തിങ്കളാഴ്‌ച, ജനുവരി 16, 2012
സൂര്യനും ഭൂമിയും
പൊന്‍കിണ്ണമൊന്നൊരാ
തൃക്കയ്യിലേന്തിയുലകമതി -
നന്മകള്‍ കുന്നോളമേവര്‍ക്കു-
മല്പ്പത്തമില്ലാതെയരുളാന്‍
ഹരിതാഭയരുമയായ് മേവും
ധരയിതും തവകരുണയത്രേ
ചൂടും ചുറുചുറുക്കുമല്ലോ സകല -
ജീവിഗണത്തിനുമുള്ള ദാനം
ജീവന്‍ തുടിക്കുവാനീമണ്ണി-
നൂര്‍ജ്ജം നീ പകര്‍ന്നില്ലെ-
ങ്കിലെല്ലാം നിശ്ചേതനങ്ങളാകും
സൂര്യാ നിന്‍ താപമനുദിനം
സാഗരനീരിനെക്കൊണ്ടുപോയ്
ചെറുതായ് നുറുക്കിയാവിയായ് -
ത്തീര്‍ത്തു നിന്‍ പണിശാലയില്‍
മേഘമണിമാലയായ്‌ത്തണുപ്പിച്ചു
ശേഷം ജലമെന്ന പുണ്യം മതി -
യായൊരളവില്‍ വര്‍ഷമായേകി
വരളുന്ന നാവിനതമൃതാണ്
നിലനില്‍പ്പിനായുള്ള കച്ചിത്തുരുമ്പ്
നീ തന്നൊരീദിവ്യമാരി ഭൂവില്‍
തളിരുകളെങ്ങും മുളപ്പിച്ചുവല്ലോ
പ്രകൃതിയൊരു കുടുംബമിവിടെ
ചെടികള്‍ വീട്ടമ്മമാരായി നില്‍പ്പൂ
വെളിച്ചമാമിന്ധനം തിളച്ചു -
കത്തും സൂര്യനില്‍നിന്നുകിട്ടും
കൂട്ടര്‍ക്ക് ഗുണമാര്‍ന്ന ഭക്ഷണം
വിളമ്പും പച്ചിലപ്പാത്രങ്ങളില്‍
ഇരുട്ടിന്‍റെ മാറാലയെങ്ങും
കറുപ്പില്‍ കനത്ത് നിന്നിരുന്നു
ഭീതിദമൌനത്തിന്‍ ചങ്ങല -
ക്കണ്ണികള്‍ പൊട്ടിക്കുവാന്‍
കെല്‍പ്പെഴുന്നവരില്ലായിരുന്നു
ഉണര്‍ത്തുവാനാരുമന്ന -
രികിലണഞ്ഞതുമില്ല പോലും
ചെയ്യുവാനൊന്നുമേയില്ലാതെ
യുഗങ്ങള്‍ പലതു വെറുതെ
ചുരുണ്ടുരുണ്ട് കിടന്നുറങ്ങി -
ത്തീര്‍ത്ത ധരിത്രിയിവളെ
ഒരിക്കല്‍ പ്രഭാതത്തിലര്‍ക്കന്‍
സവാരിക്കിറങ്ങിയ വേളയില്‍
അകലെ നിന്ന് കണ്ടു
കാതങ്ങള്‍ താണ്ടിവന്ന
ദൂരമളക്കാന്‍ മിനക്കെടാതെ
കനകപാദങ്ങള്‍ നടന്നു -
തളര്‍ന്നു നോവുന്നതറിയാതെ
എത്തിയവളെയുണര്‍ത്താന്‍
സ്നേഹഭാജനമാക്കി മാറ്റാന്‍
കിരണകരങ്ങളായിരം നീട്ടി -
പ്പുതപ്പിച്ചു ചെമ്മേ കുളിരകറ്റാന്‍
പീലികള്‍ കോര്‍ത്തുകെട്ടിയടഞ്ഞ
കണ്ണിലേയ്ക്കന്‍പൊട് നീ നോക്കി
മൃദുവായ സ്പര്‍ശനമാധുരിയുള്ളില്‍ -
ത്തട്ടിയ നിമിഷമുറക്കമുണര്‍ന്നു;
ആ മോഹനമിഴി തുറന്നെന്നാല്‍
സര്‍വ്വം ശുഭ്രമയമാദ്യ കാഴ്ചയില്‍
മെല്ലെയെല്ലാം മുന്‍പില്‍ തെളിഞ്ഞു
തന്നുടലിന്‍റെ ഭംഗിയും കണ്ടറിഞ്ഞു
പ്രകാശത്തിന്നുറവിടമെവിടെയെന്നു
ചുറ്റും തിരഞ്ഞപ്പോള്‍ കണ്ടെത്തി
ദീപപ്രഭയായ് വിളങ്ങുമര്‍ക്കനെ
ഭയാദരാല്‍ വണങ്ങി സ്തുതിച്ചു
'നിന്‍ ദാസ്യവൃത്തി ചെയ്തു -
നിന്നെച്ചുറ്റുകയാണെന്നുമെന്‍
ജന്മലക്ഷ്യമെന്നുദ്ഘോഷിച്ചു'
മുഖം തെളിഞ്ഞവളന്ന്
കിളിനാദമായ് മൊഴിഞ്ഞു -
" നീയൊരുക്കണമെന്‍ വഴി -
ത്താര ശോഭിതവദനനേ
പിരിയരുതൊരു ദിനവും "
ദൃഢസ്വരത്തിലവനോതി -
"തീര്‍ത്ഥാടനം പോലെയുള്ള
പവിത്രകര്‍മ്മമാണീ യാത്ര
കാത്തിരിയ്‌ക്കയാണെല്ലാരു -
മെനിക്കായ് , ഓര്‍മ്മ വേണം
അപ്പുറമെത്തേണ്ടതല്ലയോ
കൈനീട്ടിയവരെയനുഗ്രഹിക്കാന്‍
സര്‍വ്വമംഗളം നല്‍കിടാന്‍ "
"വിശ്രമിയ്‌ക്ക നീയത്ര നേരം തിരികെ -
യെത്തി തൊട്ടു വിളിക്കുന്ന വരെയും
രാവിലുറങ്ങി രാവിലെയേല്ക്കണം
മുഴുകണം സദ്‌ചെയ്തികളില്‍ "
പുലരൊളിപ്പൊന്‍ചിരിയിപ്പോള്‍
വിടപറയും നേരമില്ലെങ്കിലുമനന്യമാം
ശോണിമയുണ്ടതു ശോണിതനീരോ ,
അഗാധവിരഹദുഃഖസാഗരമോ ?
മനസ്സിലെ മഞ്ഞുപാളിയുരുക്കി -
ക്കടന്നുവന്ന തീക്ഷ്ണഭാവന്‍ നീ-
യകലവേമഞ്ഞുമലപലതുമു -
യരുമീയന്ധകാരത്താഴ്വരയില്‍
ദുഃഖിച്ചിരിക്കയാണെങ്കിലും ശിരസ്സാ-
വഹിച്ചവളാ മധുമൊഴിയെല്ലാം
അനുസരിപ്പാന്‍ നിയമമായേകി
ചെറു ജീവകോശങ്ങള്‍ക്ക് പോലും
ആവാസമാകുന്ന വലിയ വീട്ടില്‍
വാഴുന്നവരതു മോദാല്‍ കാത്തുപാലിച്ച്
അങ്ങനെ തീര്‍ക്കുന്നഴകുള്ള ലോകം
കഴിവിനൊത്തെല്ലാരുമര്‍പ്പിച്ചു കൊണ്ട്
ഇതു കണ്ട് സന്തോഷചിത്തനായ്
തേജോമയരശ്മിനാഥനവന്‍
വെളുപ്പിലൊളുപ്പിച്ച സപ്ത -
വര്‍ണ്ണം പുറത്തെടുത്ത് മഴയില്‍
ചാലിച്ച് ചേലുള്ള ചിത്രമായ്
ഗഗനഭിത്തിയില്‍ തൂക്കിയിട്ടു
ആദ്യത്തെതാം ഈ കലാ-
പ്രദര്‍ശനം ജീവരാശിയ്ക്ക-
മൂല്യമാം സമ്മാനമായ് ഭവിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റ് വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി