Powered By Blogger

ബുധനാഴ്‌ച, ജൂലൈ 20, 2011

കേരളത്തിന്റെ വ്യാവസായിക വളര്‍ച്ച


" വ്യാവസായിക വളര്‍ച്ചയിലൂടെ മാത്രമേ
പുരോഗതി ഉണ്ടാവുകയുള്ളൂ ,
തൊഴിലില്ലായ്മയോടൊപ്പം
കലുങ്കും കടത്തിണ്ണയും പങ്കിടാന്‍
ആളെക്കിട്ടാതാവുകയുള്ളൂ" -
ഭരണാധികാരികളുടെ ഈ നിലവിളി
കേരള ജനതയുടെ, യുവതയുടെ
ഹൃദയങ്ങളെ കീറി മുറിയ്ക്കുന്ന
കൂരമ്പായി മാറി ;
അവര്‍ പരിശ്രമശാലികളായി

സംരംഭകര്‍ക്ക് കുറഞ്ഞ പലിശയ്ക്കു
വായ്പ , സബ്സിഡി ,
ഭരണക്കാരുടെ സഹകരണം
പോലീസ് വക സംരക്ഷണം-
ഇതെല്ലാം ഫാക്ടംഫോസും പൊട്ടാഷ്യവുമാക്കി
മുട്ടിന് മുട്ടിന് വ്യവസായങ്ങള്‍ ;
ചെറുകിടവും വന്‍കിടവും
അനുകൂലസാഹചര്യത്തില്‍
കൂണ്‍ബെഡ്ഡില്‍ മുകുളങ്ങള്‍
തിങ്ങി വളരുന്നത്‌ പോലെ
നിര്‍മാണശാലകള്‍ , വ്യാപാര കേന്ദ്രങ്ങള്‍
വിതരണ
ശൃംഖലകള്‍ ,അനുബന്ധ തൊഴില്‍മേഖലകള്‍ -
സര്‍വത്ര പുരോഗതി തന്നെ !

ഇത്രയും പരിചരണവും ശ്രദ്ധയും ഹാച്ചറികളില്‍
വിരിയാന്‍ വെച്ചിരിക്കുന്ന കോഴി മുട്ടകള്‍ക്ക്
ലഭിക്കുന്നുണ്ടോയെന്നു സംശയമാണ് ,
തട്ടാതെ , മുട്ടാതെ , പൊട്ടാതെ
ഓരോ ഉല്പ്പന്നവും നിര്‍മിക്കപ്പെടുന്നു.
ഒരു വ്യവസായവും പൂട്ടിപ്പോയില്ല
അസംസ്കൃത വസ്തുക്കള്‍ക്ക് ക്ഷാമമോ
തൊഴിലാളി സമരങ്ങളോ ഉണ്ടായില്ല !
ലാഭം കുമിഞ്ഞു കൂടി , എങ്ങും പണം പൂത്ത മണം മാത്രം
മുന്തിയ ഇനം കാറുകള്‍ , വീടുകള്‍ , ഹോട്ടലുകള്‍ ;
ആര് പറഞ്ഞു മടിയന്മാരാണ്
മലയാളികളെന്നു , ശുദ്ധനുണ
വികസിത രാജ്യങ്ങളിലെ
വന്‍ വ്യവസായ നഗരങ്ങളെക്കാളും
പേരുകേട്ട സ്ഥലങ്ങള്‍ ഇങ്ങു കേരളത്തില്‍
ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ട് -
വിതുര , സൂര്യനെല്ലി , കിളിരൂര്‍ ,
കോതമംഗലം , പറവൂര്‍ ....... കഥ തുടരുന്നു