ചൊവ്വാഴ്ച, നവംബർ 29, 2011
ഉള്‍ച്ചുഴികള്‍
തളര്‍ന്നു പോകുന്നു ഞാന്‍
വയ്യിനിയൊരടി വെയ്ക്കുവാന്‍
തളരരുതെന്നു കരുതുമ്പോഴും
പതറിടുന്നു മമപാദം
ഹൃദയമുരുകും ചൂടോ
ഹാ ! കഠിനമതികഠിനം ;
വെന്തു വെണ്ണീറായിടും സകലം ,
സ്വപ്‌നങ്ങള്‍ മാത്രമല്ല
ദുഃഖങ്ങളും മാഞ്ഞലിഞ്ഞിടും
വിണ്ടുണങ്ങി
ശൂന്യമായ്ത്തീരുമെന്‍ മനസും
ഈ തപ്തനിശ്വാസങ്ങളില്‍
ആരെന്തറിഞ്ഞിടുന്നു
കദനമുറങ്ങും കഥകളേറെ
കഥനമാര് കേട്ടുനില്‍ക്കും
തിരഞ്ഞിട്ടു കിട്ടിയില്ലൊരാളെ
അതിനാലവയൊന്നാകെ ഞാന്‍
ഉള്ളില്‍ നിന്നടര്‍ത്തി ,
ചുരുളുകള്‍ തൊറുത്തു കെട്ടി
ചുണ്ടിലേറ്റിപ്പുകച്ചു നന്നായി ,
ഒരു തരിയെങ്കിലുമിന്ന്
പുകച്ചു പുറത്തുകളയാന്‍
എന്നാലോരോ തരിയു,മോരോ
പുകച്ചുരുളും
അതിശയവേഗത്തില്‍
വലുതായ് ഭൂതം കണക്കെ
വാപിളര്‍ന്നെന്നെ
വിഴുങ്ങാനടുക്കുന്നു
പുറപ്പെട്ടൊരട്ടഹാസമെന്‍റെ
തലച്ചോറിനുള്ളില്‍
വിദ്യുത്പ്രവാഹമായ് ;
ഒത്തുചേര്‍ന്നവയെന്‍റെ
ചുറ്റിനും ലക്ഷോപലക്ഷമായ്
ശ്വാസമെടുക്കാനാവാതെ
ഞാന്‍ കുഴഞ്ഞു
കൊല്ലാന്‍ മടിച്ചതൊരല്പം
ഭയമെന്നോട് തോന്നിയതിനാലാവാം
തിളച്ചു മറിയുന്ന
ലാവയാണെന്നുള്ളിലെന്നവ
നന്നായ് കണ്ടിരിക്കാം
അവയ്ക്കുമുള്‍ഭയം തോന്നിയോ -
യിതെവിടെ അവസാനിക്കുമെന്നോര്‍ത്ത്,
അന്തമില്ലാതെ നീളു-
ന്നൊരന്തര്‍ നാടകം കണ്ട്
വേദനകളെ പിരിയുവാ -
നെനിക്കാവില്ല തെല്ലും
അവയെന്‍റെ യജമാനന്മാര്‍
അനുസരണയുള്ളൊരടിമയായ്
അനുഗമിക്കുന്നു ഞാന്‍
പിന്തിരിയുവാനാവില്ല
വഴിയിത്ര പിന്നിട്ടതോര്‍ത്താല്‍
നൊമ്പരങ്ങളെ ,
ഇനിയൊരിക്കലും നിങ്ങളെ
നൊമ്പരപ്പെടുത്തില്ല ഞാന്‍
സ്വയം നൊമ്പരപ്പെട്ടീടിലും ;
എനിക്കുള്ള വിധിയെഴുത്ത്
കൈനീട്ടി വാങ്ങും
ഉള്ളിലൊട്ടുമേശില്ല
മുറിവിനാഴമേറിയെന്നാലും
വരുവിന്‍ മോദാല്‍ നിങ്ങള്‍
ധൂമമായെന്നിലേയ്ക്കൊഴുകി -
യിറങ്ങി പ്പരക്കുവിന്‍ ;
ഓരോ ഇഞ്ചുമിന്ന്
നിറഞ്ഞു കവിയുവിന്‍
കൂട്ടിനൊരു കൂട്ടരെങ്കിലുമുണ്ടെന്നു
ഞാനാശ്വസിച്ചീടട്ടെ
ദുഃഖങ്ങളാണെന്‍റെ സന്തോഷം
ഒളിച്ചിരിക്കാനുത്തമ സങ്കേതം
മനസ്സില്‍ വളരും മുള്‍ച്ചെടി -
ക്കൂട്ടങ്ങളിടതിങ്ങിപ്പെരുകുന്നു
കൊടിയ വിഷമിറ്റുന്ന മുള്ള്
തൊട്ടുപോയറിയാതെയെങ്കില്‍
മൃതി തന്നെ പിന്നെ ശരണം
കുറ്റമാരില്‍ ചുമത്തിടു,മെന്നില്‍
മാത്രമെന്നാര്‍ക്ക് പറയുവാനാകും
കൈകഴുകി ഞാന്‍
മാറി നില്‍ക്കയാണെന്ന്
മാലോകരെ നിങ്ങള്‍ പറഞ്ഞീടുമോ ?
ഒന്ന് നില്‍ക്കണം ,
പറയുന്നതൊന്നു കേള്‍ക്കണം
പാറ്റിയെടുത്തതിന്‍ ശേഷമേ
കതിരെത്ര , പതിരെത്ര
ഉതകുന്നതോ വിളവെന്നതും
കൂട്ടിയെടുക്കാന്‍ തുനിഞ്ഞിടാവൂ
കാട്ടിലെ തേന്‍കൂട് കാണുമ്പോഴേ
മധുരം കിനിയുന്നു നാവില്‍
വഴിതെല്ലുമറിയില്ലെങ്കിലും
കുറ്റാക്കൂരിരുട്ടാണെന്നാലും
മടിച്ചു നില്‍ക്കുന്ന വേളയില്‍ പോലും
കൂടെയുള്ളവര്‍ ചെവിയിലോതും -
"ഇതു തന്നെയവസര-
മിതുതന്നെയമൃതം
നീ മുന്നേറിടൂ വെക്കം
വൈകിയാലൊന്നും കിട്ടില്ല കൂട്ടുകാരാ "
മധുരവചസിലൊളിച്ചിരിക്കും
കാഞ്ഞിരക്കയ്പ്പറിയാത്തവര്‍
അപകടക്കെണിക്കൂട്ടിലേയ്-
ക്കനു നിമിഷം നടന്നു കയറുന്നു ;
പെട്ടു പോകുമ്പോള്‍ മാത്രം
പൊട്ടനറിയുന്നു
പൊട്ടിക്കാനാവാത്ത
വെട്ടില്‍ കുരുങ്ങിയെന്ന്
കൈ പിടിച്ചവര്‍ നമ്മുടെ
കാല്‍ വഴുതുന്ന നേരം
കയ്യയച്ചകന്നിടും ,സ്വയരക്ഷ തേടിടും
കൈനീട്ടിയപ്പോള്‍ മറുകരം നീട്ടാതെ ,
നിലവിളിച്ചതൊന്നും കേള്‍ക്കാതെ
കാത്തു പൊത്തി, ദൂരെ മാറി നിന്ന്
ക്രൂരമാം വിധിയെന്ന് ,
ചെയ്തിയുടെ ഫലമെന്ന്
പലവിധമങ്ങനെ ബഹുജനം
മന്ത്രിപ്പതെന്‍റെ പ്രജ്ഞയില്‍ മുഴങ്ങി
ഇത് തലയിലേറ്റിത്തന്നവരി-
ന്നെവിടെയറിയുമോ ?
തീരത്തെ മണലില്‍
വിരല്‍ വരഞ്ഞതെല്ലാം
തിര തഴുകി മായ്ച്ചിടും
തലയിലാ 'വിരലിനാ'ലെഴുതിയോ-
രക്ഷരമൊന്നു പോലും തൂത്തകറ്റാന്‍
സുനാമിത്തിരയ്ക്കുമാവില്ല തന്നെ
വെള്ളിയാഴ്‌ച, നവംബർ 11, 2011
ഇങ്ങനെയും ഇന്‍സ്റ്റാള്‍മെന്‍റ് പിരിവ് നടത്താം
അയല്‍വാസികള്‍ തവണ വ്യവസ്ഥയില്‍ വാങ്ങിയ അലമാരയുടെയും സെറ്റിയുടെയും കാശ് പിരിക്കാന്‍ ആളു വന്നപ്പോള്‍ വീട്ടുകാര്‍ സ്ഥലത്തില്ല ....എപ്പോഴും പേപ്പറില്‍ എഴുതി ഒട്ടിച്ചാല്‍ എന്ത് പുതുമ ?
വാഴയിലയില്‍ നോട്ടീസ് ഇറക്കിയാലോ ?വൈകിട്ട് വീട്ടുകാര്‍ വന്നപ്പോള്‍ കിട്ടി , ഒരുഗ്രന്‍ വാഴയില സന്ദേശം .... ജനല്‍പാളിക്കിടയില്‍ തിരുകിയ നിലയില്‍ .....
താമരയിലയില്‍ പ്രേമലേഖനം എഴുതിയ പെണ്‍കൊടി കവി ഭാവനയില്‍ വിരിഞ്ഞതെങ്കില്‍ ഈ വാഴയില അറിയിപ്പ് ഇന്‍സ്റ്റാള്‍മെന്‍റ് പിരിവുകാരന്‍റെ എമണ്ടന്‍ തലയില്‍ ഉദിച്ചത് .....
ദാ കണ്ടു നോക്കൂ .....
" അലമാരയുടെയും സെറ്റിയുടെയും പൈസ .....
14 -ാം തീയതി വരും.....
--അന്ന് തരണം --
14 -ാം തീയതി........."
ബുധനാഴ്‌ച, നവംബർ 02, 2011
തിങ്കളാഴ്‌ച, ഒക്‌ടോബർ 31, 2011
കേരളം - എന്‍റെ നാട്
കേരളം മോഹനം , മഹനീയ പാവനം
മരതകകേദാരസ്വര്‍ഗീയഭൂമി
മോഹനഭംഗിയെഴുന്നൊരു മങ്കയായ്
ഭാരത ദക്ഷിണഭാഗേ വിലസുന്നു
ഇത്രയലംകൃതനാടെങ്ങുലകിലായ്
കാണ്മതിനൊക്കുമേലതിശയമത്രേ
എന്‍റെ നാടെന്നുമെനിക്ക് പ്രിയതരം
മറ്റൊന്ന് പകരമായ് വെയ്ക്കുവാനാമോ
അറിയാതെ നാവിലൊന്നീ നാമമെത്തിയാല്‍
ആരാധനാഭാവമുള്‍പ്പുളകമായ് വരും
പ്രത്യക്ഷഗണപതീ തലയെടുപ്പോടെ വന്‍
ഗിരിശൃംഗരണിനിരന്നില്ലേ കിഴക്കായ്
നെറ്റിയില്‍ പട്ടമായ് ചാര്‍ത്തിക്കൊടുക്കുവാന്‍
തിങ്ങി വളര്‍ന്നു നിറഞ്ഞിടും വനശോഭ ;
വീശിയടിച്ചുവരും കൊടുങ്കാറ്റിനും
തടയിടാന്‍ കരുതലോടവരങ്ങു നില്‍പ്പൂ ,
തുമ്പിക്കൈ തന്നിലായ് കാത്തതാം നീര്‍ത്തുള്ളി
വര്‍ഷപാതങ്ങളായ് കോരിച്ചൊരിഞ്ഞല്ലോ
ഈ നനയാണ് കണിശം പറയുകില്‍
പൂങ്കാവനം പോലെ,യിവിടമായ്ത്തീര്‍ന്നത്
പുഴകള്‍ ഗമിക്കുന്നലസമായെന്നും
പുളിയിലക്കരമുണ്ടുടുത്തിട്ടൊരുങ്ങി,
പൊട്ടിച്ചിരിച്ചുകൊണ്ടൊത്തിരിക്കാര്യങ്ങ-
ളുച്ചത്തില്‍ ചൊല്ലുന്നു കൂട്ടുകാരോട്
സൂര്യനും ചന്ദ്രനും ദിനമേതുമൊഴിയാതെ
മുങ്ങിക്കുളിച്ചതിന്‍ ശേഷമേ പോകൂ
പലപക്ഷിമല്‍സ്യങ്ങള്‍, ജന്തുജാലങ്ങളും
അഭയവും തേടി വരുന്നതുമിവിടെ
കായലോളങ്ങളോ ശാന്തരാണെന്നും
ഒരു ലക്ഷ്യമെന്നതോ കടലോട് ചേരണം
പച്ചവിതാനിച്ച നെല്‍ച്ചെടിക്കൂട്ടം
ചെളിവരമ്പതിരിടും പാടത്തു പൊന്തി
തോട്ടിലെത്തെളിനീര് ചാലിട്ടു വന്നു
കൈതകള്‍ പൂവിട്ടു ചാഞ്ഞു നിന്നു
തങ്കനിറമണിഞ്ഞല്ലോ കതിരുകള്‍
കേരങ്ങള്‍ പൊന്പീലി നീര്‍ത്തി വിരാജിപ്പൂ
മന്ദമാരുതന്‍ ഗായകന്‍ പാടിയാല്‍
താളമിടില്ലേ മുളംചില്ല തനിയെ
കുയിലുണ്ട് കൂട്ടിന് പ്രാവിന്റെ കുറുകലും
രംഗപടം തീര്‍ത്ത് വെണ്‍ചന്ദ്രബിംബം
പോല്‍ക്കല തിലകമിട്ടെന്നുമുണര്‍ത്തുന്നു
നീര്‍ന്നുറങ്ങീടുമീ സുമുഖയാം തരുണിയെ
പൂക്കളും മിഴി തുറന്നേറ്റു വരുന്നു
മധു സ്മിതമോടേകി തുമ്പിയ്ക്ക് സ്വാഗതം ;
മഴയുടെ നാദമുറക്കെ മുഴങ്ങവേ
മണിമയില്‍പ്പേട തുടങ്ങി തന്‍ നടനം
അംബരം വില്ല് കുലച്ചണയുമ്പോള്‍
അംബുധി പുത്രിയെ ലാളിച്ചൊരുക്കും
നയനമോ ഹര്‍ഷമാല്‍ കോരിത്തരിക്കുന്നു
നല്‍ക്കാഴ്ച കണ്ടതെന്‍ മുജ്ജന്മസുകൃതം
ഐതീഹ്യമൊരുപാടുറങ്ങുന്ന മണ്ണിത്
പരശുവെറിഞ്ഞുയിര്‍കൊണ്ട പ്രദേശം
സംസ്കാരസമ്പത്തുമൈശ്വര്യമോദം
മഹാബലിയായ് വന്നു ഭരണം നടത്തി ;
മലനാടുമിടനാടുമൊരുനല്ല തീരവും
ഇഴചേര്‍ന്നുനിന്നാകില്‍ മലയാളനാട്
മലയാളഭാഷ മഹത്താം പ്രവാഹമായ്
തവകീര്‍ത്തിയാലപിച്ചലയാഴി പോലവെ
സന്തുഷ്ടമാനസര്‍ തനയരാം ഞങ്ങളോ
ജനനി നിന്‍ പദമലര്‍ കുമ്പിട്ടുതൊഴുതേന്‍
ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011
കൂപ്പുകൈ *************
കലാലയമുത്തശ്ശിതന്‍തിരു പടി-
വാതിലാദ്യമായ് കടന്ന നിമിഷം
കുട്ടിത്തം മാറിയിന്നു ഞാന്‍
വലിയൊരാളായെന്നു തോന്നി
വരൂ മകനെയെന്നെന്നെ
വിദ്യാദേവത വിളിച്ചപോലെ
തെന്നല്‍ക്കരങ്ങള്‍ നീട്ടി
തായതന്നലിവോടെ മെല്ലെ
തന്നിലെക്കെന്നെ ചേര്‍ത്ത്
നെറുകില്‍ മുത്തമേകിയിന്ന്‍
ചന്ദനത്തണുപ്പറിഞ്ഞതെന്നില്‍
സാന്ത്വനക്കുളിരായ്‌പ്പരന്നു
വിശാലസുന്ദരമുറ്റത്തിങ്ക-
ലസാധ്യമലര്‍വനി; മണ്ണിനെ-
പ്പുല്‍കും പുല്‍ത്തിട്ടകള്‍ ചിട്ടയായ്
പച്ചയാം ചിരിയോടെ നിന്നു
ചുറ്റിടമൊരു ഗ്രാമസുകൃതിയുറക്കെ-
യോതിടുന്നു ;വിപിനചാരുത ചാരെ
അതില്‍ കിളികൂജനമധുരിമ
തളിര്‍ വായു മനസ്സിന് കുളിരേകി
ചൂളമരങ്ങള്‍ വിരിച്ച തണലില്‍
വാകച്ചില്ലകള്‍ പൊഴിച്ചു നിറങ്ങള്‍
ലതകളൊരായിരം മാല തീര്‍ത്തു
പൊന്നൂഞ്ഞാലുമൊരുക്കി നല്‍കി
ഒരു തൃണമായെങ്കിലുമെന്നും
ഞാന്‍ അവിടെ നില്‍ക്കാന്‍ കൊതിച്ചു
മന്ത്രമായക്ഷരജാലികയെ-
ന്നുള്‍ജാലകം തട്ടിത്തുറന്നു വന്നു
പൊടിപടലമകന്നു പോയ്
ധവളപ്രകാശധാര തെളിയും
അറിയുമിന്നു ഞാനതിയായൊരെന്‍
സൗഭാഗ്യതാരകം കത്തിജ്വലിച്ചതീ-
ത്തേജസ്സില്‍ ലയിച്ചതിനാലെ
ഒത്തിരിച്ചങ്ങാതിക്കൂട്ടങ്ങള്‍ തന്നു
ഊഷ്മളസ്നേഹമെന്തെന്നറിയിക്കുവാന്‍
കര്‍ത്തവ്യബോധമുറച്ചു മനസ്സില്‍
ഗുരുക്കന്മാരതിന് കാരണഭൂതര്‍
സന്തോഷനീര്‍ത്തുള്ളി തൂകി ഞാന്‍
നമോവാകമൊന്നു ചൊല്ലാന്‍ ;
വെള്ളിമുടി ചാര്‍ത്തി നിന്‍ ശിരസ്സ് ,
ചുക്കിച്ചുളിഞ്ഞ മുഖമെങ്കിലും
അമ്മേ നിനക്കില്ല കല്പാന്തകാലം
വാല്‍സല്യം നുകര്‍ന്ന് മടിത്തട്ടില്‍-
നിന്ന് വളര്‍ന്നേറ്റു പോകുമുണ്ണികള്‍,
പറക്കമുറ്റാന്‍ തുണയായിടുമവര്‍ക്ക്
നീ പകര്‍ന്നേകിയ പാഠങ്ങളെല്ലാം
ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011
പ്രശ്നം
പ്രശ്നങ്ങള്‍ മനുഷ്യനെ എപ്പോഴും ഓടിച്ചു കൊണ്ടിരിക്കും ,ഭീമാകാരനായ നായയെപ്പോലെ .......
പേടിച്ചോടിയാല്‍ അത് വര്‍ദ്ധിതവീര്യത്തോടെ കുരച്ചു കൊണ്ട് ഓടിയെത്തി ദേഹത്ത് ചാടി വീണ് മനുഷ്യനെ കടിച്ചു കീറും .....
ആദ്യം കുരയ്ക്കുമ്പോള്‍ തന്നെ മനോധൈര്യത്തോടെ തിരിഞ്ഞു നിന്ന് കല്ലെടുത്തെറിഞ്ഞാല്‍ പ്രശ്നമെന്ന നായ തിരിഞ്ഞോടുക തന്നെ ചെയ്യും........അത്രയ്ക്ക് ഭീരുവാണ് അവന്‍ .......
തീവണ്ടി
പൊട്ടിപ്പിളര്‍ന്നുപോം ഭൂഗോളമാകെ-
യിമ്മട്ടിലുള്ളിലൊരു തോന്നലുളവാക്കി
രൌദ്രഭാവത്തോടെ രാക്ഷസരൂപന്‍
പുഴുവിന്‍ പുളച്ചിലോടൊപ്പിച്ചു ഗമനം
ഝടുതിയില്‍ ചെയ്യുന്നു കൂസലെന്യേ
ഒരു ഹിംസ്രജന്തുവിന്‍ ഗര്‍ജനത്തോടെ
കൂകിക്കുതിച്ചുമൊരല്പം കിതച്ചും
പകയോടെ പുകതുപ്പി സര്‍വ്വം വിറപ്പി -
ച്ചുരുക്കില്‍ ബലിഷ്ഠമായ് പണിത ഗാത്രം
തെല്ലൊന്ന് മാറാതെ നിശ്ചിത വഴിയെ
നാടായ നാടൊക്കെ സഞ്ചരിക്കുന്നു
പണ്ട് ഭയപ്പെട്ടു പോയതാണല്ലോ
ദൂരെയാ ഭീമനെ കണ്ടതാം നേരം
അത്ര ഭയാനക ശബ്ദവും കേള്‍ക്കേ;
എങ്കിലും പിന്നീടടുത്തറിഞ്ഞപ്പോള്‍
പഞ്ചപാവമാണവനെന്നറിഞ്ഞു
ഉറ്റ ചങ്ങാതിയാണെന്നുറപ്പിച്ചു ഞാന്‍
യാത്രകള്‍ കൂടെയൊരുപാടു ചെയ്തു
കാഴ്ചകളൊത്തിരി കാട്ടിയും തന്നവന്‍
നാടിന്‍ പരിച്ഛേദമോരോന്നെടുത്തിട്ട്
മിഴികള്‍ക്ക് സമ്മാനമായവനേകി
വ്യത്യസ്ത ഭൂവിഭാഗങ്ങളിലൂടെ
ജനപദസംസ്കാരവിവരണമേകി
നാനാത്വത്തിലേകത്വമുള്ള നാട്ടില്‍
കരിവണ്ടി യോഗ്യമാം സഞ്ചാര മാര്‍ഗം
അവനേകനെങ്കിലും പലസൗകര്യങ്ങള്‍
വേര്‍തിരിച്ചിട്ടുണ്ട് പലമുറികളായി ;
നഗരത്തില്‍ ചെന്നാല്‍ പച്ചപ്പരിഷ്കാരി
ഗ്രാമത്തിലെത്തിയാലവരിലൊരുവന്‍ ,
ഏവര്‍ക്കുമിങ്ങനെ പ്രിയ തോഴനായി
നഗരങ്ങള്‍ , നാട്ടിന്‍ പുറത്തുള്ള പാടം
നദിയുടെ ഗീതവും കായലിന്‍ കൊഞ്ചലും
ചതുപ്പ് നിലങ്ങളും കൊച്ചരുവിയും
മലഞ്ചെരിവുകള്‍ താഴ്വാരഭംഗിയും
പാറക്കെട്ടുകള്‍ മരുഭൂപ്രദേശവും
വിഭിന്നമാം ജീവല്‍ പതിപ്പുകളൊക്കെയും
കണ്ടു കണ്ടിരിക്കും നമ്മള്‍ക്കതിശയം
അവനാണെങ്കിലോ ദിനചര്യ മാത്രം
അഴിയിട്ട ജാലക വിടവിലൂടിന്നെന്‍
ഉള്ളില്‍ പതിച്ചു പൊന്‍ കിരണജാലം
മായിക ലോകത്തെ മാന്ത്രികരാവാം
മായാതോര്‍മകള്‍ മനസ്സിലെഴുതി
തീവണ്ടീ നീയെന്‍ കരള്‍ നെരിപ്പോടില്‍
അറിവിന്‍ തൃഷ്ണയുടെ തീ ജ്വലിപ്പിച്ചു
നിന്നുടെ കൂടെ ഞാന്‍ വന്നപ്പോഴെല്ലാം
നീ തന്നതായിരം മധുമാസമധുരം
ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011
കള്ളന്‍ വരുന്ന വഴി
വീടിന്റെ പിന്‍വശത്ത് വെട്ടിയിട്ടിരുന്ന തെങ്ങോല അമരുന്ന സ്വരം കേട്ട് അങ്ങോട്ട് ചെന്നപ്പോള്‍ ആരോ ഓടി പോകുന്നതായി തോന്നി ..... മഴക്കാറും കൂടി ഉള്ളതിനാല്‍ പതിവിലും കവിഞ്ഞ ഇരുട്ടാണ് ...... പൂച്ചയോ മറ്റോ ആവുമെന്ന് സമാധാനിച്ച് കൂടുതല്‍ അന്വേഷണം ഒന്നും അവര്‍ നടത്തിയില്ല .... അഞ്ചു മിനിട്ട് കഴിഞ്ഞു വെളിയിലെ ലൈറ്റ് ഇട്ടപ്പോള്‍ മുന്‍വശത്ത് ഭിത്തിയോടു ചേര്‍ന്ന് ഇരുപത്തഞ്ചു വയസ്സ് തോന്നുന്ന ആള്‍ നില്‍ക്കുന്നു ....കണ്ടിട്ട് അന്യ സംസ്ഥാനക്കാരന്റെ മട്ട്..... എന്താ ഇവിടെ എന്ന് ചോദിച്ചപ്പോള്‍ വഴിതെറ്റിയതാണ് എന്ന് അയാള്‍ മറുപടി പറഞ്ഞു .... ഒരു ഹിന്ദി ചുവ സംസാരത്തില്‍ ..... മോളെ അച്ഛനെ വിളിക്ക് എന്ന് ചേച്ചി കുട്ടികളോട് പറഞ്ഞപ്പോള്‍ അയാള്‍ വേഗം റോഡിലേയ്ക്ക് കടന്നു വേഗത്തില്‍ നടന്നു പോയി .....
വിവരങ്ങള്‍ അമ്മയില്‍ നിന്ന് അറിഞ്ഞു ഞാന്‍ അയല്‍വാസികളെ വിളിച്ചു ..... അവര്‍ പേടിച്ചരണ്ടിരിപ്പാണ് .... ഞാന്‍ പെട്ടെന്ന് ഒന്ന് രണ്ടു നാട്ടുകാരെ വിളിച്ചു കാര്യം പറഞ്ഞു ...... ഒരു ചെറിയ ആള്‍ക്കൂട്ടമുണ്ട് അവരുടെ വീട്ടുമുറ്റത്ത് .... ബൈക്കിനും കാറിനും ഒക്കെയായി വന്നവര്‍ ... കുറച്ചു പേര്‍ ടോര്‍ച് അടിച്ചു കൊണ്ട് തോട്ടത്തിലോക്കെ തിരച്ചില്‍ നടത്തുന്നു .....കക്ഷിയുടെ പൊടി പോലും കിട്ടിയിട്ടില്ല . കേരളത്തില്‍ എവിടെയും എന്നത് പോലെ അന്യ സംസ്ഥാനതോഴിലാളികളുടെ തള്ളി കയറ്റമാണ് ഞങ്ങളുടെ നാട്ടിലെ കെട്ടിട നിര്‍മാണ തൊഴില്‍ മേഖലയില്‍ ..കൂടുതലും ബംഗാളികള്‍ ..... നാട്ടില്‍ തന്നെ താമസവും ......സ്വാഭാവികമായും സംശയത്തിന്‍റെ മുള്‍മുന അവര്‍ക്ക് നേരെ തന്നെയാണ് ......
കഴിഞ്ഞ ദിവസം പാറശാലയില്‍ കള്ളനോട്ടുമായി ബംഗാളികള്‍ പിടിയിലായി എന്നാ വാര്‍ത്ത കേട്ട് കാണുമല്ലോ ..... ബംഗ്ലാദേശില്‍ നിന്നുള്ള തീവ്രവാദികള്‍ തൊഴിലാളികള്ടെ വേഷത്തില്‍ ഇവിടേയ്ക്ക് ധാരാളമായി വരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട് ...... ഇപ്പോള്‍ മിക്കവാറും മോഷണ കൊലപാതക കേസുകളില്‍ പ്രതികള്‍ അന്യ സംസ്ഥാനക്കാരാന് എന്നത് ആശങ്കാജനകമാണ് . അവരില്‍ നല്ലവരില്ല എന്നല്ല .....കുടുംബം പുലര്‍ത്താന്‍ കൂടുതല്‍ കൂലി കുട്ടുന്ന സ്ഥലം നോക്കി വന്ന പട്ടിണിപ്പാവങ്ങളും അക്കൂട്ടത്തില്‍ ഉണ്ടെന്നു മറക്കുന്നില്ല ......
ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം സര്‍ക്കാരും ജനങ്ങളും ഒന്നിളകും .....കണ്ണില്‍ പൊടിയിടാന്‍ ചില അന്വേഷണവും അറസ്റ്റും ......അടുത്ത സംഭവം ഉണ്ടാകുന്നത് വരെ ഈ കാര്യങ്ങള്‍ എല്ലാവരും മറക്കും ...... തൊഴില്‍ ദാതാക്കള്‍ തൊഴിലാളികളുടെ പേരുവിവരങ്ങള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണമെന്നു നിയമം ഒക്കെയുണ്ട് ...... പക്ഷെ എത്രപേര്‍ പാലിക്കുന്നു ...... നമ്മുടെ കേരളം പ്രശ്നരഹിതവും സുരക്ഷിതവുമായ ഇടമെന്ന ചിന്ത മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .... സര്‍ക്കാരും ജനങ്ങളും ജാഗരൂകരാകേണ്ട സമയം ആയിരിക്കുന്നു .......
നമ്മുടെ സുരക്ഷ നമ്മുടെ ജാഗ്രതയില്‍ ......
തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011
ലണ്ടന്‍ തോമാച്ചിയും പെണ്‍മക്കളും
തോമാച്ചി വലിയ പൊങ്ങച്ചക്കാരനാണ് .അഷ്ടിക്ക് വകയില്ലെങ്കിലും ഒരു പിടി അരി മുറത്തിലാക്കി എപ്പോഴും പുരപ്പുറത്ത് വെയ്ക്കുന്ന കക്ഷി .ഒരു കാലന്‍ കുട എപ്പോഴും കയ്യില്‍ കാണും.ഷര്‍ട്ടിന്റെ മുകളിലെ രണ്ടു ബട്ടന്‍സ് എപ്പോഴും അഴിച്ചിട്ടിരിക്കും . മുറുക്കി ചുവപ്പിച്ചാണ് നടപ്പ് . മറ്റു ദുശീലങ്ങള്‍ ഒന്നും തന്നെയില്ല . അതിരാവിലെ കവലയിലെ ചായപ്പീടികയില്‍ ചേക്കേറും .
ചൂട് ചായ മൊത്തിക്കുടിച്ചു കൊണ്ട് തുടങ്ങുകയായി 'കവരത്തി ' ആകാശവാണിയെപ്പോലും കവച്ചു വെയ്ക്കുന്ന തരത്തില്‍ ഉച്ചസ്ഥായിയിലുള്ള വാര്‍ത്താ വായന, അതും വെയിലത്ത് വെച്ച് ചൂടാക്കിയെടുത്ത മുതുമുത്തച്ഛന്റെ കാലത്തെ റേഡിയോപ്പെട്ടി പുറപ്പെടുവിക്കുന്ന പോലെ കരകരാ ശബ്ദത്തില്‍ .
ഒരു വ്യത്യാസം മാത്രം , ആകാശവാണിയുടേത് സത്യസന്ധമായ വാര്‍ത്തകളെങ്കില്‍ നമ്മുടെ തോമാച്ചിയുടേത് നിറം പിടിപ്പിച്ച പരദൂഷണ കഥകള്‍ . നാട്ടിലെ പട്ടിയെയും പൂച്ചയെയും പോലും വെറുതെ വിടില്ല .
ഈ പൊങ്ങച്ചവും പരദൂഷണവും അസഹനീയമായപ്പോള്‍ തോമാച്ചി ലണ്ടനില്‍ പോയി വന്നു എന്ന് ആരോ കഥയടിച്ചിറക്കി , പനിപിടിച്ച് രണ്ടു ദിവസം കിടപ്പിലായ നേരം നോക്കി . അങ്ങനെ വട്ടപ്പേരും ചാര്‍ത്തിക്കിട്ടി , ലണ്ടന്‍ തോമാച്ചി . പുള്ളിക്ക് അതിലൊന്നും പരാതിയില്ല .വട്ടപ്പേര്, സ്ഥാനപ്പേര് പോലെ കൊണ്ടുനടക്കുകയാണ് കക്ഷി .
ചായ കുടിച്ചുകൊണ്ടിരിക്കെ പതിവ് പല്ലവി അന്നും അയാള്‍ ആവര്‍ത്തിച്ചു - " ലണ്ടന്‍ തോമ്മാച്ചി എന്നാ പരദൂഷണക്കാരനും കൊള്ളരുതാത്തവനും ആണെങ്കിലും എന്‍റെ ഈ നെഞ്ചത്ത് കിടത്തി ഉറക്കിയ പെണ്‍മക്കളെയെല്ലാം നല്ല നിലയില്‍ കല്യാണം കഴിപ്പിച്ചു വിടാന്‍ കഴിഞ്ഞു .ഇനിയും കുറച്ചു പേര്‍ കൂടിയുണ്ട് . അവരെയും മാന്യമായി കെട്ടിച്ചു വിടും , നിങ്ങള്‍ നോക്കിക്കോ ....."
നാട്ടുകാര്‍ക്ക് അയാളുടെ കാര്യങ്ങള്‍ അറിയാവുന്നതിനാല്‍ പതിവുപോലെ ഇതു കേട്ട് മിണ്ടാതിരുന്നു . പക്ഷെ അയല്‍ ഗ്രാമത്തില്‍ നിന്നും പണിക്കു വന്ന ഒരാള്‍ ഇതുകേട്ട് പറഞ്ഞു - " ഹോ , ചേട്ടനെ സമ്മതിക്കണം .ഇന്നത്തെ കാലത്ത് ഒരു പെണ്‍ കൊച്ചെ ഉള്ളെങ്കില്‍ പോലും കെട്ടിച്ചു വിടാന്‍ എന്നാ പാടാ . ഇത്രയും പേരെ എങ്ങനെ ഇറക്കി വിടാന്‍ കഴിഞ്ഞു "
അയാളുടെ ചോദ്യത്തിന് മറുപടിയെന്നവിധം തോമാച്ചി വിയര്‍പ്പില്‍ കുതിര്‍ന്ന ബനിയനുള്ളില്‍ നിന്നും മുഷിഞ്ഞു ചുളുങ്ങിയ ഒരു പ്ലാസ്റ്റിക് കവര്‍ പുറത്തെടുത്തു . അതു തുറന്ന് മേശപ്പുറത്തേയ്ക്ക് കുടഞ്ഞു . പെണ്‍കുട്ടികളുടെ പല പോസ്സിലുള്ള നിരവധി ഫോട്ടോകള്‍ ." കണ്ടോടാ , എത്ര കുട്ടികളാ എന്‍റെ നെഞ്ചില്‍ കിടന്നുറങ്ങുന്നതെന്ന് നോക്ക് ". എന്നിട്ടയാള്‍ എല്ലാവരെയും നോക്കി ഒരു സ്റ്റൈലന്‍ ചിരി പാസാക്കി , കല്യാണ ബ്രോക്കറുടെ ചിരി .....
വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2011
നിലാവിനോട് ഒരു ചോദ്യം ***********************
"നിലാവേ,
നിന്‍റെ മഞ്ഞപ്പട്ടുടുപ്പെന്തേ
കറ പുരണ്ടിരുണ്ടു പോയി ?"
"അത് പറയാം,
കാര്‍മുകില്‍ ശകടമോടിയെത്തി
ചെളിവെള്ളം തെറിപ്പിച്ചതാണേ"
"ഇന്ദുകലേ ,
കുളിര് കോരുമീ പാതിരാവില്‍
വിജന വീഥിയില്‍ വിറച്ചു നില്‍പ്പതെന്തേ ?"
"അറിയുമോ ,
തെല്ലു വിശ്രമം കാന്തനെടുക്കെ
റാന്തലെന്തിയിറങ്ങി ഞാന്‍ പകരം "
"ചന്ദ്രികേ ,
പകലോനൊപ്പമെന്നും നിനക്ക്
ഇവിടെ വന്നൊരുമിച്ചിരുന്നു കൂടെ ?"
"അയ്യയ്യോ ,
പൊന്നും പണവും വീട്ടിലറയിലുണ്ടേ
തസ്കരന്മാര്‍ തക്കം നോക്കിടില്ലേ ?"
തിങ്കളാഴ്‌ച, ഒക്‌ടോബർ 10, 2011
വായ്പ
ഒരു അത്യാവശ്യ സന്ദര്‍ഭത്തില്‍ കടം വാങ്ങാന്‍ അയാള്‍ തീരുമാനിച്ചു ............. കിട്ടുന്നതൊന്നും തികയുന്നില്ല .......... പലരോടും കടം ചോദിച്ചെങ്കിലും ആരും അയാളെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ല ..........
അവസാനം ബാല്യകാലം മുതല്‍ തന്നെ ഉറ്റ സുഹൃത്തായ ആളെ കണ്ട് കാര്യം പറഞ്ഞു ............. സുഹൃത്ത് വലിയ ധനികനുമാണ് ...................
ആളും തരവും നോക്കി മാത്രം ഇടപാട് നടത്തുന്ന ആളാണ് ........... എന്തോ അയാളെ നേരത്തെ മുതല്‍ അറിയാവുന്നതിനാല്‍ ആവണം വായ്പ കൊടുക്കാന്‍ ആ സുഹൃത്ത് സമ്മതിച്ചു ..........
എത്ര വേണമെങ്കിലും കടം തരാം എന്ന ഉറപ്പിന്മേല്‍ തന്റെ ചിരകാല സ്വപ്നമായ സംരംഭം തുടങ്ങാം എന്നയാള്‍ തീരുമാനിച്ചു ...........
പല വിധ തിരക്കിനിടയില്‍ ആരോടും പറയാതെ ഈ ആഗ്രഹം മനസ്സില്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു ......................
ഈ വായ്പയ്ക്ക് ഒരു പ്രത്യേക നിബന്ധനയുണ്ട് ............. ഓരോ ദിവസവും ആവശ്യമുള്ളത് മാത്രം വായ്പ എടുക്കുക , എല്ലാ ആഴ്ചയുടെയും അവസാനം പലിശ സഹിതം തിരിച്ചടയ്ക്കുക .......... കഴുത്തറപ്പന്‍ പലിശ ആണ് ചോദിക്കുന്നത് എങ്കിലും ആവശ്യക്കാരന് ഔചിത്യം നോക്കേണ്ട കാര്യമില്ലാത്തതിനാല്‍ കണ്ണും പൂട്ടി സമ്മതിച്ചു ........
മുഴുവന്‍ തിരിച്ചടച്ചാല്‍ അടുത്ത ദിവസം തന്നെ വായ്പ പുതുക്കി കിട്ടും .........ആരും വാക്ക് തെറ്റിച്ചില്ല ............
എന്തായാലും അവര്‍ തമ്മിലുള്ള കരാര്‍ അനസ്യൂതം തുടര്‍ന്നു..........ആ വായ്പയുടെ സഹായത്താല്‍ അയാളുടെ ഉദ്യമം വന്‍ വിജയമായി ........... എല്ലാവരും അയാളെ അംഗീകരിച്ചു തുടങ്ങി ............ മികവിനുള്ള നിരവധി അംഗീകാരങ്ങള്‍ അയാളെ തേടിയെത്തി .......
ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ സ്വയം നഷ്ടപ്പെട്ടുപോകുമായിരുന്ന തന്നെ ഈ നിലയില്‍ എത്തിക്കാന്‍ സഹായിച്ച സുഹൃത്തിന് അയാള്‍ നന്ദി പറഞ്ഞു...........
പതിവ് പോലെ ആ ഞായറാഴ്ചയും പകല്‍ നേരം അയാള്‍ കൂര്‍ക്കം വലിച്ചു കിടന്നു ഉറങ്ങി ........... അങ്ങനെ ആ ആഴ്ചയിലെ കടം വീട്ടി ..................എഴുത്തുകാരന്‍ കിടക്ക വിട്ട് എഴുന്നേല്‍ക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞു ..........
" ഉറക്കമേ , പ്രിയ സുഹൃത്തെ നന്ദി ............ സമയം കടം തന്നതിന് ...... എഴുത്തുകാരനാവുക എന്ന ചിരകാല അഭിലാഷം സാധ്യമാക്കിയതിന് ................"
ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011
ഒരു കള്ളന്റെ കീഴടങ്ങല്‍ നല്‍കുന്ന പാഠം
വീട്ടില്‍ കയറിയ കള്ളന്‍ ഭര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട അറുപത്തൊന്പത്കാരിയായ വീട്ടമ്മ പകച്ചു നില്‍ക്കാതെ അടുക്കളയില്‍ നിന്നും കറിക്കത്തിയെടുത്ത് കള്ളന് നേരെ വീശി ...കള്ളന് ജീവനില്‍ കൊതിയുണ്ടായിരുന്നതിനാല്‍ അയാള്‍ ഇറങ്ങി ഓടി .. നാട്ടുകാര്‍ പുറകെയോടി അയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു .
(പത്ര വാര്‍ത്ത )
ആ വീട്ടമ്മ കരഞ്ഞു നില വിളിക്കാനോ പേടിച്ചരണ്ട് നില്‍ക്കാനോ സമയം കളഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ
ഇന്നത്തെ പത്ര വാര്‍ത്തയും ചാനലിലെ ഫ്ലാഷ് ന്യൂസും ഇങ്ങനെ ആയിരുന്നേനെ - " മോഷണശ്രമത്തിനിടയില്‍ വൃദ്ധദമ്പതികള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു ....... സ്വര്‍ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടു.... പോലീസ് അന്വേഷണം ആരംഭിച്ചു . അന്യ സംസ്ഥാന തൊഴിലാളികളെയാണ് സംശയം എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു .
അങ്ങനെ ഒരു ദാരുണസംഭവം നടക്കാതിരുന്നത് ആ പ്രായം ചെന്ന വീട്ടമ്മയുടെ മനോബലവും ഈശ്വരാധീനവും മൂലമാണ് .......
നമ്മുടെ പെണ്‍കുട്ടികളും സ്ത്രീജനങ്ങളും പീഡനം , ആക്രമണം( ചതിയില്‍ പെടുത്താറുണ്ട് എന്നാ കാര്യം വിസ്മരിക്കുന്നില്ല) എന്നൊക്കെ പിന്നീട് വിളിച്ചു പറയാതെ അരുതാത്തത് സംഭവിക്കും മുന്‍പ് വിപദിധൈര്യം കാണിച്ചിരുന്നെങ്കില്‍
പാട്ടും കൂത്തും
അപ്സരഗന്ധര്‍വന്മാര്‍
പാടിത്തിമിര്‍ത്താടുന്ന
മഞ്ജുള രംഗവേദിയിത്
പാട്ടിന്റെ പാലാഴി തന്നെ
മലയാളത്തെ മലവെള്ളമാക്കി
മൊഴി മാറ്റിടുന്നവതാരക
മാതൃഭാഷ മറുഭാഷകളിലും
രണ്ടും ചേര്‍ത്തുമിന്നൊഴുകണം
പ്രേക്ഷകരാകെ മതിമറക്കണം
നൃത്തവും വേണം മേമ്പൊടിയ്ക്ക്
തുള്ളാട്ടമില്ലെങ്കിലെന്ത് കാഴ്ചസുഖം
കൈനീട്ടുന്നു കുട്ടികള്‍ വോട്ടിനായ്
നേടുന്നതോ പ്രയോജകവമ്പരും
കൊല്ലാക്കൊലയ്ക്ക് വാളോങ്ങുന്നവര്‍
തൊള്ള തുറക്കുമിവരുടെ
പങ്കപ്പാടെന്തെങ്കിലും കാണുന്നുവോ ?
പാട്ടിനെക്കൊണ്ട് പത്തുകാശുണ്ടാക്കുമ്പോള്‍
പാട്ടിനായ് ആവതു ചെയ്യേണ്ടതല്ലയോ
സംഗീതം പാവനം , വളരണമക്ഷീണം
ശുദ്ധ സംഗീതത്തെ സമ്പത്ത -
ശുദ്ധമാക്കിടരുതൊരു കാലവും
കോപ്രായങ്ങളെന്ത് കാണിച്ചും
ഒന്നാമതെത്താന്‍ കഷ്ടപ്പെടുന്നോര്‍ക്ക്
വിധികര്‍ത്താക്കള്‍ തന്‍ ഉപദേശമിങ്ങനെ -
" ഫ്ലാറ്റാവരുതെന്നാല്‍ ഫ്ലാറ്റ് നേടാം
ഹൈപ്പിച്ചു പാളിയാല്‍ 'വെള്ളിടി' വെട്ടും
ശ്രുതി ഭംഗമില്ലാതെ സംഗതിയൊക്കെയും
ശരിയാക്കി , പല്ലവിചരണങ്ങള്‍ കൂടെ
അനുപല്ലവി സ്വരങ്ങള്‍ ആട്ടവും ചേര്‍ത്ത്
യുവത പാടിയാലത് നല്ല പെര്‍ഫോമന്‍സ്
ശനിയാഴ്‌ച, സെപ്റ്റംബർ 17, 2011
റോഡില്‍ പൊലിയുന്ന യുവത്വം
റോഡപകടങ്ങള്‍ നിത്യ സംഭവമായി മാറിയിരിക്കുന്നു , അതുമൂലമുണ്ടാകുന്ന പരിക്കുകളും മരണവും വാര്‍ത്തകളെ അല്ലാതായിരിക്കുന്നു .ഇരു ചക്ര വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നതില്‍ മുന്‍പന്തിയില്‍ .മലയാളികളുടെ മനസ്സ് ഇതെല്ലാം കണ്ടും കേട്ടും മരവിച്ചു പോയിരിക്കുന്നു . പ്രതികരണ ശേഷി തെല്ലുമില്ല .....
എണ്പതു ശതമാനം അപകടങ്ങളും സംഭവിക്കുന്നത് വാഹനമോടിക്കുന്നയാളുടെ അശ്രദ്ധയും ചെറിയ ഒരളവു വരെ അഹന്തയും ചേര്‍ന്നാണ് .ചെറുപ്പക്കാരാണ് റോഡപകടങ്ങളില്‍ മരണപ്പെടുന്നതില്‍ ഭൂരിപക്ഷവും . മറ്റുള്ളവരുടെ മുന്‍പില്‍ കേമന്‍ ചമയാനും കോളേജില്‍ ചെത്തി നടക്കാനും വില കൂടിയ ബൈക്കില്‍ അതിവേഗത്തില്‍ സര്‍ക്കസ് അഭ്യാസിയുടെ മെയ് വഴക്കത്തോടെ പറക്കാതെ പറ്റില്ല . മുട്ടയില്‍ നിന്ന് വിരിയുന്നതിനു മുന്‍പ് തന്നെ ബൈക്ക് വാങ്ങി തരണമെന്ന് ആവശ്യപ്പെടുന്നു . അല്ലെങ്കില്‍ കോളേജിലെ ചെത്തു പിള്ളാരോട് കിട പിടിക്കാന്‍ ബുദ്ധിമുട്ടാനത്രേ. മക്കളുടെഏതു ആഗ്രഹവും സാധിച്ചു കൊടുക്കാന്‍ വെമ്പി നില്‍ക്കുന്ന മാതാപിതാക്കള്‍ ലൈസന്‍സ് കിട്ടുന്നതിനു മുന്‍പ് തന്നെ ബൈക്ക് വാങി കൊടുക്കുന്നു. കലികാലമല്ലേ ഇനി അതിന്റെ പേരില്‍ തൂങ്ങി ചത്താലോ ?
ശരിയാ ശാസനയിലൂടെ മക്കളെ വളര്‍ത്താത്ത മാതാപിതാക്കളാണ് യഥാര്‍ത്ഥ പ്രതികള്‍ . മക്കള്‍ എന്തെങ്കിലും ആവശ്യപ്പെടുമ്പോള്‍ അത് അവര്‍ക്ക് ഉതകുന്നതാണോ എന്ന് ചിന്തിക്കാന്‍ ആധുനിക കാലത്തെ നെട്ടോട്ടത്തിനും ധന സമ്പാദന വ്യഗ്രതയ്ക്കുമിടയില്‍ മാതാപിതാക്കള്‍ മറന്നു പോകുന്നു .. മക്കളെ സ്നേഹിക്കാനോ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനോ പോയിട്ട് ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ആര്‍ക്കും നേരമില്ല . അത് തന്നെയാണ് ഇന്നിന്റെ ശാപവും . നാളെയുടെ വാഗ്ദാനമായ യുവാക്കളെ നാട് റോഡില്‍ കുരുതി കൊടുക്കുന്നതില്‍ ഇത്തരം മാതാപിതാക്കള്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു
മൊബൈല്‍ ഫോണാണ് മറ്റൊരു വിപത്ത് . ഫോണ്‍ വിളിച്ചു കൊണ്ട് വാഹനം ഓടിക്കുമ്പോള്‍ അതിരെ വരുന്ന വാഹനങ്ങളോ വളവു തിരിവുകളോ റോഡിലെ കുഴികളോ അത്ര ശ്രദ്ധിച്ചു എന്നു വരില്ല . നമ്മുടെ നാട്ടിലെ റോഡുകള്‍ കുണ്ടും കുഴിയുമായി കിടക്കുന്നതിന് ഉത്തരവാദികള്‍ ഭരണ കര്‍ത്താക്കളും ഉദ്യോഗസ്ഥരുമാണ് . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷം നല്‍കേണ്ടവര്‍ അഴിമതിയുടെ വക്താക്കലാകുമ്പോള്‍ജനങ്ങളുടെ ജീവന്‍ അകാലത്തില്‍ റോഡിലെ കുഴിയില്‍ ഒടുങ്ങുന്നു . ഈയിടെ ബൈക്ക് ബസിനടിയില്‍ പെട്ട് മരണപ്പെട്ട യുവാവിന്റെ കാര്യം ഒരു ബന്ധു പറഞ്ഞു കേട്ടു . ബസ്സിന്റെ ചക്രങ്ങള്‍ക്കിടയില്‍ അകപ്പെട്ട് അരയ്ക്ക് കീഴ്പ്പോട്ട് ചതഞ്ഞരഞ്ഞു അയാള്‍ നടു റോഡില്‍ കിടക്കുന്നു ..... മേല്പ്പോട്ട് കാര്യമായ പരിക്കുകളില്ല . അഞ്ചു മിനിറ്റോളം അയാള്‍ വേദന കൊണ്ട് പുളഞ്ഞു അവിടെ കിടന്നു ... ചുറ്റും കൂടിയവരോട് തന്നെ ഒന്ന് കൊന്നു തരൂ എന്നയാള്‍ കെഞ്ചി പറഞ്ഞു കൊണ്ടിരുന്നു ..... കുറച്ചു കഴിഞ്ഞു ബോധം നശിച്ചു . ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു ...മൊബൈല്‍ ഫോണായിരുന്നു ഈ സംഭവത്തിലെ വില്ലന്‍ .......ബൈക്ക് ഓടിക്കുന്നതിനിടയില്‍ ഹെഡ് ഫോണ്‍ വെച്ച് ആ യുവാവ് സംസാരിക്കുകയായിരുന്നു .
മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി ശരിയായി വാഹനം ഓടിക്കാന്‍ പഠിക്കാതവര്‍ക്ക് പോലും ലൈസന്‍സ് നല്‍കുന്നു .ഇത്തരം ആളുകള്‍ വാഹനവുമായി നിരത്തിലിറങ്ങിയാലുള്ള സ്ഥിതി ആലോചിച്ചു നോക്കൂ . ഇത് അക്ഷന്തവ്യമായ തെറ്റ് തന്നെ . നിയമങ്ങള്‍ എല്ലാം അറിയാവുന്ന ഡ്രൈവര്‍മാര്‍ പോലും സമയ ലാഭത്തിനും പണലാഭത്തിനുമായി നിയമങ്ങള്‍ സൌകര്യ പൂര്‍വം മറക്കുന്നു , അല്ലെങ്കില്‍ നിര്‍ബബ്ധിതരാവുന്നു .ലൈറ്റ് ടിം ചെയ്യാത്തത് മൂലം ദിവസവും എത്രയോ അപകടങ്ങള്‍ ഉണ്ടാവുന്നു . മത്സരയോട്ടം നടത്തുന്ന ബസുകളും ടിപ്പര്‍ ലോറികളും എത്ര ജീവനുകളാണ് ദിവസവും പരലോകതെയ്ക്ക് കയറ്റി അയയ്ക്കുന്നത് . ദുരന്തം അനുഭവിക്കേണ്ടി വരുന്നത് കൂടുതലും ബൈക്ക് യാത്രികരും , പിന്നെ അവരുടെ കുടുംബങ്ങളും .
വരഷത്തില്‍ ഒരിക്കല്‍ റോഡ് സുരക്ഷാ വാരാഘോഷം നടത്തിയത് കൊണ്ട് മാത്രം ബോധ വല്‍ക്കരണം പൂര്‍ത്തിയാവില്ല .ശ്രദ്ധാ പൂര്‍വം വാഹനം ഓടിക്കുക ,വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക , ശക്തമായ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുക , നിയമം തെറ്റിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുക , ലൈസന്‍സ് നല്കുന്നതിലെ ക്രമക്കേടുകള്‍ ഒഴിവാക്കുക , വാഹനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കുക , വേഗതയേറും തോറും വേദനയേറാന്‍ സാധ്യതയുണ്ടെന്ന് ഡ്രൈവര്‍മാര്‍ പ്രത്യേകിച്ച് യുവാക്കള്‍ സ്വയം മനസ്സിലാക്കുക എന്നിങ്ങനെ സര്‍ക്കാരും സമൂഹവും കൈകോര്‍ത്തു പ്രവര്‍ത്തിച്ചാല്‍ നമ്മുടെ റോഡുകള്‍ ചോരക്കളങ്ങള്‍ ആകാതിരിക്കും ......
വ്യാഴാഴ്‌ച, സെപ്റ്റംബർ 15, 2011
ദൈവത്തിനും വേണ്ടാത്ത മലീമസ നാട് - കേരളം
ദൈവത്തിന്റെ സ്വന്തം നാട് എന്ന ഖ്യാതി ലോകമൊട്ടുക്കും കേരളത്തിനു നേടി കൊടുത്തത് അതിന്റെ പ്രകൃതി രമണീയതയാണ് . പച്ച പുതച്ച മലകളും താഴ്വരകളും കാടുകളും കണ്ടല്‍ വനങ്ങളും നാനാ ജാതി സസ്യ ജന്തു പക്ഷി ജാലങ്ങളും കളകളം പാടി സ്വച്ഛന്ദം ഒഴുകുന്ന അരുവികളും പുഴകളും കായലുകളും കടലോരവും പാടശേഖരങ്ങളും കുളിര്‍മ പകരുന്ന കാലാവസ്ഥയും നാടന്‍ ഭക്ഷ്യ വിഭവങ്ങളും തനത് ആയുര്‍വേദ ചികിത്സാ വിധികളും സര്‍വ്വോപരി മലയാളികളുടെ സ്നേഹ സമ്പന്നതയും എല്ലാം ചേര്‍ന്ന് കേരളം വിനോദ സഞ്ചാരികളുടെ പറുദീസയായി മാറി . നാടിന്റെ സമ്പദ് വ്യവസ്ഥയെ കുറച്ചൊന്നുമല്ല ടൂറിസം സഹായിക്കുന്നത് .
എന്നാല്‍ അതേ കരുതല്‍ സര്‍ക്കാരും പൊതു ജനങ്ങളും ടൂറിസം മേഖലയ്ക്കും ടൂറിസ്ടുകള്‍ക്കും നല്‍കുന്നില്ല എന്നതില്‍ തര്‍ക്കമില്ല . ടൂറിസം മേഖലകളില്‍ പ്രകൃതിക്ക് കോട്ടം വരുത്താത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ മതിയായ സുരക്ഷാ ഉറപ്പു വരുത്തുന്നതിനോ സര്‍ക്കാര്‍ കാര്യമായി ശ്രമിക്കുന്നില്ല . ടൂറിസത്തെപ്പറ്റിയുള്ള പ്രചാരണ പരിപാടികള്‍ കാര്യ ക്ഷമമായി നടപ്പിലാക്കുന്നില്ല അപകടങ്ങള്‍ തുടര്‍ കഥകളാകുന്നു . പ്ലാസ്റിക് - ഭക്ഷ്യ മാലിന്യങ്ങള്‍ കൊണ്ട് വിനോദ സഞ്ചാര പ്രദേശങ്ങള്‍ നിറയുന്നു . സാംക്രമിക രോഗങ്ങളുടെ പറുദീസാ തന്നെയാണ് വൃത്തിഹീനമായ ഇത്തരം സ്ഥലങ്ങള്‍ . ഓരോ വര്‍ഷവും കേരളത്തിലേയ്ക്ക് വരുന്ന വിദേശീയരും മറ്റു സംസ്ഥാനക്കാരുമായ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകുന്നു .
ഒരു ഉദാഹരണം പറയാം , ടൂറിസം മേഖലയിലെ മലിനീകരണത്തെ കുറിച്ച് . കായലിലൂടെ കെട്ടു വള്ളങ്ങളിലുള്ള യാത്ര ഏതു സഞ്ചാരിയുടെയും ആവേശമാണ് . ആയിരക്കണക്കിന് വരുന്ന ഹൌസ് ബോട്ടുകളില്‍ വളരെ കുറച്ചു എണ്ണത്തിന് മാത്രമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമുള്ളത് . ഇവ പുറംതള്ളുന്ന മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ജലാശയങ്ങളുടെ പരിതസ്ഥിതിയ്ക്ക് കോട്ടം വരുത്തുന്നതാണ് . കൊളിഫോന്‍ ബാക്ടീരിയകള്‍ ക്രമാതീതമായി വെള്ളത്തില്‍ വര്‍ധിച്ചിരിക്കുന്നു . മത്സ്യ സമ്പത്ത് കുറഞ്ഞു വരുന്നു . നീര്‍ക്കാകളെ കാണാനില്ല . ഭാവിയില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കാന്‍ ഇത് കാരണമാകും . അധികാരികളുടെ അടിയന്തിര നടപടി ഇക്കാര്യത്തില്‍ ഉണ്ടാവണം .
മാലിനി സംസ്കര പ്ലാന്റുകള്‍ സ്ഥാപിക്കുകയും മാലിന്യ അവിടെ നിക്ഷേപിക്കാത്ത ഹൌസ് ബോട്ടുകള്‍ക്കും മറ്റുമെതിരെ ശക്തമായ നടപടിയെടുക്കുകയും വേണം . കേരളത്തിലും വിദേശത്തും ഒക്കെയായി നിരവധി വിനോദ സഞ്ചാര മേഖലകളില്‍ പോകുന്നവരാണ് നാമെല്ലാം . ഒരു താരതമ്യ പഠനം നമ്മുടെ നിലവാര തകര്‍ച്ചയെപ്പറ്റി മനസ്സിലാക്കുന്നതിനും തിരുത്തല്‍ നടപടി സ്വീകരിക്കുന്നതിനും കാരണമായേക്കാം . കേരളത്തിന്റെ പൊന്മുട്ടയിടുന്ന താറാവാണ് അതിന്റെ സ്വാഭാവിക പ്രകൃതി . അതിനെ കൊല്ലാതെ സംരക്ഷിക്കുക എന്നതു സര്‍ക്കാരിന്റെയും പൊതു ജനത്തിന്റെയും കടമയാണ് , ശോഭനമായ നാളേയ്ക്ക് ആവശ്യമാണ് . ദൈവത്തിനെ സ്വന്തം നാടായ കേരളം മാലിന്യ കൂമ്പാരങ്ങളുടെ നാടായി മാറാതിരിക്കട്ടെ .
സിനിമയില്‍ കണ്ടത് പോലെ
" കൊച്ചിയെത്തീ .................."
എന്നു കേരളത്തെ കുറിച്ച് അറപ്പോടും സഹതാപത്തോടും പറയുവാന്‍ നമുക്കോ വരും തലമുറയ്ക്കോ വിനോദ സഞ്ചാരികള്‍ക്കോ ഇടവരാതിരിക്കട്ടെ .
വ്യാഴാഴ്‌ച, സെപ്റ്റംബർ 08, 2011
അമ്മുവിന്‍റെ ഓണം
സതീശന് പ്രാരാബ്ധങ്ങളുടെ നടുവില്‍ വളര്‍ന്നയാളാണ് .അയാള്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അസുഖം ബാധിച്ച് തെങ്ങ് കയറ്റ തൊഴിലാളിയായ അച്ഛന്‍ മരിച്ചു പോയി . അമ്മ അയല്‍വീടുകളില്‍ കൂലി വേല ചെയ്താണ് സതീശനെയും അവന്റെ മൂന്ന് പെങ്ങമാരെയും വളര്‍ത്തിയത് .റബ്ബര്‍ ടാപ്പിങ്ങും പത്ര വിതരണവും ഒക്കെയായി തന്നാലാവും വിധം അവന്‍ അമ്മയെ സഹായിച്ചു . പഠിക്കാന്‍ മിടുക്കനായിരുന്നെങ്കിലും പ്രീഡിഗ്രിയോടെ പഠനം നിര്‍ത്തേണ്ടതായി വന്നു. എങ്കിലും പിന്നീട് ഇലക്ട്രീഷന്‍ ഡിപ്ലോമ പാസ്സായി . അങ്ങനെയിരിക്കെ അയാളുടെ ബന്ധുവിന്റെ പരിചയക്കാരന്‍ വഴി ഒരു ആഫ്രിക്കന്‍ രാജ്യത്തേയ്ക്ക് വിസ ശരിയായി .വീട്ടുകാരെയും ജനിച്ചു വളര്‍ന്ന നാടിനെയും പിരിഞ്ഞിരിക്കാന്‍ വിഷമമുണ്ടെങ്കിലും അമ്മയുടെയും പെങ്ങമ്മാരുടെയും ദൈന്യം മുറ്റിയ മുഖങ്ങള്‍ അയാളെ അന്യനാട്ടിലേയ്ക്ക് തള്ളി വിട്ടു .നല്ല ഭക്ഷണം കഴിക്കാതെ , നല്ല വസ്ത്രങ്ങള്‍ വാങ്ങാതെ ഓരോ നയാ പൈസയും അയാള്‍ മാറ്റിവെച്ചു , മാസാമാസം അമ്മയുടെ പേരില്‍ അയച്ചു കൊടുത്തു. ചോര്‍ന്നൊലിക്കുന്ന ഓലപ്പുര ഓടുമേഞ്ഞു പുതുക്കാനും മൂന്നു പെങ്ങമ്മാരെയും കെട്ടിച്ചയയ്ക്കാനും സതീശന് കഴിഞ്ഞു .
ഇളയ പെങ്ങളുടെ വിവാഹത്തില്‍ മാത്രമേ സതീശന് പങ്കെടുക്കാനായുള്ളൂ ; വര്‍ഷാവര്‍ഷം നാട്ടില്‍ വന്നു പോകാനുള്ള സാമ്പത്തികം അയാള്‍ക്കില്ലല്ലോ. അത്തവണ അയാളുടെ വിവാഹവും നടന്നു . തനിക്കൊന്നും സ്വരുക്കൂട്ടാന്‍ കഴിഞ്ഞില്ലെന്നുള്ള വിഷമമൊന്നും അയാള്‍ക്കില്ലായിരുന്നു . തന്റെ കടമകള്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു, അതു മാത്രംമതി . ഇനിയും സമയമുണ്ടല്ലോ . മുണ്ട് മുറുക്കിയുടുത്ത് ആവുന്നത് സമ്പാദിക്കുക, കുറച്ചു സ്ഥലം വാങ്ങുക, സാമാന്യം നല്ല വീട് വെയ്ക്കുക , പ്രായമായ അമ്മയ്ക്കും പ്രിയ ഭാര്യക്കും പിറക്കാനിരിക്കുന്ന മക്കള്‍ക്കുമൊപ്പം സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുക, തനിക്ക് പഠിക്കാന്‍ കഴിയാതിരുന്നതിന് പകരം മക്കളെ വലിയ നിലയില്‍ പഠിപ്പിച്ചു ഉന്നത നിലയിലാക്കുക ഇതൊക്കെയാണ് ഏതൊരു പ്രവാസിയേയും പോലെ സതീശന്റെയും സാധാരണത്വമാര്‍ന്ന പ്രതീക്ഷകള്‍ അഥവാ ആഗ്രഹങ്ങള്‍ . ശുഭപ്രതീക്ഷകളാണല്ലോ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തി. സതീശന്റെ സ്വപ്നങ്ങളുടെ സ്വാഭാവിക ബഹിര്‍ഗമനം എന്നത് പോലെ ഒരു പഴയ മലയാള സിനിമാഗാനത്തിന്റെ ഈരടികള്‍ അയാളുടെ ചുണ്ടില്‍ എപ്പോഴും തത്തിക്കളിച്ചു - " നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് ...... അതില്‍ ............."
നാട്ടില്‍ നിന്നും തിരിച്ച് ജോലി സ്ഥലത്തേയ്ക്ക് പോയതിന്റെ അടുത്ത മാസം നാട്ടില്‍ നിന്നും ഭാര്യ സിന്ധുവിന്റെ ഫോണ്‍ കോള്‍ . സാധാരണയില്ലാത്ത ഒരു നാണമോ ആര്‍ദ്രതയോ ഒക്കെ ആ സ്വരത്തില്‍ നിഴലിക്കുന്നതായി സതീശന് തോന്നി . ഒന്നും മനസ്സിലാകാതെ വന്നപ്പോള്‍ അയാള്‍ ചോദിച്ചു -" നീ മടിക്കാതെ പറയെടീ, എന്താ കാര്യം ? " . അപ്പുറത്ത് മൌനം . പലവട്ടം നിബന്ധിച്ചപ്പോള്‍ അവള്‍ പറയുകയാണ് - " ചേട്ടനൊരു അച്ഛനാകാന്‍ പോകുന്നു ". സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്ന് അയാള്‍ക്ക് തോന്നി . ഇപ്പോള്‍ അവള്‍ അടുത്തുണ്ടായിരുന്നെങ്കില്‍ .....തനിക്കിത്രയും ആവേശമാണെങ്കില്‍ അവളുടെ കാര്യം പറയാനുണ്ടോ? പിന്നീടുള്ള ഓരോ നിമിഷങ്ങളും എണ്ണിയെണ്ണി കഴിയുകയായിരുന്നു അയാള്‍ .പത്തു മാസം കടന്നു പോകാന്‍ ഇത്ര താമസമോ ? . ഒടുവില്‍ അയാള്‍ കാത്തിരുന്ന വാര്‍ത്തയും ചെവിയിലെത്തി . താനൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായിരിക്കുന്നു. പിറക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ നല്‍കാന്‍ ഉദ്ദേശിച്ച ശാലിനി എന്ന പേര് അയാള്‍ തന്നെ ഫോണിലൂടെ ചൊല്ലി വിളിച്ചു . അമ്മു എന്ന വിളിപ്പേരും നിര്‍ദേശിച്ചു . ഭാര്യ അയയ്ക്കുന്ന കത്തുകളിലൂടെയും ഫോണ്‍ വിളിയിലൂടെയും കുഞ്ഞിനെപ്പറ്റിയുള്ള ഓരോ കാര്യവും അയാള്‍ അറിഞ്ഞു കൊണ്ടിരുന്നു . ഓരോ മാസവും കുഞ്ഞിന്റെ പുതിയ ഫോട്ടോയും അയച്ചു കിട്ടിയിരുന്നു . സുന്ദരിക്കുട്ടി .
അങ്ങനെ അഞ്ചു വര്‍ഷങ്ങള്‍ കടന്നു പോയി .മകള്‍ കുറച്ച് വളര്‍ന്നിരിക്കുന്നു . അവളുടെ കളിചിരിയും കൊഞ്ചലുകളുമാണ് ഇപ്പോള്‍ ഏക ആശ്വാസവും കൂടുതല്‍ കഷ്ടപ്പെടാനുള്ള പ്രചോദനവും . തന്‍റെ മകളെ കാണാന്‍ ഉല്‍ക്കടമായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അയാള്‍ നാട്ടിലേയ്ക്ക് പോയില്ല . തന്‍റെ ഉത്തരവാദിത്തങ്ങള്‍ കൂടിയിരിക്കുന്നു . കുഞ്ഞിന്റെ ഭാവി സുരക്ഷിതമാക്കണം. അതിനു പണം ആവശ്യമാണ് . കഴിഞ്ഞ അഞ്ചു വര്‍ഷവും ദിനരാത്രഭേദമില്ലാതെ അത്യധ്വാനം ചെയ്യുകയായിരുന്നു . ചിലവുകള്‍ പരമാവധി വെട്ടിച്ചുരുക്കി കഴിയാവുന്നത്ര തുക മാറ്റി വെച്ചു. ഇനി സ്വന്തം നാട്ടില്‍ തന്നെ കുടുംബത്തോടൊപ്പം കഴിയണം . അന്യനാട്ടിലേയ്ക്കൊരു തിരിച്ച് പോക്കില്ല . ഓണമാകാന്‍ ഇനി ഏതാനും ദിവസങ്ങളെയുള്ളൂ. ഇത്തവണ ഓണം ആഘോഷിക്കാന്‍ പോകുന്നത് അമ്മു മോളോടും കുടുംബത്തോടുമൊപ്പം . ഓര്‍ക്കുന്തോറും നാട്ടിലെത്താനുള്ള അയാളുടെ ആവേശം ഇരട്ടിച്ചു വന്നു .
യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയില്‍ പലയിടങ്ങളും ആഭ്യന്തരകലാപങ്ങള്‍ തുടങ്ങിയെന്ന്‍ അറിഞ്ഞെങ്കിലും അയാള്‍ കാര്യമാക്കിയില്ല. പത്രത്തില്‍ വാര്‍ത്ത വായിച്ചിട്ട് വീട്ടുകാര്‍ വിളിച്ചപ്പോഴും കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു . ആരും വിമാനത്താവളത്തില്‍ വരേണ്ട , തനിച്ച് വീട്ടിലേയ്ക്ക് വന്നുകൊള്ളാം എന്നയാള്‍ പറയുകയും ചെയ്തു . പക്ഷെ കാര്യങ്ങള്‍ തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു . വിമാനത്താവളത്തിലെയ്ക്കുള്ള യാത്രയ്ക്കിടയില്‍ ആയുധധാരികളായ കലാപകാരികള്‍ സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി എല്ലാവരെയും കൊള്ളയടിയ്ക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു . അനേകം നിരപരാധികള്‍ പിടഞ്ഞു വീണു മരിക്കുന്ന കാഴ്ച കാണേണ്ടിവന്നു അയാള്‍ക്ക്. ഭാഗ്യം കൊണ്ട് ജീവന്‍ തിരിച്ച് കിട്ടിയെങ്കിലും ഉടുതുണിയൊഴിച്ചുള്ളതെല്ലാം അയാള്‍ക്ക് നഷ്ടപ്പെട്ടു . അധികം തുക അയാള്‍ നാട്ടിലേയ്ക്ക് അയച്ചിരുന്നില്ല . വിലപിടിപ്പുള്ള വസ്തുക്കളും പണവും എല്ലാം അക്രമികള്‍ തട്ടിയെടുത്തു . റോഡരികിലുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന സതീശനും ഏതാനും പേരും മാത്രമേ രക്ഷപെട്ടുള്ളൂ .പിന്നീട് പട്ടാളക്കാര്‍ അവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു .രണ്ടു ദിവസത്തിനു ശേഷം കലാപം കെട്ടടങ്ങിയപ്പോള്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹായത്താല്‍ അയാളും മറ്റ് ഇന്ത്യക്കാരും നാട്ടില്‍ തിരിച്ചെത്തി , അങ്ങോട്ട് പോയത് പോലെ തന്നെ വെറുംകയ്യോടെ അല്ലെങ്കില്‍ അതിലും ദയനീയമായി . മരണത്തെ മുഖാമുഖം കണ്ടതിന്റെ ഞെട്ടല്‍ ആരെയും വിട്ടു മാറിയിട്ടില്ല . ടാക്സി കൂലി ഏതോ സഹൃദയന്‍ മുന്‍കൂര്‍ നല്‍കിയതിനാല്‍ വീട്ടുപടിക്കലെത്തി . ഉത്രാടത്തിനെങ്കിലും വീടണയാന്‍ കഴിഞ്ഞല്ലോ , ഈശ്വരാധീനം .
വെറും കയ്യോടെ അവശനായി പടി കടന്നു വരുന്ന സതീശനെ കണ്ട് കാത്തു നിന്ന വീട്ടുകാരും സുഹൃത്തുക്കളും കാര്യമറിയാതെ അന്ധാളിച്ചു നിന്നു . യാത്ര തിരിക്കുന്നതിനു മുന്‍പ് വിളിച്ചു പറയാതിരുന്നതിന്റെ പരിഭവം എല്ലാവരുടെയും മുഖത്ത് തെളിഞ്ഞു നില്‍ക്കുന്നു.അയാള്‍ അവിടെ തന്നെ തറഞ്ഞു നിന്ന് പോയി . താന്‍ ഇവരോട് എന്ത് സമാധാനം പറയും? അതാ തന്‍റെ മകളും മ്ലാനവദിയായി വാതില്‍ പടിയില്‍ നില്‍ക്കുന്നു . അച്ഛനെ ആദ്യം കാണുന്നതിന്റെ അകല്‍ച്ച പെട്ടെന്ന് തന്നെ മാറി അമ്മു മോള്‍ അച്ഛാഎന്ന് വിളിച്ച് അയാളുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു .അയാള്‍ മകളെ ഇരു കൈകള്‍ കൊണ്ടും വാരിയെടുത്ത് ഉമ്മ നല്‍കി ." എന്റെ പോന്നു മോളെ ". അമ്മുമോള്‍ ചുറ്റും നോക്കിയിട്ടും താന്‍ പ്രതീക്ഷിച്ച പോലുള്ള വലിയ സമ്മാനപ്പൊതികള്‍ കാണാതായതോടെ നിരാശയായി . കഴിഞ്ഞ ദിവസം കൂടി അച്ഛന്‍ പറഞ്ഞതാണല്ലോ ? പതിയെ എല്ലാവരും യാഥാര്‍ത്ഥ്യം മനസ്സിലാക്കി . അതോടെ ജീവന്‍ തിരിച്ച് തന്ന ഈശ്വരന് നന്ദി പറഞ്ഞു . അമ്മുമോള്‍ പറഞ്ഞു - " അച്ഛന്‍ ഇനി എങ്ങോട്ടും പോവേണ്ട . മോള്‍ക്കൊപ്പം എന്നും ഇവിടെത്തന്നെ വേണം . എനിക്ക് ചോക്ലേറ്റും പാവേം ഒന്നും വേണ്ട . എന്റെ അച്ഛനെ മതി ". നെഞ്ചില്‍ ആര്‍ത്തലയ്ക്കുന്ന സങ്കടക്കടല്‍ കണ്ണീര്‍ അലമാല തീര്‍ക്കാതിരിക്കാന്‍ അയാള്‍ നന്നേ പണിപ്പെട്ടു . പിറ്റേന്ന് തിരുവോണ ദിനത്തില്‍ കുടുംബാംഗങ്ങളോടൊപ്പം അധികം വിഭവങ്ങളൊന്നുമില്ലാതെ തൂശനിലയില്‍ സദ്യ ഉണ്ണുമ്പോള്‍ ഭാവിയിലേയ്ക്ക് പ്രതീക്ഷയോടെ നോക്കി കൊണ്ട് മനസ്സാ മന്ത്രിച്ചു - " ഉള്ളത് കൊണ്ട് ഓണം പോലെ "
വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011
അഴിമതി വല , അഴിയാ മാറാല
അഴിമതിക്കെതിരായ രാംലീലയിലെ സമരലീല അവസാനിപ്പിച്ചതിനു ശേഷം കൈകള്‍ രണ്ടും വിരിച്ച് അനുയായികളെ അഭിവാദനം ചെയ്യുന്ന അണ്ണാ ഹസാരെയുടെ മുഖത്ത് എല്ലാം നേടിയ ഒരു വിശ്വവിജയിയുടെ ഗൂഢസ്മിതം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു . സുശക്തമായ ലോക്പാല്‍ നിയമം കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങി എന്നത് തീര്‍ച്ചയായും അങ്ങയുടെ ഗാന്ധിയന്‍ സമര രീതിയുടെ വിജയം തന്നെയെന്ന് നിസ്സംശയം പറയാം.പക്ഷേ, ഓടിക്കൂടിയ പൊതു ജനത്തിന്‍റെ ജയ് വിളികളും സ്തുതിപാഠകാരുടെ തേനില്‍ പൊതിഞ്ഞ പുകഴ്ത്തലുകളും ദൃശ്യശ്രവ്യപത്രമാധ്യമങ്ങളിലൂടെ ലഭിച്ച അന്താരാഷ്ട്രതലത്തിലുള്ള ശ്രദ്ധയും അങ്ങയെ ഉന്മത്തനാക്കി കൂടാ .പ്രധാന മന്ത്രിയെയും നീതി പീഠത്തെയും ജനപ്രതിനിധികളെയും ലോക്പാല്‍ കൂട്ടിലടച്ചത് കൊണ്ട് മാത്രം സമൂഹത്തിന്റെ എല്ലാ മേഖലകളിലും ആഴത്തില്‍ വേരോട്ടമുള്ള അഴിമതിയുടെ ഉന്മൂലനാശം എന്ന അന്തിമ ലക്‌ഷ്യം സാധിക്കാം എന്ന് കരുതുന്നത് ശുദ്ധ മൌഢ്യമാണ്.
രാജ്യത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയ ഒരു സമരത്തിലൂടെ സര്‍ക്കാരിനെ പേടിപ്പിച്ച് നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് വിമാനം റാഞ്ചി ,യാത്രക്കാരുടെ ജീവന് വില പറഞ്ഞ് ആവശ്യങ്ങള്‍ സാധിക്കുന്നത് പോലെ മാത്രമേ കാണാന്‍ കഴിയൂ .കാര്യങ്ങള്‍ കൈ വിട്ടു പോയാല്‍ വിമാനം കൂപ്പു കുത്തുന്നത് പോലെ ഭാരതമെന്ന നമ്മുടെ രാജ്യവും അതിലെ ജനങ്ങളുടെ ഭാവിയും നശിക്കും .സായുധ വിപ്ലവത്തിലേയ്ക്കും കൊള്ളയിലേക്കും കൊള്ളി വെയ്പ്പിലേയ്ക്കും നമ്മുടെ രാജ്യം പോയിക്കൂടാ . ജനാധിപത്യമെന്നാല്‍ ആള്‍ക്കൂട്ടാധിപത്യമല്ല. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വേണം ഏതു ലക്ഷ്യവും നേടാന്‍ .ഭരണഘടന പ്രകാരം എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും സ്വന്തം ചിന്താധാര മാത്രമാണ് ശരിയെന്ന മട്ടില്‍ അടിച്ചേല്‍പ്പിക്കുന്നത് ഒട്ടും ശരിയല്ല.കള്ളപ്പണത്തിന്റെയും അഴിമതിയുടെയും വക്താക്കള്‍ സത്യത്തില്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല ( നല്ലവര്‍ പൊറുക്കുക ) , യാതൊരു നിയന്ത്രണങ്ങളുമില്ലാതെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വ്യാജസന്നദ്ധ- ജീവ കാരുണ്യ പ്രസ്ഥാനങ്ങളും കൂടിയാണ് . അവിടെയാണ് ആദ്യംമാറ്റം വരേണ്ടത് . കായിക സംഘടനകളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആക്കുന്നു എന്നാ വാര്‍ത്ത ശുഭ സൂചകമാണ് .
അണ്ണാ ഹസാരെ , താങ്കളുടെ അഴിമതി വിരുദ്ധ സമരത്തെ മനസ് കൊണ്ട് ഏതൊരു ഇന്ത്യാക്കാരനെയും പോലെ അനുകൂലിക്കുന്ന സമയത്ത് തന്നെ അഴിമതിക്ക് ഇരയാകേണ്ടി വന്നതിന്റെ വിഷമം തെല്ലൊന്നുമല്ല. ആരാലും ശ്രദ്ധിക്കപ്പെടാതെ നടന്ന കുറിയവനായ താങ്കള്‍ , നാല്‍പ്പത്തെട്ടു വര്ഷം മുന്‍പ് (കൃത്യമായി പറഞ്ഞാല്‍ 1963 ഏപ്രില്‍ 3 ) കാച്ചിയെടുത്തു കലത്തില്‍ അടച്ചു വെച്ച ലോക്പാല്‍ എടുത്ത് ചൂടാക്കി കുടിച്ചതോടെ മൂന്നടി മണ്ണ് അളന്നെടുക്കാന്‍ തുനിഞ്ഞ വാമനനെപ്പോലെ വമ്പനായത് കണ്ടു അല്പം അസൂയ തോന്നിയെന്നത് പച്ചപ്പരമാര്‍ത്ഥം. അതിന്റെ ബഹിര്‍ സ്ഫുരണം പോലെ ഫോണ്‍ തകരാറായപ്പോള്‍ ലൈന്‍മാനോടു ഉടന്‍ ശരിയാക്കണമെന്ന ഉത്തരവും പുറപ്പെടുവിച്ചു , ഒരു അണ്ണാ ചമയല്‍ .ഒരാഴ്ചയായിട്ടും പൊട്ടിയ വല തുന്നാന്‍ ആളു വരാതായപ്പോള്‍ സമാധാനിക്കാന്‍ ഒരു പഴഞ്ചൊല്ല് അച്ഛന്‍ ചൊല്ലി തന്നു . എന്റെ മനസ്സ് തണുപ്പിക്കാന്‍ ഞാനത് ഉരുവിട്ടു കൊണ്ടേയിരുന്നു ..... ആന വാ പൊളിയ്ക്കുന്നത് കണ്ട് അണ്ണാന്‍ വാ പൊളിയ്ക്കരുത് ............ ആന വാ ............
മുന്‍പ് ഫോണ്‍ തകാരായപ്പോഴൊന്നും നയാ പൈസ കൊടുക്കാത്തതിന് ലൈന്‍മാന്‍ വക ഒരു ചിന്ന പാര. ഏതായാലും കൈമടക്ക് കൊടുക്കില്ല എന്ന് ഉറപ്പിച്ച് ദിവസവും നാലും അഞ്ചും തവണ വിളിച്ച് കക്ഷിയെ ശല്യപ്പെടുത്തി . മനസ്സിലെ ശാപവാക്കുകള്‍ തൊണ്ടയില്‍ കൂടി തിങ്ങി ഞെരുങ്ങി പുറത്ത് വന്നപ്പോള്‍ അപേക്ഷയുടെ പുറംകുപ്പായം ധരിച്ചിരുന്നു . വിളിയോടു വിളി ............ ( നിങ്ങള്‍ ചോദിയ്ക്കും മുകളിലേയ്ക്ക് ഒരു പരാതി കൊടുത്താല്‍ പോരെ എന്ന് . ശേഷം ഫോണ്‍ ഉപേക്ഷിക്കുകയാവും ബുദ്ധി , ഒരിക്കലും നേരാം വണ്ണം കണക്ഷന്‍ കിട്ടില്ല . ബില്‍ സെക്ഷനിലെ പ്രിന്‍ററിനു തകരാറില്ലാത്തതിനാല്‍ ബില്‍ മാത്രം കൃത്യ സമയത്ത് എടുക്കപ്പെടും , പോസ്റ്റ് മാന് അധികം ജോലി ഭാരം കമ്പ്യൂട്ടര്‍ യുഗത്തില്‍ ഇല്ലാത്തത് കൊണ്ട് ബില്‍ പെട്ടെന്ന് കയ്യിലെത്തുകയുംചെയ്യും ). അവസാനം ഈ മുടിഞ്ഞവന്റെ മുടിഞ്ഞ ശല്യപ്പെടുത്തലില്‍ സഹികെട്ടാവണം കണക്ഷന്‍ കിട്ടി, കഴിഞ്ഞ ദിവസം . എന്നാല്‍ കിട്ടിയെന്നു ആശ്വസിക്കാറുമായിട്ടില്ല , വന്നും പോയിയും നില്‍ക്കുന്നു ; കയ്യാലപ്പുറത്തെ തേങ്ങാ പോലെ .
ഇപ്പോള്‍ എനിക്ക് തോന്നുന്നു ഹസാരെയുടെ വീട്ടിലും ഈയടുത്ത കാലത്ത് ഫോണ്‍ കണക്ഷന്‍ പോയിക്കാണും . പരാതിപ്പെട്ടിട്ടും ഫലമില്ലാതായപ്പോള്‍ ഇറങ്ങി തിരിച്ചതാവും , നാട് നന്നാക്കാന്‍ . അല്ലെങ്കില്‍ ഇത്ര കാലം ഒരു പൂച്ച പോലും കട്ട് കുടിക്കാത്ത ഈ പാല്‍ അടുപ്പത്ത് വെയ്ക്കാന്‍ പുള്ളിയ്ക്ക് തോന്നുമോ ?അങ്ങയുടെ കൈപ്പത്തി തുറന്നിരിക്കുന്നതിനാല്‍ ഉറപ്പാണ് , കൈമടക്ക് കൊടുക്കില്ല . പക്ഷെ സാധാരണക്കാരന്റെ സ്ഥിതി അങ്ങനെയല്ല , അവന്റെ കൈ മടങ്ങിയില്ലെങ്കില്‍ അവനെ ചുവപ്പ് നാട കൊണ്ട് വരിഞ്ഞു മുറുക്കി അവന്റെ ജീവിതം ഓടിച്ചു മടക്കി വളച്ചു തിരിച്ച് കോഞ്ഞാട്ടയാക്കും. ഹസാരെയുടെ നാട്ടിലെ ബി . എസ്സ് . എന്‍ . എല്‍ . ലൈന്‍ മാന് അഭിമാനിക്കാം , രാജ്യം മുഴുവന്‍ വീരപുരുഷനെന്നു വാഴ്ത്തുന്ന ഹസ്സരെയേ അണ്ണാ ആക്കിയത് താനാണ് എന്നതില്‍ .
അഴിമതിക്കണക്കിലെ കോടികളുടെ പുറകെ എല്ലാവരും പായുമ്പോള്‍ സാധാരണക്കാരന്‍ റേഷന്‍ കാര്‍ഡിനായും വൈദ്യുതിക്കായും വെള്ളത്തിനായും ഫോണിനായും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കേണ്ടി വരുന്ന അവസ്ഥയെ പറ്റി ഒരു അണ്ണനും ചിന്തിക്കുന്നില്ല . ഇക്കാര്യത്തില്‍ പൊതു ജനങ്ങളുടെ ഒരു വിജിലന്‍സ് സ്ക്വാഡ് രൂപികരിച്ചു താഴെത്തട്ടിലുള്ള ഓഫീസുകള്‍ മുതല്‍ തന്നെ പ്രവര്‍ത്തിച്ചാല്‍ അഴിമതി ഒരു പരിധി വരെ തടയാന്‍ സാധിക്കും. രാജ്യ തലസ്ഥാനത്ത് മാത്രം ഒതുങ്ങുന്ന ഒരു ഗ്വാ ഗ്വാ വിളിയാകാതെ കൃത്യമായ ആസൂത്രണത്തിലൂടെ അണ്ണാ ഹാസ്സരെയ്ക്കും കൂട്ടരും നിലവിലുള്ള ജന പിന്തുണ ഉപയോഗപ്പെടുത്തി അഴിമതി തടയാനുള്ള പ്രായോഗിക കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ സാധിക്കും . മറ്റുള്ളവരും അത് കണ്ടു പഠിക്കട്ടെ . അഴിമതിക്കാരുടെ വിളച്ചില്‍ ഇനി നടപ്പില്ലെന്ന് അവര്‍ മനസ്സിലാക്കട്ടെ .ഈ ഹൈടെക് ഗാന്ധിയന്‍ വിപ്ലവം ഉപരിപ്ലവ കെട്ടുകാഴ്ചയായി മാറാതെ ശരിയായ മാര്‍ഗത്തിലൂടെ ശരിയായ ലക്‌ഷ്യം നേടുമെന്ന് കരുതാം.
ബുധനാഴ്‌ച, ഓഗസ്റ്റ് 31, 2011
അത്തം വന്നേ, ഓണം വന്നേ
അത്തമിന്നത്തരം
പത്തുനാളെത്തുമ്പോള്‍
പത്തര മാറ്റിന്‍റെ ചേലുമായ്
എത്തുന്നു പൊന്നോണം ......
ഇത്തരം ചിന്തയാല്‍
തത്തിക്കളിയ്ക്കുന്ന
ചിത്തത്തിന്നാമോദം
എത്രയെന്നോതുവാന്‍
പത്തായമൊഴിയണമല്ലോ
ഓണനിലാവിന്റെ
ഓമല്പ്പീലികള്
ഓര്‍മതന്‍ മുറ്റത്തിന്‍
ഒത്ത നടുക്കായി
ഒത്തൊരുമിച്ചിന്ന്
ഓരോരോ പൂക്കളാല്‍
ഒരായിരം വര്‍ണ്ണത്തില്‍
ഒത്തിരിപ്പൂക്കളം
ഒരുക്കിയിട്ടേകുന്നു
ഓണത്തിനാശംസകള്‍
ഓണമായ് , ഓണമായ്
ഓലേഞ്ഞാലിയും പാടിടുന്നു