ബുധനാഴ്‌ച, ജൂൺ 08, 2011

യോഗയില്‍ തെളിയുന്ന രാജയോഗം
"അങ്ങനെ പവനായി ശവമായി................ "-നടോടിക്കാറ്റ് എന്ന സിനിമയില്‍ തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ നെടുവീര്‍പ്പ് തല്‍ക്കാലം കടമെടുക്കുന്നു .(വക്കീല്‍ നോട്ടീസ് വന്നില്ലെങ്കില്‍ എന്‍റെ ഗുരുത്വം .മലയാളം അക്ഷരങ്ങള്‍ക്ക് പോലും പകര്‍പ്പവകാശം ഉള്ള കാലമാ.എഴുത്തച്ഛന്‍റെ കാലശേഷം ടി നിയമം പാസ്സായത്‌ മഹാഭാഗ്യം !) പറഞ്ഞു വരുന്നത് കുറച്ചു നാള്‍ മുന്‍പ് ശക്തമായ തിരക്കഥയുടെ പിന്‍ബലത്തോടെ മസാല സിനിമകളെ വെല്ലുന്ന തരത്തില്‍ നടന്ന ചില അഭ്യാസപ്രകടനങ്ങളെക്കുറിച്ചാണ്,കൊച്ചു കേരളത്തിലെ ഏതെങ്കിലും ഓണം കേറാ മൂലയിലല്ല അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍. നമ്മടെ യോഗാ ബാബെപ്പറ്റിത്തന്നെ.ചുരുക്കിപ്പറഞ്ഞാല്‍ ' ബാബാ രാംദേവാണ് താരം '. ഉത്തര ഭാരതത്തിലെ ചെറിയൊരു പ്രദേശത്ത്‌ ഫൈവ്സ്റ്റാര്‍ യോഗാ ക്ലാസും ആയുര്‍വേദ മരുന്ന് കച്ചവടവും ' അഞ്ചെട്ടെണ്ണം പിന്നാലെ ' മോഡലില്‍ ഏതാനും അനുയായികളുമൊക്കെയായി അല്ലലില്ലാതെ കഴിഞ്ഞുവന്ന ഗുരുജിയോട് എപ്പൊഴാണാവോ അഴിമതി -കള്ളപ്പണവിരുദ്ധ സത്യാഗ്രഹം 'വാട്ട് ആന്‍ ഐഡിയ സര്‍ജീ ' എന്നു മൊഴിഞ്ഞത് ? ഏതു കഴുതയ്ക്കും തോന്നാവുന്ന ന്യായമായ സംശയം .വിദേശത്തു സ്വന്തമായുള്ള ദ്വീപില്‍ കടല്‍ക്കാറ്റേറ്റ് പദ്മാസനത്തില്‍ ധ്യാനനിമഗ്നനായിരുന്നപ്പോള്‍ ഭാരതത്തിലെ കോടാനുകോടി പാവപ്പെട്ടവരുടെ ദീനമുഖങ്ങള്‍ ഉള്‍ക്കണ്ണില്‍ തെളിഞ്ഞതാകാനും മതി.

ത്രികാലജ്ഞാനം ആര്‍ക്ക് എപ്പോള്‍ ലഭിയ്ക്കുമെന്ന് കവടി നിരത്തിപ്പറയാന്‍ സാമാന്യജനമേ നിങ്ങള്‍ക്കാവില്ല ,എനിയ്ക്കും . അന്നാ ഹസ്സാരെയെന്ന ഗാന്ധിയനായ കുറിയ മനുഷ്യന്‍ ' ലോക് പാല്‍ ' കുടിച്ചു വലിയവനായത് കണ്ട് കൊതിമൂത്താണ്
' അഖിലേന്ത്യാ സൂപ്പര്‍സ്റ്റാര്‍ മനപ്പായസം ' ഗുരു കുടിച്ചതെന്ന് ഏതെങ്കിലും പരിഷകള്‍ പറഞ്ഞാല്‍ ചെവിയങ്ങു പൊത്തിയേക്കണം, അത്രതന്നെ. ങാ ഒരു കാര്യം , നിങ്ങള്‍ക്കും പ്രശസ്തി വേണോ ? എങ്കില്‍ നട്ടാല്‍ കുരുക്കാത്ത ഈ നുണ പറഞ്ഞവനെ ചെരുപ്പൂരിയെരിയുക. 'ബാറ്റാ ' ബ്രാന്‍ഡ്‌ ആയാലും നഷ്ടബോധം വേണ്ട.നഗ്നപാദനാകല്‍ യജ്ഞത്തിലൂടെ ദൃശ്യശ്രവ്യപത്ര മാധ്യമങ്ങളുടെ പൂമുഖവാതില്‍ തുറന്നു കിട്ടിയാല്‍ നിങ്ങളുടെ ജാതകം തിരുത്തപ്പെടുകയായി, പിന്നെ നിങ്ങളെ പുലിക്കെണി വെച്ചുപോലും പിടിക്കാന്‍ പറ്റില്ല.പറഞ്ഞു പറഞ്ഞു കാടുകേറുന്നു,തിരിച്ചുവരാം. സമരാഭ്യാസത്തിന്‍റെ ഗുണഫലങ്ങള്‍ യോഗാഭ്യാസംനടത്തി ഉപജീവിയ്ക്കുന്ന ഗുരുജിയെ പഠിപ്പിക്കാന്‍ തക്ക യോഗ്യന്‍ ആരുണ്ട്‌ ? അണ്ണാന് ചക്കപ്പഴം തിന്നണമെങ്കില്‍ തോട്ടികെട്ടി ചക്ക അറുത്തിടണോ ?

ഒരു കാര്യം സമ്മതിക്കാതെ തരമില്ല , അഴിമതി കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ നിസ്വാര്‍ത്ഥനായ ഹസാരെയ്ക്ക് പിന്നില്‍ അണിനിരന്നു സമരം തുടങ്ങിയപ്പോഴുള്ള യോഗാചാര്യന്‍റെ രാജകീയ പ്രവേശത്തിന്‍റെ ടൈമിംഗ് അപാരം തന്നെ. എവിടുന്നു പൊട്ടിമുളച്ചെന്ന് ഈശ്വരന് പോലുമറിയില്ല . നിലം ഉഴുതു കിടക്കുമ്പോള്‍ വേണം വിത്തിറക്കാന്‍ , അതേ പുള്ളിക്കാരനും ചെയ്തുള്ളൂ.ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ പരക്കംപാഞ്ഞുള്ള വരവും അഴിമതിക്കാരന് 'അഴി മതി ' എന്ന മുദ്രാവാക്യവും ലക്‌ഷ്യം നേടാന്‍ മരണംവരെ നിരാഹാരം നടത്തുമെന്ന പ്രഖ്യാപനവും മന്ത്രിപ്രമുഖരുടെ അനുനയിപ്പിക്കലും അനുയായികളുടെ ആര്‍പ്പുവിളികളും എല്ലാം ചേര്‍ന്നുള്ള കൂട്ടപ്പൊരിച്ചിലില്‍ ആചാര്യാ , താങ്കളില്‍ ഞങ്ങള്‍ സാധാരണക്കാര്‍ ആളും അര്‍ത്ഥവും ആത്മബലവുമുള്ള ഒരു ഉശിരന്‍ നായകന്‍റെ സ്റ്റൈലന്‍ ഉദയം ദര്‍ശിച്ചു .കറത്തിരുണ്ട ജടയ്ക്കും മുടിയ്ക്കുമിടയിലൂടെ ഇടയ്ക്കിടെ തെളിയുന്ന അങ്ങയുടെ പുഞ്ചിരി കറണ്ട് കട്ട് നേരത്ത് തെളിച്ച മെഴുകുതിരി വെട്ടമായി തോന്നിയത് ഞങ്ങളുടെ കുറ്റമാണോ ?അങ്ങേയ്ക്ക് 1100
കോടി രൂപയുടെ സ്വത്തുണ്ടെന്നും വലിയൊരു ദ്വീപസാമ്രാജ്യത്തിന്‍റെ അധിപനാണെന്നുമൊക്കെ നാട്ടാരു പറഞ്ഞറിഞ്ഞപ്പോള്‍ സന്തോഷിക്കുകയും ചെയ്തു.പാവങ്ങള്‍ക്ക് അന്നമേകാന്‍ കോടിയിലൊരു പങ്ക് മുടക്കുമെന്ന് വിചാരിച്ചു ; കുറഞ്ഞപക്ഷം ജന്മനാടിന്‍റെ ഉന്നമനത്തിനായി താങ്കളുടെ ദ്വീപിലെ ഏകാന്തതയില്‍ ചെന്നിരുന്ന് തലപുകയ്ക്കുമെന്നെങ്കിലും.

കഥ ക്ലൈമാക്സിലെത്തിയപ്പോളാണ് ഗുരുജീ , തൊഴുതു പോയത് ! കാഷായം ധരിച്ചു മാത്രം കണ്ടിട്ടുള്ള അങ്ങയെ സാല്‍വാര്‍ കമ്മീസില്‍ വരെ(പോലീസിനെ വെട്ടിച്ചു മുങ്ങാന്‍ പെട്ട പാടേ, പെറ്റ തള്ള സഹിക്കുകേല കേട്ടോ ) കാണാനുള്ള ദുര്യോഗമുണ്ടായി,പൊതു ജനത്തിന് . ഒന്ന് ഞങ്ങള്‍ തോര്‍ത്തും പൊത്തി ഉറപ്പിച്ചു , അങ്ങയെപ്പോലുള്ളവര്‍ക്ക് യോഗാഭ്യാസമല്ല രാഷ്ട്രീയാഭ്യാസമാണ് ഉചിതം.അതു തന്നെയായിരുന്നല്ലോ അങ്ങയുടെ അവതാര ലക്ഷ്യവും. രാഷ്ട്രീയമുള്ളിടത്തോളം കാണ്ടാമൃഗങ്ങള്‍ക്കും ഓന്തുകള്‍ക്കും വംശനാശഭീഷണിയില്ലപോലും. ആളെക്കൂട്ടാന്‍ 'സര്‍ക്കസ് ' അഭ്യാസം നടത്തി രണ്ടു ദിവസം കൊണ്ട് മൂട്ടിലെ പൊടിതട്ടി കാഴ്ചക്കാരന്‍റെ കണ്ണില്‍ വിതറി മുങ്ങിക്കോളാമെന്ന രേഖാമൂലമുള്ള ഒറ്റ ഉറപ്പിന്മേലാണ് സര്‍ക്കാര്‍ മൈതാനം അനുവദിച്ചതെന്ന വാര്‍ത്ത നായ്ക്കുരണ പൊടിയേക്കാള്‍ ചൊറിച്ചിലുണ്ടാക്കി;മനസ്സിലാകമാനം. താങ്കളുടെ ജന 'സേവനം ' ബഹു കേമം .

യോഗാഭ്യാസത്തിനിടയില്‍ കണ്ട ഗുരുവിന്‍റെ ഒട്ടിയ വയര്‍ പട്ടിണിക്കാരോടുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനമായി കൊട്ടിഘോഷിക്കപ്പെട്ടു .
ജനാധിപത്യമെന്നാല്‍ ജനങ്ങളുടെ മേലുള്ള ആധിപത്യമെന്ന അഭിനവ ആപ്തവാക്യത്തില്‍ ആകൃഷ്ടനായാണല്ലോ രണ്ടും കല്പിച്ചുള്ള ഈ കച്ചകെട്ടിയിറക്കം. പക്ഷെ പിന്നീട് കഥാഗതിയിലുണ്ടായ അപ്രതീക്ഷിത വഴിത്തിരിവുകള്‍ മൂലം ഗുരുവിലെ 'പവനായി ' ശരിയ്ക്കും 'ശവമായി ' . വേറൊരു യോഗാസനവും തറവായില്ലെങ്കിലും അങ്ങയുടെ ഹൈ റേറ്റഡ് സ്പോണ്‍സേര്‍ഡ് പ്രോഗ്രാമിലൂടെ ' മൂക്കത്ത് വിരല്‍ വെച്ചാസനം' എല്ലാവരും നന്നായി പരിശീലിച്ചു. ഗുരുവേ നമഃ!തന്നോടൊപ്പം നിരാഹാരം കിടക്കാനെത്തിയവര്‍ക്ക് പായും തലയിണയും സൌജന്യമായി അനുവദിച്ചത് ദരിദ്രനാരായണന്മാരോടുള്ള കരുതലിന്‍റെ ഉത്തമ ദൃഷ്ടാന്തമായി. അതിനാല്‍ത്തന്നെ രാജ്യത്തെയും ജനങ്ങളെയും 'സേവിയ്ക്കാന്‍ ' നിലവിലുള്ളവരേക്കാള്‍ സര്‍വ്വഥാ യോഗ്യന്‍ അങ്ങു തന്നെ .(സര്‍വ്വം മുടിച്ചാലും കിടക്കപ്പായെങ്കിലും മിച്ചം വെക്കൂല്ലോ )

ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ഏറ്റവും വലിയ നേട്ടം ഏതു പ്രതിസന്ധികളെയും തിന്മകളെയും ഒരുമിച്ചുള്ള ജനമുന്നേറ്റത്തിലൂടെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന അനുഭവത്തിലൂടെയുള്ള തിരിച്ചറിവായിരുന്നെങ്കില്‍ സ്വാതന്ത്ര്യാനന്തര 'രാഷ്ട്രീയ കോളനിവാഴ്ചയുടെ' ഏറ്റവും വലിയകോട്ടം ഈ തിരിച്ചറിവിന്‍റെ അഭാവമായിരുന്നു; കുറച്ചു കടത്തിപ്പറഞ്ഞാല്‍ പ്രതികരണ ശേഷിയുടെ ബോധപൂര്‍വകമായ വന്ധ്യംകരണമായിരുന്നു. ജനങ്ങളുടെ അറിവില്ലായ്മകളുടെ ചതുപ്പ് നിലത്തു കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരമാണ് ഇന്നിന്‍റെ രാഷ്ട്രീയവ്യവസ്ഥിതി എന്നത് പകല്‍ പോലെ വ്യക്തമാണ് .ഡി .ഡി . റ്റി . പോലുള്ള വിഷ വസ്തുക്കളെ പ്രതിരോധിക്കാന്‍ തലമുറകള്‍ക്കിപ്പുറം ഉറുമ്പുകള്‍ കഴിവ് നേടിയതു പോലെ
നെറികേടുകള്‍ അനുഭവിച്ചു മടുത്ത് എന്തും സഹിക്കാനും പൊറുക്കാനും തക്കവിധം ജീന്‍ പരിണാമം ഭാരത ജനതയില്‍ സംഭവിച്ചിരിക്കുന്നു മാഷേ!! ലോട്ടറി വില്‍പ്പനക്കാരുടെ വണ്ടിയിലെ 'കോളാമ്പി' വിളിച്ചു കൂവുന്നതു പോലെ ഞങ്ങള്‍ ആവശ്യപ്പെടുകയാണ് പ്രിയബഹുമാനപ്പെട്ട ഗുരുവേ - "അറയ്ക്കാതെ മടിയ്ക്കാതെ കടന്നു വരൂ ........ നാളെയാണ് നാളെയാണ് സൌഭാഗ്യം.........."**************************************
1 അഭിപ്രായം:

  1. നെറികേടുകള്‍ അനുഭവിച്ചു മടുത്ത് എന്തും സഹിക്കാനും പൊറുക്കാനും തക്കവിധം ജീന്‍ പരിണാമം ഭാരത ജനതയില്‍ സംഭവിച്ചിരിക്കുന്നു മാഷേ!!

    മറുപടിഇല്ലാതാക്കൂ

ഈ പോസ്റ്റ്‌ വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി