കവിത
നക്ഷത്രമേതിനെക്കാളും തിളങ്ങുന്ന
മിഴിദ്വയം തന്നെയെന്നാദ്യകാഴ്ച !
വിദ്യുത്തരംഗമുതിര്‍ന്നതു തല്‍ക്ഷണം
എന്നകമാഴം തുളച്ചു പാഞ്ഞു ;
പദ്മവിലോല കപോലതടങ്ങളെ
തഴുകാന്‍ കൊതിക്കില്ലേ കിന്നരന്മാര്‍ ,
ഒത്തിരി പൊന്‍ തിങ്കള്‍ മാനത്തുദിച്ചപോല്‍
ഇവ്വിധം നന്നായ് ചമഞ്ഞു നിന്നേന്‍
മാസ്മരീക പ്രഭ ചേലില്‍ത്തുടിയ്ക്കും
ആലോലവദനയില്‍ ആകൃഷ്ടനായി,
ഹൃത്തിലൊരുക്കിയിന്നൊരു യാഗശാല
രാഗമന്ത്രങ്ങളാല്‍ അവളെ മെരുക്കാന്‍
കാംക്ഷിച്ചു പോയി ഞാനൊരു കാടാക്ഷത്തിന് ,
ജീവാമൃതം തന്നെ മുമ്പേ നിനച്ചു
ഒരു ഹാസമെന്‍ നേര്‍ക്ക് നീട്ടി നടാടെ
പനിനീര്‍ മലര്‍ നുള്ളിയേകും തരത്തില്‍
തെളിയും നുണക്കുഴി കണ്ണിറുക്കുന്നിതാ,
കാര്‍ക്കൂന്തല്‍ പോന്നിട്ട് മുട്ടോടു മുട്ടി
കണ്ണ് കിട്ടാത്തൊരു ശ്യാമമാം തിലകവും
വിധി തൊട്ടതല്ലയോ കവിളില്‍ പണ്ടേ
"സ്വര്‍ലോക ലക്ഷണയുക്തയാം തരുണിയെ
തരുവാന്‍ നിനക്കെന്തു നേദ്യവും ദേവാ ,
തുള്ളിത്തുളുമ്പുന്ന നിറയൌവ്വനത്തിനെ
സഖിയായി ചോദിച്ചതധികമായോ?"
നീയെന്‍റെ അര്‍ത്ഥന കേട്ടതിനാലെയോ ,
കാണുവാന്‍ മിണ്ടുവാന്‍ ഇടവന്നതുടനെ
ശുഭസൂചകം തന്നെയെന്നു ഞാനെണ്ണി
സ്വസ്ഥമായ് പിറ്റേന്ന് പരിചയപ്പെട്ടത്
ശാലീനമൊപ്പം കുലീനമാ വ്യക്തിത്വ -
മെന്നു തിരിച്ചറിഞ്ഞാ നിമിഷത്തില്‍
എന്തു മിതത്വം മൃദുത്വമോ വാക്കില്‍
നെറുകിലെ ചന്ദനത്തോടു ചാലിക്കാം
പച്ചനിറത്തിലെ പട്ടിന്‍റെ ദാവണി
മഞ്ഞയലുക്കുകള്‍ ചിരിതൂകി നിറയെ ;
കനകക്കണിക്കൊന്ന മൊട്ടിട്ടൊരുങ്ങും
ഭാവമാണവളന്നു മുമ്പില്‍ നില്‍ക്കെ
ഗ്രാമീണ ഭംഗിയകൈതവമല്ലയോ
പാടവരമ്പിലെ കൈതപ്പൂ പോലെ
കരുതീലശേഷമീ ധന്യമാം സമയങ്ങള്‍
വന്നീടുമൊരുനാളെന്‍ ജീവിതത്തില്‍
തന്വംഗി തന്‍ കുശലമെന്തെന്നു കേട്ടില്ല
രാഗാശ്വമേറിപ്പറന്നു പോകെ ;
വിഭ്രാമകംതന്നെയെന്നവസ്ഥയ്ക്കിന്നു
പേരുനല്കാനേറ്റമുചിതവാക്ക് .
നാരീ ഗണത്തിനു മകുടമായി വിലസുവാന്‍
കെല്പ്പെഴും കാന്തിയുടുത്തവള്‍ ചാരെ
അഞ്ചിതമായ് കൊഞ്ചി വിളയുന്ന നേരം
അറിയുന്നു ഞാനിതെന്‍ അതിയായ ഭാഗ്യം
യുഗങ്ങളായിരുപേരും ഒരുമിച്ചിരുന്നെന്നു
ഇഴയടുപ്പത്തിന്‍റെ ഗതിവേഗമരുളും
പതിയെയാ പരിചയം പുതുനാമ്പ് നീട്ടി
അത് തന്ന മലരിനോ സ്നേഹഗന്ധം
തമ്മില്‍ കണ്ടാലവള്‍ നാണത്തിന്‍ കുങ്കുമം
തൂമുഖത്താകെയും വാരിപ്പൊതിഞ്ഞു
മിഴിമുദ്രകള്‍ കൊണ്ട് വാചാലരായി
നാസികത്തുമ്പില്‍ തുടിപ്പിന്‍ തടിപ്പും
നിറയുന്നിതംഗോപാംഗമാവേശം
കല്ലോലനുരപോലെ തോരാതെ നിന്നു
നിഴലായ് പിരിയാതെ കൂടെയുണ്ടല്ലോ
അതി ഘോരമേതേത് വിഘ്നമെന്നാലും
പലനാളുകള്‍ കൊണ്ട് നാമറിഞ്ഞു ,
ഈ ഹൃദയ ബന്ധമോ നിത്യ ബന്ധനം
രാഗതുഷാരപാതത്തില്‍ നമ്മള്‍ ,
നെഞ്ചിലെ ചൂടിനെ കമ്പിളിയാക്കി
വിദ്യയെ നേടുവാനിവിടെ വന്നപ്പോള്‍
ആലയം തന്നതോ നിന്നെയും ചേര്‍ത്ത് ;
വിസ്തൃത പരിസര സൗഭാഗ്യമേകി,
നിസ്തുലം പുല്‍മേട് , പൂമരഛായയും.
ഇത്തരം പശ്ചാത്തലം തീര്‍ക്കുമെങ്കില്‍
നിശ്ചയം പൂവമ്പനോടിയെത്തില്ലേ
ഇളവെയില്‍ക്കതിരിലും മഴമുത്തിലും
പ്രണയാങ്കുരം തന്നെ കാത്തുവെച്ചു
ഇവിടെയുലാവും നിലാവിന്‍റെ പാല്‍മണം
ആദ്യമേ നുകരുവാനെന്ന മട്ടില്‍
ഇരുവരും നേരമളന്നു പോന്നെന്നും
കൈകള്‍ കോര്‍ത്തൊരുമിച്ചു പടികടക്കാന്‍ ;
ചന്ദ്രനീദിശ വിട്ടുപോയെങ്കിലെന്താ
പാരിജാതത്തിനുമേകീ സുഗന്ധം
രാഗലയ താളമാല്‍ ചീവീട് പാടി
കൂട്ടിനിണക്കിളിക്കൂട്ടങ്ങള്‍ മാത്രം
ഗൃഹാതുര സ്മരണകളോടിക്കളിക്കും
ഈ മണ്ണിനെ കുറിച്ച് ഓര്‍ത്താല്‍ മനസ്സില്‍
കൊഴിയുമില ശിശിരത്തില്‍ മെത്തയെന്നാലോ
വിരിയുമിതള്‍ വാസന്ത നാകമൊരുക്കി ;
കോകില ധ്വനിയില്‍ നാം നിര്‍വൃതി പൂണ്ടു
നമ്മെക്കുറിച്ചെന്നുറപ്പില്‍ നിനച്ച്
ആരുമറിഞ്ഞില്ല കേട്ടില്ല സല്ലാപം
അത് മൂഢമെന്നു തെളിഞ്ഞു കഴിഞ്ഞു
പേലവമംഗുലം വിസ്മയം കാട്ടി
അങ്കം കുറിച്ചെന്‍റെ അകതാരിനോട്
അധരോഷ്ഠത്തളികയില് നിന്നു ഞാനുണ്ടു
അമൃതേത്തു തന്നെയെന്നുള്ളം പറഞ്ഞു ;
മയങ്ങും തവമടിത്തട്ടില്‍ സുഖോഷ്മളം
ഉച്ച്വാസ നിശ്വാസ താരാട്ടു കേട്ട്
ഞാനല്ല നീയല്ല ഇവിടെയിന്നുള്ളത്
ഗന്ധര്‍വ ദേവാംഗനാ പരകായം
വിധി താന്‍ വിതാനിച്ച കൂടാരവാതില്‍
നമുക്കായ് തുറന്നിരിക്കുന്നു പണ്ടേ
ഇതു വരെ സ്വപ്നേപി കാണാത്തതെല്ലാം
യാഥാര്‍ത്ഥ്യ തീരത്തു കണ്‍കുളിര്‍ക്കെ
ആരണ്യകം താണ്ടി ആരാമമെത്തുമ്പോള്‍
ആശ്വാസമെന്തെന്നറിഞ്ഞവര്‍ നമ്മള്‍
പരിഭവച്ചുഴികളില്‍ പതറാതിരിക്കണം
കരുതലില്‍ കോര്‍ത്തിടാം ജീവിതം മേലില്‍
പരിണയ പൂര്‍ത്തിയില്‍ പൂത്തതാം സ്മേരം
ഒന്നുമൊളിക്കാതെ സര്‍വ്വതും ചൊല്ലി ;
ഈ ജന്മലക്ഷ്യമോ ഇന്നിവിടെ നിറവേറി
നന്ദിതന്‍ ഭാരമാല്‍ ശിരസ്സു കുമ്പിട്ടു
സന്തോഷം പങ്കിട്ടു സന്താപമാറ്റാന്‍
എനിയ്ക്കും നിനക്കുമിനി നമ്മള്‍ മാത്രം
ഇത്രയും കാലത്തെ കാത്തിരിപ്പൊടുവില്‍
സമ്മോഹ സമ്മാനമായൊത്തു ചേരല്‍