Powered By Blogger

ചൊവ്വാഴ്ച, നവംബർ 29, 2011

ഉള്‍ച്ചുഴികള്‍


തളര്‍ന്നു പോകുന്നു ഞാന്‍
വയ്യിനിയൊരടി വെയ്ക്കുവാന്‍
തളരരുതെന്നു കരുതുമ്പോഴും
പതറിടുന്നു മമപാദം
ഹൃദയമുരുകും ചൂടോ
ഹാ ! കഠിനമതികഠിനം ;
വെന്തു വെണ്ണീറായിടും സകലം ,
സ്വപ്‌നങ്ങള്‍ മാത്രമല്ല
ദുഃഖങ്ങളും മാഞ്ഞലിഞ്ഞിടും
വിണ്ടുണങ്ങി
ശൂന്യമായ്ത്തീരുമെന്‍ മനസും
ഈ തപ്തനിശ്വാസങ്ങളില്‍

ആരെന്തറിഞ്ഞിടുന്നു
കദനമുറങ്ങും കഥകളേറെ
കഥനമാര് കേട്ടുനില്‍ക്കും
തിരഞ്ഞിട്ടു കിട്ടിയില്ലൊരാളെ
അതിനാലവയൊന്നാകെ ഞാന്‍
ഉള്ളില്‍ നിന്നടര്‍ത്തി ,
ചുരുളുകള്‍ തൊറുത്തു കെട്ടി
ചുണ്ടിലേറ്റിപ്പുകച്ചു നന്നായി ,
ഒരു തരിയെങ്കിലുമിന്ന്
പുകച്ചു പുറത്തുകളയാന്‍

എന്നാലോരോ തരിയു,മോരോ
പുകച്ചുരുളും
അതിശയവേഗത്തില്‍
വലുതായ്‌ ഭൂതം കണക്കെ
വാപിളര്‍ന്നെന്നെ
വിഴുങ്ങാനടുക്കുന്നു
പുറപ്പെട്ടൊരട്ടഹാസമെന്‍റെ
തലച്ചോറിനുള്ളില്‍
വിദ്യുത്പ്രവാഹമായ്‌ ;
ഒത്തുചേര്‍ന്നവയെന്‍റെ
ചുറ്റിനും ലക്ഷോപലക്ഷമായ്‌
ശ്വാസമെടുക്കാനാവാതെ
ഞാന്‍ കുഴഞ്ഞു

കൊല്ലാന്‍ മടിച്ചതൊരല്പം
ഭയമെന്നോട് തോന്നിയതിനാലാവാം
തിളച്ചു മറിയുന്ന
ലാവയാണെന്നുള്ളിലെന്നവ
നന്നായ്‌ കണ്ടിരിക്കാം
അവയ്ക്കുമുള്‍ഭയം തോന്നിയോ -
യിതെവിടെ അവസാനിക്കുമെന്നോര്‍ത്ത്,
അന്തമില്ലാതെ നീളു-
ന്നൊരന്തര്‍ നാടകം കണ്ട്
വേദനകളെ പിരിയുവാ -
നെനിക്കാവില്ല തെല്ലും
അവയെന്‍റെ യജമാനന്മാര്‍
അനുസരണയുള്ളൊരടിമയായ്‌
അനുഗമിക്കുന്നു ഞാന്‍

പിന്തിരിയുവാനാവില്ല
വഴിയിത്ര പിന്നിട്ടതോര്‍ത്താല്‍
നൊമ്പരങ്ങളെ ,
ഇനിയൊരിക്കലും നിങ്ങളെ
നൊമ്പരപ്പെടുത്തില്ല ഞാന്‍
സ്വയം നൊമ്പരപ്പെട്ടീടിലും ;
എനിക്കുള്ള വിധിയെഴുത്ത്
കൈനീട്ടി വാങ്ങും
ഉള്ളിലൊട്ടുമേശില്ല
മുറിവിനാഴമേറിയെന്നാലും


വരുവിന്‍ മോദാല്‍ നിങ്ങള്‍
ധൂമമായെന്നിലേയ്ക്കൊഴുകി -
യിറങ്ങി പ്പരക്കുവിന്‍ ;
ഓരോ ഇഞ്ചുമിന്ന്
നിറഞ്ഞു കവിയുവിന്‍
കൂട്ടിനൊരു കൂട്ടരെങ്കിലുമുണ്ടെന്നു
ഞാനാശ്വസിച്ചീടട്ടെ
ദുഃഖങ്ങളാണെന്‍റെ സന്തോഷം
ഒളിച്ചിരിക്കാനുത്തമ സങ്കേതം

മനസ്സില്‍ വളരും മുള്‍ച്ചെടി -
ക്കൂട്ടങ്ങളിടതിങ്ങിപ്പെരുകുന്നു
കൊടിയ വിഷമിറ്റുന്ന മുള്ള്
തൊട്ടുപോയറിയാതെയെങ്കില്‍
മൃതി തന്നെ പിന്നെ ശരണം
കുറ്റമാരില്‍ ചുമത്തിടു,മെന്നില്‍
മാത്രമെന്നാര്‍ക്ക് പറയുവാനാകും
കൈകഴുകി ഞാന്‍
മാറി നില്‍ക്കയാണെന്ന്
മാലോകരെ നിങ്ങള്‍ പറഞ്ഞീടുമോ ?
ഒന്ന് നില്‍ക്കണം ,
പറയുന്നതൊന്നു കേള്‍ക്കണം
പാറ്റിയെടുത്തതിന്‍ ശേഷമേ
കതിരെത്ര , പതിരെത്ര
ഉതകുന്നതോ വിളവെന്നതും
കൂട്ടിയെടുക്കാന്‍ തുനിഞ്ഞിടാവൂ

കാട്ടിലെ തേന്‍കൂട് കാണുമ്പോഴേ
മധുരം കിനിയുന്നു നാവില്‍
വഴിതെല്ലുമറിയില്ലെങ്കിലും
കുറ്റാക്കൂരിരുട്ടാണെന്നാലും
മടിച്ചു നില്‍ക്കുന്ന വേളയില്‍ പോലും
കൂടെയുള്ളവര്‍ ചെവിയിലോതും -
"ഇതു തന്നെയവസര-
മിതുതന്നെയമൃതം
നീ മുന്നേറിടൂ വെക്കം
വൈകിയാലൊന്നും കിട്ടില്ല കൂട്ടുകാരാ "

മധുരവചസിലൊളിച്ചിരിക്കും
കാഞ്ഞിരക്കയ്പ്പറിയാത്തവര്‍
അപകടക്കെണിക്കൂട്ടിലേയ്-
ക്കനു നിമിഷം നടന്നു കയറുന്നു ;
പെട്ടു പോകുമ്പോള്‍ മാത്രം
പൊട്ടനറിയുന്നു
പൊട്ടിക്കാനാവാത്ത
വെട്ടില്‍ കുരുങ്ങിയെന്ന്

കൈ പിടിച്ചവര്‍ നമ്മുടെ
കാല്‍ വഴുതുന്ന നേരം
കയ്യയച്ചകന്നിടും ,സ്വയരക്ഷ തേടിടും
കൈനീട്ടിയപ്പോള്‍ മറുകരം നീട്ടാതെ ,
നിലവിളിച്ചതൊന്നും കേള്‍ക്കാതെ
കാത്തു പൊത്തി, ദൂരെ മാറി നിന്ന്
ക്രൂരമാം വിധിയെന്ന് ,
ചെയ്തിയുടെ ഫലമെന്ന്
പലവിധമങ്ങനെ ബഹുജനം
മന്ത്രിപ്പതെന്‍റെ പ്രജ്ഞയില്‍ മുഴങ്ങി

ഇത് തലയിലേറ്റിത്തന്നവരി-
ന്നെവിടെയറിയുമോ ?
തീരത്തെ മണലില്‍
വിരല്‍ വരഞ്ഞതെല്ലാം
തിര തഴുകി മായ്ച്ചിടും
തലയിലാ 'വിരലിനാ'ലെഴുതിയോ-
രക്ഷരമൊന്നു പോലും തൂത്തകറ്റാന്‍
സുനാമിത്തിരയ്ക്കുമാവില്ല തന്നെ