Powered By Blogger

ശനിയാഴ്‌ച, മേയ് 28, 2011

പുഴയുടെ നൊമ്പരം


കവിത

പുഴ ചിരിക്കുകയായിരുന്നില്ല
കാല്‍ച്ചിലമ്പ് അണിഞ്ഞത് നൃത്തവും ചെയ്തില്ല
ഏകയായ് മൂകമായിരുന്ന്
അവള്‍ കരയുകയായിരുന്നു
മുഖം കൈകളാല്‍ കോരിയെടുത്തപ്പോള്‍
പഴയ കുളിരോ മൃദുലതയോ ഇല്ലായിരുന്നു
അപ്പോഴെന്‍ കാല്‍പാദത്തില്‍ ചൂടനുഭവപ്പെട്ടു
അവളുടെ കണ്ണീര്‍ പതിച്ചതാണതെന്ന്
തിരിച്ചറിയാന്‍ അല്പസമയമെടുത്തു
കാരണം പുഴയുടെ ഹൃദയ വേദന
ഞാനതുവരെ അറിഞ്ഞിരുന്നില്ല


ആഴത്തില്‍ നിന്നുള്ള തേങ്ങലുകള്‍
മുകളില്‍ എത്തുമായിരുന്നില്ല
അവ്യക്തമായ സ്വരങ്ങള്‍ പുറപ്പെടുമ്പോള്‍
ഒന്നു ഞാന്‍ മനസ്സിലാക്കുന്നു ,
പറയുന്നതെല്ലാം വറ്റിവരണ്ട
തൊണ്ടയില്‍ കുരുങ്ങുന്നുവെന്ന്
പാടുന്ന കല്ലോലിനികള്‍ പാട്ടില്‍ മാത്രം
ജലസമൃദ്ധമായിരുന്നവ
മണല്‍ ഖനികളാല്‍ നിറഞ്ഞിരിക്കുന്നു
കൂര കെട്ടാന്‍ മണല്‍ വേണമെന്നും പറഞ്ഞ്
കുഴി തോണ്ടുന്നു മര്‍ത്യന്‍ സ്വയമൊടുങ്ങാന്‍ ;
വെട്ടി മുറിയ്ക്കപ്പെട്ട ശരീരവുമായി പുഴയിവിടെ
ഊര്‍ധ്വം വലിച്ചുകൊണ്ടിരിക്കുന്നു

പ്രതീക്ഷകള്‍

കവിത

വേദനയില്‍ നിന്ന്
കവിത ജനിക്കുന്നു ,
കവിതയില്‍ നിന്ന്
ആശ്വാസവും ;
സ്വപ്‌നങ്ങള്‍ നിത്യവും
പിന്തുടരുമെങ്കിലും
സ്വപ്നാടനമല്ല ജീവിതം

സ്മൃതിയുടെ ഇലച്ചാര്‍ത്തിന്
പുഴുക്കുത്ത് വീഴുമെങ്കിലും ,
തളിരുകള്‍
പിന്നെയും ബാക്കിയാകുന്നു
അകലമാകുന്ന വേനലില്‍
ഹൃത്തടം വിണ്ടുകീറിയെന്നാലും
ചിന്തകളൊടുവില്‍
മഞ്ഞുകണമാകുന്നു

വസന്തത്തിന്‍റെ
അസ്ഥിപഞ്ജരങ്ങള്‍
ചിരിക്കാന്‍ ശ്രമിച്ചു ;
ഞാന്‍ നോക്കിനില്‍ക്കെ
പെരുമഴയിലവ
മണ്ണടിഞ്ഞെങ്കിലും
പ്രതീക്ഷയോടെ കാത്തുനിന്നു-
പുതുനാമ്പെന്നുമുറങ്ങുമോ?