Powered By Blogger

ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011

ഒരു കള്ളന്റെ കീഴടങ്ങല്‍ നല്‍കുന്ന പാഠം


വീട്ടില്‍ കയറിയ കള്ളന്‍ ഭര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട അറുപത്തൊന്പത്കാരിയായ വീട്ടമ്മ പകച്ചു നില്‍ക്കാതെ അടുക്കളയില്‍ നിന്നും കറിക്കത്തിയെടുത്ത് കള്ളന് നേരെ വീശി ...കള്ളന് ജീവനില്‍ കൊതിയുണ്ടായിരുന്നതിനാല്‍ അയാള്‍ ഇറങ്ങി ഓടി .. നാട്ടുകാര്‍ പുറകെയോടി അയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു .
(പത്ര വാര്‍ത്ത )


വീട്ടമ്മ കരഞ്ഞു നില വിളിക്കാനോ പേടിച്ചരണ്ട് നില്‍ക്കാനോ സമയം കളഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ
ഇന്നത്തെ പത്ര വാര്‍ത്തയും ചാനലിലെ ഫ്ലാഷ് ന്യൂസും ഇങ്ങനെ ആയിരുന്നേനെ - " മോഷണശ്രമത്തിനിടയില്‍ വൃദ്ധദമ്പതികള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു ....... സ്വര്‍ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടു.... പോലീസ്‌ അന്വേഷണം ആരംഭിച്ചു . അന്യ സംസ്ഥാന തൊഴിലാളികളെയാണ് സംശയം എന്ന് പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു .

അങ്ങനെ ഒരു ദാരുണസംഭവം നടക്കാതിരുന്നത് പ്രായം ചെന്ന വീട്ടമ്മയുടെ മനോബലവും ഈശ്വരാധീനവും മൂലമാണ് .......

നമ്മുടെ പെണ്‍കുട്ടികളും സ്ത്രീജനങ്ങളും പീഡനം , ആക്രമണം( ചതിയില്‍ പെടുത്താറുണ്ട് എന്നാ കാര്യം വിസ്മരിക്കുന്നില്ല) എന്നൊക്കെ പിന്നീട് വിളിച്ചു പറയാതെ അരുതാത്തത് സംഭവിക്കും മുന്‍പ്‌ വിപദിധൈര്യം കാണിച്ചിരുന്നെങ്കില്‍

പാട്ടും കൂത്തും


അപ്സരഗന്ധര്‍വന്മാര്‍
പാടിത്തിമിര്‍ത്താടുന്ന
മഞ്ജുള രംഗവേദിയിത്
പാട്ടിന്റെ പാലാഴി തന്നെ
മലയാളത്തെ മലവെള്ളമാക്കി
മൊഴി മാറ്റിടുന്നവതാരക
മാതൃഭാഷ മറുഭാഷകളിലും
രണ്ടും ചേര്‍ത്തുമിന്നൊഴുകണം

പ്രേക്ഷകരാകെ മതിമറക്കണം
നൃത്തവും വേണം മേമ്പൊടിയ്ക്ക്
തുള്ളാട്ടമില്ലെങ്കിലെന്ത് കാഴ്ചസുഖം
കൈനീട്ടുന്നു കുട്ടികള്‍ വോട്ടിനായ്
നേടുന്നതോ പ്രയോജകവമ്പരും
കൊല്ലാക്കൊലയ്ക്ക് വാളോങ്ങുന്നവര്‍
തൊള്ള തുറക്കുമിവരുടെ
പങ്കപ്പാടെന്തെങ്കിലും കാണുന്നുവോ ?
പാട്ടിനെക്കൊണ്ട് പത്തുകാശുണ്ടാക്കുമ്പോള്‍
പാട്ടിനായ് ആവതു ചെയ്യേണ്ടതല്ലയോ
സംഗീതം പാവനം , വളരണമക്ഷീണം
ശുദ്ധ സംഗീതത്തെ സമ്പത്ത -
ശുദ്ധമാക്കിടരുതൊരു കാലവും

കോപ്രായങ്ങളെന്ത് കാണിച്ചും
ഒന്നാമതെത്താന്‍ കഷ്ടപ്പെടുന്നോര്‍ക്ക്
വിധികര്‍ത്താക്കള്‍ തന്‍ ഉപദേശമിങ്ങനെ -
" ഫ്ലാറ്റാവരുതെന്നാല്‍ ഫ്ലാറ്റ് നേടാം
ഹൈപ്പിച്ചു പാളിയാല്‍ 'വെള്ളിടി' വെട്ടും
ശ്രുതി ഭംഗമില്ലാതെ സംഗതിയൊക്കെയും
ശരിയാക്കി , പല്ലവിചരണങ്ങള്‍ കൂടെ
അനുപല്ലവി സ്വരങ്ങള്‍ ആട്ടവും ചേര്‍ത്ത്
യുവത പാടിയാലത് നല്ല പെര്‍ഫോമന്‍സ്

ശനിയാഴ്‌ച, സെപ്റ്റംബർ 17, 2011

റോഡില്‍ പൊലിയുന്ന യുവത്വം


റോഡപകടങ്ങള്‍ നിത്യ സംഭവമായി മാറിയിരിക്കുന്നു , അതുമൂലമുണ്ടാകുന്ന പരിക്കുകളും മരണവും വാര്‍ത്തകളെ അല്ലാതായിരിക്കുന്നു .ഇരു ചക്ര വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നതില്‍ മുന്‍പന്തിയില്‍ .മലയാളികളുടെ മനസ്സ്‌ ഇതെല്ലാം കണ്ടും കേട്ടും മരവിച്ചു പോയിരിക്കുന്നു . പ്രതികരണ ശേഷി തെല്ലുമില്ല .....

എണ്പതു ശതമാനം അപകടങ്ങളും സംഭവിക്കുന്നത് വാഹനമോടിക്കുന്നയാളുടെ അശ്രദ്ധയും ചെറിയ ഒരളവു വരെ അഹന്തയും ചേര്‍ന്നാണ് .ചെറുപ്പക്കാരാണ് റോഡപകടങ്ങളില്‍ മരണപ്പെടുന്നതില്‍ ഭൂരിപക്ഷവും . മറ്റുള്ളവരുടെ മുന്‍പില്‍ കേമന്‍ ചമയാനും കോളേജില്‍ ചെത്തി നടക്കാനും വില കൂടിയ ബൈക്കില്‍ അതിവേഗത്തില്‍ സര്‍ക്കസ്‌ അഭ്യാസിയുടെ മെയ്‌ വഴക്കത്തോടെ പറക്കാതെ പറ്റില്ല . മുട്ടയില്‍ നിന്ന് വിരിയുന്നതിനു മുന്‍പ്‌ തന്നെ ബൈക്ക്‌ വാങ്ങി തരണമെന്ന് ആവശ്യപ്പെടുന്നു . അല്ലെങ്കില്‍ കോളേജിലെ ചെത്തു പിള്ളാരോട് കിട പിടിക്കാന്‍ ബുദ്ധിമുട്ടാനത്രേ. മക്കളുടെഏതു ആഗ്രഹവും സാധിച്ചു കൊടുക്കാന്‍ വെമ്പി നില്‍ക്കുന്ന മാതാപിതാക്കള്‍ ലൈസന്‍സ്‌ കിട്ടുന്നതിനു മുന്‍പ്‌ തന്നെ ബൈക്ക്‌ വാങി കൊടുക്കുന്നു. കലികാലമല്ലേ ഇനി അതിന്റെ പേരില്‍ തൂങ്ങി ചത്താലോ ?
ശരിയാ ശാസനയിലൂടെ മക്കളെ വളര്‍ത്താത്ത മാതാപിതാക്കളാണ് യഥാര്‍ത്ഥ പ്രതികള്‍ . മക്കള്‍ എന്തെങ്കിലും ആവശ്യപ്പെടുമ്പോള്‍ അത് അവര്‍ക്ക്‌ ഉതകുന്നതാണോ എന്ന് ചിന്തിക്കാന്‍ ആധുനിക കാലത്തെ നെട്ടോട്ടത്തിനും ധന സമ്പാദന വ്യഗ്രതയ്ക്കുമിടയില്‍ മാതാപിതാക്കള്‍ മറന്നു പോകുന്നു .. മക്കളെ സ്നേഹിക്കാനോ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനോ പോയിട്ട് ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ആര്‍ക്കും നേരമില്ല . അത് തന്നെയാണ് ഇന്നിന്റെ ശാപവും . നാളെയുടെ വാഗ്ദാനമായ യുവാക്കളെ നാട് റോഡില്‍ കുരുതി കൊടുക്കുന്നതില്‍ ഇത്തരം മാതാപിതാക്കള്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു

മൊബൈല്‍ ഫോണാണ് മറ്റൊരു വിപത്ത് . ഫോണ്‍ വിളിച്ചു കൊണ്ട് വാഹനം ഓടിക്കുമ്പോള്‍ അതിരെ വരുന്ന വാഹനങ്ങളോ വളവു തിരിവുകളോ റോഡിലെ കുഴികളോ അത്ര ശ്രദ്ധിച്ചു എന്നു വരില്ല . നമ്മുടെ നാട്ടിലെ റോഡുകള്‍ കുണ്ടും കുഴിയുമായി കിടക്കുന്നതിന് ഉത്തരവാദികള്‍ ഭരണ കര്‍ത്താക്കളും ഉദ്യോഗസ്ഥരുമാണ് . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷം നല്‍കേണ്ടവര്‍ അഴിമതിയുടെ വക്താക്കലാകുമ്പോള്‍ജനങ്ങളുടെ ജീവന്‍ അകാലത്തില്‍ റോഡിലെ കുഴിയില്‍ ഒടുങ്ങുന്നു .
ഈയിടെ ബൈക്ക് ബസിനടിയില്‍ പെട്ട് മരണപ്പെട്ട യുവാവിന്റെ കാര്യം ഒരു ബന്ധു പറഞ്ഞു കേട്ടു . ബസ്സിന്റെ ചക്രങ്ങള്‍ക്കിടയില്‍ അകപ്പെട്ട് അരയ്ക്ക് കീഴ്പ്പോട്ട് ചതഞ്ഞരഞ്ഞു അയാള്‍ നടു റോഡില്‍ കിടക്കുന്നു ..... മേല്പ്പോട്ട് കാര്യമായ പരിക്കുകളില്ല . അഞ്ചു മിനിറ്റോളം അയാള്‍ വേദന കൊണ്ട് പുളഞ്ഞു അവിടെ കിടന്നു ... ചുറ്റും കൂടിയവരോട് തന്നെ ഒന്ന് കൊന്നു തരൂ എന്നയാള്‍ കെഞ്ചി പറഞ്ഞു കൊണ്ടിരുന്നു ..... കുറച്ചു കഴിഞ്ഞു ബോധം നശിച്ചു . ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു ...മൊബൈല്‍ ഫോണായിരുന്നു ഈ സംഭവത്തിലെ വില്ലന്‍ .......ബൈക്ക്‌ ഓടിക്കുന്നതിനിടയില്‍ ഹെഡ്‌ ഫോണ്‍ വെച്ച് ആ യുവാവ് സംസാരിക്കുകയായിരുന്നു .

മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി ശരിയായി വാഹനം ഓടിക്കാന്‍ പഠിക്കാതവര്‍ക്ക് പോലും ലൈസന്‍സ്‌ നല്‍കുന്നു .ഇത്തരം ആളുകള്‍ വാഹനവുമായി നിരത്തിലിറങ്ങിയാലുള്ള സ്ഥിതി ആലോചിച്ചു നോക്കൂ . ഇത് അക്ഷന്തവ്യമായ തെറ്റ് തന്നെ . നിയമങ്ങള്‍ എല്ലാം അറിയാവുന്ന ഡ്രൈവര്‍മാര്‍ പോലും സമയ ലാഭത്തിനും പണലാഭത്തിനുമായി നിയമങ്ങള്‍ സൌകര്യ പൂര്‍വം മറക്കുന്നു , അല്ലെങ്കില്‍ നിര്‍ബബ്ധിതരാവുന്നു .ലൈറ്റ്‌ ടിം ചെയ്യാത്തത് മൂലം ദിവസവും എത്രയോ അപകടങ്ങള്‍ ഉണ്ടാവുന്നു . മത്സരയോട്ടം നടത്തുന്ന ബസുകളും ടിപ്പര്‍ ലോറികളും എത്ര ജീവനുകളാണ് ദിവസവും പരലോകതെയ്ക്ക് കയറ്റി അയയ്ക്കുന്നത് . ദുരന്തം അനുഭവിക്കേണ്ടി വരുന്നത് കൂടുതലും ബൈക്ക്‌ യാത്രികരും , പിന്നെ അവരുടെ കുടുംബങ്ങളും .

വരഷത്തില്‍ ഒരിക്കല്‍ റോഡ്‌ സുരക്ഷാ വാരാഘോഷം നടത്തിയത് കൊണ്ട് മാത്രം ബോധ വല്‍ക്കരണം പൂര്‍ത്തിയാവില്ല .ശ്രദ്ധാ പൂര്‍വം വാഹനം ഓടിക്കുക ,വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക , ശക്തമായ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുക , നിയമം തെറ്റിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുക , ലൈസന്‍സ്‌ നല്കുന്നതിലെ ക്രമക്കേടുകള്‍ ഒഴിവാക്കുക , വാഹനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കുക , വേഗതയേറും തോറും വേദനയേറാന്‍ സാധ്യതയുണ്ടെന്ന് ഡ്രൈവര്‍മാര്‍ പ്രത്യേകിച്ച് യുവാക്കള്‍ സ്വയം മനസ്സിലാക്കുക എന്നിങ്ങനെ സര്‍ക്കാരും സമൂഹവും കൈകോര്‍ത്തു പ്രവര്‍ത്തിച്ചാല്‍ നമ്മുടെ റോഡുകള്‍ ചോരക്കളങ്ങള്‍ ആകാതിരിക്കും ......

വ്യാഴാഴ്‌ച, സെപ്റ്റംബർ 15, 2011

ദൈവത്തിനും വേണ്ടാത്ത മലീമസ നാട് - കേരളം


ദൈവത്തിന്റെ സ്വന്തം നാട് എന്ന ഖ്യാതി ലോകമൊട്ടുക്കും കേരളത്തിനു നേടി കൊടുത്തത് അതിന്റെ പ്രകൃതി രമണീയതയാണ് . പച്ച പുതച്ച മലകളും താഴ്വരകളും കാടുകളും കണ്ടല്‍ വനങ്ങളും നാനാ ജാതി സസ്യ ജന്തു പക്ഷി ജാലങ്ങളും കളകളം പാടി സ്വച്ഛന്ദം ഒഴുകുന്ന അരുവികളും പുഴകളും കായലുകളും കടലോരവും പാടശേഖരങ്ങളും കുളിര്‍മ പകരുന്ന കാലാവസ്ഥയും നാടന്‍ ഭക്ഷ്യ വിഭവങ്ങളും തനത് ആയുര്‍വേദ ചികിത്സാ വിധികളും സര്‍വ്വോപരി മലയാളികളുടെ സ്നേഹ സമ്പന്നതയും എല്ലാം ചേര്‍ന്ന് കേരളം വിനോദ സഞ്ചാരികളുടെ പറുദീസയായി മാറി . നാടിന്റെ സമ്പദ് വ്യവസ്ഥയെ കുറച്ചൊന്നുമല്ല ടൂറിസം സഹായിക്കുന്നത് .

എന്നാല്‍ അതേ കരുതല്‍ സര്‍ക്കാരും പൊതു ജനങ്ങളും ടൂറിസം മേഖലയ്ക്കും ടൂറിസ്ടുകള്‍ക്കും നല്‍കുന്നില്ല എന്നതില്‍ തര്‍ക്കമില്ല . ടൂറിസം മേഖലകളില്‍ പ്രകൃതിക്ക് കോട്ടം വരുത്താത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ മതിയായ സുരക്ഷാ ഉറപ്പു വരുത്തുന്നതിനോ സര്‍ക്കാര്‍ കാര്യമായി ശ്രമിക്കുന്നില്ല . ടൂറിസത്തെപ്പറ്റിയുള്ള പ്രചാരണ പരിപാടികള്‍ കാര്യ ക്ഷമമായി നടപ്പിലാക്കുന്നില്ല അപകടങ്ങള്‍ തുടര്‍ കഥകളാകുന്നു . പ്ലാസ്റിക് - ഭക്ഷ്യ മാലിന്യങ്ങള്‍ കൊണ്ട് വിനോദ സഞ്ചാര പ്രദേശങ്ങള്‍ നിറയുന്നു . സാംക്രമിക രോഗങ്ങളുടെ പറുദീസാ തന്നെയാണ് വൃത്തിഹീനമായ ഇത്തരം സ്ഥലങ്ങള്‍ . ഓരോ വര്‍ഷവും കേരളത്തിലേയ്ക്ക് വരുന്ന വിദേശീയരും മറ്റു സംസ്ഥാനക്കാരുമായ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകുന്നു .

ഒരു ഉദാഹരണം പറയാം , ടൂറിസം മേഖലയിലെ മലിനീകരണത്തെ കുറിച്ച് . കായലിലൂടെ കെട്ടു വള്ളങ്ങളിലുള്ള യാത്ര ഏതു സഞ്ചാരിയുടെയും ആവേശമാണ് . ആയിരക്കണക്കിന് വരുന്ന ഹൌസ് ബോട്ടുകളില്‍ വളരെ കുറച്ചു എണ്ണത്തിന് മാത്രമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമുള്ളത് . ഇവ പുറംതള്ളുന്ന മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ജലാശയങ്ങളുടെ പരിതസ്ഥിതിയ്ക്ക് കോട്ടം വരുത്തുന്നതാണ് . കൊളിഫോന്‍ ബാക്ടീരിയകള്‍ ക്രമാതീതമായി വെള്ളത്തില്‍ വര്‍ധിച്ചിരിക്കുന്നു . മത്സ്യ സമ്പത്ത് കുറഞ്ഞു വരുന്നു . നീര്‍ക്കാകളെ കാണാനില്ല . ഭാവിയില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കാന്‍ ഇത് കാരണമാകും . അധികാരികളുടെ അടിയന്തിര നടപടി ഇക്കാര്യത്തില്‍ ഉണ്ടാവണം .

മാലിനി സംസ്കര പ്ലാന്റുകള്‍ സ്ഥാപിക്കുകയും മാലിന്യ അവിടെ നിക്ഷേപിക്കാത്ത ഹൌസ് ബോട്ടുകള്‍ക്കും മറ്റുമെതിരെ ശക്തമായ നടപടിയെടുക്കുകയും വേണം . കേരളത്തിലും വിദേശത്തും ഒക്കെയായി നിരവധി വിനോദ സഞ്ചാര മേഖലകളില്‍ പോകുന്നവരാണ് നാമെല്ലാം . ഒരു താരതമ്യ പഠനം നമ്മുടെ നിലവാര തകര്‍ച്ചയെപ്പറ്റി മനസ്സിലാക്കുന്നതിനും തിരുത്തല്‍ നടപടി സ്വീകരിക്കുന്നതിനും കാരണമായേക്കാം . കേരളത്തിന്റെ പൊന്മുട്ടയിടുന്ന താറാവാണ് അതിന്റെ സ്വാഭാവിക പ്രകൃതി . അതിനെ കൊല്ലാതെ സംരക്ഷിക്കുക എന്നതു സര്‍ക്കാരിന്റെയും പൊതു ജനത്തിന്റെയും കടമയാണ് , ശോഭനമായ നാളേയ്ക്ക് ആവശ്യമാണ്‌ . ദൈവത്തിനെ സ്വന്തം നാടായ കേരളം മാലിന്യ കൂമ്പാരങ്ങളുടെ നാടായി മാറാതിരിക്കട്ടെ .

സിനിമയില്‍ കണ്ടത് പോലെ




" കൊച്ചിയെത്തീ .................."


എന്നു കേരളത്തെ കുറിച്ച് അറപ്പോടും സഹതാപത്തോടും പറയുവാന്‍ നമുക്കോ വരും തലമുറയ്ക്കോ വിനോദ സഞ്ചാരികള്‍ക്കോ ഇടവരാതിരിക്കട്ടെ .

വ്യാഴാഴ്‌ച, സെപ്റ്റംബർ 08, 2011

അമ്മുവിന്‍റെ ഓണം

അമ്മുമോള്‍ പതിവിലും കവിഞ്ഞ സന്തോഷത്തിലാണ് .അവളുടെ അച്ഛന്‍ ഓണം കൂടാന്‍ അടുത്ത മാസം നാട്ടിലെത്തുമെന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട് . അമ്മു ആദ്യമായി അച്ഛനെ നേരില്‍ കാണാന്‍ പോവുകയാണ് , അച്ഛന്‍ അവളെയും.അമ്മു ജനിക്കുന്നതിനു മുന്പ് അയാള്‍ വിദേശത്തെ ജോലി സ്ഥലത്തേയ്ക്ക് തിരിച്ചു പോയതാണ് , ഇപ്പോള്‍ അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു . അമ്മു മിടുമിടുക്കിയാണ് . ആരെയെങ്കിലും അടുത്ത് കിട്ടിയാല്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കും . നേഴ്സറിയില്‍ പഠിക്കുകയാണ് .അമ്മയുടെ അലമാരയില്‍ നിന്നും അവള്‍ എന്നും അച്ഛന്റെ ഫോട്ടോ എടുത്തു വെച്ചു ഉമ്മ കൊടുക്കുന്നതും ഒത്തിരി ഒത്തിരി കാര്യങ്ങള്‍ അച്ഛനോട് പറയുന്നതും കാണാം. അവളുടെ ഇംഗ്ലീഷ് പഠനം മുഴുവന്‍ അച്ഛനെ ചുറ്റിപ്പറ്റിയാണ് . അമ്മു എപ്പോഴും ഇങ്ങനെ പറഞ്ഞു കൊണ്ട് നടക്കും -" മൈ ഫാദര്‍ ഈസ്‌ സതീഷ്‌ . ഹി ഈസ്‌ ആന്‍ ഇലക്ട്രീഷന്‍ ". അച്ഛന്‍ വരുന്ന കാര്യം അറിഞ്ഞപ്പോള്‍ മുതല്‍ വലിയ ആവേശത്തിലാണ് പുള്ളിക്കാരി. അച്ഛന്‍ വിളിക്കുമ്പോള്‍ തനിക്കായി കൊണ്ടുവരേണ്ട സമ്മാനങ്ങളുടെ ഒരു നീളന്‍ ലിസ്റ്റ് എന്നും അവതരിപ്പിക്കും . കുട്ടികുറുമ്പുകാരിയുടെ ചിണുങ്ങല്‍ കേട്ടു മടുത്ത് ഓണത്തിനും വളരെ നേരത്തെ ചെറിയച്ഛന്‍ മുറ്റത്തെ മാവിന്റെ ചാഞ്ഞ കൊമ്പില്‍ ഒരു ഊഞ്ഞാല്‍ കെട്ടികൊടുത്തു. കൂട്ടുകാര്‍ക്കൊപ്പം ഊഞ്ഞാല്‍ ആടുമ്പോള്‍ അവള്‍ പറയും- " എന്‍റെ അച്ഛന്‍ ഓണത്തിനു വരുമല്ലോ . പുത്തന്‍ ഉടുപ്പും പാവേം കളിപ്പാട്ടോം ചോക്ലേറ്റും ഒക്കെ കൊണ്ട് വരുമെന്ന് മുത്തശ്ശി പറഞ്ഞു .നിങ്ങള്‍ക്കും തരാട്ടോ ".


സതീശന്‍ പ്രാരാബ്ധങ്ങളുടെ നടുവില്‍ വളര്‍ന്നയാളാണ് .അയാള്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അസുഖം ബാധിച്ച് തെങ്ങ് കയറ്റ തൊഴിലാളിയായ അച്ഛന്‍ മരിച്ചു പോയി . അമ്മ അയല്‍വീടുകളില്‍ കൂലി വേല ചെയ്താണ് സതീശനെയും അവന്റെ മൂന്ന് പെങ്ങമാരെയും വളര്‍ത്തിയത് .റബ്ബര്‍ ടാപ്പിങ്ങും പത്ര വിതരണവും ഒക്കെയായി തന്നാലാവും വിധം അവന്‍ അമ്മയെ സഹായിച്ചു . പഠിക്കാന്‍ മിടുക്കനായിരുന്നെങ്കിലും പ്രീഡിഗ്രിയോടെ പഠനം നിര്‍ത്തേണ്ടതായി വന്നു. എങ്കിലും പിന്നീട് ഇലക്ട്രീഷന്‍ ഡിപ്ലോമ പാസ്സായി . അങ്ങനെയിരിക്കെ അയാളുടെ ബന്ധുവിന്റെ പരിചയക്കാരന്‍ വഴി ഒരു ആഫ്രിക്കന്‍ രാജ്യത്തേയ്ക്ക് വിസ ശരിയായി .വീട്ടുകാരെയും ജനിച്ചു വളര്‍ന്ന നാടിനെയും പിരിഞ്ഞിരിക്കാന്‍ വിഷമമുണ്ടെങ്കിലും അമ്മയുടെയും പെങ്ങമ്മാരുടെയും ദൈന്യം മുറ്റിയ മുഖങ്ങള്‍ അയാളെ അന്യനാട്ടിലേയ്ക്ക് തള്ളി വിട്ടു .നല്ല ഭക്ഷണം കഴിക്കാതെ , നല്ല വസ്ത്രങ്ങള്‍ വാങ്ങാതെ ഓരോ നയാ പൈസയും അയാള്‍ മാറ്റിവെച്ചു , മാസാമാസം അമ്മയുടെ പേരില്‍ അയച്ചു കൊടുത്തു. ചോര്‍ന്നൊലിക്കുന്ന ഓലപ്പുര ഓടുമേഞ്ഞു പുതുക്കാനും മൂന്നു പെങ്ങമ്മാരെയും കെട്ടിച്ചയയ്ക്കാനും സതീശന് കഴിഞ്ഞു .


ഇളയ പെങ്ങളുടെ വിവാഹത്തില്‍ മാത്രമേ സതീശന് പങ്കെടുക്കാനായുള്ളൂ ; വര്‍ഷാവര്‍ഷം നാട്ടില്‍ വന്നു പോകാനുള്ള സാമ്പത്തികം അയാള്‍ക്കില്ലല്ലോ. അത്തവണ അയാളുടെ വിവാഹവും നടന്നു . തനിക്കൊന്നും സ്വരുക്കൂട്ടാന്‍ കഴിഞ്ഞില്ലെന്നുള്ള വിഷമമൊന്നും അയാള്‍ക്കില്ലായിരുന്നു . തന്റെ കടമകള്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു, അതു മാത്രംമതി . ഇനിയും സമയമുണ്ടല്ലോ . മുണ്ട് മുറുക്കിയുടുത്ത് ആവുന്നത് സമ്പാദിക്കുക, കുറച്ചു സ്ഥലം വാങ്ങുക, സാമാന്യം നല്ല വീട് വെയ്ക്കുക , പ്രായമായ അമ്മയ്ക്കും പ്രിയ ഭാര്യക്കും പിറക്കാനിരിക്കുന്ന മക്കള്‍ക്കുമൊപ്പം സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുക, തനിക്ക്‌ പഠിക്കാന്‍ കഴിയാതിരുന്നതിന് പകരം മക്കളെ വലിയ നിലയില്‍ പഠിപ്പിച്ചു ഉന്നത നിലയിലാക്കുക ഇതൊക്കെയാണ് ഏതൊരു പ്രവാസിയേയും പോലെ സതീശന്റെയും സാധാരണത്വമാര്‍ന്ന പ്രതീക്ഷകള്‍ അഥവാ ആഗ്രഹങ്ങള്‍ . ശുഭപ്രതീക്ഷകളാണല്ലോ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തി. സതീശന്റെ സ്വപ്നങ്ങളുടെ സ്വാഭാവിക ബഹിര്‍ഗമനം എന്നത് പോലെ ഒരു പഴയ മലയാള സിനിമാഗാനത്തിന്റെ ഈരടികള്‍ അയാളുടെ ചുണ്ടില്‍ എപ്പോഴും തത്തിക്കളിച്ചു - " നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് ...... അതില്‍ ............."


നാട്ടില്‍ നിന്നും തിരിച്ച് ജോലി സ്ഥലത്തേയ്ക്ക് പോയതിന്റെ അടുത്ത മാസം നാട്ടില്‍ നിന്നും ഭാര്യ സിന്ധുവിന്റെ ഫോണ്‍ കോള്‍ . സാധാരണയില്ലാത്ത ഒരു നാണമോ ആര്‍ദ്രതയോ ഒക്കെ സ്വരത്തില്‍ നിഴലിക്കുന്നതായി സതീശന് തോന്നി . ഒന്നും മനസ്സിലാകാതെ വന്നപ്പോള്‍ അയാള്‍ ചോദിച്ചു -" നീ മടിക്കാതെ പറയെടീ, എന്താ കാര്യം ? " . അപ്പുറത്ത് മൌനം . പലവട്ടം നിബന്ധിച്ചപ്പോള്‍ അവള്‍ പറയുകയാണ്‌ - " ചേട്ടനൊരു അച്ഛനാകാന്‍ പോകുന്നു ". സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്ന് അയാള്‍ക്ക്‌ തോന്നി . ഇപ്പോള്‍ അവള്‍ അടുത്തുണ്ടായിരുന്നെങ്കില്‍ .....തനിക്കിത്രയും ആവേശമാണെങ്കില്‍ അവളുടെ കാര്യം പറയാനുണ്ടോ? പിന്നീടുള്ള ഓരോ നിമിഷങ്ങളും എണ്ണിയെണ്ണി കഴിയുകയായിരുന്നു അയാള്‍ .പത്തു മാസം കടന്നു പോകാന്‍ ഇത്ര താമസമോ ? . ഒടുവില്‍ അയാള്‍ കാത്തിരുന്ന വാര്‍ത്തയും ചെവിയിലെത്തി . താനൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായിരിക്കുന്നു. പിറക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ നല്‍കാന്‍ ഉദ്ദേശിച്ച ശാലിനി എന്ന പേര് അയാള്‍ തന്നെ ഫോണിലൂടെ ചൊല്ലി വിളിച്ചു . അമ്മു എന്ന വിളിപ്പേരും നിര്‍ദേശിച്ചു . ഭാര്യ അയയ്ക്കുന്ന കത്തുകളിലൂടെയും ഫോണ്‍ വിളിയിലൂടെയും കുഞ്ഞിനെപ്പറ്റിയുള്ള ഓരോ കാര്യവും അയാള്‍ അറിഞ്ഞു കൊണ്ടിരുന്നു . ഓരോ മാസവും കുഞ്ഞിന്റെ പുതിയ ഫോട്ടോയും അയച്ചു കിട്ടിയിരുന്നു . സുന്ദരിക്കുട്ടി .


അങ്ങനെ അഞ്ചു വര്‍ഷങ്ങള്‍ കടന്നു പോയി .മകള്‍ കുറച്ച് വളര്‍ന്നിരിക്കുന്നു . അവളുടെ കളിചിരിയും കൊഞ്ചലുകളുമാണ് ഇപ്പോള്‍ ഏക ആശ്വാസവും കൂടുതല്‍ കഷ്ടപ്പെടാനുള്ള പ്രചോദനവും . തന്‍റെ മകളെ കാണാന്‍ ഉല്‍ക്കടമായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അയാള്‍ നാട്ടിലേയ്ക്ക് പോയില്ല . തന്‍റെ ഉത്തരവാദിത്തങ്ങള്‍ കൂടിയിരിക്കുന്നു . കുഞ്ഞിന്റെ ഭാവി സുരക്ഷിതമാക്കണം. അതിനു പണം ആവശ്യമാണ് . കഴിഞ്ഞ അഞ്ചു വര്‍ഷവും ദിനരാത്രഭേദമില്ലാതെ അത്യധ്വാനം ചെയ്യുകയായിരുന്നു . ചിലവുകള്‍ പരമാവധി വെട്ടിച്ചുരുക്കി കഴിയാവുന്നത്ര തുക മാറ്റി വെച്ചു. ഇനി സ്വന്തം നാട്ടില്‍ തന്നെ കുടുംബത്തോടൊപ്പം കഴിയണം . അന്യനാട്ടിലേയ്ക്കൊരു തിരിച്ച് പോക്കില്ല . ഓണമാകാന്‍ ഇനി ഏതാനും ദിവസങ്ങളെയുള്ളൂ. ഇത്തവണ ഓണം ആഘോഷിക്കാന്‍ പോകുന്നത് അമ്മു മോളോടും കുടുംബത്തോടുമൊപ്പം . ഓര്‍ക്കുന്തോറും നാട്ടിലെത്താനുള്ള അയാളുടെ ആവേശം ഇരട്ടിച്ചു വന്നു .


യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയില്‍ പലയിടങ്ങളും ആഭ്യന്തരകലാപങ്ങള്‍ തുടങ്ങിയെന്ന്‍ അറിഞ്ഞെങ്കിലും അയാള്‍ കാര്യമാക്കിയില്ല. പത്രത്തില്‍ വാര്‍ത്ത വായിച്ചിട്ട് വീട്ടുകാര്‍ വിളിച്ചപ്പോഴും കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു . ആരും വിമാനത്താവളത്തില്‍ വരേണ്ട , തനിച്ച് വീട്ടിലേയ്ക്ക് വന്നുകൊള്ളാം എന്നയാള്‍ പറയുകയും ചെയ്തു . പക്ഷെ കാര്യങ്ങള്‍ തകിടം മറിഞ്ഞത്‌ പെട്ടെന്നായിരുന്നു . വിമാനത്താവളത്തിലെയ്ക്കുള്ള യാത്രയ്ക്കിടയില്‍ ആയുധധാരികളായ കലാപകാരികള്‍ സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി എല്ലാവരെയും കൊള്ളയടിയ്ക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു . അനേകം നിരപരാധികള്‍ പിടഞ്ഞു വീണു മരിക്കുന്ന കാഴ്ച കാണേണ്ടിവന്നു അയാള്‍ക്ക്. ഭാഗ്യം കൊണ്ട് ജീവന്‍ തിരിച്ച് കിട്ടിയെങ്കിലും ഉടുതുണിയൊഴിച്ചുള്ളതെല്ലാം അയാള്‍ക്ക് നഷ്ടപ്പെട്ടു . അധികം തുക അയാള്‍ നാട്ടിലേയ്ക്ക് അയച്ചിരുന്നില്ല . വിലപിടിപ്പുള്ള വസ്തുക്കളും പണവും എല്ലാം അക്രമികള്‍ തട്ടിയെടുത്തു . റോഡരികിലുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന സതീശനും ഏതാനും പേരും മാത്രമേ രക്ഷപെട്ടുള്ളൂ .പിന്നീട് പട്ടാളക്കാര്‍ അവരെ സുരക്ഷിത സ്ഥാനത്ത്‌ എത്തിച്ചു .രണ്ടു ദിവസത്തിനു ശേഷം കലാപം കെട്ടടങ്ങിയപ്പോള്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹായത്താല്‍ അയാളും മറ്റ് ഇന്ത്യക്കാരും നാട്ടില്‍ തിരിച്ചെത്തി , അങ്ങോട്ട്‌ പോയത് പോലെ തന്നെ വെറുംകയ്യോടെ അല്ലെങ്കില്‍ അതിലും ദയനീയമായി . മരണത്തെ മുഖാമുഖം കണ്ടതിന്റെ ഞെട്ടല്‍ ആരെയും വിട്ടു മാറിയിട്ടില്ല . ടാക്സി കൂലി ഏതോ സഹൃദയന്‍ മുന്‍കൂര്‍ നല്‍കിയതിനാല്‍ വീട്ടുപടിക്കലെത്തി . ഉത്രാടത്തിനെങ്കിലും വീടണയാന്‍ കഴിഞ്ഞല്ലോ , ഈശ്വരാധീനം .

വെറും കയ്യോടെ അവശനായി പടി കടന്നു വരുന്ന സതീശനെ കണ്ട് കാത്തു നിന്ന വീട്ടുകാരും സുഹൃത്തുക്കളും കാര്യമറിയാതെ അന്ധാളിച്ചു നിന്നു . യാത്ര തിരിക്കുന്നതിനു മുന്‍പ്‌ വിളിച്ചു പറയാതിരുന്നതിന്റെ പരിഭവം എല്ലാവരുടെയും മുഖത്ത് തെളിഞ്ഞു നില്‍ക്കുന്നു.അയാള്‍ അവിടെ തന്നെ തറഞ്ഞു നിന്ന് പോയി . താന്‍ ഇവരോട് എന്ത് സമാധാനം പറയും? അതാ തന്‍റെ മകളും മ്ലാനവദിയായി വാതില്‍ പടിയില്‍ നില്‍ക്കുന്നു . അച്ഛനെ ആദ്യം കാണുന്നതിന്റെ അകല്‍ച്ച പെട്ടെന്ന് തന്നെ മാറി അമ്മു മോള്‍ അച്ഛാഎന്ന് വിളിച്ച് അയാളുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു .അയാള്‍ മകളെ ഇരു കൈകള്‍ കൊണ്ടും വാരിയെടുത്ത് ഉമ്മ നല്‍കി ." എന്റെ പോന്നു മോളെ ". അമ്മുമോള്‍ ചുറ്റും നോക്കിയിട്ടും താന്‍ പ്രതീക്ഷിച്ച പോലുള്ള വലിയ സമ്മാനപ്പൊതികള്‍ കാണാതായതോടെ നിരാശയായി . കഴിഞ്ഞ ദിവസം കൂടി അച്ഛന്‍ പറഞ്ഞതാണല്ലോ ? പതിയെ എല്ലാവരും യാഥാര്‍ത്ഥ്യം മനസ്സിലാക്കി . അതോടെ ജീവന്‍ തിരിച്ച് തന്ന ഈശ്വരന് നന്ദി പറഞ്ഞു . അമ്മുമോള്‍ പറഞ്ഞു - " അച്ഛന്‍ ഇനി എങ്ങോട്ടും പോവേണ്ട . മോള്‍ക്കൊപ്പം എന്നും ഇവിടെത്തന്നെ വേണം . എനിക്ക് ചോക്ലേറ്റും പാവേം ഒന്നും വേണ്ട . എന്റെ അച്ഛനെ മതി ". നെഞ്ചില്‍ ആര്‍ത്തലയ്ക്കുന്ന സങ്കടക്കടല്‍ കണ്ണീര്‍ അലമാല തീര്‍ക്കാതിരിക്കാന്‍ അയാള്‍ നന്നേ പണിപ്പെട്ടു . പിറ്റേന്ന് തിരുവോണ ദിനത്തില്‍ കുടുംബാംഗങ്ങളോടൊപ്പം അധികം വിഭവങ്ങളൊന്നുമില്ലാതെ തൂശനിലയില്‍ സദ്യ ഉണ്ണുമ്പോള്‍ ഭാവിയിലേയ്ക്ക് പ്രതീക്ഷയോടെ നോക്കി കൊണ്ട് മനസ്സാ മന്ത്രിച്ചു - " ഉള്ളത് കൊണ്ട് ഓണം പോലെ "


വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

അഴിമതി വല , അഴിയാ മാറാല


അഴിമതിക്കെതിരായ രാംലീലയിലെ സമരലീല അവസാനിപ്പിച്ചതിനു ശേഷം കൈകള്‍ രണ്ടും വിരിച്ച് അനുയായികളെ അഭിവാദനം ചെയ്യുന്ന അണ്ണാ ഹസാരെയുടെ മുഖത്ത് എല്ലാം നേടിയ ഒരു വിശ്വവിജയിയുടെ ഗൂഢസ്മിതം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു . സുശക്തമായ ലോക്പാല്‍ നിയമം കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങി എന്നത് തീര്‍ച്ചയായും അങ്ങയുടെ ഗാന്ധിയന്‍ സമര രീതിയുടെ വിജയം തന്നെയെന്ന് നിസ്സംശയം പറയാം.പക്ഷേ, ഓടിക്കൂടിയ പൊതു ജനത്തിന്‍റെ ജയ് വിളികളും സ്തുതിപാഠകാരുടെ തേനില്‍ പൊതിഞ്ഞ പുകഴ്ത്തലുകളും ദൃശ്യശ്രവ്യപത്രമാധ്യമങ്ങളിലൂടെ ലഭിച്ച അന്താരാഷ്ട്രതലത്തിലുള്ള ശ്രദ്ധയും അങ്ങയെ ഉന്മത്തനാക്കി കൂടാ .പ്രധാന മന്ത്രിയെയും നീതി പീഠത്തെയും ജനപ്രതിനിധികളെയും ലോക്പാല്‍ കൂട്ടിലടച്ചത് കൊണ്ട് മാത്രം സമൂഹത്തിന്റെ എല്ലാ മേഖലകളിലും ആഴത്തില്‍ വേരോട്ടമുള്ള അഴിമതിയുടെ ഉന്മൂലനാശം എന്ന അന്തിമ ലക്‌ഷ്യം സാധിക്കാം എന്ന് കരുതുന്നത് ശുദ്ധ മൌഢ്യമാണ്.

രാജ്യത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയ ഒരു സമരത്തിലൂടെ സര്‍ക്കാരിനെ പേടിപ്പിച്ച് നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് വിമാനം റാഞ്ചി ,യാത്രക്കാരുടെ ജീവന് വില പറഞ്ഞ് ആവശ്യങ്ങള്‍ സാധിക്കുന്നത് പോലെ മാത്രമേ കാണാന്‍ കഴിയൂ .കാര്യങ്ങള്‍ കൈ വിട്ടു പോയാല്‍ വിമാനം കൂപ്പു കുത്തുന്നത് പോലെ ഭാരതമെന്ന നമ്മുടെ രാജ്യവും അതിലെ ജനങ്ങളുടെ ഭാവിയും നശിക്കും .സായുധ വിപ്ലവത്തിലേയ്ക്കും കൊള്ളയിലേക്കും കൊള്ളി വെയ്പ്പിലേയ്ക്കും നമ്മുടെ രാജ്യം പോയിക്കൂടാ . ജനാധിപത്യമെന്നാല്‍ ആള്‍ക്കൂട്ടാധിപത്യമല്ല. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വേണം ഏതു ലക്ഷ്യവും നേടാന്‍ .ഭരണഘടന പ്രകാരം എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും സ്വന്തം ചിന്താധാര മാത്രമാണ് ശരിയെന്ന മട്ടില്‍ അടിച്ചേല്‍പ്പിക്കുന്നത് ഒട്ടും ശരിയല്ല.കള്ളപ്പണത്തിന്റെയും അഴിമതിയുടെയും വക്താക്കള്‍ സത്യത്തില്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല ( നല്ലവര്‍ പൊറുക്കുക ) , യാതൊരു നിയന്ത്രണങ്ങളുമില്ലാതെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വ്യാജസന്നദ്ധ- ജീവ കാരുണ്യ പ്രസ്ഥാനങ്ങളും കൂടിയാണ് . അവിടെയാണ് ആദ്യംമാറ്റം വരേണ്ടത് . കായിക സംഘടനകളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആക്കുന്നു എന്നാ വാര്‍ത്ത ശുഭ സൂചകമാണ് .


അണ്ണാ ഹസാരെ , താങ്കളുടെ അഴിമതി വിരുദ്ധ സമരത്തെ മനസ് കൊണ്ട് ഏതൊരു ഇന്ത്യാക്കാരനെയും പോലെ അനുകൂലിക്കുന്ന സമയത്ത്‌ തന്നെ അഴിമതിക്ക്‌ ഇരയാകേണ്ടി വന്നതിന്റെ വിഷമം തെല്ലൊന്നുമല്ല. ആരാലും ശ്രദ്ധിക്കപ്പെടാതെ നടന്ന കുറിയവനായ താങ്കള്‍ , നാല്‍പ്പത്തെട്ടു വര്ഷം മുന്‍പ് (കൃത്യമായി പറഞ്ഞാല്‍ 1963 ഏപ്രില്‍ 3 ) കാച്ചിയെടുത്തു കലത്തില്‍ അടച്ചു വെച്ച ലോക്പാല്‍ എടുത്ത് ചൂടാക്കി കുടിച്ചതോടെ മൂന്നടി മണ്ണ് അളന്നെടുക്കാന്‍ തുനിഞ്ഞ വാമനനെപ്പോലെ വമ്പനായത് കണ്ടു അല്പം അസൂയ തോന്നിയെന്നത് പച്ചപ്പരമാര്‍ത്ഥം. അതിന്റെ ബഹിര്‍ സ്ഫുരണം പോലെ ഫോണ്‍ തകരാറായപ്പോള്‍ ലൈന്‍മാനോടു ഉടന്‍ ശരിയാക്കണമെന്ന ഉത്തരവും പുറപ്പെടുവിച്ചു , ഒരു അണ്ണാ ചമയല്‍ .ഒരാഴ്ചയായിട്ടും പൊട്ടിയ വല തുന്നാന്‍ ആളു വരാതായപ്പോള്‍ സമാധാനിക്കാന്‍ ഒരു പഴഞ്ചൊല്ല് അച്ഛന്‍ ചൊല്ലി തന്നു . എന്റെ മനസ്സ് തണുപ്പിക്കാന്‍ ഞാനത് ഉരുവിട്ടു കൊണ്ടേയിരുന്നു ..... ആന വാ പൊളിയ്ക്കുന്നത് കണ്ട് അണ്ണാന്‍ വാ പൊളിയ്ക്കരുത് ............ ആന വാ ............

മുന്‍പ്‌ ഫോണ്‍ തകാരായപ്പോഴൊന്നും നയാ പൈസ കൊടുക്കാത്തതിന് ലൈന്‍മാന്‍ വക ഒരു ചിന്ന പാര. ഏതായാലും കൈമടക്ക്‌ കൊടുക്കില്ല എന്ന് ഉറപ്പിച്ച് ദിവസവും നാലും അഞ്ചും തവണ വിളിച്ച് കക്ഷിയെ ശല്യപ്പെടുത്തി . മനസ്സിലെ ശാപവാക്കുകള്‍ തൊണ്ടയില്‍ കൂടി തിങ്ങി ഞെരുങ്ങി പുറത്ത്‌ വന്നപ്പോള്‍ അപേക്ഷയുടെ പുറംകുപ്പായം ധരിച്ചിരുന്നു . വിളിയോടു വിളി ............ ( നിങ്ങള്‍ ചോദിയ്ക്കും മുകളിലേയ്ക്ക് ഒരു പരാതി കൊടുത്താല്‍ പോരെ എന്ന് . ശേഷം ഫോണ്‍ ഉപേക്ഷിക്കുകയാവും ബുദ്ധി , ഒരിക്കലും നേരാം വണ്ണം കണക്ഷന്‍ കിട്ടില്ല . ബില്‍ സെക്ഷനിലെ പ്രിന്‍ററിനു തകരാറില്ലാത്തതിനാല്‍ ബില്‍ മാത്രം കൃത്യ സമയത്ത് എടുക്കപ്പെടും , പോസ്റ്റ്‌ മാന് അധികം ജോലി ഭാരം കമ്പ്യൂട്ടര്‍ യുഗത്തില്‍ ഇല്ലാത്തത് കൊണ്ട് ബില്‍ പെട്ടെന്ന് കയ്യിലെത്തുകയുംചെയ്യും ). അവസാനം മുടിഞ്ഞവന്റെ മുടിഞ്ഞ ശല്യപ്പെടുത്തലില്‍ സഹികെട്ടാവണം കണക്ഷന്‍ കിട്ടി, കഴിഞ്ഞ ദിവസം . എന്നാല്‍ കിട്ടിയെന്നു ആശ്വസിക്കാറുമായിട്ടില്ല , വന്നും പോയിയും നില്‍ക്കുന്നു ; കയ്യാല
പ്പുറത്തെ തേങ്ങാ പോലെ .

ഇപ്പോള്‍ എനിക്ക് തോന്നുന്നു ഹസാരെയുടെ വീട്ടിലും ഈയടുത്ത കാലത്ത്‌ ഫോണ്‍ കണക്ഷന്‍ പോയിക്കാണും . പരാതിപ്പെട്ടിട്ടും ഫലമില്ലാതായപ്പോള്‍ ഇറങ്ങി തിരിച്ചതാവും , നാട് നന്നാക്കാന്‍ . അല്ലെങ്കില്‍ ഇത്ര കാലം ഒരു പൂച്ച പോലും കട്ട് കുടിക്കാത്ത പാല്‍ അടുപ്പത്ത്‌ വെയ്ക്കാന്‍ പുള്ളിയ്ക്ക് തോന്നുമോ ?അങ്ങയുടെ കൈപ്പത്തി തുറന്നിരിക്കുന്നതിനാല്‍ ഉറപ്പാണ് , കൈമടക്ക് കൊടുക്കില്ല . പക്ഷെ സാധാരണക്കാരന്റെ സ്ഥിതി അങ്ങനെയല്ല , അവന്റെ കൈ മടങ്ങിയില്ലെങ്കില്‍ അവനെ ചുവപ്പ് നാട കൊണ്ട് വരിഞ്ഞു മുറുക്കി അവന്റെ ജീവിതം ഓടിച്ചു മടക്കി വളച്ചു തിരിച്ച് കോഞ്ഞാട്ടയാക്കും. ഹസാരെയുടെ നാട്ടിലെ ബി . എസ്സ് . എന്‍ . എല്‍ . ലൈന്‍ മാന് അഭിമാനിക്കാം , രാജ്യം മുഴുവന്‍ വീരപുരുഷനെന്നു വാഴ്ത്തുന്ന ഹസ്സരെയേ അണ്ണാ ആക്കിയത് താനാണ് എന്നതില്‍ .

അഴിമതിക്കണക്കിലെ കോടികളുടെ പുറകെ എല്ലാവരും പായുമ്പോള്‍ സാധാരണക്കാരന്‍ റേഷന്‍ കാര്‍ഡിനായും വൈദ്യുതിക്കായും വെള്ളത്തിനായും ഫോണിനായും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ കൈക്കൂലി കൊടുക്കേണ്ടി വരുന്ന അവസ്ഥയെ പറ്റി ഒരു അണ്ണനും ചിന്തിക്കുന്നില്ല . ഇക്കാര്യത്തില്‍ പൊതു ജനങ്ങളുടെ ഒരു വിജിലന്‍സ്‌ സ്ക്വാഡ്‌ രൂപികരിച്ചു താഴെത്തട്ടിലുള്ള ഓഫീസുകള്‍ മുതല്‍ തന്നെ പ്രവര്‍ത്തിച്ചാല്‍ അഴിമതി ഒരു പരിധി വരെ തടയാന്‍ സാധിക്കും. രാജ്യ തലസ്ഥാനത്ത്‌ മാത്രം ഒതുങ്ങുന്ന ഒരു ഗ്വാ ഗ്വാ വിളിയാകാതെ കൃത്യമായ ആസൂത്രണത്തിലൂടെ അണ്ണാ ഹാസ്സരെയ്ക്കും കൂട്ടരും നിലവിലുള്ള ജന പിന്തുണ ഉപയോഗപ്പെടുത്തി അഴിമതി തടയാനുള്ള പ്രായോഗിക കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ സാധിക്കും . മറ്റുള്ളവരും അത് കണ്ടു പഠിക്കട്ടെ . അഴിമതിക്കാരുടെ വിളച്ചില്‍ ഇനി നടപ്പില്ലെന്ന് അവര്‍ മനസ്സിലാക്കട്ടെ . ഹൈടെക്‌ ഗാന്ധിയന്‍ വിപ്ലവം ഉപരിപ്ലവ കെട്ടുകാഴ്ചയായി മാറാതെ ശരിയായ മാര്‍ഗത്തിലൂടെ ശരിയായ ലക്‌ഷ്യം നേടുമെന്ന് കരുതാം.