങു നില്‍പ്പൂ ,
തുമ്പിക്കൈ തന്നിലായ്‌ കാത്തതാം നീര്‍ത്തുള്ളി
വര്‍ഷപാതങ്ങളായ് കോരിച്ചൊരിഞ്ഞല്ലോ
നനയാണ് കണിശം പറയുകില്‍
പൂങ്കാവനം പോലെ,യിവിടമായ്ത്തീര്‍ന്നത്

പുഴകള്‍ ഗമിക്കുന്നലസമായെന്നും
പുളിയിലക്കരമുണ്ടുടുത്തിട്ടൊരുങ്ങി,
പൊട്ടിച്ചിരിച്ചുകൊണ്ടൊത്തിരിക്കാര്യങ്ങ-
ളുച്ചത്തില്‍ ചൊല്ലുന്നു കൂട്ടുകാരോട്
സൂര്യനും ചന്ദ്രനും ദിനമേതുമൊഴിയാതെ
മുങ്ങിക്കുളിച്ചതിന്‍ ശേഷമേ പോകൂ
പലപക്ഷിമല്‍സ്യങ്ങള്‍, ജന്തുജാലങ്ങളും
അഭയവും തേടി വരുന്നതുമിവിടെ
കായലോളങ്ങളോ ശാന്തരാണെന്നും
ഒരു ലക്ഷ്യമെന്നതോ കടലോട് ചേരണം

പച്ചവിതാനിച്ച നെല്‍ച്ചെടിക്കൂട്ടം
ചെളിവരമ്പതിരിടും പാടത്തു പൊന്തി
തോട്ടിലെത്തെളിനീര് ചാലിട്ടു വന്നു
കൈതകള്‍ പൂവിട്ടു ചാഞ്ഞു നിന്നു
തങ്കനിറമണിഞ്ഞല്ലോ കതിരുകള്‍
കേരങ്ങള്‍ പൊന്പീലി നീര്‍ത്തി വിരാജിപ്പൂ
മന്ദമാരുതന്‍ ഗായകന്‍ പാടിയാല്‍
താളമിടില്ലേ മുളംചില്ല തനിയെ
കുയിലുണ്ട് കൂട്ടിന് പ്രാവിന്റെ കുറുകലും
രംഗപടം തീര്‍ത്ത്‌ വെണ്‍ചന്ദ്രബിംബം

പോല്‍ക്കല തിലകമിട്ടെന്നുമുണര്‍ത്തുന്നു
നീര്‍ന്നുറങ്ങീടുമീ സുമുഖയാം തരുണിയെ
പൂക്കളും മിഴി തുറന്നേറ്റു വരുന്നു
മധു സ്മിതമോടേകി തുമ്പിയ്ക്ക് സ്വാഗതം ;
മഴയുടെ
നാദമുറക്കെ മുഴങ്ങവേ
മണിമയില്‍പ്പേട തുടങ്ങി തന്‍ നടനം
അംബരം വില്ല് കുലച്ചണയുമ്പോള്‍
അംബുധി പുത്രിയെ ലാളിച്ചൊരുക്കും
നയനമോ ഹര്‍ഷമാല്‍ കോരിത്തരിക്കുന്നു
നല്‍ക്കാഴ്ച കണ്ടതെന്‍ മുജ്ജന്മസുകൃതം

ഐതീഹ്യമൊരുപാടുറങ്ങുന്ന മണ്ണിത്
പരശുവെറിഞ്ഞുയിര്‍കൊണ്ട പ്രദേശം
സംസ്കാരസമ്പത്തുമൈശ്വര്യമോദം
മഹാബലിയായ്‌ വന്നു ഭരണം നടത്തി ;
മലനാടുമിടനാടുമൊരുനല്ല തീരവും
ഇഴചേര്‍ന്നുനിന്നാകില്‍ മലയാളനാട്
മലയാളഭാഷ മഹത്താം പ്രവാഹമായ്‌
തവകീര്‍ത്തിയാലപിച്ചലയാഴി പോലവെ
സന്തുഷ്ടമാനസര്‍ തനയരാം ഞങ്ങളോ
ജനനി നിന്‍ പദമലര്‍ കുമ്പിട്ടുതൊഴുതേന്‍