Powered By Blogger

ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2011

വര്‍ണ്ണമഴയുടെ രസതന്ത്രം

നല്ലൊരു മഴ പെയ്തിട്ടൊരുപാട് നാളായി
മണ്ണും വിണ്ണുമൊരുപോലൂഷരമായ്‌ മാറി
എന്ത് ചെയ്യാനാശിപ്പാനല്ലാതെ മറ്റേതു വഴി
പൂഴിപൂശുമകതാരിനിച്ഛ നീര്‍ത്തളിയ്ക്ക്
മരതകക്കാടിനെ വിഴുങ്ങിയനുദിനം വളരും
'
കെട്ടിടക്കാടാണ് ' മുച്ചൂടും മുടിച്ചത് തീപ്പന്തമാല്‍

ഇത്ര പൊള്ളുമെന്നറിഞ്ഞില്ല പണ്ട്
എങ്കിലവരാച്ചെ
റുചീളുകളുരസില്ല പോലും
കണ്ടെത്തിയ തോഴനെപ്പൊഴോ കോപമാളിയാല്‍
അടക്കിനിര്‍ത്താനവര്‍ക്ക് കൂട്ടിനെത്തി മഴ
എന്നും പാലമായ്‌ നിന്നു മഴ മനുജന്
സമൃദ്ധിതന്നക്കരപ്പച്ച യഥാര്‍ത്ഥ്യമാക്കാന്‍

പൊളിക്കാന്‍ തുനിഞ്ഞില്ലാരുമതിനാല്‍
നൂറ്റാണ്ടുകള്‍ നിലകൊണ്ടുറപ്പിലാപ്പാലം ,
ബലക്ഷയം വന്നു തകരാരായ്‌ കാലപ്പഴക്കത്തില്‍
പുതുക്കിപ്പണിയാനാരെങ്കിലും മുന്നിട്ടിറങ്ങിയെങ്കില്‍ ;
പാലം കടന്നിട്ടു കൂരായണ പാടുന്നവരിപ്പോ -
ളടിത്തൂണിളക്കിപ്പൊളിച്ചടുക്കാന്‍ തിടുക്കപ്പെടുന്നു

തീതുള്ളുമടുപ്പിന്‍ മുകളില്‍ മെത്ത വിരിച്ച്
സുഖവാസം തിരയുന്നോരുമുണ്ടനേകം
മൂട് പൊള്ളുമ്പൊഴെയറിയൂ ചോട്ടിലെ -
ച്ചിതയെരിഞ്ഞു തുടങ്ങിയെന്ന്
പുകയുയരുമ്പോള്‍ മാത്രമേ വിനാശം കണ്ണില്‍ പെടൂ
തലയോട് ചിതറും വരേയ്ക്കുമറിയില്ല വിപദ്ശംഖൊലി

തലമുറ കൈമാറിക്കിട്ടിയമൂല്യമൊരു രത്നം
നിധിയെന്നറിയാമതിനാല്‍ കൊടുക്കില്ലയാര്‍ക്കും
അലക്ഷ്യമുപയോഗമതിമോഹമിന്നഹോ കരിക്കട്ടയായ് !
കുമിഞ്ഞ സമ്പത്തില്‍ കിടന്നുറങ്ങിയുന്മത്തനായ്‌
വേണ്ടെന്നു തോന്നിയ വിഷപ്പുക മാത്രം പുറത്തു വിട്ടു
വിണ്‍സാഗരത്തില്‍ കലര്‍ന്ന് പടര്‍ന്നു നിറയാന്‍

കേഴുന്നു നീരിനായ്‌ സര്‍വ്വചരാചരങ്ങളിപ്പോള്‍
ഒരു തുള്ളി കിട്ടിയാലത് മതി ജന്മസുകൃതം
മരുവിലിങ്ങനെ മരിച്ച മനസ്സുമായ്‌ നില്പ്പവര്‍ ,
പ്രകൃതിയുടെ പ്രതിഷേധ വിറയലും മുരളലും
വെറും കോമാളി നാടകമായ്ക്കണ്ടവര്‍ ,
തിരിച്ചറിയുന്നു പണ്ട് ചെയ്തതബദ്ധമെന്ന്‍

തുള വീണ കവചമിനി ശക്തമല്ലെന്നു നല്ലുറപ്പ്
ഇനിയെത്ര നാള്‍ യുദ്ധക്കളത്തില്‍ പിടിച്ചു നില്‍ക്കും
കിരണമേറ്റിങ്ങനെ തളര്‍ന്നു കരിഞ്ഞ നേരം
സാന്ത്വനത്തലോടലായ് പേമാരി പല ചായങ്ങളില്‍
വിഷലിപ്ത നീരധിയതിരു കവിഞ്ഞതറിഞ്ഞു ശേഷം
കല്‍ഭിത്തി കെട്ടിത്തടുക്കുവാനാമോ ദ്യോമണ്ഡലത്തില്‍

തളിര്‍ത്തത് പുതുനാമ്പെന്നോര്‍ത്ത് ഹര്‍ഷം നിറഞ്ഞു
നാശത്തിന്നുലക്ക പൊടിച്ചു വിതറിയത്
കിളിര്‍ത്തു പൊന്തുമെന്നാരെങ്ങാന്‍ നിനച്ചിരുന്നോ ,
കിനാക്കളെ തച്ചുടയ്ക്കാനെത്തുമെന്നോര്‍ത്തോ ?
തീമഴത്തുള്ളികള്‍ തുമ്പത്തുമേശിയാല്‍ മതിയേ
ധാര്‍ഷ്ട്യം തമ്പടിച്ചൊരകവും തകര്‍ന്നു ധൂളിയാകാന്‍

എന്ത് രസമീ നിറമഴയെന്നോതും കിടാവി -
നതിന്‍ പകിട്ടല്ലാതെ മറ്റൊന്നുമറിയില്ല സോദരാ ,
പെരുമഴയത്ത്‌ കീറക്കുടയെടുത്തവനെങ്കിലും നിങ്ങള്‍
ഒടിഞ്ഞ കമ്പി മുറുക്കുവാനാക്കുടശീല തുന്നുവാന്‍
കഴിയുമെന്നവനെ ഉദ്ബോധനം ചെയ്യണം
ഉണര്‍ത്തണമിന്നവനില്‍ ദീപ്തമാം ജ്വാല ഉയരെ

നിങ്ങളിന്നവനോട് തീര്‍ച്ചയായ് പറയണം
പലകുടിലതന്ത്രശരമേറ്റു പിടഞ്ഞുവീഴു-
മൊരമ്മ തന്‍ മിഴി നിറഞ്ഞൊഴുകും രക്ത
ക്കണ്ണീര്‍
അത് നീ തുടയ്ക്കണമല്പ്പമാശ്വാസമേകണം
കിട്ടിയതളവില്ലാതെ വാരിക്കോരി നല്‍കുമമ്മ
അമൃതും കാളകൂടവുമേതു നീ തിരഞ്ഞെടുക്കും ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റ്‌ വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി