Powered By Blogger

ചൊവ്വാഴ്ച, ജൂലൈ 26, 2011

നാളെയുടെ വാഗ്ദാനം


കവിത

സ്കൂളിലെ വില്ലനാണവന്‍
കടിക്കാത്ത പട്ടിയും അവനെക്കണ്ടാല്‍
കുറഞ്ഞപക്ഷം കുരയ്ക്കുകയെങ്കിലും ചെയ്യും,
അത്രയ്ക്ക് നശൂലം....
കൂട്ടുകാരെ കിറുമ്പി വഴക്കുണ്ടാക്കാന്‍
ബഹുകേമന്‍
അവന്റെ ഉത്തരക്കടലാസ് കണ്ടാല്‍
ആര്‍ട്ടിസ്റ്റ് നമ്പൂതിരി
മൂല്യനിര്‍ണയം നടത്തിയ
അധ്യാപകര്‍ക്ക് ശിഷ്യപ്പെടും ,
നല്ല വരയും കുത്തും !
പൂജ്യം കണ്ടുപിടിക്കപ്പെട്ടത്
അവന് മാര്‍ക്കിടാന്‍
ഉദ്ദേശിച്ചു മാത്രമാണ് ,
യാതൊരു സംശയവും വേണ്ട

അവന്റെ അച്ഛന്‍ എപ്പോഴും പറയും-
" നീ വലിയവനാ മോനേ,
ചെറുപ്പത്തില്‍ സ്കൂളിന്റെ
പടികടക്കാത്ത നിന്റെ അപ്പന്‍
ദിവസവും സ്കൂള്‍ വരാന്തയില്‍
നില്‍ക്കാന്‍ കാരണം നീയാണ്,
നീ ഒരാള്‍ മാത്രം "

അടിപിടി കൂടി
ഉടുപ്പ് കീറി , ബട്ടന്‍സ് പൊട്ടി
പൊടിയിലും ചെളിയിലും
കുളിച്ചു വരുമ്പോള്‍
അമ്മ വനിതാ പോലീസാകും
"അഭിനയക്കളരി ഉണ്ടായിരുന്നു
റിഹേഴ്സലെടുത്തു നോക്കിയതാ"
എന്നും ഒറ്റ മറുപടി , അമ്മ 'ഫ്ലാറ്റ് '-
'ശരിയാ , സിനിമയിലെ നായകന്മാര്‍
വില്ലനെ അടിച്ചൊതുക്കാന്‍
എന്തെല്ലാം ചെയ്യുന്നു,
എന്തൊക്കെ സഹിക്കുന്നു
അപ്പോള്‍ ഇത് നിസ്സാരം'
അമ്മയുടെ സ്വപ്നക്കൂട്ടിലേയ്ക്ക്
പുതിയൊരു കിളി ചേക്കേറി -
മകനെന്ന ഭാവി സൂപ്പര്‍സ്റ്റാര്‍ ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റ്‌ വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി