Powered By Blogger

ഞായറാഴ്‌ച, ജൂൺ 12, 2011

സഖിയും ഞാനും




കവിത


നിശീഥമാകുന്ന കൊട്ടകയ്ക്കുള്ളില്‍
നിദ്രതന്നഭ്രപാളികളിലെ
പ്രണയാര്‍ദ്ര ഭാവഗീതങ്ങളില്‍
തെളിയുന്ന ചിത്രങ്ങളിലാകെയും
ഹൃദയമയീ , നമ്മളിരുവരുമല്ലയോ
നായികാനായകന്മാരായി നില്‍പ്പൂ

എത്ര കടല്‍ത്തീരങ്ങളെത്ര സുന്ദര -
മലര്‍മേടുകള്‍ , താഴ്വരകള്‍തോറും
മോഹദാഹശമിനി തേടിനടന്നിടുന്നു
മേയ് വഴക്കം നടനമികവേറ്റുന്നു
ചിരാതുകള്‍ തെളിയുന്ന വഴികളില്‍
നമ്മുടെ രാഗം തിളങ്ങുന്ന പവിഴം

മൃദു വികാരക്കടന്നലുകള്‍ കൂട്ടമാ -
യിരമ്പിപ്പാഞ്ഞു കടന്നു വന്ന്
നഖ ശിഖാന്തം പൊതിഞ്ഞു നമ്മെ
നിഷ്ഠൂരം കീഴ്പ്പെടുത്തിക്കളഞ്ഞു
തമ്മില്‍ പുണര്‍ന്നെല്ലാം പകര്‍ന്ന
ലയനാസുലഭ സായന്തനങ്ങളില്‍ ,
രോമകൂപങ്ങളൊന്നായുണര്‍ന്നു
മുഷ്ടിയെരിഞ്ഞു വീറോടു ചൊല്ലി -
" കരാംഗുലാഗ്ര സൂചികളില്‍
മന്മഥനരച്ചുനിറച്ച സുഖലേപനം ,
ചേരും പടി ചേര്‍ന്നതാകയാല്‍
ഫല പ്രാപ്തി നിത്യമുത്തുംഗമത്രേ"

മന്മനപൂരണം തവലാളനങ്ങ-
ളൊരുക്കുന്ന തിരയിളക്കങ്ങള്‍ ,
അതിലൊളിപ്പിച്ച മായിക പ്രപഞ്ചം
നമുക്കേകി തീരാത്ത ഹര്‍ഷാതിരേകം
കഥാ സരിത്തിലൊരു തുള്ളി നമ്മുടേത്‌
അതിനേഴിലെഴുപതു നിറചാരുത
ദൃഷ്ടി പെടാതെന്‍റെ കരവലയം ദേവി
നിന്നെയെന്‍ വിരിമാറിലായ് പൂഴ്ത്തി
സൌഗന്ധികം പോലെന്തു സൌഭാഗ്യം
മിഴി രണ്ടിലും നീ പൂത്തുലഞ്ഞാല്‍
ജീവിതവനിയിലെ ഋതുഭേദമെത്ര മധുരം
ഇണ ശലഭങ്ങള്‍ ചിറകുരുമ്മി നിന്നാല്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റ്‌ വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി