ചൊവ്വാഴ്ച, ജൂലൈ 26, 2011
നാളെയുടെ വാഗ്ദാനം
കവിത
സ്കൂളിലെ വില്ലനാണവന്‍
കടിക്കാത്ത പട്ടിയും അവനെക്കണ്ടാല്‍
കുറഞ്ഞപക്ഷം കുരയ്ക്കുകയെങ്കിലും ചെയ്യും,
അത്രയ്ക്ക് നശൂലം....
കൂട്ടുകാരെ കിറുമ്പി വഴക്കുണ്ടാക്കാന്‍
ബഹുകേമന്‍
അവന്റെ ഉത്തരക്കടലാസ് കണ്ടാല്‍
ആര്‍ട്ടിസ്റ്റ് നമ്പൂതിരി
മൂല്യനിര്‍ണയം നടത്തിയ
അധ്യാപകര്‍ക്ക് ശിഷ്യപ്പെടും ,
നല്ല വരയും കുത്തും !
പൂജ്യം കണ്ടുപിടിക്കപ്പെട്ടത്
അവന് മാര്‍ക്കിടാന്‍
ഉദ്ദേശിച്ചു മാത്രമാണ് ,
യാതൊരു സംശയവും വേണ്ട
അവന്റെ അച്ഛന്‍ എപ്പോഴും പറയും-
" നീ വലിയവനാ മോനേ,
ചെറുപ്പത്തില്‍ സ്കൂളിന്റെ
പടികടക്കാത്ത നിന്റെ അപ്പന്‍
ദിവസവും സ്കൂള്‍ വരാന്തയില്‍
നില്‍ക്കാന്‍ കാരണം നീയാണ്,
നീ ഒരാള്‍ മാത്രം "
അടിപിടി കൂടി
ഉടുപ്പ് കീറി , ബട്ടന്‍സ് പൊട്ടി
പൊടിയിലും ചെളിയിലും
കുളിച്ചു വരുമ്പോള്‍
അമ്മ വനിതാ പോലീസാകും
"അഭിനയക്കളരി ഉണ്ടായിരുന്നു
റിഹേഴ്സലെടുത്തു നോക്കിയതാ"
എന്നും ഒറ്റ മറുപടി , അമ്മ 'ഫ്ലാറ്റ് '-
'ശരിയാ , സിനിമയിലെ നായകന്മാര്‍
വില്ലനെ അടിച്ചൊതുക്കാന്‍
എന്തെല്ലാം ചെയ്യുന്നു,
എന്തൊക്കെ സഹിക്കുന്നു
അപ്പോള്‍ ഇത് നിസ്സാരം'
അമ്മയുടെ സ്വപ്നക്കൂട്ടിലേയ്ക്ക്
പുതിയൊരു കിളി ചേക്കേറി -
മകനെന്ന ഭാവി സൂപ്പര്‍സ്റ്റാര്‍ ....
ഞായറാഴ്‌ച, ജൂലൈ 24, 2011
കാരണം
കവിത
കര്‍ക്കിടകക്കാറെന്തേ
ഭ്രാന്തു പിടിച്ചത് പോലെ
ഇങ്ങനെ പാഞ്ഞു നടക്കുന്നു ;
എപ്പോഴും മുഖം കറുപ്പിച്ച് ,
ചിലപ്പോള്‍ വിതുമ്പിക്കരഞ്ഞ്
തൊട്ടു പിന്നാലെ പൊട്ടിച്ചിരിച്ച്
ഇലകളോട് കലഹിച്ച്,
അടുത്ത നിമിഷം
അലറി വിളിച്ച് ഒരു ഒറ്റയാനെപ്പോലെ
മരങ്ങള്‍ പിടിച്ചു കുലുക്കി ...........
അവസാനം
ഓടി ഓടി ക്ഷീണിച്ച്
ഒരടി പോലും വെയ്ക്കാനാവാതെ
ഏതെങ്കിലും വഴിവക്കില്‍
തളര്‍ന്നു വീഴാന്‍
വിധി; എന്നും.........
കാരണമന്വേഷിക്കാന്‍
തെല്ലും നിവൃത്തിയില്ല
കാരണം , ഞാന്‍
ഭ്രാന്തനായതിനും പ്രത്യേകിച്ച്
കാരണമൊന്നുമില്ലല്ലോ..........
വ്യാഴാഴ്‌ച, ജൂലൈ 21, 2011
ഇരട്ടക്കുട്ടികള്‍
കവിത
രണ്ടുപേരെന്നുള്ളിലുണ്ടെന്നറിഞ്ഞു
മൂന്ന് പതിറ്റാണ്ട് ശേഷം ജനിക്കും
കേട്ടവരോടിയെത്തിയരികില്‍
അഭിനന്ദനമലരു കോര്‍ത്ത്
ഹാരമണിയിച്ചു തന്നു;
ഒന്നിന് പേരിടാം ഡപ്യൂട്ടി കലക്ടര്‍
രണ്ടാമനോ ജനറല്‍ മാനേജരെന്നും
ആശുപത്രി മുറിയും ബുക്ക് ചെയ്തു
റവന്യുവിലാകണമാദ്യജാതന്‍
ഇളയവന്‍ പിറക്കണം ജില്ലാ ബാങ്കില്‍ !
ഗര്‍ഭസ്ഥര്‍ക്കും ജാതകമെഴുതി
ഗണിച്ചും ഗുണിച്ചും വിവിധ ജോത്സ്യര്‍
കൈവെള്ളയില്‍ കണ്ടപോലോതി -
"ഒരുവനധികാര പര്‍വ്വങ്ങള്‍ താണ്ടു -
മപരനോ ലക്ഷ്മിയെ വേള്‍ക്കും
ഗുണദോഷസമ്മിശ്ര ജന്മങ്ങളത്രേ
ഈശ്വരാധീനത്തിനര്‍ത്ഥക്ക നിത്യം
തെളിഞ്ഞ വഴിയേതെന്ന് കാട്ടിത്തരാന്‍
കര്‍മ്മങ്ങളതിലേയ്ക്കനുഷ്ഠിച്ചിടില്‍
ശനിദശകളൊന്നായകന്നു നീയോ
ശുക്രനെപ്പോലെ തിളങ്ങി വാഴും "
ചെക്കപ്പുകള്‍ , മരുന്നുകള്‍
കൂടെയുപദേശങ്ങള്‍ വേണ്ടുവോളം
കോംപ്ലിക്കേഷന്റെ കണ്‍ഫ്യൂഷനില്‍
ഉല്‍കണ്ഠ മുറ്റുന്നു ചുറ്റുപാടും
വലിഞ്ഞു മുറുകിയ മുഖമോടെ വന്ന്
ഡോക്ടേര്‍സ് സിസേറിയനെന്നുരച്ചു
ഇരട്ടകളിലൊന്നിനെയിരുട്ടെടുക്കും
തീരുമാനിക്കുവിനാരെ വേണം
എന്നമ്മ വിതുമ്പിക്കരഞ്ഞു നിന്നു
കാര്യമറിയാതച്ഛനോ കോപമാളി ;
ചിന്ത മുറിഞ്ഞു ചോര തുളുമ്പി
മക്കളോടെനിക്കില്ല പന്തിഭേദം
കരളു പൊടിയുന്നെന്‍ കിടാങ്ങളേ
ആരെ ഞാനൂട്ടുമാരെ വെടിയും
ഹൃദയമുരുക്കുന്ന വേദനയെന്നെ -
യപ്പാടെ തിന്നുന്നസ്ഥി പോലും
ഹോമാഗ്നി കുണ്ഠമെന്നാറിമാറും
തീര്‍ച്ചയരുളട്ടെയതിനു കാലം
( റവന്യു വകുപ്പിലേയ്ക്കും കോട്ടയം ജില്ലാ സഹകരണ ബാങ്കിലേക്കും ഒരേ സമയം നിയമനം ലഭിച്ചപ്പോള്‍ )
ബുധനാഴ്‌ച, ജൂലൈ 20, 2011
കേരളത്തിന്റെ വ്യാവസായിക വളര്‍ച്ച
" വ്യാവസായിക വളര്‍ച്ചയിലൂടെ മാത്രമേ
പുരോഗതി ഉണ്ടാവുകയുള്ളൂ ,
തൊഴിലില്ലായ്മയോടൊപ്പം
കലുങ്കും കടത്തിണ്ണയും പങ്കിടാന്‍
ആളെക്കിട്ടാതാവുകയുള്ളൂ" -
ഭരണാധികാരികളുടെ ഈ നിലവിളി
കേരള ജനതയുടെ, യുവതയുടെ
ഹൃദയങ്ങളെ കീറി മുറിയ്ക്കുന്ന
കൂരമ്പായി മാറി ;
അവര്‍ പരിശ്രമശാലികളായി
സംരംഭകര്‍ക്ക് കുറഞ്ഞ പലിശയ്ക്കു
വായ്പ , സബ്സിഡി ,
ഭരണക്കാരുടെ സഹകരണം
പോലീസ് വക സംരക്ഷണം-
ഇതെല്ലാം ഫാക്ടംഫോസും പൊട്ടാഷ്യവുമാക്കി
മുട്ടിന് മുട്ടിന് വ്യവസായങ്ങള്‍ ;
ചെറുകിടവും വന്‍കിടവും
അനുകൂലസാഹചര്യത്തില്‍
കൂണ്‍ബെഡ്ഡില്‍ മുകുളങ്ങള്‍
തിങ്ങി വളരുന്നത് പോലെ
നിര്‍മാണശാലകള്‍ , വ്യാപാര കേന്ദ്രങ്ങള്‍
വിതരണശൃംഖലകള്‍ ,അനുബന്ധ തൊഴില്‍മേഖലകള്‍ -
സര്‍വത്ര പുരോഗതി തന്നെ !
ഇത്രയും പരിചരണവും ശ്രദ്ധയും ഹാച്ചറികളില്‍
വിരിയാന്‍ വെച്ചിരിക്കുന്ന കോഴി മുട്ടകള്‍ക്ക്
ലഭിക്കുന്നുണ്ടോയെന്നു സംശയമാണ് ,
തട്ടാതെ , മുട്ടാതെ , പൊട്ടാതെ
ഓരോ ഉല്പ്പന്നവും നിര്‍മിക്കപ്പെടുന്നു.
ഒരു വ്യവസായവും പൂട്ടിപ്പോയില്ല
അസംസ്കൃത വസ്തുക്കള്‍ക്ക് ക്ഷാമമോ
തൊഴിലാളി സമരങ്ങളോ ഉണ്ടായില്ല !
ലാഭം കുമിഞ്ഞു കൂടി , എങ്ങും പണം പൂത്ത മണം മാത്രം
മുന്തിയ ഇനം കാറുകള്‍ , വീടുകള്‍ , ഹോട്ടലുകള്‍ ;
ആര് പറഞ്ഞു മടിയന്മാരാണ്
മലയാളികളെന്നു , ശുദ്ധനുണ
വികസിത രാജ്യങ്ങളിലെ
വന്‍ വ്യവസായ നഗരങ്ങളെക്കാളും
പേരുകേട്ട സ്ഥലങ്ങള്‍ ഇങ്ങു കേരളത്തില്‍
ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ട് -
വിതുര , സൂര്യനെല്ലി , കിളിരൂര്‍ ,
കോതമംഗലം , പറവൂര്‍ ....... കഥ തുടരുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)