വ്യാഴാഴ്‌ച, സെപ്റ്റംബർ 15, 2011

ദൈവത്തിനും വേണ്ടാത്ത മലീമസ നാട് - കേരളം


ദൈവത്തിന്റെ സ്വന്തം നാട് എന്ന ഖ്യാതി ലോകമൊട്ടുക്കും കേരളത്തിനു നേടി കൊടുത്തത് അതിന്റെ പ്രകൃതി രമണീയതയാണ് . പച്ച പുതച്ച മലകളും താഴ്വരകളും കാടുകളും കണ്ടല്‍ വനങ്ങളും നാനാ ജാതി സസ്യ ജന്തു പക്ഷി ജാലങ്ങളും കളകളം പാടി സ്വച്ഛന്ദം ഒഴുകുന്ന അരുവികളും പുഴകളും കായലുകളും കടലോരവും പാടശേഖരങ്ങളും കുളിര്‍മ പകരുന്ന കാലാവസ്ഥയും നാടന്‍ ഭക്ഷ്യ വിഭവങ്ങളും തനത് ആയുര്‍വേദ ചികിത്സാ വിധികളും സര്‍വ്വോപരി മലയാളികളുടെ സ്നേഹ സമ്പന്നതയും എല്ലാം ചേര്‍ന്ന് കേരളം വിനോദ സഞ്ചാരികളുടെ പറുദീസയായി മാറി . നാടിന്റെ സമ്പദ് വ്യവസ്ഥയെ കുറച്ചൊന്നുമല്ല ടൂറിസം സഹായിക്കുന്നത് .

എന്നാല്‍ അതേ കരുതല്‍ സര്‍ക്കാരും പൊതു ജനങ്ങളും ടൂറിസം മേഖലയ്ക്കും ടൂറിസ്ടുകള്‍ക്കും നല്‍കുന്നില്ല എന്നതില്‍ തര്‍ക്കമില്ല . ടൂറിസം മേഖലകളില്‍ പ്രകൃതിക്ക് കോട്ടം വരുത്താത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ മതിയായ സുരക്ഷാ ഉറപ്പു വരുത്തുന്നതിനോ സര്‍ക്കാര്‍ കാര്യമായി ശ്രമിക്കുന്നില്ല . ടൂറിസത്തെപ്പറ്റിയുള്ള പ്രചാരണ പരിപാടികള്‍ കാര്യ ക്ഷമമായി നടപ്പിലാക്കുന്നില്ല അപകടങ്ങള്‍ തുടര്‍ കഥകളാകുന്നു . പ്ലാസ്റിക് - ഭക്ഷ്യ മാലിന്യങ്ങള്‍ കൊണ്ട് വിനോദ സഞ്ചാര പ്രദേശങ്ങള്‍ നിറയുന്നു . സാംക്രമിക രോഗങ്ങളുടെ പറുദീസാ തന്നെയാണ് വൃത്തിഹീനമായ ഇത്തരം സ്ഥലങ്ങള്‍ . ഓരോ വര്‍ഷവും കേരളത്തിലേയ്ക്ക് വരുന്ന വിദേശീയരും മറ്റു സംസ്ഥാനക്കാരുമായ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകുന്നു .

ഒരു ഉദാഹരണം പറയാം , ടൂറിസം മേഖലയിലെ മലിനീകരണത്തെ കുറിച്ച് . കായലിലൂടെ കെട്ടു വള്ളങ്ങളിലുള്ള യാത്ര ഏതു സഞ്ചാരിയുടെയും ആവേശമാണ് . ആയിരക്കണക്കിന് വരുന്ന ഹൌസ് ബോട്ടുകളില്‍ വളരെ കുറച്ചു എണ്ണത്തിന് മാത്രമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമുള്ളത് . ഇവ പുറംതള്ളുന്ന മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ജലാശയങ്ങളുടെ പരിതസ്ഥിതിയ്ക്ക് കോട്ടം വരുത്തുന്നതാണ് . കൊളിഫോന്‍ ബാക്ടീരിയകള്‍ ക്രമാതീതമായി വെള്ളത്തില്‍ വര്‍ധിച്ചിരിക്കുന്നു . മത്സ്യ സമ്പത്ത് കുറഞ്ഞു വരുന്നു . നീര്‍ക്കാകളെ കാണാനില്ല . ഭാവിയില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കാന്‍ ഇത് കാരണമാകും . അധികാരികളുടെ അടിയന്തിര നടപടി ഇക്കാര്യത്തില്‍ ഉണ്ടാവണം .

മാലിനി സംസ്കര പ്ലാന്റുകള്‍ സ്ഥാപിക്കുകയും മാലിന്യ അവിടെ നിക്ഷേപിക്കാത്ത ഹൌസ് ബോട്ടുകള്‍ക്കും മറ്റുമെതിരെ ശക്തമായ നടപടിയെടുക്കുകയും വേണം . കേരളത്തിലും വിദേശത്തും ഒക്കെയായി നിരവധി വിനോദ സഞ്ചാര മേഖലകളില്‍ പോകുന്നവരാണ് നാമെല്ലാം . ഒരു താരതമ്യ പഠനം നമ്മുടെ നിലവാര തകര്‍ച്ചയെപ്പറ്റി മനസ്സിലാക്കുന്നതിനും തിരുത്തല്‍ നടപടി സ്വീകരിക്കുന്നതിനും കാരണമായേക്കാം . കേരളത്തിന്റെ പൊന്മുട്ടയിടുന്ന താറാവാണ് അതിന്റെ സ്വാഭാവിക പ്രകൃതി . അതിനെ കൊല്ലാതെ സംരക്ഷിക്കുക എന്നതു സര്‍ക്കാരിന്റെയും പൊതു ജനത്തിന്റെയും കടമയാണ് , ശോഭനമായ നാളേയ്ക്ക് ആവശ്യമാണ്‌ . ദൈവത്തിനെ സ്വന്തം നാടായ കേരളം മാലിന്യ കൂമ്പാരങ്ങളുടെ നാടായി മാറാതിരിക്കട്ടെ .

സിനിമയില്‍ കണ്ടത് പോലെ
" കൊച്ചിയെത്തീ .................."


എന്നു കേരളത്തെ കുറിച്ച് അറപ്പോടും സഹതാപത്തോടും പറയുവാന്‍ നമുക്കോ വരും തലമുറയ്ക്കോ വിനോദ സഞ്ചാരികള്‍ക്കോ ഇടവരാതിരിക്കട്ടെ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റ്‌ വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി