ശനിയാഴ്‌ച, മേയ് 28, 2011

പുഴയുടെ നൊമ്പരം


കവിത

പുഴ ചിരിക്കുകയായിരുന്നില്ല
കാല്‍ച്ചിലമ്പ് അണിഞ്ഞത് നൃത്തവും ചെയ്തില്ല
ഏകയായ് മൂകമായിരുന്ന്
അവള്‍ കരയുകയായിരുന്നു
മുഖം കൈകളാല്‍ കോരിയെടുത്തപ്പോള്‍
പഴയ കുളിരോ മൃദുലതയോ ഇല്ലായിരുന്നു
അപ്പോഴെന്‍ കാല്‍പാദത്തില്‍ ചൂടനുഭവപ്പെട്ടു
അവളുടെ കണ്ണീര്‍ പതിച്ചതാണതെന്ന്
തിരിച്ചറിയാന്‍ അല്പസമയമെടുത്തു
കാരണം പുഴയുടെ ഹൃദയ വേദന
ഞാനതുവരെ അറിഞ്ഞിരുന്നില്ല


ആഴത്തില്‍ നിന്നുള്ള തേങ്ങലുകള്‍
മുകളില്‍ എത്തുമായിരുന്നില്ല
അവ്യക്തമായ സ്വരങ്ങള്‍ പുറപ്പെടുമ്പോള്‍
ഒന്നു ഞാന്‍ മനസ്സിലാക്കുന്നു ,
പറയുന്നതെല്ലാം വറ്റിവരണ്ട
തൊണ്ടയില്‍ കുരുങ്ങുന്നുവെന്ന്
പാടുന്ന കല്ലോലിനികള്‍ പാട്ടില്‍ മാത്രം
ജലസമൃദ്ധമായിരുന്നവ
മണല്‍ ഖനികളാല്‍ നിറഞ്ഞിരിക്കുന്നു
കൂര കെട്ടാന്‍ മണല്‍ വേണമെന്നും പറഞ്ഞ്
കുഴി തോണ്ടുന്നു മര്‍ത്യന്‍ സ്വയമൊടുങ്ങാന്‍ ;
വെട്ടി മുറിയ്ക്കപ്പെട്ട ശരീരവുമായി പുഴയിവിടെ
ഊര്‍ധ്വം വലിച്ചുകൊണ്ടിരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റ്‌ വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി