ബുധനാഴ്‌ച, ജൂൺ 15, 2011

തിരിച്ചറിവുകള്‍

കവിത

മണലില്‍ തിരഞ്ഞു കനക -
ത്തരികള്‍ കിട്ടും ഭാഗ്യം
ഒത്തിരി മൊഴിയും നാവി -
ലൊരിത്തിരി സത്യവുമുണ്ടേല്‍

കള പോല്‍ കളവുകള്‍
തിങ്ങി വളര്‍ന്നു നിറഞ്ഞാല്‍ ,
കളയാനെളുതല്ലോര്‍മയിരിക്കുക
നിത്യം നന്നായ് നിങ്ങള്‍
;
ജിഹ്വക്കുള്ളത് കുതിരക്കുളമ്പ്,
കയറും പൊട്ടിച്ചോടും നേരം
സത്യത്തളിരുകള്‍ തളര്‍ന്നു -
വീണീടുന്നതുമൊന്നും ഗൌനിക്കില്ല

സത്യമസത്യം പാറ്റിത്തിരിച്ചു
കാണാന്‍ വഴിയേതുണ്ടറിയാമോ ?
ഒന്നിന് പൂരകമായ് മറ്റേതും
നിലനിന്നീടണമതുതാന്‍ നിയമം
ഈ കലികാലക്കോലംതുള്ളലില്‍
സത്യത്തിന്‍ മുഖമെത്ര വിരൂപം
എന്നും ഒരുപടിമുമ്പിലസത്യം
മൂടു പടത്തില്‍ നിലകൊള്ളുന്നു
സുന്ദരവദനം, സുരഭിലഗാത്രം
മായാജാലക്കാഴ്ചകള്‍ സുലഭം
സത്യം തന്നെയെന്നു ധരിയ്ക്കും
അറിയാതൊന്നു നമിച്ചേ പോകും !

മനസ്സിന് ശാന്തി ലഭിക്കാനായി
രക്ഷകനെയും തേടി നടന്നോര്‍
നിങ്ങള്‍ നിങ്ങളിലേയ്ക്ക് തിരിഞ്ഞ്
'തിരിഞ്ഞതെല്ലാം' മാറ്റിയെടുത്താല്‍
നിങ്ങള്‍ക്കുള്ളില്‍ രക്ഷയിരിപ്പൂ
ദേവ സമാനന്‍ ശേഷം മനുജന്‍
സത്യമുറപ്പിലുറച്ചു കഴിഞ്ഞാല്‍
പൊരുളറിയുന്നവനെന്നു വിളിയ്ക്കാം

അര്‍ത്ഥമനര്‍ത്ഥമഹംഭാവത്തിന്
കാലാകാലവുമില്ലൊരു മാറ്റം
കൊമ്പ് മുറിപ്പതിരുന്നതു താനേ
വൈകിയറിഞ്ഞിട്ടില്ലൊരു കാര്യം
താന്‍ പോരിമയുടെ കൊഴുപ്പ്മുറ്റി
സിരകള്‍ ത്രസിയ്ക്കും നേരത്തോര്‍ക്കൂ
കുമിളകളായോ കുമിളുകളായോ
തെളിഞ്ഞു പൊലിയും ജീവിതമുലകില്‍ ;
പുല്ലിന്‍ തണ്ട് മുറിച്ചതിലൂതി
കളിയായ്‌ കുമിള പറത്തും*കുട്ടീ നന്ദി ,
പൊങ്ങിപ്പാറി നടക്കവെയറിയു-
ന്നില്ലതു താഴെ മുള്ളില്‍ വീഴാം
നിന്നുടെ പിഞ്ചുകരത്തിലൊതുക്കി
പാലിക്കൂ മുഴുജീവിതകാലം


( *
പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്ന ഈശ്വരന്‍ )

2 അഭിപ്രായങ്ങൾ:

ഈ പോസ്റ്റ്‌ വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി