Powered By Blogger

ഞായറാഴ്‌ച, ജൂൺ 05, 2011

'പച്ച 'ച്ചോര അഥവാ പരിസ്ഥിതി

ജൂണ്‍ 5 -ലോക പരിസ്ഥിതി ദിനം


" നല്‍പ്രകൃതിയെ നിന്‍ വികൃതികളൊന്നുമേ
വികൃതമാക്കിടൊല്ല മേലില്‍ ,പ്രാകൃതവും
"


പരിസ്ഥിതി നല്‍കുന്ന
സംരക്ഷണമില്ലാതെ ഒരു ജീവിയ്ക്കും നിലനില്‍പ്പില്ല എന്നത് സയന്‍സ് പാഠപുസ്തകത്തിലെ മഷിക്കൂട്ട് പോലെ തന്നെ മനസിലുറച്ച സംഗതിയാണ് , ചെറുപ്പം മുതല്‍ എല്ലാവര്‍ക്കും. അപ്പോള്‍ നിങ്ങള്‍ ഉടനെ ചോദിക്കും , പശുവിനെ തീറ്റുമ്പോള്‍ മഴ പെയ്യാതിരുന്നതു കൊണ്ടുമാത്രം പള്ളിക്കൂടവരാന്തയില്‍ കയറി നില്‍ക്കാന്‍ ഇന്നേവരെ സാധിക്കാത്ത ഹതഭാഗ്യരായ മനുഷ്യരുടെ കാര്യമോ എന്ന്. ഒന്നു മനസ്സിലാക്കൂ , ഇവരെയെല്ലാം പാകത്തിന് ചേര്‍ത്ത് കുഴച്ചു ഉണ്ടാക്കിയിരിക്കുന്ന പദപ്രയോഗമാണ് ജീവി. അമ്മയുടെ മുലപ്പാല്‍ കുടിയ്ക്കുന്നതിനെപ്പറ്റി കുഞ്ഞുങ്ങള്‍ക്ക്‌ സ്റ്റഡി ക്ലാസ്സ്‌ വേണ്ടാത്തതു പോലെ , ആദിമമനുഷ്യന്‍ മുതല്‍ ആധുനികന്‍ വരെ ഏവരുടെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു പ്രകൃതിയുടെ പ്രാധാന്യം.

ഇന്ന് പക്ഷെ , കുപ്പിപ്പാലിന്‍റെയും കവര്‍ പാലിന്‍റെയും യുഗമായതിനാലാവണം ആത്മാര്‍ത്ഥതയിലും പ്രതിബദ്ധതയിലുമെല്ലാം
വെള്ളം കലര്‍ന്നിട്ടുണ്ട്.ആഗോളതാപനം,ഓസോണ്‍ ശോഷണം എന്നിങ്ങനെ അത്യന്തം ഭംഗിയുള്ളതും അതേസമയം മഞ്ഞുമലപോലെ അപകടം ഒളിഞ്ഞിരിക്കുന്നതുമായ വാക്കുകള്‍ ശാസ്ത്രലോകം ഉരുവിട്ട് തുടങ്ങിയിട്ട് നാളേറെയായി.പരാജയം വിജയത്തിന്‍റെ ചവിട്ടുപടി എന്ന
ചൊല്ല് ,നേട്ടം കോട്ടത്തിന്‍റെ ചവിട്ടുപടി എന്നു തിരുത്തേണ്ട കാലമായി .അത്രയ്ക്കാണ് മനുഷ്യരാശിയ്ക്ക് ഉപകാരപ്രദമായിരുന്ന പല കണ്ടുപിടുത്തങ്ങളും വിവേകരഹിതമായ ഉപയോഗത്താല്‍ ജീവജാലങ്ങള്‍ക്കാകമാനം ദോഷകരമായി ഭവിച്ചിരിക്കുന്നത്. പ്രകൃതിവിഭവങ്ങളുടെ പുനരുല്പാദനം അവയുടെ വര്‍ധിച്ചു വരുന്ന
ഉപഭോഗത്തെക്കാള്‍ മന്ദഗതിയിലാണെന്ന് വിസ്മരിക്കരുത്. അതിനാല്‍ത്തന്നെയാണ് പിറന്നു വീഴുന്ന ഓരോ മനുഷ്യനും ഭൂമിയുടെ ശരീരത്തിലെ അര്‍ബുദകോശമായി എണ്ണപ്പെടുന്നത്.

വനനശീകരണം അതിന്‍റെ പാരമ്യതയിലെത്തിയപ്പോള്‍ ഭൂമിയുടെ നില്‍പ്പ് ശരിയ്ക്കും കയ്യാലപ്പുറത്തായി.ഒരു മരം വെട്ടിയിടുമ്പോള്‍ ഉന്മൂല നാശം ഒരു ചുവടു മുന്നോട്ടു വെയ്ക്കുകയാണ് .ബുദ്ധിയും വിവേചനാ ശക്തിയും വേണ്ടുവോളം ലഭിച്ച മനുഷ്യന്‍ ഒരാള്‍ മാത്രമാണ് ഇതിനെല്ലാം കാരണമെന്നത് ഏറ്റവും പരിതാപകരം. പരിസ്ഥിതിസംരക്ഷണം തന്നെയാണ് സ്വയംസംരക്ഷണം എന്ന തിരിച്ചറിവില്‍ എല്ലാവരും കൈ കോര്‍ക്കുമ്പോള്‍ ശോഭനമായ , ഹരിതാഭമായ ഭൂമിയുടെ മുകുളങ്ങള്‍ ഉയര്‍ന്നു വരും. തലമുറകള്‍ ഇനിയും വരാനിരിക്കുന്നു.മലീമസമാകാത്ത പ്രകൃതി അവരുടെ അവകാശമെങ്കില്‍ അങ്ങനെ അതിനെ കാത്തുസൂക്ഷിച്ചു കൈമാറേണ്ടത് ഇന്നത്തെ തലമുറയുടെ കടമയാണ് .മരങ്ങള്‍ ജീവരാശിയുടെ ചോരയാണ്. പ്രകൃതിസ്നേഹം നമ്മില്‍ ഉണരുമ്പോള്‍ നമ്മുടെ ചോരയും പച്ചയാകും , തീര്‍ച്ച .ഇന്ന് മുതല്‍ നടുന്ന വൃക്ഷത്തൈകളിലേയ്ക്കും വിത്തുകളിലേയ്ക്കും മുളച്ചു പൊന്തുന്ന പുല്‍നാമ്പുകളിലേയ്ക്കും അതു പടര്‍ന്നൊഴുകട്ടെ; പ്രകൃതിയും മനുഷ്യനും ഒരേ ചോരയില്‍ സമരസപ്പെടട്ടെ .