Powered By Blogger

ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011

കൂപ്പുകൈ *************



കലാലയമുത്തശ്ശിതന്‍തിരു പടി-

വാതിലാദ്യമായ്‌ കടന്ന നിമിഷം

കുട്ടിത്തം മാറിയിന്നു ഞാന്‍

വലിയൊരാളായെന്നു തോന്നി

വരൂ മകനെയെന്നെന്നെ

വിദ്യാദേവത വിളിച്ചപോലെ

തെന്നല്‍ക്കരങ്ങള്‍ നീട്ടി

തായതന്നലിവോടെ മെല്ലെ

തന്നിലെക്കെന്നെ ചേര്‍ത്ത്

നെറുകില്‍ മുത്തമേകിയിന്ന്‍

ചന്ദനത്തണുപ്പറിഞ്ഞതെന്നില്‍

സാന്ത്വനക്കുളിരായ്‌പ്പരന്നു


വിശാലസുന്ദരമുറ്റത്തിങ്ക-

ലസാധ്യമലര്‍വനി; മണ്ണിനെ-

പ്പുല്‍കും പുല്‍ത്തിട്ടകള്‍ ചിട്ടയായ്‌

പച്ചയാം ചിരിയോടെ നിന്നു

ചുറ്റിടമൊരു ഗ്രാമസുകൃതിയുറക്കെ-

യോതിടുന്നു ;വിപിനചാരുത ചാരെ

അതില്‍ കിളികൂജനമധുരിമ

തളിര്‍ വായു മനസ്സിന് കുളിരേകി

ചൂളമരങ്ങള്‍ വിരിച്ച തണലില്‍

വാകച്ചില്ലകള്‍ പൊഴിച്ചു നിറങ്ങള്‍

ലതകളൊരായിരം മാല തീര്‍ത്തു

പൊന്നൂഞ്ഞാലുമൊരുക്കി നല്‍കി

ഒരു തൃണമായെങ്കിലുമെന്നും

ഞാന്‍ അവിടെ നില്‍ക്കാന്‍ കൊതിച്ചു


മന്ത്രമായക്ഷരജാലികയെ-

ന്നുള്‍ജാലകം തട്ടിത്തുറന്നു വന്നു

പൊടിപടലമകന്നു പോയ്‌

ധവളപ്രകാശധാര തെളിയും

അറിയുമിന്നു ഞാനതിയായൊരെന്‍

സൗഭാഗ്യതാരകം കത്തിജ്വലിച്ചതീ-

ത്തേജസ്സില്‍ ലയിച്ചതിനാലെ


ഒത്തിരിച്ചങ്ങാതിക്കൂട്ടങ്ങള്‍ തന്നു

ഊഷ്മളസ്നേഹമെന്തെന്നറിയിക്കുവാന്‍

കര്‍ത്തവ്യബോധമുറച്ചു മനസ്സില്‍

ഗുരുക്കന്മാരതിന് കാരണഭൂതര്‍

സന്തോഷനീര്‍ത്തുള്ളി തൂകി ഞാന്‍

നമോവാകമൊന്നു ചൊല്ലാന്‍ ;

വെള്ളിമുടി ചാര്‍ത്തി നിന്‍ ശിരസ്സ് ,

ചുക്കിച്ചുളിഞ്ഞ മുഖമെങ്കിലും

അമ്മേ നിനക്കില്ല കല്പാന്തകാലം

വാല്‍സല്യം നുകര്‍ന്ന് മടിത്തട്ടില്‍-

നിന്ന് വളര്‍ന്നേറ്റു പോകുമുണ്ണികള്‍,

പറക്കമുറ്റാന്‍ തുണയായിടുമവര്‍ക്ക്

നീ പകര്‍ന്നേകിയ പാഠങ്ങളെല്ലാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റ്‌ വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി