വ്യാഴാഴ്‌ച, ജൂലൈ 21, 2011

ഇരട്ടക്കുട്ടികള്‍


കവിത

രണ്ടുപേരെന്നുള്ളിലുണ്ടെന്നറിഞ്ഞു
മൂന്ന് പതിറ്റാണ്ട് ശേഷം ജനിക്കും

കേട്ടവരോടിയെത്തിയരികില്‍
അഭിനന്ദനമലരു കോര്‍ത്ത്‌
ഹാരമണിയിച്ചു തന്നു;
ഒന്നിന് പേരിടാം ഡപ്യൂട്ടി കലക്ടര്‍
രണ്ടാമനോ ജനറല്‍ മാനേജരെന്നും
ആശുപത്രി മുറിയും ബുക്ക് ചെയ്തു
റവന്യുവിലാകണമാദ്യജാതന്‍
ഇളയവന്‍ പിറക്കണം ജില്ലാ ബാങ്കില്‍ !

ഗര്‍ഭസ്ഥര്‍ക്കും ജാതകമെഴുതി
ഗണിച്ചും ഗുണിച്ചും വിവിധ ജോത്സ്യര്‍
കൈവെള്ളയില്‍ കണ്ടപോലോതി -
"ഒരുവനധികാര പര്‍വ്വങ്ങള്‍ താണ്ടു -
മപരനോ ലക്ഷ്മിയെ വേള്‍ക്കും
ഗുണദോഷസമ്മിശ്ര ജന്മങ്ങളത്രേ
ഈശ്വരാധീനത്തിനര്‍ത്ഥക്ക നിത്യം
തെളിഞ്ഞ വഴിയേതെന്ന് കാട്ടിത്തരാന്‍
കര്‍മ്മങ്ങളതിലേയ്ക്കനുഷ്ഠിച്ചിടില്‍
ശനിദശകളൊന്നായകന്നു നീയോ
ശുക്രനെപ്പോലെ തിളങ്ങി വാഴും "

ചെക്കപ്പുകള്‍ , മരുന്നുകള്‍
കൂടെയുപദേശങ്ങള്‍ വേണ്ടുവോളം
കോംപ്ലിക്കേഷന്റെ കണ്‍ഫ്യൂഷനില്‍
ഉല്‍കണ്ഠ മുറ്റുന്നു ചുറ്റുപാടും
വലിഞ്ഞു മുറുകിയ മുഖമോടെ വന്ന്
ഡോക്ടേര്‍സ് സിസേറിയനെന്നുരച്ചു
ഇരട്ടകളിലൊന്നിനെയിരുട്ടെടുക്കും
തീരുമാനിക്കുവിനാരെ വേണം

എന്നമ്മ വിതുമ്പിക്കരഞ്ഞു നിന്നു
കാര്യമറിയാതച്ഛനോ കോപമാളി ;
ചിന്ത മുറിഞ്ഞു ചോര തുളുമ്പി
മക്കളോടെനിക്കില്ല പന്തിഭേദം
കരളു പൊടിയുന്നെന്‍ കിടാങ്ങളേ
ആരെ ഞാനൂട്ടുമാരെ വെടിയും
ഹൃദയമുരുക്കുന്ന വേദനയെന്നെ -
യപ്പാടെ തിന്നുന്നസ്ഥി പോലും
ഹോമാഗ്നി കുണ്ഠമെന്നാറിമാറും
തീര്‍ച്ചയരുളട്ടെയതിനു കാലം

( റവന്യു വകുപ്പിലേയ്ക്കും കോട്ടയം ജില്ലാ സഹകരണ ബാങ്കിലേക്കും ഒരേ സമയം നിയമനം ലഭിച്ചപ്പോള്‍ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റ്‌ വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി