Powered By Blogger

വ്യാഴാഴ്‌ച, ഓഗസ്റ്റ് 04, 2011

ബസ്സിലെ സീറ്റും ചില ചീറ്റലുകളും

'പുരുഷന്മാരുടെ സീറ്റില്‍ സ്ത്രീകള്‍ ഇരുന്ന് യാത്ര ചെയ്യുന്നത് ശിക്ഷാര്‍ഹം !!! ' ആരും നെറ്റി ചുളിക്കേണ്ട , കഴിഞ്ഞ ദിവസം ബസ്സില്‍ യാത്ര ചെയ്തപ്പോള്‍ നടന്ന ഒരു സംഭവം എന്റെ മനസ്സില്‍ ഒട്ടിച്ച പോസ്റ്ററാണിത്. 'സ്വന്തമായി ' സീറ്റുള്ളതിന്റെ അഹങ്കാരം ചില സ്ത്രീകള്‍ക്ക് എങ്കിലുമുണ്ടെന്നുള്ള എന്റെ വിചാരം ഉറച്ച വിശ്വാസമായത് ഇപ്പോഴാണ് . എണ്‍പത് വയസ്സിലധികം പ്രായമുള്ള അച്ഛനെയും താങ്ങിപ്പിടിച്ച് തീരെ ധനസ്ഥിതിയില്ല എന്നു വിളിച്ചു പറയുന്ന മുഷിഞ്ഞ വേഷവിധാനങ്ങളോടെ ഒരാള്‍ മുന്‍ വാതിലിലൂടെ കയറി . വയോധികന് നിവര്‍ന്നു നില്‍ക്കാന്‍ പോലുമാവുന്നില്ല.പ്രായാധിക്യമാകുന്ന പെയിന്റിംഗ് ബ്രഷ് , രോഗപീഡകളുടെ ബഹുവിധ ചായങ്ങള്‍ അദ്ദേഹത്തിന്റെ ശരീരമാകുന്ന ചുളുങ്ങി മടങ്ങിയ ക്യാന്‍വാസ്സില്‍ ഏറിയും കുറഞ്ഞും വാരിപ്പൂശിയിരിക്കുന്നു. ആശുപത്രിയിലേയ്ക്ക് ആയിരിക്കണം യാത്ര . 'സ്വന്തം ' സീറ്റും കടന്ന്‍ പിന്നിലെ ജനറല്‍ സീറ്റുകളിലും മറ്റു കരുതല്‍ സീറ്റുകളിലും അഡ്മിഷനെടുത്ത് അധികാരം സ്ഥാപിച്ചിരിക്കുകയാണ് തരുണീമണികള്‍ ! ഈ സംഭവം നടക്കുമ്പോള്‍ വൃദ്ധന്മാര്‍ക്കുള്ള ഇരിപ്പിടത്തില്‍ നിന്ന് പോലും 'പ്രസന്റ് സാര്‍ ' പറഞ്ഞതും വനിതകള്‍ തന്നെ .

"ഒന്ന് എഴുന്നേറ്റു തരുമോ, എനിക്ക് തീരെ വയ്യ " എന്ന് തന്നെക്കൊണ്ട് ആവും വിധം ഉച്ചത്തില്‍ അപേക്ഷിക്കുന്ന വയോധികന്റെ ദയനീയ നോട്ടത്തെ " പോടോ പുല്ലേ " എന്ന പുച്ഛഭാവേനെയുള്ള മറുനോട്ടം കൊണ്ട് എതിരിട്ടു ,ഒരു മദ്ധ്യവയസ്ക; ജനറല്‍ സീറ്റിലിരുന്ന്‍ ."ചേച്ചീ ഒന്ന് മാറിക്കൊടുക്ക് " എന്ന് ആവശ്യപ്പെട്ട കണ്ടക്ടറുടെ മുഖമടച്ച് " താന്‍ ആണുങ്ങളോട് പറ എഴുന്നേറ്റു കൊടുക്കാന്‍ " എന്ന വാചകം കൊണ്ട് പുള്ളിക്കാരി ചുട്ട അടി കൊടുത്തു . ഇത് കേട്ട് കോപാക്രാന്തനായ ഒരു ക്ഷുഭിതയൌവ്വനം (ങാ , പ്രായം ബിഗ്‌ ബിക്കൊപ്പം വരും ) പിന്‍ സീറ്റില്‍ നിന്നും ചാടി എഴുന്നേറ്റ് മുന്നോട്ടൊരു കുതിപ്പ് , പുട്ടിനു പീരയെന്നവണ്ണം ഭരണി പാട്ടും- "ഡീ ...........മോളെ , ഒന്നെഴുന്നേറ്റു കൊടുത്താല്‍ നിന്റെ മാനം നഷ്ടപ്പെടുമോടീ ........താടകേ. ആണുങ്ങടെ സീറ്റില്‍ കയറിയിരുന്നിട്ടു വാചകമടിക്കുന്നോ?". നമ്മുടെ മഹിളാ രത്നം വിടുമോ - " എവിടാടോ എഴുതിവെച്ചിരിക്കുന്നെ, ആണുങ്ങടെ കുന്തമെന്ന് ?" അനര്‍ഘനിര്‍ഗളം പ്രവഹിച്ച യുഗ്മ ഗാനത്തില്‍ ലയിച്ചു യാത്രികരെല്ലാം അന്തംവിട്ട് കുന്തം വിഴുങ്ങിയിരുന്നു . കുറച്ചു പേര്‍ തടസം പിടിക്കാന്‍ ചെന്നു. മറ്റൊരാള്‍ പ്രായമായ ആള്‍ക്ക് സീറ്റ് സമ്മാനിച്ചതോടെ നാടകത്തിനു തിരശീല വീണു, പിന്നാംപുറം പിന്നെയും കടന്നു പോയ കൊടുങ്കാറ്റിന്റെ ഭീകരതയില്‍ ആലില പോലെ വിറ കൊണ്ടു നിന്നു .

ഒരു കാര്യം സത്യമാണ്, കൈക്കുഞ്ഞുമായി അമ്മമാര്‍ ബസ്സില്‍ കയറിയാല്‍ എഴുന്നേറ്റ് കൊടുക്കാന്‍ പോയിട്ട് ഒതുങ്ങിയിരിക്കാന്‍ പോലും മിക്ക സ്ത്രീകളും തയ്യാറാകില്ല. എന്ത് കൊണ്ടാണിങ്ങനെ എന്നതിന് മാത്രം ഉത്തരം കണ്ടെത്താന്‍ ആകുന്നില്ല . ഒരു പക്ഷെ , റാഗിംഗ് മനോഭാവമാവാം. 'ഞാന്‍ മുന്‍പ് അനുഭവിച്ചതാ അമ്മയായാലുള്ള കഷ്ടപ്പാട് , ഇപ്പോള്‍ നീയും അനുഭവിക്ക്' എന്ന സാഡിസ്റ്റ് ചിന്താഗതി . അപ്പോള്‍ കോളേജ് കുമാരിമാരോ ? ' അയ്യോ നാണക്കേട് , എഴുന്നേറ്റ് കൊടുത്താല്‍ കുറച്ചിലല്ലേ '. സ്വന്തം അമ്മയെ ഓര്‍ക്കുന്നത് കൊണ്ടാവും ആണുങ്ങള്‍ ഭൂരിപക്ഷവും 'കുഞ്ഞ'മ്മമാര്‍ക്ക് ( കുഞ്ഞിനെ എടുത്തിരിക്കുന്ന അമ്മ = കുഞ്ഞമ്മ ) ഇരിപ്പിടം നല്‍കും. പ്രായമായവര്‍ക്കും കുഞ്ഞുമായി വരുന്നവര്‍ക്കും വയ്യാത്തവര്‍ക്കും ഇരിപ്പിടം നല്‍കാത്ത ദുഷ്ടരാണ് സ്ത്രീജനങ്ങള്‍ എന്ന് സമര്‍ത്ഥിക്കുകയല്ല എന്റെ ലക്‌ഷ്യം . തീര്‍ച്ചയായും മേല്‍ പറഞ്ഞതിന് അപവാദമായ നല്ലവരുണ്ട് .

സ്ത്രീ വര്‍ഗത്തെ ആകെ താഴ്ത്തി കെട്ടാന്‍ ഉദ്ദേശിച്ചല്ല ഇത് പോസ്റ്റുന്നത് , മറിച്ച് എവിടെയും എപ്പോഴും പുരുഷാധിപത്യം , പീഡനം എന്നൊക്കെ വിളിച്ചു കൂവുന്ന സ്ത്രീ വിമോചന മുന്നണികള്‍ ഇത്തരം അടിസ്ഥാന കാര്യങ്ങള്‍ ( തറ , പറ ) ശരിയാക്കിയതിന് ശേഷം പോരെ 'ആഗോള താപനത്തിലേക്കും' 'സാമ്പത്തിക മാന്ദ്യത്തിലേക്കും' കൈ കടത്താന്‍ , അല്ലെങ്കില്‍ കാള പെറ്റെന്നു കേട്ട ഉടനെ റസ്റ്റ്‌ ഹൌസ് മാനേജരെ ചൂലിന് തല്ലാന്‍ !ബസ്സിലേക്ക് തിരിച്ചു കയറാം . ഞരമ്പ് രോഗികള്‍ ബസ്സില്‍ പ്രശ്നമുണ്ടാക്കാറുണ്ടെന്ന കാര്യം വിസ്മരിക്കാതെ തന്നെ പറയട്ടെ , തിരക്കുള്ള സമയത്തോ വാഹനം പെട്ടെന്ന് നിര്‍ത്തുമ്പോഴോ അറിയാതെ ഒന്ന് മുട്ടിയാല്‍ പിന്നെ മുട്ടന്‍ വഴക്കായി .പുരുഷന്മാര്‍ക്ക് ഭൂരിപക്ഷമുള്ള നിയമ നിര്‍മാണ സഭകള്‍ ,സ്ത്രീകളുടെ സംരക്ഷണത്തെ മുന്‍ നിര്‍ത്തി പാസ്സാക്കുന്ന നിയമങ്ങള്‍ പലപ്പോഴും തിരിഞ്ഞു കടിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത് .ഞങ്ങള്‍ അബലകളാണെന്നും പറഞ്ഞു ആനുകൂല്യങ്ങള്‍ നേടാന്‍ വെമ്പല്‍ കാട്ടുന്നവര്‍ , അതു നേടിക്കഴിയുമ്പോള്‍ ശരിക്കും ഭസ്മാസുര വംശമാകുന്നു ..... പുരുഷന്മാരെ ദ്രോഹിക്കുന്നു.വ്യാജ സ്ത്രീപക്ഷ വാദികള്‍ പുരുഷ പീഡനം നടത്തുകയാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല .സ്ത്രീകള്‍ക്ക് പ്രത്യേകം സീറ്റ് ആകാമെങ്കില്‍ പുരുഷന്മാര്‍ക്ക് എന്ത് കൊണ്ട് ആയിക്കൂടാ. അല്ലെങ്കില്‍ മുഴുവന്‍ സീറ്റുകളും സ്ത്രീകള്‍ കൈയ്യടക്കും , പുരുഷന്മാരെ നോക്കു കുത്തികളാക്കി.... നിയമത്തിലെ നൂല്‍പ്പഴുതുകള്‍ പരമാവധി ഉപയോഗപ്പെടുത്തി ...... അതിനാല്‍ ഒരു സമവായം - മുന്‍ സീറ്റുകള്‍ നാരികള്‍ക്ക് , മദ്ധ്യ ഭാഗം രണ്ട് കൂട്ടര്‍ക്കും , പിന്‍ സീറ്റുകള്‍ പുരുഷന്‍മാര്‍ക്ക് .

കുറിപ്പ് : നല്ലവരായ അമ്മമാരും പെങ്ങമ്മാരും പൊറുക്കുക , ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ സ്ഥിരം ഉണ്ടാകാറുള്ള ഒരു പ്രശ്നം അവതരിപ്പിച്ചെന്നെയുള്ളൂ, നിങ്ങള്‍ ഇതില്‍ പ്രതികളല്ല.