ബുധനാഴ്‌ച, ജൂൺ 29, 2011
കാല്‍രൂപ കാലപുരി പൂകി
വിധിയുടെ അനിവാര്യതയില്‍ ചരാചരങ്ങളെല്ലാം ഒന്നുപോലെ . നിയതിയുടെ ആലയില്‍ ഉരുകി ലയിക്കാത്തതായി എന്താണുള്ളത് ? കാല്‍ രൂപയ്ക്കും വിനിമയജീവിതം (ഇഹലോക ജീവിതം ) മതിയാക്കിയേ പറ്റൂ . ഇന്ന് , അതായത് 2011 ജൂണ്‍ 29 ന് ബാങ്കിംഗ് സമയം കഴിയുന്നതോടെ 25 പൈസയും ഓര്‍മക്കിലുക്കത്തിലെ പുതിയ കണ്ണിയായിത്തീരും .അവസാനം പോറ്റാന്‍ പാടാണെന്ന് പറഞ്ഞ് പടച്ചു വിട്ട റിസര്‍വ് ബാങ്ക് തന്നെ പടിയടച്ച് പിണ്ഡം വെച്ചു! അപ്പോള്‍ പിന്നെ നാട്ടുകാരുടെ കാര്യം പറയണോ ? നാണയശേഖരണക്കാരുടെ ചില്ലറകളില്‍ ഇനി നാലണച്ചില്ലറ നിത്യനിദ്രയിലാഴും.1957 ല്‍ നയാപ്പൈസ കുടുംബത്തില്‍ ജനിച്ചത് മുതല്‍ 54 വയസ്സിനിടയില്‍ എത്രയെത്ര ആളുകളുടെ ലാളന , ശകാരം , അവഗണന ,പലതരം ജീവിതാവസ്ഥകള്‍,ഉയര്‍ച്ച താഴ്ചകള്‍- അങ്ങനെ സംഭവബഹുലവും സഹായതല്പരവുമായ, ജീവനില്ലാത്ത എന്നാല്‍ പണ്ഡിത- പാമര ഭേദമെന്യേ എല്ലാവരുടെയും മടിശീലകള്‍ക്ക് / മുറുക്കാന്‍ പൊതിക്ക്/ പോക്കറ്റിന് ജീവന്‍ പകര്‍ന്ന ഒരു ജീവിതം.
ചായക്കടയില്‍ , ബസ്സില്‍ , ബോട്ടില്‍ , ഐസ് ക്രീം നുണയാന്‍ , ബോംബെപ്പൂട തിന്നാന്‍ , കപ്പലണ്ടി കൊറിയ്ക്കാന്‍ , സ്കൂളിന്‍റെ പടിക്കലെ ഉമ്മര്‍ക്കാന്‍റെ പെട്ടിക്കടയിലെ നാരങ്ങ മിഠായിയും ചക്കര മിഠായിയും കൊണ്ട് നാവിലെ രസമുകുളങ്ങള്‍ക്ക് സദ്യ ഒരുക്കാന്‍ , മലയന്‍ സ്റ്റോര്‍സിലെ സംഭാരം കുടിക്കാന്‍ ,കല്ലുപെന്‍സില്‍ , പേനയുടെ റീഫില്ലെര്‍ എന്നിവ വാങ്ങാന്‍ അങ്ങനെ ഞാന്‍ എവിടൊക്കെ പോയോ അവിടെല്ലാം നീയും കൂട്ടുവന്നു . കാലത്തിന്‍റെ തടംതല്ലിപ്പാച്ചിലില്‍ പക്ഷെ, ചില മനുഷ്യരുടേതുപോലെ, ജീവിതമൂല്യങ്ങളുടേത് പോലെ നിന്‍റെ വിലയും നിലയും ഒലിച്ചു പോയി! പിച്ചക്കാര്‍ക്ക് പോലും വേണ്ടാത്ത എച്ചിപ്പൈസ!!! കാല്‍ക്കാശിനു വിലയില്ലാത്ത നിന്നോടുള്ള ആളുകളുടെ ഇഷ്ടക്കേടിന്‍റെ ആഴം ബസ്സിലെ കണ്ടക്ടറുടെ പിറുപിറുപ്പില്‍ മുഴങ്ങിക്കേട്ടു . ആരെയൊക്കെയോ ഭയന്നിട്ടെന്നപോലെ നീയെന്‍റെ പഴയ കാമല്‍ ബോക്സില്‍ പേപ്പറിനടിയില്‍ ഒളിച്ചിരുന്നു.
ഞാന്‍ തീരെ കുഞ്ഞായിരിക്കുമ്പോള്‍ എന്‍റെ തൊണ്ടയില്‍ 'കയറിയിരുന്ന് ' നീ വീട്ടുകാരെ കുറെ തീ തീറ്റിച്ചു.ഡോക്ടറെക്കണ്ട് പേടിച്ച് നീ പുറത്ത് ചാടിയത് എന്‍റെ ആയുസ്സിന്‍റെ ബലം. ഒരിക്കല്‍ കൊപ്രാ തേങ്ങ എടുക്കാന്‍ തട്ടിന്‍പുറത്തു കയറിയപ്പോള്‍ പൊടിപിടിച്ച് ഒരു മൂലയ്ക്ക് കിടക്കുന്ന നിന്‍റെ കൂട്ടുകാരെ എനിക്ക് കിട്ടി.ചൊറിയും ചിരങ്ങും പിടിച്ച് ആരോരുമില്ലാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെ സന്മനസ്സുള്ളവര്‍ കുളിപ്പിച്ച് വൃത്തിയാക്കുന്നതുപോലെ ഞാനും അവരെ തേച്ചു വെളുപ്പിച്ച് നിന്‍റെ കൂടെയാക്കിയത് നീയോര്‍ക്കുന്നില്ലേ ? അങ്ങനെ പഴമയുടെ ക്ലാവ് മണക്കുന്ന സുഖകരമായ എന്തോരം ഓര്‍മ്മകള്‍ . മറക്കില്ല , മരിക്കില്ല കുഞ്ഞുമിത്രമേ നിന്‍റെ കിലുങ്ങിച്ചിരിയുടെ സ്മൃതികള്‍.........
ജനനം :1957
മരണം :29-06-2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)