വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011
അഴിമതി വല , അഴിയാ മാറാല
അഴിമതിക്കെതിരായ രാംലീലയിലെ സമരലീല അവസാനിപ്പിച്ചതിനു ശേഷം കൈകള്‍ രണ്ടും വിരിച്ച് അനുയായികളെ അഭിവാദനം ചെയ്യുന്ന അണ്ണാ ഹസാരെയുടെ മുഖത്ത് എല്ലാം നേടിയ ഒരു വിശ്വവിജയിയുടെ ഗൂഢസ്മിതം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു . സുശക്തമായ ലോക്പാല്‍ നിയമം കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങി എന്നത് തീര്‍ച്ചയായും അങ്ങയുടെ ഗാന്ധിയന്‍ സമര രീതിയുടെ വിജയം തന്നെയെന്ന് നിസ്സംശയം പറയാം.പക്ഷേ, ഓടിക്കൂടിയ പൊതു ജനത്തിന്‍റെ ജയ് വിളികളും സ്തുതിപാഠകാരുടെ തേനില്‍ പൊതിഞ്ഞ പുകഴ്ത്തലുകളും ദൃശ്യശ്രവ്യപത്രമാധ്യമങ്ങളിലൂടെ ലഭിച്ച അന്താരാഷ്ട്രതലത്തിലുള്ള ശ്രദ്ധയും അങ്ങയെ ഉന്മത്തനാക്കി കൂടാ .പ്രധാന മന്ത്രിയെയും നീതി പീഠത്തെയും ജനപ്രതിനിധികളെയും ലോക്പാല്‍ കൂട്ടിലടച്ചത് കൊണ്ട് മാത്രം സമൂഹത്തിന്റെ എല്ലാ മേഖലകളിലും ആഴത്തില്‍ വേരോട്ടമുള്ള അഴിമതിയുടെ ഉന്മൂലനാശം എന്ന അന്തിമ ലക്‌ഷ്യം സാധിക്കാം എന്ന് കരുതുന്നത് ശുദ്ധ മൌഢ്യമാണ്.
രാജ്യത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയ ഒരു സമരത്തിലൂടെ സര്‍ക്കാരിനെ പേടിപ്പിച്ച് നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് വിമാനം റാഞ്ചി ,യാത്രക്കാരുടെ ജീവന് വില പറഞ്ഞ് ആവശ്യങ്ങള്‍ സാധിക്കുന്നത് പോലെ മാത്രമേ കാണാന്‍ കഴിയൂ .കാര്യങ്ങള്‍ കൈ വിട്ടു പോയാല്‍ വിമാനം കൂപ്പു കുത്തുന്നത് പോലെ ഭാരതമെന്ന നമ്മുടെ രാജ്യവും അതിലെ ജനങ്ങളുടെ ഭാവിയും നശിക്കും .സായുധ വിപ്ലവത്തിലേയ്ക്കും കൊള്ളയിലേക്കും കൊള്ളി വെയ്പ്പിലേയ്ക്കും നമ്മുടെ രാജ്യം പോയിക്കൂടാ . ജനാധിപത്യമെന്നാല്‍ ആള്‍ക്കൂട്ടാധിപത്യമല്ല. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വേണം ഏതു ലക്ഷ്യവും നേടാന്‍ .ഭരണഘടന പ്രകാരം എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും സ്വന്തം ചിന്താധാര മാത്രമാണ് ശരിയെന്ന മട്ടില്‍ അടിച്ചേല്‍പ്പിക്കുന്നത് ഒട്ടും ശരിയല്ല.കള്ളപ്പണത്തിന്റെയും അഴിമതിയുടെയും വക്താക്കള്‍ സത്യത്തില്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല ( നല്ലവര്‍ പൊറുക്കുക ) , യാതൊരു നിയന്ത്രണങ്ങളുമില്ലാതെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വ്യാജസന്നദ്ധ- ജീവ കാരുണ്യ പ്രസ്ഥാനങ്ങളും കൂടിയാണ് . അവിടെയാണ് ആദ്യംമാറ്റം വരേണ്ടത് . കായിക സംഘടനകളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആക്കുന്നു എന്നാ വാര്‍ത്ത ശുഭ സൂചകമാണ് .
അണ്ണാ ഹസാരെ , താങ്കളുടെ അഴിമതി വിരുദ്ധ സമരത്തെ മനസ് കൊണ്ട് ഏതൊരു ഇന്ത്യാക്കാരനെയും പോലെ അനുകൂലിക്കുന്ന സമയത്ത് തന്നെ അഴിമതിക്ക് ഇരയാകേണ്ടി വന്നതിന്റെ വിഷമം തെല്ലൊന്നുമല്ല. ആരാലും ശ്രദ്ധിക്കപ്പെടാതെ നടന്ന കുറിയവനായ താങ്കള്‍ , നാല്‍പ്പത്തെട്ടു വര്ഷം മുന്‍പ് (കൃത്യമായി പറഞ്ഞാല്‍ 1963 ഏപ്രില്‍ 3 ) കാച്ചിയെടുത്തു കലത്തില്‍ അടച്ചു വെച്ച ലോക്പാല്‍ എടുത്ത് ചൂടാക്കി കുടിച്ചതോടെ മൂന്നടി മണ്ണ് അളന്നെടുക്കാന്‍ തുനിഞ്ഞ വാമനനെപ്പോലെ വമ്പനായത് കണ്ടു അല്പം അസൂയ തോന്നിയെന്നത് പച്ചപ്പരമാര്‍ത്ഥം. അതിന്റെ ബഹിര്‍ സ്ഫുരണം പോലെ ഫോണ്‍ തകരാറായപ്പോള്‍ ലൈന്‍മാനോടു ഉടന്‍ ശരിയാക്കണമെന്ന ഉത്തരവും പുറപ്പെടുവിച്ചു , ഒരു അണ്ണാ ചമയല്‍ .ഒരാഴ്ചയായിട്ടും പൊട്ടിയ വല തുന്നാന്‍ ആളു വരാതായപ്പോള്‍ സമാധാനിക്കാന്‍ ഒരു പഴഞ്ചൊല്ല് അച്ഛന്‍ ചൊല്ലി തന്നു . എന്റെ മനസ്സ് തണുപ്പിക്കാന്‍ ഞാനത് ഉരുവിട്ടു കൊണ്ടേയിരുന്നു ..... ആന വാ പൊളിയ്ക്കുന്നത് കണ്ട് അണ്ണാന്‍ വാ പൊളിയ്ക്കരുത് ............ ആന വാ ............
മുന്‍പ് ഫോണ്‍ തകാരായപ്പോഴൊന്നും നയാ പൈസ കൊടുക്കാത്തതിന് ലൈന്‍മാന്‍ വക ഒരു ചിന്ന പാര. ഏതായാലും കൈമടക്ക് കൊടുക്കില്ല എന്ന് ഉറപ്പിച്ച് ദിവസവും നാലും അഞ്ചും തവണ വിളിച്ച് കക്ഷിയെ ശല്യപ്പെടുത്തി . മനസ്സിലെ ശാപവാക്കുകള്‍ തൊണ്ടയില്‍ കൂടി തിങ്ങി ഞെരുങ്ങി പുറത്ത് വന്നപ്പോള്‍ അപേക്ഷയുടെ പുറംകുപ്പായം ധരിച്ചിരുന്നു . വിളിയോടു വിളി ............ ( നിങ്ങള്‍ ചോദിയ്ക്കും മുകളിലേയ്ക്ക് ഒരു പരാതി കൊടുത്താല്‍ പോരെ എന്ന് . ശേഷം ഫോണ്‍ ഉപേക്ഷിക്കുകയാവും ബുദ്ധി , ഒരിക്കലും നേരാം വണ്ണം കണക്ഷന്‍ കിട്ടില്ല . ബില്‍ സെക്ഷനിലെ പ്രിന്‍ററിനു തകരാറില്ലാത്തതിനാല്‍ ബില്‍ മാത്രം കൃത്യ സമയത്ത് എടുക്കപ്പെടും , പോസ്റ്റ് മാന് അധികം ജോലി ഭാരം കമ്പ്യൂട്ടര്‍ യുഗത്തില്‍ ഇല്ലാത്തത് കൊണ്ട് ബില്‍ പെട്ടെന്ന് കയ്യിലെത്തുകയുംചെയ്യും ). അവസാനം ഈ മുടിഞ്ഞവന്റെ മുടിഞ്ഞ ശല്യപ്പെടുത്തലില്‍ സഹികെട്ടാവണം കണക്ഷന്‍ കിട്ടി, കഴിഞ്ഞ ദിവസം . എന്നാല്‍ കിട്ടിയെന്നു ആശ്വസിക്കാറുമായിട്ടില്ല , വന്നും പോയിയും നില്‍ക്കുന്നു ; കയ്യാലപ്പുറത്തെ തേങ്ങാ പോലെ .
ഇപ്പോള്‍ എനിക്ക് തോന്നുന്നു ഹസാരെയുടെ വീട്ടിലും ഈയടുത്ത കാലത്ത് ഫോണ്‍ കണക്ഷന്‍ പോയിക്കാണും . പരാതിപ്പെട്ടിട്ടും ഫലമില്ലാതായപ്പോള്‍ ഇറങ്ങി തിരിച്ചതാവും , നാട് നന്നാക്കാന്‍ . അല്ലെങ്കില്‍ ഇത്ര കാലം ഒരു പൂച്ച പോലും കട്ട് കുടിക്കാത്ത ഈ പാല്‍ അടുപ്പത്ത് വെയ്ക്കാന്‍ പുള്ളിയ്ക്ക് തോന്നുമോ ?അങ്ങയുടെ കൈപ്പത്തി തുറന്നിരിക്കുന്നതിനാല്‍ ഉറപ്പാണ് , കൈമടക്ക് കൊടുക്കില്ല . പക്ഷെ സാധാരണക്കാരന്റെ സ്ഥിതി അങ്ങനെയല്ല , അവന്റെ കൈ മടങ്ങിയില്ലെങ്കില്‍ അവനെ ചുവപ്പ് നാട കൊണ്ട് വരിഞ്ഞു മുറുക്കി അവന്റെ ജീവിതം ഓടിച്ചു മടക്കി വളച്ചു തിരിച്ച് കോഞ്ഞാട്ടയാക്കും. ഹസാരെയുടെ നാട്ടിലെ ബി . എസ്സ് . എന്‍ . എല്‍ . ലൈന്‍ മാന് അഭിമാനിക്കാം , രാജ്യം മുഴുവന്‍ വീരപുരുഷനെന്നു വാഴ്ത്തുന്ന ഹസ്സരെയേ അണ്ണാ ആക്കിയത് താനാണ് എന്നതില്‍ .
അഴിമതിക്കണക്കിലെ കോടികളുടെ പുറകെ എല്ലാവരും പായുമ്പോള്‍ സാധാരണക്കാരന്‍ റേഷന്‍ കാര്‍ഡിനായും വൈദ്യുതിക്കായും വെള്ളത്തിനായും ഫോണിനായും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കേണ്ടി വരുന്ന അവസ്ഥയെ പറ്റി ഒരു അണ്ണനും ചിന്തിക്കുന്നില്ല . ഇക്കാര്യത്തില്‍ പൊതു ജനങ്ങളുടെ ഒരു വിജിലന്‍സ് സ്ക്വാഡ് രൂപികരിച്ചു താഴെത്തട്ടിലുള്ള ഓഫീസുകള്‍ മുതല്‍ തന്നെ പ്രവര്‍ത്തിച്ചാല്‍ അഴിമതി ഒരു പരിധി വരെ തടയാന്‍ സാധിക്കും. രാജ്യ തലസ്ഥാനത്ത് മാത്രം ഒതുങ്ങുന്ന ഒരു ഗ്വാ ഗ്വാ വിളിയാകാതെ കൃത്യമായ ആസൂത്രണത്തിലൂടെ അണ്ണാ ഹാസ്സരെയ്ക്കും കൂട്ടരും നിലവിലുള്ള ജന പിന്തുണ ഉപയോഗപ്പെടുത്തി അഴിമതി തടയാനുള്ള പ്രായോഗിക കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ സാധിക്കും . മറ്റുള്ളവരും അത് കണ്ടു പഠിക്കട്ടെ . അഴിമതിക്കാരുടെ വിളച്ചില്‍ ഇനി നടപ്പില്ലെന്ന് അവര്‍ മനസ്സിലാക്കട്ടെ .ഈ ഹൈടെക് ഗാന്ധിയന്‍ വിപ്ലവം ഉപരിപ്ലവ കെട്ടുകാഴ്ചയായി മാറാതെ ശരിയായ മാര്‍ഗത്തിലൂടെ ശരിയായ ലക്‌ഷ്യം നേടുമെന്ന് കരുതാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റ് വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി