അമ്മുമോള്‍ പതിവിലും കവിഞ്ഞ സന്തോഷത്തിലാണ് .അവളുടെ അച്ഛന്‍ ഓണം കൂടാന്‍ അടുത്ത മാസം നാട്ടിലെത്തുമെന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട് . അമ്മു ആദ്യമായി അച്ഛനെ നേരില്‍ കാണാന്‍ പോവുകയാണ് , അച്ഛന്‍ അവളെയും.അമ്മു ജനിക്കുന്നതിനു മുന്പ് അയാള്‍ വിദേശത്തെ ജോലി സ്ഥലത്തേയ്ക്ക് തിരിച്ചു പോയതാണ് , ഇപ്പോള്‍ അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു . അമ്മു മിടുമിടുക്കിയാണ് . ആരെയെങ്കിലും അടുത്ത് കിട്ടിയാല്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കും . നേഴ്സറിയില്‍ പഠിക്കുകയാണ് .അമ്മയുടെ അലമാരയില്‍ നിന്നും അവള്‍ എന്നും അച്ഛന്റെ ഫോട്ടോ എടുത്തു വെച്ചു ഉമ്മ കൊടുക്കുന്നതും ഒത്തിരി ഒത്തിരി കാര്യങ്ങള്‍ അച്ഛനോട് പറയുന്നതും കാണാം. അവളുടെ ഇംഗ്ലീഷ് പഠനം മുഴുവന്‍ അച്ഛനെ ചുറ്റിപ്പറ്റിയാണ് . അമ്മു എപ്പോഴും ഇങ്ങനെ പറഞ്ഞു കൊണ്ട് നടക്കും -" മൈ ഫാദര്‍ ഈസ് സതീഷ് . ഹി ഈസ് ആന്‍ ഇലക്ട്രീഷന്‍ ". അച്ഛന്‍ വരുന്ന കാര്യം അറിഞ്ഞപ്പോള്‍ മുതല്‍ വലിയ ആവേശത്തിലാണ് പുള്ളിക്കാരി. അച്ഛന്‍ വിളിക്കുമ്പോള്‍ തനിക്കായി കൊണ്ടുവരേണ്ട സമ്മാനങ്ങളുടെ ഒരു നീളന്‍ ലിസ്റ്റ് എന്നും അവതരിപ്പിക്കും . ഈ കുട്ടികുറുമ്പുകാരിയുടെ ചിണുങ്ങല്‍ കേട്ടു മടുത്ത് ഓണത്തിനും വളരെ നേരത്തെ ചെറിയച്ഛന്‍ മുറ്റത്തെ മാവിന്റെ ചാഞ്ഞ കൊമ്പില്‍ ഒരു ഊഞ്ഞാല്‍ കെട്ടികൊടുത്തു. കൂട്ടുകാര്‍ക്കൊപ്പം ഊഞ്ഞാല്‍ ആടുമ്പോള്‍ അവള്‍ പറയും- " എന്‍റെ അച്ഛന്‍ ഓണത്തിനു വരുമല്ലോ . പുത്തന്‍ ഉടുപ്പും പാവേം കളിപ്പാട്ടോം ചോക്ലേറ്റും ഒക്കെ കൊണ്ട് വരുമെന്ന് മുത്തശ്ശി പറഞ്ഞു .നിങ്ങള്‍ക്കും തരാട്ടോ ".
സതീശന്‍ പ്രാരാബ്ധങ്ങളുടെ നടുവില്‍ വളര്‍ന്നയാളാണ് .അയാള്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അസുഖം ബാധിച്ച് തെങ്ങ് കയറ്റ തൊഴിലാളിയായ അച്ഛന്‍ മരിച്ചു പോയി . അമ്മ അയല്‍വീടുകളില്‍ കൂലി വേല ചെയ്താണ് സതീശനെയും അവന്റെ മൂന്ന് പെങ്ങമാരെയും വളര്‍ത്തിയത് .റബ്ബര്‍ ടാപ്പിങ്ങും പത്ര വിതരണവും ഒക്കെയായി തന്നാലാവും വിധം അവന്‍ അമ്മയെ സഹായിച്ചു . പഠിക്കാന്‍ മിടുക്കനായിരുന്നെങ്കിലും പ്രീഡിഗ്രിയോടെ പഠനം നിര്‍ത്തേണ്ടതായി വന്നു. എങ്കിലും പിന്നീട് ഇലക്ട്രീഷന്‍ ഡിപ്ലോമ പാസ്സായി . അങ്ങനെയിരിക്കെ അയാളുടെ ബന്ധുവിന്റെ പരിചയക്കാരന്‍ വഴി ഒരു ആഫ്രിക്കന്‍ രാജ്യത്തേയ്ക്ക് വിസ ശരിയായി .വീട്ടുകാരെയും ജനിച്ചു വളര്‍ന്ന നാടിനെയും പിരിഞ്ഞിരിക്കാന്‍ വിഷമമുണ്ടെങ്കിലും അമ്മയുടെയും പെങ്ങമ്മാരുടെയും ദൈന്യം മുറ്റിയ മുഖങ്ങള്‍ അയാളെ അന്യനാട്ടിലേയ്ക്ക് തള്ളി വിട്ടു .നല്ല ഭക്ഷണം കഴിക്കാതെ , നല്ല വസ്ത്രങ്ങള്‍ വാങ്ങാതെ ഓരോ നയാ പൈസയും അയാള്‍ മാറ്റിവെച്ചു , മാസാമാസം അമ്മയുടെ പേരില്‍ അയച്ചു കൊടുത്തു. ചോര്‍ന്നൊലിക്കുന്ന ഓലപ്പുര ഓടുമേഞ്ഞു പുതുക്കാനും മൂന്നു പെങ്ങമ്മാരെയും കെട്ടിച്ചയയ്ക്കാനും സതീശന് കഴിഞ്ഞു .
ഇളയ പെങ്ങളുടെ വിവാഹത്തില്‍ മാത്രമേ സതീശന് പങ്കെടുക്കാനായുള്ളൂ ; വര്‍ഷാവര്‍ഷം നാട്ടില്‍ വന്നു പോകാനുള്ള സാമ്പത്തികം അയാള്‍ക്കില്ലല്ലോ. അത്തവണ അയാളുടെ വിവാഹവും നടന്നു . തനിക്കൊന്നും സ്വരുക്കൂട്ടാന്‍ കഴിഞ്ഞില്ലെന്നുള്ള വിഷമമൊന്നും അയാള്‍ക്കില്ലായിരുന്നു . തന്റെ കടമകള്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു, അതു മാത്രംമതി . ഇനിയും സമയമുണ്ടല്ലോ . മുണ്ട് മുറുക്കിയുടുത്ത് ആവുന്നത് സമ്പാദിക്കുക, കുറച്ചു സ്ഥലം വാങ്ങുക, സാമാന്യം നല്ല വീട് വെയ്ക്കുക , പ്രായമായ അമ്മയ്ക്കും പ്രിയ ഭാര്യക്കും പിറക്കാനിരിക്കുന്ന മക്കള്‍ക്കുമൊപ്പം സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുക, തനിക്ക് പഠിക്കാന്‍ കഴിയാതിരുന്നതിന് പകരം മക്കളെ വലിയ നിലയില്‍ പഠിപ്പിച്ചു ഉന്നത നിലയിലാക്കുക ഇതൊക്കെയാണ് ഏതൊരു പ്രവാസിയേയും പോലെ സതീശന്റെയും സാധാരണത്വമാര്‍ന്ന പ്രതീക്ഷകള്‍ അഥവാ ആഗ്രഹങ്ങള്‍ . ശുഭപ്രതീക്ഷകളാണല്ലോ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തി. സതീശന്റെ സ്വപ്നങ്ങളുടെ സ്വാഭാവിക ബഹിര്‍ഗമനം എന്നത് പോലെ ഒരു പഴയ മലയാള സിനിമാഗാനത്തിന്റെ ഈരടികള്‍ അയാളുടെ ചുണ്ടില്‍ എപ്പോഴും തത്തിക്കളിച്ചു - " നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് ...... അതില്‍ ............."
നാട്ടില്‍ നിന്നും തിരിച്ച് ജോലി സ്ഥലത്തേയ്ക്ക് പോയതിന്റെ അടുത്ത മാസം നാട്ടില്‍ നിന്നും ഭാര്യ സിന്ധുവിന്റെ ഫോണ്‍ കോള്‍ . സാധാരണയില്ലാത്ത ഒരു നാണമോ ആര്‍ദ്രതയോ ഒക്കെ ആ സ്വരത്തില്‍ നിഴലിക്കുന്നതായി സതീശന് തോന്നി . ഒന്നും മനസ്സിലാകാതെ വന്നപ്പോള്‍ അയാള്‍ ചോദിച്ചു -" നീ മടിക്കാതെ പറയെടീ, എന്താ കാര്യം ? " . അപ്പുറത്ത് മൌനം . പലവട്ടം നിബന്ധിച്ചപ്പോള്‍ അവള്‍ പറയുകയാണ് - " ചേട്ടനൊരു അച്ഛനാകാന്‍ പോകുന്നു ". സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്ന് അയാള്‍ക്ക് തോന്നി . ഇപ്പോള്‍ അവള്‍ അടുത്തുണ്ടായിരുന്നെങ്കില്‍ .....തനിക്കിത്രയും ആവേശമാണെങ്കില്‍ അവളുടെ കാര്യം പറയാനുണ്ടോ? പിന്നീടുള്ള ഓരോ നിമിഷങ്ങളും എണ്ണിയെണ്ണി കഴിയുകയായിരുന്നു അയാള്‍ .പത്തു മാസം കടന്നു പോകാന്‍ ഇത്ര താമസമോ ? . ഒടുവില്‍ അയാള്‍ കാത്തിരുന്ന വാര്‍ത്തയും ചെവിയിലെത്തി . താനൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായിരിക്കുന്നു. പിറക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ നല്‍കാന്‍ ഉദ്ദേശിച്ച ശാലിനി എന്ന പേര് അയാള്‍ തന്നെ ഫോണിലൂടെ ചൊല്ലി വിളിച്ചു . അമ്മു എന്ന വിളിപ്പേരും നിര്‍ദേശിച്ചു . ഭാര്യ അയയ്ക്കുന്ന കത്തുകളിലൂടെയും ഫോണ്‍ വിളിയിലൂടെയും കുഞ്ഞിനെപ്പറ്റിയുള്ള ഓരോ കാര്യവും അയാള്‍ അറിഞ്ഞു കൊണ്ടിരുന്നു . ഓരോ മാസവും കുഞ്ഞിന്റെ പുതിയ ഫോട്ടോയും അയച്ചു കിട്ടിയിരുന്നു . സുന്ദരിക്കുട്ടി .
അങ്ങനെ അഞ്ചു വര്‍ഷങ്ങള്‍ കടന്നു പോയി .മകള്‍ കുറച്ച് വളര്‍ന്നിരിക്കുന്നു . അവളുടെ കളിചിരിയും കൊഞ്ചലുകളുമാണ് ഇപ്പോള്‍ ഏക ആശ്വാസവും കൂടുതല്‍ കഷ്ടപ്പെടാനുള്ള പ്രചോദനവും . തന്‍റെ മകളെ കാണാന്‍ ഉല്‍ക്കടമായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അയാള്‍ നാട്ടിലേയ്ക്ക് പോയില്ല . തന്‍റെ ഉത്തരവാദിത്തങ്ങള്‍ കൂടിയിരിക്കുന്നു . കുഞ്ഞിന്റെ ഭാവി സുരക്ഷിതമാക്കണം. അതിനു പണം ആവശ്യമാണ് . കഴിഞ്ഞ അഞ്ചു വര്‍ഷവും ദിനരാത്രഭേദമില്ലാതെ അത്യധ്വാനം ചെയ്യുകയായിരുന്നു . ചിലവുകള്‍ പരമാവധി വെട്ടിച്ചുരുക്കി കഴിയാവുന്നത്ര തുക മാറ്റി വെച്ചു. ഇനി സ്വന്തം നാട്ടില്‍ തന്നെ കുടുംബത്തോടൊപ്പം കഴിയണം . അന്യനാട്ടിലേയ്ക്കൊരു തിരിച്ച് പോക്കില്ല . ഓണമാകാന്‍ ഇനി ഏതാനും ദിവസങ്ങളെയുള്ളൂ. ഇത്തവണ ഓണം ആഘോഷിക്കാന്‍ പോകുന്നത് അമ്മു മോളോടും കുടുംബത്തോടുമൊപ്പം . ഓര്‍ക്കുന്തോറും നാട്ടിലെത്താനുള്ള അയാളുടെ ആവേശം ഇരട്ടിച്ചു വന്നു .
യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയില്‍ പലയിടങ്ങളും ആഭ്യന്തരകലാപങ്ങള്‍ തുടങ്ങിയെന്ന്‍ അറിഞ്ഞെങ്കിലും അയാള്‍ കാര്യമാക്കിയില്ല. പത്രത്തില്‍ വാര്‍ത്ത വായിച്ചിട്ട് വീട്ടുകാര്‍ വിളിച്ചപ്പോഴും കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു . ആരും വിമാനത്താവളത്തില്‍ വരേണ്ട , തനിച്ച് വീട്ടിലേയ്ക്ക് വന്നുകൊള്ളാം എന്നയാള്‍ പറയുകയും ചെയ്തു . പക്ഷെ കാര്യങ്ങള്‍ തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു . വിമാനത്താവളത്തിലെയ്ക്കുള്ള യാത്രയ്ക്കിടയില്‍ ആയുധധാരികളായ കലാപകാരികള്‍ സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി എല്ലാവരെയും കൊള്ളയടിയ്ക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു . അനേകം നിരപരാധികള്‍ പിടഞ്ഞു വീണു മരിക്കുന്ന കാഴ്ച കാണേണ്ടിവന്നു അയാള്‍ക്ക്. ഭാഗ്യം കൊണ്ട് ജീവന്‍ തിരിച്ച് കിട്ടിയെങ്കിലും ഉടുതുണിയൊഴിച്ചുള്ളതെല്ലാം അയാള്‍ക്ക് നഷ്ടപ്പെട്ടു . അധികം തുക അയാള്‍ നാട്ടിലേയ്ക്ക് അയച്ചിരുന്നില്ല . വിലപിടിപ്പുള്ള വസ്തുക്കളും പണവും എല്ലാം അക്രമികള്‍ തട്ടിയെടുത്തു . റോഡരികിലുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന സതീശനും ഏതാനും പേരും മാത്രമേ രക്ഷപെട്ടുള്ളൂ .പിന്നീട് പട്ടാളക്കാര്‍ അവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു .രണ്ടു ദിവസത്തിനു ശേഷം കലാപം കെട്ടടങ്ങിയപ്പോള്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹായത്താല്‍ അയാളും മറ്റ് ഇന്ത്യക്കാരും നാട്ടില്‍ തിരിച്ചെത്തി , അങ്ങോട്ട് പോയത് പോലെ തന്നെ വെറുംകയ്യോടെ അല്ലെങ്കില്‍ അതിലും ദയനീയമായി . മരണത്തെ മുഖാമുഖം കണ്ടതിന്റെ ഞെട്ടല്‍ ആരെയും വിട്ടു മാറിയിട്ടില്ല . ടാക്സി കൂലി ഏതോ സഹൃദയന്‍ മുന്‍കൂര്‍ നല്‍കിയതിനാല്‍ വീട്ടുപടിക്കലെത്തി . ഉത്രാടത്തിനെങ്കിലും വീടണയാന്‍ കഴിഞ്ഞല്ലോ , ഈശ്വരാധീനം .
വെറും കയ്യോടെ അവശനായി പടി കടന്നു വരുന്ന സതീശനെ കണ്ട് കാത്തു നിന്ന വീട്ടുകാരും സുഹൃത്തുക്കളും കാര്യമറിയാതെ അന്ധാളിച്ചു നിന്നു . യാത്ര തിരിക്കുന്നതിനു മുന്‍പ് വിളിച്ചു പറയാതിരുന്നതിന്റെ പരിഭവം എല്ലാവരുടെയും മുഖത്ത് തെളിഞ്ഞു നില്‍ക്കുന്നു.അയാള്‍ അവിടെ തന്നെ തറഞ്ഞു നിന്ന് പോയി . താന്‍ ഇവരോട് എന്ത് സമാധാനം പറയും? അതാ തന്‍റെ മകളും മ്ലാനവദിയായി വാതില്‍ പടിയില്‍ നില്‍ക്കുന്നു . അച്ഛനെ ആദ്യം കാണുന്നതിന്റെ അകല്‍ച്ച പെട്ടെന്ന് തന്നെ മാറി അമ്മു മോള്‍ അച്ഛാഎന്ന് വിളിച്ച് അയാളുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു .അയാള്‍ മകളെ ഇരു കൈകള്‍ കൊണ്ടും വാരിയെടുത്ത് ഉമ്മ നല്‍കി ." എന്റെ പോന്നു മോളെ ". അമ്മുമോള്‍ ചുറ്റും നോക്കിയിട്ടും താന്‍ പ്രതീക്ഷിച്ച പോലുള്ള വലിയ സമ്മാനപ്പൊതികള്‍ കാണാതായതോടെ നിരാശയായി . കഴിഞ്ഞ ദിവസം കൂടി അച്ഛന്‍ പറഞ്ഞതാണല്ലോ ? പതിയെ എല്ലാവരും യാഥാര്‍ത്ഥ്യം മനസ്സിലാക്കി . അതോടെ ജീവന്‍ തിരിച്ച് തന്ന ഈശ്വരന് നന്ദി പറഞ്ഞു . അമ്മുമോള്‍ പറഞ്ഞു - " അച്ഛന്‍ ഇനി എങ്ങോട്ടും പോവേണ്ട . മോള്‍ക്കൊപ്പം എന്നും ഇവിടെത്തന്നെ വേണം . എനിക്ക് ചോക്ലേറ്റും പാവേം ഒന്നും വേണ്ട . എന്റെ അച്ഛനെ മതി ". നെഞ്ചില്‍ ആര്‍ത്തലയ്ക്കുന്ന സങ്കടക്കടല്‍ കണ്ണീര്‍ അലമാല തീര്‍ക്കാതിരിക്കാന്‍ അയാള്‍ നന്നേ പണിപ്പെട്ടു . പിറ്റേന്ന് തിരുവോണ ദിനത്തില്‍ കുടുംബാംഗങ്ങളോടൊപ്പം അധികം വിഭവങ്ങളൊന്നുമില്ലാതെ തൂശനിലയില്‍ സദ്യ ഉണ്ണുമ്പോള്‍ ഭാവിയിലേയ്ക്ക് പ്രതീക്ഷയോടെ നോക്കി കൊണ്ട് മനസ്സാ മന്ത്രിച്ചു - " ഉള്ളത് കൊണ്ട് ഓണം പോലെ "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റ് വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി