Powered By Blogger

ഞായറാഴ്‌ച, മേയ് 29, 2011

'ചത്തവന്‍' സ്വപ്നത്തില്‍




കവിത


"അയ്യപ്പനെന്താ പൂസായിപ്പോയോ
കണ്ണ് തുറക്കാനിത്ര താമസം ?"
"അല്ല മകനേ പൂസായതല്ല ,
ചത്തു ചമഞ്ഞു കിടന്നു പോയല്ലോ "

"ഇത്രയുംകാലമീ ഓടയില്‍,നാറ്റത്തില്‍
ചാക്കും പുതച്ചു കിടന്നതുമെന്തേ?"
"ചീഞ്ഞതാണല്ലോ മനുഷ്യ മനസ്സ്
ഓടകള്‍ ,തെരുവുകളെത്രയോ ഭേദം"

"അയ്യപ്പനൊത്തിരി കൂട്ടുകാരില്ലേ
മാളികതീര്‍ത്തു തരുമായിരുന്നു?"

"കൂടുമിണക്കിളീം ഒട്ടുമിണങ്ങില്ല
കൂട്ടിലെ പ്രാരാബ്ധം തലയിലാകും "


"ചാനല്‍ പരുന്തുകളങ്ങയെ റാഞ്ചാന്‍
ചുറ്റും പറന്നത് കണ്ടതേയില്ല ?"
"കവിത്വമെന്നത് ഘോഷിപ്പാനല്ല
കെട്ടുകഥയുടെ കെട്ടഴിക്കാനില്ല "

"തെരഞ്ഞെടുപ്പിന് ശേഷമേ വിശ്രമം
അയ്യപ്പനായി തെരഞ്ഞെടുപ്പുള്ളോ?"
"മന്ത്രിതന്‍ മന്ത്രണം കേട്ടിതായെന്നുടെ
ആത്മാവ് താടിയ്ക്കു കൈ കൊടുത്തേ"

"തണുത്തു വിറങ്ങലിച്ചില്ലയോ ദേഹം
നാലഞ്ചു നാളുകള്‍ മോര്‍ച്ചറിയില്‍ ?"
"ഉള്ളില്‍ തിളച്ചൊരു രോഷവും വിഷമവും
ചൂട് വമിച്ചതാല്‍ ഒന്നുമേശീലാ"

"നല്ലതിനല്ലേ ഈയൊരു താമസം
സംസ്ഥാന ബഹുമതി കൂടെപ്പോരും?"
"മണ്ണടിയേണ്ടോനെന്തിനാണാദരം,
അവമതിയായിപ്പോയ് ചങ്ങാതിമാരേ"

"സാഹിത്യലോകത്തെ വമ്പന്മാരൊക്കെ
കണ്ണീരൊഴുക്കീലോ 'പാവന 'സ്മരണയില്‍ ?"
"തനിനിറമൊത്തിരി കണ്ടതാണല്ലോ
പൊള്ളത്തരങ്ങളോ കേട്ടുമടുത്തു "

"ഉടക്കു സ്വഭാവവും കൊണ്ടാണോ പോയേ
ഈശ്വരനോട് കയര്‍ത്തെന്നു കേട്ടു ?"
ചില്ലറ തേടിടാന്‍ പോക്കറ്റുകളില്ല,
കുടിയില്ല, വലിയില്ല കടത്തിണ്ണയും "

"അയ്യപ്പനായൊരു സ്‌മാരകം തീര്‍ത്താല്‍
എങ്ങനെയുണ്ടാവും എന്നതോര്‍ക്കൂ?"
"ചങ്കിലെന്‍ ചിന്തകള്‍ ചേര്‍ത്തു വെച്ചാല്‍
അതുതന്നെയാണുചിത സ്നേഹപ്രകാശനം "




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റ്‌ വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി