ശനിയാഴ്‌ച, സെപ്റ്റംബർ 17, 2011
റോഡില്‍ പൊലിയുന്ന യുവത്വം
റോഡപകടങ്ങള്‍ നിത്യ സംഭവമായി മാറിയിരിക്കുന്നു , അതുമൂലമുണ്ടാകുന്ന പരിക്കുകളും മരണവും വാര്‍ത്തകളെ അല്ലാതായിരിക്കുന്നു .ഇരു ചക്ര വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നതില്‍ മുന്‍പന്തിയില്‍ .മലയാളികളുടെ മനസ്സ് ഇതെല്ലാം കണ്ടും കേട്ടും മരവിച്ചു പോയിരിക്കുന്നു . പ്രതികരണ ശേഷി തെല്ലുമില്ല .....
എണ്പതു ശതമാനം അപകടങ്ങളും സംഭവിക്കുന്നത് വാഹനമോടിക്കുന്നയാളുടെ അശ്രദ്ധയും ചെറിയ ഒരളവു വരെ അഹന്തയും ചേര്‍ന്നാണ് .ചെറുപ്പക്കാരാണ് റോഡപകടങ്ങളില്‍ മരണപ്പെടുന്നതില്‍ ഭൂരിപക്ഷവും . മറ്റുള്ളവരുടെ മുന്‍പില്‍ കേമന്‍ ചമയാനും കോളേജില്‍ ചെത്തി നടക്കാനും വില കൂടിയ ബൈക്കില്‍ അതിവേഗത്തില്‍ സര്‍ക്കസ് അഭ്യാസിയുടെ മെയ് വഴക്കത്തോടെ പറക്കാതെ പറ്റില്ല . മുട്ടയില്‍ നിന്ന് വിരിയുന്നതിനു മുന്‍പ് തന്നെ ബൈക്ക് വാങ്ങി തരണമെന്ന് ആവശ്യപ്പെടുന്നു . അല്ലെങ്കില്‍ കോളേജിലെ ചെത്തു പിള്ളാരോട് കിട പിടിക്കാന്‍ ബുദ്ധിമുട്ടാനത്രേ. മക്കളുടെഏതു ആഗ്രഹവും സാധിച്ചു കൊടുക്കാന്‍ വെമ്പി നില്‍ക്കുന്ന മാതാപിതാക്കള്‍ ലൈസന്‍സ് കിട്ടുന്നതിനു മുന്‍പ് തന്നെ ബൈക്ക് വാങി കൊടുക്കുന്നു. കലികാലമല്ലേ ഇനി അതിന്റെ പേരില്‍ തൂങ്ങി ചത്താലോ ?
ശരിയാ ശാസനയിലൂടെ മക്കളെ വളര്‍ത്താത്ത മാതാപിതാക്കളാണ് യഥാര്‍ത്ഥ പ്രതികള്‍ . മക്കള്‍ എന്തെങ്കിലും ആവശ്യപ്പെടുമ്പോള്‍ അത് അവര്‍ക്ക് ഉതകുന്നതാണോ എന്ന് ചിന്തിക്കാന്‍ ആധുനിക കാലത്തെ നെട്ടോട്ടത്തിനും ധന സമ്പാദന വ്യഗ്രതയ്ക്കുമിടയില്‍ മാതാപിതാക്കള്‍ മറന്നു പോകുന്നു .. മക്കളെ സ്നേഹിക്കാനോ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനോ പോയിട്ട് ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ആര്‍ക്കും നേരമില്ല . അത് തന്നെയാണ് ഇന്നിന്റെ ശാപവും . നാളെയുടെ വാഗ്ദാനമായ യുവാക്കളെ നാട് റോഡില്‍ കുരുതി കൊടുക്കുന്നതില്‍ ഇത്തരം മാതാപിതാക്കള്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു
മൊബൈല്‍ ഫോണാണ് മറ്റൊരു വിപത്ത് . ഫോണ്‍ വിളിച്ചു കൊണ്ട് വാഹനം ഓടിക്കുമ്പോള്‍ അതിരെ വരുന്ന വാഹനങ്ങളോ വളവു തിരിവുകളോ റോഡിലെ കുഴികളോ അത്ര ശ്രദ്ധിച്ചു എന്നു വരില്ല . നമ്മുടെ നാട്ടിലെ റോഡുകള്‍ കുണ്ടും കുഴിയുമായി കിടക്കുന്നതിന് ഉത്തരവാദികള്‍ ഭരണ കര്‍ത്താക്കളും ഉദ്യോഗസ്ഥരുമാണ് . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷം നല്‍കേണ്ടവര്‍ അഴിമതിയുടെ വക്താക്കലാകുമ്പോള്‍ജനങ്ങളുടെ ജീവന്‍ അകാലത്തില്‍ റോഡിലെ കുഴിയില്‍ ഒടുങ്ങുന്നു . ഈയിടെ ബൈക്ക് ബസിനടിയില്‍ പെട്ട് മരണപ്പെട്ട യുവാവിന്റെ കാര്യം ഒരു ബന്ധു പറഞ്ഞു കേട്ടു . ബസ്സിന്റെ ചക്രങ്ങള്‍ക്കിടയില്‍ അകപ്പെട്ട് അരയ്ക്ക് കീഴ്പ്പോട്ട് ചതഞ്ഞരഞ്ഞു അയാള്‍ നടു റോഡില്‍ കിടക്കുന്നു ..... മേല്പ്പോട്ട് കാര്യമായ പരിക്കുകളില്ല . അഞ്ചു മിനിറ്റോളം അയാള്‍ വേദന കൊണ്ട് പുളഞ്ഞു അവിടെ കിടന്നു ... ചുറ്റും കൂടിയവരോട് തന്നെ ഒന്ന് കൊന്നു തരൂ എന്നയാള്‍ കെഞ്ചി പറഞ്ഞു കൊണ്ടിരുന്നു ..... കുറച്ചു കഴിഞ്ഞു ബോധം നശിച്ചു . ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു ...മൊബൈല്‍ ഫോണായിരുന്നു ഈ സംഭവത്തിലെ വില്ലന്‍ .......ബൈക്ക് ഓടിക്കുന്നതിനിടയില്‍ ഹെഡ് ഫോണ്‍ വെച്ച് ആ യുവാവ് സംസാരിക്കുകയായിരുന്നു .
മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി ശരിയായി വാഹനം ഓടിക്കാന്‍ പഠിക്കാതവര്‍ക്ക് പോലും ലൈസന്‍സ് നല്‍കുന്നു .ഇത്തരം ആളുകള്‍ വാഹനവുമായി നിരത്തിലിറങ്ങിയാലുള്ള സ്ഥിതി ആലോചിച്ചു നോക്കൂ . ഇത് അക്ഷന്തവ്യമായ തെറ്റ് തന്നെ . നിയമങ്ങള്‍ എല്ലാം അറിയാവുന്ന ഡ്രൈവര്‍മാര്‍ പോലും സമയ ലാഭത്തിനും പണലാഭത്തിനുമായി നിയമങ്ങള്‍ സൌകര്യ പൂര്‍വം മറക്കുന്നു , അല്ലെങ്കില്‍ നിര്‍ബബ്ധിതരാവുന്നു .ലൈറ്റ് ടിം ചെയ്യാത്തത് മൂലം ദിവസവും എത്രയോ അപകടങ്ങള്‍ ഉണ്ടാവുന്നു . മത്സരയോട്ടം നടത്തുന്ന ബസുകളും ടിപ്പര്‍ ലോറികളും എത്ര ജീവനുകളാണ് ദിവസവും പരലോകതെയ്ക്ക് കയറ്റി അയയ്ക്കുന്നത് . ദുരന്തം അനുഭവിക്കേണ്ടി വരുന്നത് കൂടുതലും ബൈക്ക് യാത്രികരും , പിന്നെ അവരുടെ കുടുംബങ്ങളും .
വരഷത്തില്‍ ഒരിക്കല്‍ റോഡ് സുരക്ഷാ വാരാഘോഷം നടത്തിയത് കൊണ്ട് മാത്രം ബോധ വല്‍ക്കരണം പൂര്‍ത്തിയാവില്ല .ശ്രദ്ധാ പൂര്‍വം വാഹനം ഓടിക്കുക ,വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക , ശക്തമായ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുക , നിയമം തെറ്റിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുക , ലൈസന്‍സ് നല്കുന്നതിലെ ക്രമക്കേടുകള്‍ ഒഴിവാക്കുക , വാഹനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കുക , വേഗതയേറും തോറും വേദനയേറാന്‍ സാധ്യതയുണ്ടെന്ന് ഡ്രൈവര്‍മാര്‍ പ്രത്യേകിച്ച് യുവാക്കള്‍ സ്വയം മനസ്സിലാക്കുക എന്നിങ്ങനെ സര്‍ക്കാരും സമൂഹവും കൈകോര്‍ത്തു പ്രവര്‍ത്തിച്ചാല്‍ നമ്മുടെ റോഡുകള്‍ ചോരക്കളങ്ങള്‍ ആകാതിരിക്കും ......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റ് വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി