തിങ്കളാഴ്‌ച, ഒക്‌ടോബർ 31, 2011
കേരളം - എന്‍റെ നാട്
കേരളം മോഹനം , മഹനീയ പാവനം
മരതകകേദാരസ്വര്‍ഗീയഭൂമി
മോഹനഭംഗിയെഴുന്നൊരു മങ്കയായ്
ഭാരത ദക്ഷിണഭാഗേ വിലസുന്നു
ഇത്രയലംകൃതനാടെങ്ങുലകിലായ്
കാണ്മതിനൊക്കുമേലതിശയമത്രേ
എന്‍റെ നാടെന്നുമെനിക്ക് പ്രിയതരം
മറ്റൊന്ന് പകരമായ് വെയ്ക്കുവാനാമോ
അറിയാതെ നാവിലൊന്നീ നാമമെത്തിയാല്‍
ആരാധനാഭാവമുള്‍പ്പുളകമായ് വരും
പ്രത്യക്ഷഗണപതീ തലയെടുപ്പോടെ വന്‍
ഗിരിശൃംഗരണിനിരന്നില്ലേ കിഴക്കായ്
നെറ്റിയില്‍ പട്ടമായ് ചാര്‍ത്തിക്കൊടുക്കുവാന്‍
തിങ്ങി വളര്‍ന്നു നിറഞ്ഞിടും വനശോഭ ;
വീശിയടിച്ചുവരും കൊടുങ്കാറ്റിനും
തടയിടാന്‍ കരുതലോടവരങ്ങു നില്‍പ്പൂ ,
തുമ്പിക്കൈ തന്നിലായ് കാത്തതാം നീര്‍ത്തുള്ളി
വര്‍ഷപാതങ്ങളായ് കോരിച്ചൊരിഞ്ഞല്ലോ
ഈ നനയാണ് കണിശം പറയുകില്‍
പൂങ്കാവനം പോലെ,യിവിടമായ്ത്തീര്‍ന്നത്
പുഴകള്‍ ഗമിക്കുന്നലസമായെന്നും
പുളിയിലക്കരമുണ്ടുടുത്തിട്ടൊരുങ്ങി,
പൊട്ടിച്ചിരിച്ചുകൊണ്ടൊത്തിരിക്കാര്യങ്ങ-
ളുച്ചത്തില്‍ ചൊല്ലുന്നു കൂട്ടുകാരോട്
സൂര്യനും ചന്ദ്രനും ദിനമേതുമൊഴിയാതെ
മുങ്ങിക്കുളിച്ചതിന്‍ ശേഷമേ പോകൂ
പലപക്ഷിമല്‍സ്യങ്ങള്‍, ജന്തുജാലങ്ങളും
അഭയവും തേടി വരുന്നതുമിവിടെ
കായലോളങ്ങളോ ശാന്തരാണെന്നും
ഒരു ലക്ഷ്യമെന്നതോ കടലോട് ചേരണം
പച്ചവിതാനിച്ച നെല്‍ച്ചെടിക്കൂട്ടം
ചെളിവരമ്പതിരിടും പാടത്തു പൊന്തി
തോട്ടിലെത്തെളിനീര് ചാലിട്ടു വന്നു
കൈതകള്‍ പൂവിട്ടു ചാഞ്ഞു നിന്നു
തങ്കനിറമണിഞ്ഞല്ലോ കതിരുകള്‍
കേരങ്ങള്‍ പൊന്പീലി നീര്‍ത്തി വിരാജിപ്പൂ
മന്ദമാരുതന്‍ ഗായകന്‍ പാടിയാല്‍
താളമിടില്ലേ മുളംചില്ല തനിയെ
കുയിലുണ്ട് കൂട്ടിന് പ്രാവിന്റെ കുറുകലും
രംഗപടം തീര്‍ത്ത് വെണ്‍ചന്ദ്രബിംബം
പോല്‍ക്കല തിലകമിട്ടെന്നുമുണര്‍ത്തുന്നു
നീര്‍ന്നുറങ്ങീടുമീ സുമുഖയാം തരുണിയെ
പൂക്കളും മിഴി തുറന്നേറ്റു വരുന്നു
മധു സ്മിതമോടേകി തുമ്പിയ്ക്ക് സ്വാഗതം ;
മഴയുടെ നാദമുറക്കെ മുഴങ്ങവേ
മണിമയില്‍പ്പേട തുടങ്ങി തന്‍ നടനം
അംബരം വില്ല് കുലച്ചണയുമ്പോള്‍
അംബുധി പുത്രിയെ ലാളിച്ചൊരുക്കും
നയനമോ ഹര്‍ഷമാല്‍ കോരിത്തരിക്കുന്നു
നല്‍ക്കാഴ്ച കണ്ടതെന്‍ മുജ്ജന്മസുകൃതം
ഐതീഹ്യമൊരുപാടുറങ്ങുന്ന മണ്ണിത്
പരശുവെറിഞ്ഞുയിര്‍കൊണ്ട പ്രദേശം
സംസ്കാരസമ്പത്തുമൈശ്വര്യമോദം
മഹാബലിയായ് വന്നു ഭരണം നടത്തി ;
മലനാടുമിടനാടുമൊരുനല്ല തീരവും
ഇഴചേര്‍ന്നുനിന്നാകില്‍ മലയാളനാട്
മലയാളഭാഷ മഹത്താം പ്രവാഹമായ്
തവകീര്‍ത്തിയാലപിച്ചലയാഴി പോലവെ
സന്തുഷ്ടമാനസര്‍ തനയരാം ഞങ്ങളോ
ജനനി നിന്‍ പദമലര്‍ കുമ്പിട്ടുതൊഴുതേന്‍
ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011
കൂപ്പുകൈ *************
കലാലയമുത്തശ്ശിതന്‍തിരു പടി-
വാതിലാദ്യമായ് കടന്ന നിമിഷം
കുട്ടിത്തം മാറിയിന്നു ഞാന്‍
വലിയൊരാളായെന്നു തോന്നി
വരൂ മകനെയെന്നെന്നെ
വിദ്യാദേവത വിളിച്ചപോലെ
തെന്നല്‍ക്കരങ്ങള്‍ നീട്ടി
തായതന്നലിവോടെ മെല്ലെ
തന്നിലെക്കെന്നെ ചേര്‍ത്ത്
നെറുകില്‍ മുത്തമേകിയിന്ന്‍
ചന്ദനത്തണുപ്പറിഞ്ഞതെന്നില്‍
സാന്ത്വനക്കുളിരായ്‌പ്പരന്നു
വിശാലസുന്ദരമുറ്റത്തിങ്ക-
ലസാധ്യമലര്‍വനി; മണ്ണിനെ-
പ്പുല്‍കും പുല്‍ത്തിട്ടകള്‍ ചിട്ടയായ്
പച്ചയാം ചിരിയോടെ നിന്നു
ചുറ്റിടമൊരു ഗ്രാമസുകൃതിയുറക്കെ-
യോതിടുന്നു ;വിപിനചാരുത ചാരെ
അതില്‍ കിളികൂജനമധുരിമ
തളിര്‍ വായു മനസ്സിന് കുളിരേകി
ചൂളമരങ്ങള്‍ വിരിച്ച തണലില്‍
വാകച്ചില്ലകള്‍ പൊഴിച്ചു നിറങ്ങള്‍
ലതകളൊരായിരം മാല തീര്‍ത്തു
പൊന്നൂഞ്ഞാലുമൊരുക്കി നല്‍കി
ഒരു തൃണമായെങ്കിലുമെന്നും
ഞാന്‍ അവിടെ നില്‍ക്കാന്‍ കൊതിച്ചു
മന്ത്രമായക്ഷരജാലികയെ-
ന്നുള്‍ജാലകം തട്ടിത്തുറന്നു വന്നു
പൊടിപടലമകന്നു പോയ്
ധവളപ്രകാശധാര തെളിയും
അറിയുമിന്നു ഞാനതിയായൊരെന്‍
സൗഭാഗ്യതാരകം കത്തിജ്വലിച്ചതീ-
ത്തേജസ്സില്‍ ലയിച്ചതിനാലെ
ഒത്തിരിച്ചങ്ങാതിക്കൂട്ടങ്ങള്‍ തന്നു
ഊഷ്മളസ്നേഹമെന്തെന്നറിയിക്കുവാന്‍
കര്‍ത്തവ്യബോധമുറച്ചു മനസ്സില്‍
ഗുരുക്കന്മാരതിന് കാരണഭൂതര്‍
സന്തോഷനീര്‍ത്തുള്ളി തൂകി ഞാന്‍
നമോവാകമൊന്നു ചൊല്ലാന്‍ ;
വെള്ളിമുടി ചാര്‍ത്തി നിന്‍ ശിരസ്സ് ,
ചുക്കിച്ചുളിഞ്ഞ മുഖമെങ്കിലും
അമ്മേ നിനക്കില്ല കല്പാന്തകാലം
വാല്‍സല്യം നുകര്‍ന്ന് മടിത്തട്ടില്‍-
നിന്ന് വളര്‍ന്നേറ്റു പോകുമുണ്ണികള്‍,
പറക്കമുറ്റാന്‍ തുണയായിടുമവര്‍ക്ക്
നീ പകര്‍ന്നേകിയ പാഠങ്ങളെല്ലാം
ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011
പ്രശ്നം
പ്രശ്നങ്ങള്‍ മനുഷ്യനെ എപ്പോഴും ഓടിച്ചു കൊണ്ടിരിക്കും ,ഭീമാകാരനായ നായയെപ്പോലെ .......
പേടിച്ചോടിയാല്‍ അത് വര്‍ദ്ധിതവീര്യത്തോടെ കുരച്ചു കൊണ്ട് ഓടിയെത്തി ദേഹത്ത് ചാടി വീണ് മനുഷ്യനെ കടിച്ചു കീറും .....
ആദ്യം കുരയ്ക്കുമ്പോള്‍ തന്നെ മനോധൈര്യത്തോടെ തിരിഞ്ഞു നിന്ന് കല്ലെടുത്തെറിഞ്ഞാല്‍ പ്രശ്നമെന്ന നായ തിരിഞ്ഞോടുക തന്നെ ചെയ്യും........അത്രയ്ക്ക് ഭീരുവാണ് അവന്‍ .......
തീവണ്ടി
പൊട്ടിപ്പിളര്‍ന്നുപോം ഭൂഗോളമാകെ-
യിമ്മട്ടിലുള്ളിലൊരു തോന്നലുളവാക്കി
രൌദ്രഭാവത്തോടെ രാക്ഷസരൂപന്‍
പുഴുവിന്‍ പുളച്ചിലോടൊപ്പിച്ചു ഗമനം
ഝടുതിയില്‍ ചെയ്യുന്നു കൂസലെന്യേ
ഒരു ഹിംസ്രജന്തുവിന്‍ ഗര്‍ജനത്തോടെ
കൂകിക്കുതിച്ചുമൊരല്പം കിതച്ചും
പകയോടെ പുകതുപ്പി സര്‍വ്വം വിറപ്പി -
ച്ചുരുക്കില്‍ ബലിഷ്ഠമായ് പണിത ഗാത്രം
തെല്ലൊന്ന് മാറാതെ നിശ്ചിത വഴിയെ
നാടായ നാടൊക്കെ സഞ്ചരിക്കുന്നു
പണ്ട് ഭയപ്പെട്ടു പോയതാണല്ലോ
ദൂരെയാ ഭീമനെ കണ്ടതാം നേരം
അത്ര ഭയാനക ശബ്ദവും കേള്‍ക്കേ;
എങ്കിലും പിന്നീടടുത്തറിഞ്ഞപ്പോള്‍
പഞ്ചപാവമാണവനെന്നറിഞ്ഞു
ഉറ്റ ചങ്ങാതിയാണെന്നുറപ്പിച്ചു ഞാന്‍
യാത്രകള്‍ കൂടെയൊരുപാടു ചെയ്തു
കാഴ്ചകളൊത്തിരി കാട്ടിയും തന്നവന്‍
നാടിന്‍ പരിച്ഛേദമോരോന്നെടുത്തിട്ട്
മിഴികള്‍ക്ക് സമ്മാനമായവനേകി
വ്യത്യസ്ത ഭൂവിഭാഗങ്ങളിലൂടെ
ജനപദസംസ്കാരവിവരണമേകി
നാനാത്വത്തിലേകത്വമുള്ള നാട്ടില്‍
കരിവണ്ടി യോഗ്യമാം സഞ്ചാര മാര്‍ഗം
അവനേകനെങ്കിലും പലസൗകര്യങ്ങള്‍
വേര്‍തിരിച്ചിട്ടുണ്ട് പലമുറികളായി ;
നഗരത്തില്‍ ചെന്നാല്‍ പച്ചപ്പരിഷ്കാരി
ഗ്രാമത്തിലെത്തിയാലവരിലൊരുവന്‍ ,
ഏവര്‍ക്കുമിങ്ങനെ പ്രിയ തോഴനായി
നഗരങ്ങള്‍ , നാട്ടിന്‍ പുറത്തുള്ള പാടം
നദിയുടെ ഗീതവും കായലിന്‍ കൊഞ്ചലും
ചതുപ്പ് നിലങ്ങളും കൊച്ചരുവിയും
മലഞ്ചെരിവുകള്‍ താഴ്വാരഭംഗിയും
പാറക്കെട്ടുകള്‍ മരുഭൂപ്രദേശവും
വിഭിന്നമാം ജീവല്‍ പതിപ്പുകളൊക്കെയും
കണ്ടു കണ്ടിരിക്കും നമ്മള്‍ക്കതിശയം
അവനാണെങ്കിലോ ദിനചര്യ മാത്രം
അഴിയിട്ട ജാലക വിടവിലൂടിന്നെന്‍
ഉള്ളില്‍ പതിച്ചു പൊന്‍ കിരണജാലം
മായിക ലോകത്തെ മാന്ത്രികരാവാം
മായാതോര്‍മകള്‍ മനസ്സിലെഴുതി
തീവണ്ടീ നീയെന്‍ കരള്‍ നെരിപ്പോടില്‍
അറിവിന്‍ തൃഷ്ണയുടെ തീ ജ്വലിപ്പിച്ചു
നിന്നുടെ കൂടെ ഞാന്‍ വന്നപ്പോഴെല്ലാം
നീ തന്നതായിരം മധുമാസമധുരം
ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011
കള്ളന്‍ വരുന്ന വഴി
വീടിന്റെ പിന്‍വശത്ത് വെട്ടിയിട്ടിരുന്ന തെങ്ങോല അമരുന്ന സ്വരം കേട്ട് അങ്ങോട്ട് ചെന്നപ്പോള്‍ ആരോ ഓടി പോകുന്നതായി തോന്നി ..... മഴക്കാറും കൂടി ഉള്ളതിനാല്‍ പതിവിലും കവിഞ്ഞ ഇരുട്ടാണ് ...... പൂച്ചയോ മറ്റോ ആവുമെന്ന് സമാധാനിച്ച് കൂടുതല്‍ അന്വേഷണം ഒന്നും അവര്‍ നടത്തിയില്ല .... അഞ്ചു മിനിട്ട് കഴിഞ്ഞു വെളിയിലെ ലൈറ്റ് ഇട്ടപ്പോള്‍ മുന്‍വശത്ത് ഭിത്തിയോടു ചേര്‍ന്ന് ഇരുപത്തഞ്ചു വയസ്സ് തോന്നുന്ന ആള്‍ നില്‍ക്കുന്നു ....കണ്ടിട്ട് അന്യ സംസ്ഥാനക്കാരന്റെ മട്ട്..... എന്താ ഇവിടെ എന്ന് ചോദിച്ചപ്പോള്‍ വഴിതെറ്റിയതാണ് എന്ന് അയാള്‍ മറുപടി പറഞ്ഞു .... ഒരു ഹിന്ദി ചുവ സംസാരത്തില്‍ ..... മോളെ അച്ഛനെ വിളിക്ക് എന്ന് ചേച്ചി കുട്ടികളോട് പറഞ്ഞപ്പോള്‍ അയാള്‍ വേഗം റോഡിലേയ്ക്ക് കടന്നു വേഗത്തില്‍ നടന്നു പോയി .....
വിവരങ്ങള്‍ അമ്മയില്‍ നിന്ന് അറിഞ്ഞു ഞാന്‍ അയല്‍വാസികളെ വിളിച്ചു ..... അവര്‍ പേടിച്ചരണ്ടിരിപ്പാണ് .... ഞാന്‍ പെട്ടെന്ന് ഒന്ന് രണ്ടു നാട്ടുകാരെ വിളിച്ചു കാര്യം പറഞ്ഞു ...... ഒരു ചെറിയ ആള്‍ക്കൂട്ടമുണ്ട് അവരുടെ വീട്ടുമുറ്റത്ത് .... ബൈക്കിനും കാറിനും ഒക്കെയായി വന്നവര്‍ ... കുറച്ചു പേര്‍ ടോര്‍ച് അടിച്ചു കൊണ്ട് തോട്ടത്തിലോക്കെ തിരച്ചില്‍ നടത്തുന്നു .....കക്ഷിയുടെ പൊടി പോലും കിട്ടിയിട്ടില്ല . കേരളത്തില്‍ എവിടെയും എന്നത് പോലെ അന്യ സംസ്ഥാനതോഴിലാളികളുടെ തള്ളി കയറ്റമാണ് ഞങ്ങളുടെ നാട്ടിലെ കെട്ടിട നിര്‍മാണ തൊഴില്‍ മേഖലയില്‍ ..കൂടുതലും ബംഗാളികള്‍ ..... നാട്ടില്‍ തന്നെ താമസവും ......സ്വാഭാവികമായും സംശയത്തിന്‍റെ മുള്‍മുന അവര്‍ക്ക് നേരെ തന്നെയാണ് ......
കഴിഞ്ഞ ദിവസം പാറശാലയില്‍ കള്ളനോട്ടുമായി ബംഗാളികള്‍ പിടിയിലായി എന്നാ വാര്‍ത്ത കേട്ട് കാണുമല്ലോ ..... ബംഗ്ലാദേശില്‍ നിന്നുള്ള തീവ്രവാദികള്‍ തൊഴിലാളികള്ടെ വേഷത്തില്‍ ഇവിടേയ്ക്ക് ധാരാളമായി വരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട് ...... ഇപ്പോള്‍ മിക്കവാറും മോഷണ കൊലപാതക കേസുകളില്‍ പ്രതികള്‍ അന്യ സംസ്ഥാനക്കാരാന് എന്നത് ആശങ്കാജനകമാണ് . അവരില്‍ നല്ലവരില്ല എന്നല്ല .....കുടുംബം പുലര്‍ത്താന്‍ കൂടുതല്‍ കൂലി കുട്ടുന്ന സ്ഥലം നോക്കി വന്ന പട്ടിണിപ്പാവങ്ങളും അക്കൂട്ടത്തില്‍ ഉണ്ടെന്നു മറക്കുന്നില്ല ......
ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം സര്‍ക്കാരും ജനങ്ങളും ഒന്നിളകും .....കണ്ണില്‍ പൊടിയിടാന്‍ ചില അന്വേഷണവും അറസ്റ്റും ......അടുത്ത സംഭവം ഉണ്ടാകുന്നത് വരെ ഈ കാര്യങ്ങള്‍ എല്ലാവരും മറക്കും ...... തൊഴില്‍ ദാതാക്കള്‍ തൊഴിലാളികളുടെ പേരുവിവരങ്ങള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണമെന്നു നിയമം ഒക്കെയുണ്ട് ...... പക്ഷെ എത്രപേര്‍ പാലിക്കുന്നു ...... നമ്മുടെ കേരളം പ്രശ്നരഹിതവും സുരക്ഷിതവുമായ ഇടമെന്ന ചിന്ത മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .... സര്‍ക്കാരും ജനങ്ങളും ജാഗരൂകരാകേണ്ട സമയം ആയിരിക്കുന്നു .......
നമ്മുടെ സുരക്ഷ നമ്മുടെ ജാഗ്രതയില്‍ ......
തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011
ലണ്ടന്‍ തോമാച്ചിയും പെണ്‍മക്കളും
തോമാച്ചി വലിയ പൊങ്ങച്ചക്കാരനാണ് .അഷ്ടിക്ക് വകയില്ലെങ്കിലും ഒരു പിടി അരി മുറത്തിലാക്കി എപ്പോഴും പുരപ്പുറത്ത് വെയ്ക്കുന്ന കക്ഷി .ഒരു കാലന്‍ കുട എപ്പോഴും കയ്യില്‍ കാണും.ഷര്‍ട്ടിന്റെ മുകളിലെ രണ്ടു ബട്ടന്‍സ് എപ്പോഴും അഴിച്ചിട്ടിരിക്കും . മുറുക്കി ചുവപ്പിച്ചാണ് നടപ്പ് . മറ്റു ദുശീലങ്ങള്‍ ഒന്നും തന്നെയില്ല . അതിരാവിലെ കവലയിലെ ചായപ്പീടികയില്‍ ചേക്കേറും .
ചൂട് ചായ മൊത്തിക്കുടിച്ചു കൊണ്ട് തുടങ്ങുകയായി 'കവരത്തി ' ആകാശവാണിയെപ്പോലും കവച്ചു വെയ്ക്കുന്ന തരത്തില്‍ ഉച്ചസ്ഥായിയിലുള്ള വാര്‍ത്താ വായന, അതും വെയിലത്ത് വെച്ച് ചൂടാക്കിയെടുത്ത മുതുമുത്തച്ഛന്റെ കാലത്തെ റേഡിയോപ്പെട്ടി പുറപ്പെടുവിക്കുന്ന പോലെ കരകരാ ശബ്ദത്തില്‍ .
ഒരു വ്യത്യാസം മാത്രം , ആകാശവാണിയുടേത് സത്യസന്ധമായ വാര്‍ത്തകളെങ്കില്‍ നമ്മുടെ തോമാച്ചിയുടേത് നിറം പിടിപ്പിച്ച പരദൂഷണ കഥകള്‍ . നാട്ടിലെ പട്ടിയെയും പൂച്ചയെയും പോലും വെറുതെ വിടില്ല .
ഈ പൊങ്ങച്ചവും പരദൂഷണവും അസഹനീയമായപ്പോള്‍ തോമാച്ചി ലണ്ടനില്‍ പോയി വന്നു എന്ന് ആരോ കഥയടിച്ചിറക്കി , പനിപിടിച്ച് രണ്ടു ദിവസം കിടപ്പിലായ നേരം നോക്കി . അങ്ങനെ വട്ടപ്പേരും ചാര്‍ത്തിക്കിട്ടി , ലണ്ടന്‍ തോമാച്ചി . പുള്ളിക്ക് അതിലൊന്നും പരാതിയില്ല .വട്ടപ്പേര്, സ്ഥാനപ്പേര് പോലെ കൊണ്ടുനടക്കുകയാണ് കക്ഷി .
ചായ കുടിച്ചുകൊണ്ടിരിക്കെ പതിവ് പല്ലവി അന്നും അയാള്‍ ആവര്‍ത്തിച്ചു - " ലണ്ടന്‍ തോമ്മാച്ചി എന്നാ പരദൂഷണക്കാരനും കൊള്ളരുതാത്തവനും ആണെങ്കിലും എന്‍റെ ഈ നെഞ്ചത്ത് കിടത്തി ഉറക്കിയ പെണ്‍മക്കളെയെല്ലാം നല്ല നിലയില്‍ കല്യാണം കഴിപ്പിച്ചു വിടാന്‍ കഴിഞ്ഞു .ഇനിയും കുറച്ചു പേര്‍ കൂടിയുണ്ട് . അവരെയും മാന്യമായി കെട്ടിച്ചു വിടും , നിങ്ങള്‍ നോക്കിക്കോ ....."
നാട്ടുകാര്‍ക്ക് അയാളുടെ കാര്യങ്ങള്‍ അറിയാവുന്നതിനാല്‍ പതിവുപോലെ ഇതു കേട്ട് മിണ്ടാതിരുന്നു . പക്ഷെ അയല്‍ ഗ്രാമത്തില്‍ നിന്നും പണിക്കു വന്ന ഒരാള്‍ ഇതുകേട്ട് പറഞ്ഞു - " ഹോ , ചേട്ടനെ സമ്മതിക്കണം .ഇന്നത്തെ കാലത്ത് ഒരു പെണ്‍ കൊച്ചെ ഉള്ളെങ്കില്‍ പോലും കെട്ടിച്ചു വിടാന്‍ എന്നാ പാടാ . ഇത്രയും പേരെ എങ്ങനെ ഇറക്കി വിടാന്‍ കഴിഞ്ഞു "
അയാളുടെ ചോദ്യത്തിന് മറുപടിയെന്നവിധം തോമാച്ചി വിയര്‍പ്പില്‍ കുതിര്‍ന്ന ബനിയനുള്ളില്‍ നിന്നും മുഷിഞ്ഞു ചുളുങ്ങിയ ഒരു പ്ലാസ്റ്റിക് കവര്‍ പുറത്തെടുത്തു . അതു തുറന്ന് മേശപ്പുറത്തേയ്ക്ക് കുടഞ്ഞു . പെണ്‍കുട്ടികളുടെ പല പോസ്സിലുള്ള നിരവധി ഫോട്ടോകള്‍ ." കണ്ടോടാ , എത്ര കുട്ടികളാ എന്‍റെ നെഞ്ചില്‍ കിടന്നുറങ്ങുന്നതെന്ന് നോക്ക് ". എന്നിട്ടയാള്‍ എല്ലാവരെയും നോക്കി ഒരു സ്റ്റൈലന്‍ ചിരി പാസാക്കി , കല്യാണ ബ്രോക്കറുടെ ചിരി .....
വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2011
നിലാവിനോട് ഒരു ചോദ്യം ***********************
"നിലാവേ,
നിന്‍റെ മഞ്ഞപ്പട്ടുടുപ്പെന്തേ
കറ പുരണ്ടിരുണ്ടു പോയി ?"
"അത് പറയാം,
കാര്‍മുകില്‍ ശകടമോടിയെത്തി
ചെളിവെള്ളം തെറിപ്പിച്ചതാണേ"
"ഇന്ദുകലേ ,
കുളിര് കോരുമീ പാതിരാവില്‍
വിജന വീഥിയില്‍ വിറച്ചു നില്‍പ്പതെന്തേ ?"
"അറിയുമോ ,
തെല്ലു വിശ്രമം കാന്തനെടുക്കെ
റാന്തലെന്തിയിറങ്ങി ഞാന്‍ പകരം "
"ചന്ദ്രികേ ,
പകലോനൊപ്പമെന്നും നിനക്ക്
ഇവിടെ വന്നൊരുമിച്ചിരുന്നു കൂടെ ?"
"അയ്യയ്യോ ,
പൊന്നും പണവും വീട്ടിലറയിലുണ്ടേ
തസ്കരന്മാര്‍ തക്കം നോക്കിടില്ലേ ?"
തിങ്കളാഴ്‌ച, ഒക്‌ടോബർ 10, 2011
വായ്പ
ഒരു അത്യാവശ്യ സന്ദര്‍ഭത്തില്‍ കടം വാങ്ങാന്‍ അയാള്‍ തീരുമാനിച്ചു ............. കിട്ടുന്നതൊന്നും തികയുന്നില്ല .......... പലരോടും കടം ചോദിച്ചെങ്കിലും ആരും അയാളെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ല ..........
അവസാനം ബാല്യകാലം മുതല്‍ തന്നെ ഉറ്റ സുഹൃത്തായ ആളെ കണ്ട് കാര്യം പറഞ്ഞു ............. സുഹൃത്ത് വലിയ ധനികനുമാണ് ...................
ആളും തരവും നോക്കി മാത്രം ഇടപാട് നടത്തുന്ന ആളാണ് ........... എന്തോ അയാളെ നേരത്തെ മുതല്‍ അറിയാവുന്നതിനാല്‍ ആവണം വായ്പ കൊടുക്കാന്‍ ആ സുഹൃത്ത് സമ്മതിച്ചു ..........
എത്ര വേണമെങ്കിലും കടം തരാം എന്ന ഉറപ്പിന്മേല്‍ തന്റെ ചിരകാല സ്വപ്നമായ സംരംഭം തുടങ്ങാം എന്നയാള്‍ തീരുമാനിച്ചു ...........
പല വിധ തിരക്കിനിടയില്‍ ആരോടും പറയാതെ ഈ ആഗ്രഹം മനസ്സില്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു ......................
ഈ വായ്പയ്ക്ക് ഒരു പ്രത്യേക നിബന്ധനയുണ്ട് ............. ഓരോ ദിവസവും ആവശ്യമുള്ളത് മാത്രം വായ്പ എടുക്കുക , എല്ലാ ആഴ്ചയുടെയും അവസാനം പലിശ സഹിതം തിരിച്ചടയ്ക്കുക .......... കഴുത്തറപ്പന്‍ പലിശ ആണ് ചോദിക്കുന്നത് എങ്കിലും ആവശ്യക്കാരന് ഔചിത്യം നോക്കേണ്ട കാര്യമില്ലാത്തതിനാല്‍ കണ്ണും പൂട്ടി സമ്മതിച്ചു ........
മുഴുവന്‍ തിരിച്ചടച്ചാല്‍ അടുത്ത ദിവസം തന്നെ വായ്പ പുതുക്കി കിട്ടും .........ആരും വാക്ക് തെറ്റിച്ചില്ല ............
എന്തായാലും അവര്‍ തമ്മിലുള്ള കരാര്‍ അനസ്യൂതം തുടര്‍ന്നു..........ആ വായ്പയുടെ സഹായത്താല്‍ അയാളുടെ ഉദ്യമം വന്‍ വിജയമായി ........... എല്ലാവരും അയാളെ അംഗീകരിച്ചു തുടങ്ങി ............ മികവിനുള്ള നിരവധി അംഗീകാരങ്ങള്‍ അയാളെ തേടിയെത്തി .......
ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ സ്വയം നഷ്ടപ്പെട്ടുപോകുമായിരുന്ന തന്നെ ഈ നിലയില്‍ എത്തിക്കാന്‍ സഹായിച്ച സുഹൃത്തിന് അയാള്‍ നന്ദി പറഞ്ഞു...........
പതിവ് പോലെ ആ ഞായറാഴ്ചയും പകല്‍ നേരം അയാള്‍ കൂര്‍ക്കം വലിച്ചു കിടന്നു ഉറങ്ങി ........... അങ്ങനെ ആ ആഴ്ചയിലെ കടം വീട്ടി ..................എഴുത്തുകാരന്‍ കിടക്ക വിട്ട് എഴുന്നേല്‍ക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞു ..........
" ഉറക്കമേ , പ്രിയ സുഹൃത്തെ നന്ദി ............ സമയം കടം തന്നതിന് ...... എഴുത്തുകാരനാവുക എന്ന ചിരകാല അഭിലാഷം സാധ്യമാക്കിയതിന് ................"