തിങ്കളാഴ്‌ച, ജൂൺ 27, 2011
'കൃഷ്ണമണി 'പ്പട്ടയം , തിരിച്ചും
പട്ടയം എന്നു കേട്ടാല്‍ ഏതു പട്ടയടിച്ചവന്‍റെ മനസ്സിലും ഭൂമി കയ്യേറ്റത്തിന്‍റെ പെരുമ്പറ മുഴങ്ങും . അപ്പോള്‍ പിന്നെ 'കൃഷ്ണമണിപ്പട്ടയം' എന്നോ 'പട്ടയകൃഷ്ണമണി' എന്നോ കേട്ടാല്‍ ആരുടെ കണ്ണിലെ കൃഷ്ണമണിയാ പുറത്തേയ്ക്ക് തള്ളാത്തത്.ശെടാ , കൃഷ്ണമണിയ്ക്കും പട്ടയമോ!? അല്ലെങ്കില്‍ പട്ടയത്തിനെവിടാ കൃഷ്ണമണി? ഇത് നല്ല കൂത്ത്! ആശാനേ സംഗതി ശരിയാ , ഇനി മുതല്‍ സര്‍ക്കാര്‍ നിങ്ങള്‍ക്ക് തരുന്ന പട്ടയത്തില്‍ നോക്കിയാല്‍ നിങ്ങളുടെയും ഭാര്യയുടെയും കൃഷ്ണ മണി കാണാം. വളച്ചു കെട്ടില്ലാതെ പറഞ്ഞാല്‍ കൃഷ്ണമണിയുടെ അടയാളം പതിപ്പിച്ച ഹൈടെക് രീതിയിലുള്ള സ്മാര്‍ട്ട് കാര്‍ഡുകളായിരിക്കും പുതിയ പട്ടയങ്ങള്‍ .
സര്‍ക്കാര്‍ മുദ്ര ,തഹസില്‍ദാരുടെ ഒപ്പ് ,ഓഫീസ് സീല്‍ എന്നിവ തരപ്പെടുത്തി വ്യാജ പട്ടയങ്ങള്‍ അച്ചടിച്ച് മൂന്നാര്‍ ,ചിന്നക്കനാല്‍ മേഖലകളില്‍ റവന്യൂ ഭൂമി കയ്യേറുന്ന മാഫിയാകളുടെ തരികിടപ്പരിപാടി പൂട്ടി മുദ്ര വെക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് സര്‍ക്കാരിന്‍റെ ഈ നീക്കം .പരീക്ഷണം വിജയിച്ചാല്‍ കേരളമാകെ നല്‍കുന്ന പട്ടയങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ വിലപ്പെട്ടതാവും .
അറിയിപ്പ് :
1 ) യഥാര്‍ത്ഥ പട്ടയം കൈവശമുള്ളവര്‍ ഭൂമി സംബന്ധമായ കാര്യങ്ങള്‍ക്ക് താലൂക്കില്‍ വരുമ്പോള്‍ പട്ടയം കൊണ്ടു വരേണ്ടതില്ല .ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള കൃഷ്ണമണി പരിശോധന യന്ത്രത്തിലെ സ്കാനിങ്ങിനു ശേഷം ഉള്ളില്‍ കടന്നാല്‍ പട്ടയത്തെക്കുറിച്ചുള്ള സമൂല വിവരങ്ങള്‍ തഹസില്‍ദാരുടെ കമ്പ്യൂട്ടറില്‍ ലഭിക്കുന്നതാണ് .
2)ബാങ്ക് ലോണിന് അപേക്ഷിക്കുമ്പോള്‍ അനുബന്ധ രേഖകളായ ആധാരം , മുന്നാധാരം , സൈറ്റ് പ്ലാന്‍ , കരമൊടുക്ക് രസീത് , കൈവശാവകാശം , ബാധ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതില്ല .പകരം മാനേജരെ കണ്ണ് കാണിച്ചാല്‍ മതി
3 )പട്ടയകൃഷ്ണമണിക്കാര്‍ കൂളിംഗ് ഗ്ലാസ് വെച്ച് നടക്കുന്നത് ഉചിതമായിരിക്കും .പൊടിയും വെയിലുമേറ്റാല്‍ കണ്ണിലെ പട്ടയ രേഖകളുടെ തെളിച്ചം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് . ചുരുക്കം പറഞ്ഞാല്‍ നനഞ്ഞ പടക്കം പോലെയാകും ടി പട്ടയം .
4 ) വ്യാജപ്പട്ടയ നിര്‍മാണത്തിന് വേണ്ടി കൃഷ്ണമണി മോഷണവും കൊലപാതകവും വര്‍ദ്ധിച്ചതിനാല്‍ കൃഷ്ണമണി മാഫിയായെപ്പറ്റി വിവരം തരുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു .
മുന്നറിയിപ്പ് :
1 ) കൃഷ്ണമണിയില്‍ യഥാര്‍ത്ഥ പട്ടയപ്പാടില്ലാത്തവര്‍ വന്നു പെടുന്ന പങ്കപ്പാടുകള്‍ കണ്ടക ശനിയുടെ മൂര്‍ച്ഛയായി കണ്ട് സമാധാനപ്പെടേണ്ടതാണ്. ഇവരുടെ പൂജപ്പുരയിലെ തുടര്‍ന്നുള്ള കുടികിടപ്പും തീറ്റിയും സര്‍ക്കാര്‍ 'ഏറ്റെടുക്കുന്നതാണ്'.
2 ) പട്ടയമുള്ളവര്‍ ജീവിതപ്പട്ടയം നീട്ടിക്കിട്ടാന്‍ പട്ടയം പതിച്ച കൃഷ്ണമണി ബാങ്ക് ലോക്കറില്‍ സൂക്ഷിക്കേണ്ടതാണ്. പൊതുമേഖലാ , ജില്ലാ ബാങ്കുകളില്‍ ടി സൗകര്യം ലഭ്യമാണ് . കൃഷ്ണമണി നഷ്ടപ്പെട്ടാല്‍ നിങ്ങളുടെ കാഴ്ചയും ഒപ്പം കിടപ്പാടവും പോകുമെന്ന കാര്യം ഓര്‍ക്കുക .
3 ) പട്ടയ പട്രോളിംഗ് ഡ്യൂട്ടിയുള്ള പോലീസുകാര്‍ കൃഷ്ണമണി മാഫിയയെ സഹായിച്ചെന്നു തെളിഞ്ഞാല്‍ കൃത്യവിലോപക്കുറ്റത്തിനു സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടുന്നതായിരിക്കും
' കണ്ണ്കടി '
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)